TopTop

സാഹിത്യകാരന്‍ ബേബി തോമസ് അന്തരിച്ചു

സാഹിത്യകാരന്‍ ബേബി തോമസ് അന്തരിച്ചു

കഥാകാരന്‍, കവി,നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബേബി തോമസ് അന്തരിച്ചു. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പില്‍ തോമസ്, ഏലിക്കുട്ടി എന്നിവര്‍ മാതാപിതാക്കള്‍. പേട്ട ഗവ.ഹൈസ്‌കൂള്‍, സെന്റ് ഡോമിനിക് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

പീന കാലത്തു തന്നെ എലുക എന്നൊരു സമാന്തരമാസിക നടത്തിയിരുന്നു. തുടര്‍ന്ന് ജോസഫ് പുലിക്കുന്നേലിന്റെ ഓശാന മാസികയില്‍ ചേര്‍ന്നു. ഡോ.എന്‍.വി.കൃഷ്ണവാരിയര്‍ നേതൃത്വം നല്കിയ 'മലയാളം ബൈബിള്‍' വിവര്‍ത്തനത്തിലും പങ്കാളിയായി. ഡോ.എന്‍.എ.കരീം, ഡോ. പി.വി.വേലായുധന്‍ പിള്ള എന്നിവരോടൊപ്പം പ്രസിദ്ധീകരണ രംഗത്ത് പ്രവര്‍ത്തിച്ചു. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത നിരവധി ഡോക്യുമെന്ററികള്‍ തയ്യാറാക്കി. ടെലി മാറ്റിക് വിഷനില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി സേവനമനുഷ്ഠിച്ചു. നിരവധി തിരക്കഥകളെഴുതി.

'വിശപ്പ് ഒരു പുസ്തകമെഴുതുന്നു, ആകാശമേ കേള്‍ക്ക, എന്നിവ കഥാസമാഹാരങ്ങളും 'ഷഡ്പദങ്ങളുടെ സിമിത്തേരി ' നോവലും 'കഠിനകാലം' കവിതാ സമാഹാരവുമാണ്. 'മരംകൊത്തി ' എന്ന സിനിമയ്ക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു.നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. യുവധാര ചെറുകഥാ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജ്ജന സ്മാരക കഥാ സമ്മാനം, ദീപനാളം കഥാ സമ്മാനം, ആശാന്‍ പ്രൈസ്, മുംബെ ജ്വാല അവാര്‍ഡ്, മില്ലേനിയം കഥാ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചു.കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഭാര്യ: ഗീത, മകള്‍: കബനി ബി.ഗീത. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസിച്ചു വന്നിരുന്ന ഇദ്ദേഹം രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.


Next Story

Related Stories