TopTop
Begin typing your search above and press return to search.

ഉത്ര കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്

ഉത്ര കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്

ഉത്രക്കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആന്തരികാവയവ പരിശോധനയില്‍ ഉത്രയുടെ ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. പാമ്പിനെക്കൊണ്ട് കൊത്തിക്കുന്നതിനു മുമ്പ് താന്‍ ഉത്രയ്ക്ക് ഉറക്ക ഗുളിക നല്‍കിയിരുന്നുവെന്ന ഭര്‍ത്താവ് സൂരജ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. വിദഗ്ധപരിശോധന റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഉത്രയുടെ മരണത്തിനു പിന്നില്‍ സൂരജ് തന്നെയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് ഉറപ്പാകും.

ആന്തരികാവായവ പരിശോധനയില്‍ പാമ്പിന്‍ വിഷത്തോടൊപ്പമാണ് ഉത്രയുടെ തലച്ചോറിലും കരളിലും ഉറക്ക ഗുളികയുടെ സാന്നിധ്യവും കണ്ടെത്തിയത്. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പായി പഴച്ചാറില്‍ 650 മിലില് ഗ്രാമിന്റെ പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികളും പൊടിച്ച് ചേര്‍ത്ത് ഉത്രയ്ക്ക് നല്‍കിയിരുന്നതായാണ് സൂജിന്റെ മൊഴി. ഗുളികകള്‍ വാങ്ങിയ മെഡിക്കല്‍ സ്റ്റോറില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സൂരജ് ഇവിടെ നിന്നും മരുന്നുകള്‍ വാങ്ങിയ കാര്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനുപുറകെയാണ് ഇപ്പോള്‍ ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. സൂരജിന്റെ വീട്ടില്‍ വച്ച് അണലിയുടെ കടിയേറ്റതിന്റെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഉത്രയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നുമാണ് ഉത്രയുടെ മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

ഉറക്ക ഗുളിക കഴിച്ചതുകൊണ്ടായിരിക്കും രണ്ട് തവണ പാമ്പ് കടിയേറ്റിട്ടും ഉത്ര അറിയാതിരുന്നതെന്ന് കേസിന്റെ തുടക്കം തൊട്ട് വിദഗ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു. സാധാരണ ഉറക്കത്തിലാണെങ്കില്‍ ആദ്യത്തെ കടിയേല്‍ക്കുമ്പോള്‍ തന്നെ എഴുന്നേല്‍ക്കും. കടിച്ചതറിഞ്ഞില്ലെങ്കില്‍പ്പോലും മൂര്‍ഖന്റെ കടിയേല്‍ക്കുന്ന ഭാഗത്ത് കലശലായ വേദനയും നീറ്റലും കടുത്ത ശ്വാസം മുട്ടലും അനുഭവപ്പെടുമെന്നതിനാല്‍ ഉടന്‍ തന്നെ ചാടിയെഴുന്നേല്‍ക്കുമെന്നും അങ്ങനെയെങ്കില്‍ രണ്ടാമതും കടിയേല്‍ക്കാനുള്ള സാധ്യതയില്ലെന്നുമായിരുന്നു അഭിപ്രായങ്ങള്‍. ഈ അഭിപ്രായങ്ങള്‍ ശാസ്ത്രീയമായി തന്നെ ശരിവയ്ക്കുകയാണ് ഉത്രയുടെ ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തല്‍. രാവിലെ ഉത്രയെ കാണാതിരുന്നതിനെ തുടര്‍ന്ന് അമ്മ വന്നു നോക്കുമ്പോഴായിരുന്നു അബോധാവസ്ഥയില്‍ ഉത്രയെ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിയുന്നത്.


Next Story

Related Stories