Top

'എനിക്കെന്താണ് നാളെ സംഭവിക്കുക എന്നറിയില്ല, അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം': വഫ ഫിറോസ്

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ തള്ളി വീണ്ടും വഫ ഫിറോസ്. അപകട സമയത്ത് വാഹനമോടിച്ചത് താനായിരുന്നില്ലെന്നും മദ്യപിച്ചിരുന്നില്ലെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ചൂണ്ടിക്കാട്ടി സർക്കാരിന് നൽകിയ വിശദീകരണത്തിന് പിന്നാലെയാണ് കാറിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ രംഗത്തെത്തിയത്. ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്നും അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു, ഫൊറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെയെന്നും അവർ ചോദിക്കുന്നു. ടിക് ടോക്കിൽ പോസ്റ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു വഫയുടെ പ്രതികരണം.

'കാറോടിച്ചത് താനാണ് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു അവരുടെ മൊഴി, ഫൊറൻസിക് റിപ്പോർട്ട് ഇവയെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ് താൻ. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കും'– വഫ പറയുന്നു.

അതേസമയം, വാഹനാപകടത്തിന് പിന്നാലെ സര്‍ക്കാൻ നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി അറുപത് ദിവസത്തേക്ക് കൂടി നീട്ടി. അപകടത്തെ കുറിച്ച് ശ്രീറാം നൽകിയ വിശദീകരണം ചീഫ് സെക്രട്ടറി തള്ളിയതിന് പിന്നാലെയാണ് സസ്പെൻഷൻ രണ്ട് മാസത്തേക്ക് കൂടി നീട്ടിയത്. അപകടവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ വിശദീകരണ കുറിപ്പ് സമർപ്പിച്ചത്. വാഹനമോടിച്ചത് താനായിരുന്നില്ലെന്നും അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നുമായിരുന്നു ഏഴു പേജുള്ള വിശദീകരണക്കുറിപ്പിലെ പ്രധാന അവകാശവാദങ്ങൾ. കൂടാതെ തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അഭ്യര്‍ഥിച്ചിരുന്നു.
ഓഗസ്റ്റ് മൂന്നിന് രാത്രി 12.55നാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വാഹനമിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. അപകടത്തിന് പിന്നാലെ ശ്രീറാമിനെ രക്ഷിക്കാൻ പോലീസ് ഇടപെടൽ നടത്തിയെന്നുൾപ്പെടെ ഏറെ വലിയ വിവാദങ്ങളും പിന്നാലെ ഉയർന്നിരുന്നു.


Next Story

Related Stories