വാലന്റൈന്‍സ് ഡേയില്‍ പ്രണയവിവാഹം കഴിക്കില്ലെന്ന് കോളേജ് വിദ്യാര്‍ത്ഥിനികളെക്കൊണ്ട് നിര്‍ബന്ധിത പ്രതിജ്ഞയെടുപ്പിച്ചത് വിവാദമാകുന്നു. മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള വിമന്‍സ് കോളേജിലാണ് സംഭവം. കരുത്തുറ്റതും ആരോഗ്യസമ്പുഷ്ടവുമായ ഇന്ത്യക്കായി എന്ന പേരിലാണ് മഹിള കലാ വാണിജ്യ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളെക്കൊണ്ടാണ് പ്രതിജ്ഞയെടുപ്പിച്ചത്. എനിക്ക് എന്റെ മാതാപിതാക്കളില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. ചുറ്റമുള്ള സംഭവങ്ങള്‍ പരിഗണിച്ചുകൊണ്ട് ഞാന്‍ പ്രണയിക്കില്ലെന്നും പ്രണയവിവാഹം കഴിക്കില്ലെന്നും പ്രതിജ്ഞ ചെയ്യുന്നു - എന്ന് പ്രതിജ്ഞയില്‍ പറയുന്നു. കരുത്തുറ്റതും ആരോഗ്യമുള്ളതുമായ ഒരു ഇന്ത്യക്ക് വേണ്ടിയാണ് ഈ പ്രതിജ്ഞയെടുക്കുന്നത് എന്നും ഇതില്‍ പറയുന്നു.
എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്ത 40 കുട്ടികളെക്കൊണ്ടാണ് പ്രതിജ്ഞയെടുപ്പിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും പെണ്‍കുട്ടികളുടെ ശ്രദ്ധ പഠനത്തിലേയ്ക്ക് കൊണ്ടുവരുന്നതിനുമാണ് ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചത് എന്ന് കോളേജ് പ്രിന്‍സിപ്പാള്‍ രാജേന്ദ്ര ഹാവ്രെ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ പ്രണയവും ലൈംഗികാകര്‍ഷണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും രാജേന്ദ്ര ഹാവ്രെ പറഞ്ഞു. മാതാപിതാക്കള്‍ പഠിക്കാന്‍ വിടുന്നു. പെണ്‍കുട്ടികള്‍ ആരുടെയെങ്കിലുമൊപ്പം ഓടിപ്പോകുന്നു. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ബോധമുണ്ടാക്കാനാണ് ഇത് ചെയ്തത്. പെണ്‍കുട്ടികളെ പ്രതിജ്ഞയെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിജ്ഞയെടുത്തത് എന്നും അധ്യാപകര്‍ പറയുന്നു. അതേസമയം സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ ഒന്നും ചെയ്യാനില്ലെന്നും അധ്യാപകര്‍ ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.