TopTop
Begin typing your search above and press return to search.

സമൂഹത്തിലും രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വലിയ എഴുത്തുകാര്‍ ഇന്നില്ല : ബാലചന്ദ്രന്‍ ചുള്ളിക്കാട്

സമൂഹത്തിലും രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വലിയ എഴുത്തുകാര്‍ ഇന്നില്ല : ബാലചന്ദ്രന്‍ ചുള്ളിക്കാട്

മുഖ്യമന്ത്രി നമ്പൂതിരി ആയിരുന്നുവെങ്കില്‍ 'എടോ ഗോപാലകൃഷ്ണാ' വിളി അപമാനമുണ്ടാക്കുമായിരുന്നില്ല

സമൂഹത്തിലും രാഷ്ട്രീയത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന എഴുത്തുകാര്‍ ഇന്നില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.അത് എഴുത്തുകാരുടെ പരിമിതിയാവാം. അല്ലെങ്കില്‍ കാലത്തിന്റെ സവിശേഷതയാകാം. എന്തുകൊണ്ടാണതെന്ന് തനിക്ക് കൃത്യമായി അറിയില്ല. മനുഷ്യരുടെ മനസ്സിനെ ചലിപ്പിക്കാന്‍ കഴിയുന്ന എഴുത്തുകാര്‍ ഇന്നില്ലതന്നെ. സമൂഹത്തിന് സാഹിത്യത്തിന്റെ ആവശ്യവുമില്ലെന്നും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 112-ാം ജന്മദിനത്തോട് അനുബന്ധിച്ച് ലളിതാംബിക അന്തര്‍ജ്ജനം സെന്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ മേല്‍ക്കോയ്മ തകര്‍ത്ത് കളഞ്ഞത് നവോത്ഥാനമാണെന്ന് കരുതുന്ന ഒരു പുതിയ തലമുറ വളര്‍ന്നുവരുകയാണ്. നവോത്ഥാനം കൊണ്ട് നഷ്ടമുണ്ടായ തലമുറയുണ്ട്. അവര്‍ സംഘടിതരാണ്. സായുധരുമാണ്. എത്ര പകയോടെയാണ് അതു വളര്‍ന്നുവരുന്നതെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും നാം അത് കാണുന്നു. നവോത്ഥാനമുണ്ടായില്ലെങ്കില്‍ തങ്ങളുടെ മുന്‍തലമുറയ്ക്ക് ലഭിച്ചിരുന്ന മേല്‍ക്കോയ്മ ഇപ്പോഴും നിലനില്‍ക്കുമെന്ന ചിന്തയാണ് അവര്‍ക്ക്.

എടോ ഗോപാലകൃഷ്ണാ എന്നു മുഖ്യമന്ത്രി ഒരാളെ വിളിക്കുമ്പോള്‍ അത് അദ്ദേഹത്തിന് അപമാനം, അദ്ദേഹത്തിന്റെ സമുദായത്തിന് അപമാനം. മുഖ്യമന്ത്രി ഒരു നമ്പൂതിരിയായിരുന്നുവെങ്കില്‍ ആ അപമാനം ഒന്നും ഉണ്ടാകുമായിരുന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. ലൡതാംബിക അന്തര്‍ജ്ജനം തന്റെ കഥകളിലൂടെ സര്‍ഗാത്മകമായ പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായ ഒരു മൂല്യം അതിനുണ്ടായിരുന്നു. ലളിതാംബിക അന്തര്‍ജ്ജനത്തെ പലവട്ടം നേരില്‍ കണ്ടിട്ടുണ്ട്. തനിക്കവര്‍ മഹാരാജാസ് കോളജിലെ ഹോസ്റ്റല്‍ വിലാസത്തില്‍ കത്തയയ്ക്കുകയുമുണ്ടായി. ചങ്ങമ്പുഴയ്ക്കുണ്ടായ ദുരന്തം ആവര്‍ത്തക്കരതെന്നവര്‍ കത്തില്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. വലിയ എഴുത്തുകാരെ നേരില്‍ കണ്ട അവസരങ്ങളില്‍ അവരില്‍ നിന്നും ഏറെ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാന്‍ ആവുമായിരുന്നു. പക്ഷെ അന്നത് ചെയ്തില്ല. ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ശ്രീനാരായണ ഗുരുവിനെ നേരില്‍ കണ്ട അതേ കണ്ണുകൊണ്ട് ലളിതാംബിക അന്തര്‍ജ്ജനം തന്നേയും നോക്കിയെന്നത് വലിയ ഒരോര്‍മ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം സൗത്തിലെ വളഞ്ഞമ്പലത്തുള്ള 'എന്റെ ഭൂമി'യില്‍ ചേര്‍ന്ന ചടങ്ങില്‍ കഥാകൃത്ത് ജോര്‍ജ്ജ് ജോസഫ് കെ, തനൂജ ഭട്ടതിരി തുടങ്ങിയവര്‍ സംബന്ധിച്ചു. കഥാമത്സരത്തിലെ വിജയികള്‍ക്കുള്ള സ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു.


Next Story

Related Stories