TopTop
Begin typing your search above and press return to search.

യുവ ഡോക്ടറുടെ ആത്മഹത്യ, സാമൂഹ്യ മാധ്യമ വിചാരണ കാരണം എന്ന് സുഹൃത്തുക്കള്‍

യുവ ഡോക്ടറുടെ ആത്മഹത്യ, സാമൂഹ്യ മാധ്യമ വിചാരണ കാരണം എന്ന് സുഹൃത്തുക്കള്‍

കൊല്ലത്ത് യുവ ഡോക്ടര്‍ ജീവനൊടുക്കിയത് സാമുഹ്യ മാധ്യമ വിചാരയെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് ആരോപണം. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ അനൂപിന്റെ മരണത്തിലാണ് ഡോക്ടര്‍മാരുള്‍പ്പെടെ ആരോപണളുമായി രംഗത്ത് എത്തിയത്. ഡോക്ടര്‍ അനൂപിന്റെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയ കൊല്ലം ഏഴുകോണ്‍ സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ നടന്ന പ്രചാരണങ്ങളെ തുടര്‍ന്ന് ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അനൂപെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഡോക്ടറുടെ ആത്മഹത്യ.

ശസ്ത്രക്രിയക്ക് ഇടയില്‍ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ആരോഗ്യ നില വഷളാവുകയുമായിരുന്നു. ഇതോടെ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്.

സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ചിലര്‍ ആശുപത്രിയില്‍ എത്തി ഡോക്ടറുമായി ചര്‍ച്ചനടത്തി. ഇതിന് ശേഷം ഡോക്ടറെ ആശുപത്രിയില്‍ നിന്നും കാണാതാവുകയും ചെയ്തിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ പോലീസ് ഇദ്ദേഹത്തെ വര്‍ക്കലയില്‍ നിന്ന് കണ്ടെത്തി. വീട്ടിലെത്തിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു പകല്‍ കിടപ്പുമുറിയില്‍ കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം ജില്ലാആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, ഡോക്ടറുടെ മരണത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ആശങ്കയും നടുക്കവും രേഖപ്പെടുത്തി. അനൂപിന് എതിരെയുണ്ടായ ഉപരോധവും പ്രതിഷേധവും സൈബര്‍ബുള്ളിയിങ്ങും മഞ്ഞപത്രവിചാരണയും ഡോക്ടര്‍ക്ക് താങ്ങാനായിക്കാണില്ലെന്നാണ് ഡോ. ഷിംന അസീസ് വിഷയത്തില്‍ നടത്തിയ പ്രതികരണം. സമാനമായ പ്രതികരണമായിരുന്നു ഐഎംഎ കേരള ഘടകം വൈസ് പ്രഡിഡന്റ് ഡോ. സുല്‍ഫി നൂഹുവും നടത്തിയത്.

ഡോ. ഷിന അസീസിന്റെ പോസ്റ്റ്

മുപ്പത്തിനാല് വയസ്സിനുള്ളില്‍ എംബിബിഎസ് പഠിച്ച്, അസ്ഥിരോഗവിഭാഗത്തില്‍ പിജിയെടുത്ത് സ്വന്തമായൊരു ആശുപത്രി തുടങ്ങി 'നല്ല ഡോക്ടര്‍' എന്ന് പേരെടുത്തെങ്കില്‍ ആ മനുഷ്യന്‍ എത്ര കഠിനാധ്വാനിയായിരിക്കണം... ഡോ.അനൂപ് കൃഷ്ണ എന്ന ചെറുപ്പക്കാരനായ ഡോക്ടര്‍ കൈയിലെ സിര മുറിച്ച ശേഷം തൂങ്ങി മരിച്ചിരിക്കുന്നു.

ശ്വാസോച്ഛ്വാസവും മിടിപ്പുമെല്ലാം ക്രമീകരിച്ച് വെച്ച് ചെയ്യുന്ന ഓരോ ശസ്ത്രക്രിയയിലും ഈ റിസ്‌കുണ്ട്. അതിലുണ്ടായ നഷ്ടത്തിന് ഉപരോധവും പ്രതിഷേധവും സൈബര്‍ബുള്ളിയിങ്ങും മഞ്ഞപത്രവിചാരണയും ഡോക്ടര്‍ക്ക് താങ്ങാനായിക്കാണില്ല. അത്ര മേല്‍ നിരാശയില്‍ വീണ് പോയി ആ മനുഷ്യന്‍.

മെഡിക്കല്‍ രംഗത്തുള്ളവര്‍ മുഴുവന്‍ അങ്ങേയറ്റം സമ്മര്‍ദത്തില്‍ ഉള്ളൊരു കാലമാണ്. സഹിക്കാന്‍ വയ്യാത്ത ആശങ്കയും ആധിയും മാറ്റി വെച്ച് മനുഷ്യസ്വഭാവത്തില്‍ പെരുമാറുന്ന ഞങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും സൗകര്യപൂര്‍വ്വം അവഗണിച്ച്, വേദനിപ്പിച്ച്, പഴി ചാരി, പ്രാകി... ഞങ്ങളുടെ വീഴ്ചകള്‍ ആഘോഷിക്കുന്നിടത്ത്...

ഞങ്ങള്‍ കരുതലോടെ കൈക്കുള്ളില്‍ വെച്ച് പുറത്തേക്ക് ചിരിയോടെ പറഞ്ഞയച്ച എണ്ണമറ്റ മനുഷ്യരെക്കാണാതെ ചിലത് മാത്രം തിരഞ്ഞെടുത്ത് ഞങ്ങള്‍ ഉത്തരം പറയേണ്ടി വരുമ്പോള്‍, വ്യക്തിഹത്യ സഹിക്കേണ്ടി വരുമ്പോള്‍ ചിലപ്പോഴെങ്കിലും ഞങ്ങള്‍ വെള്ളക്കുപ്പായത്തിനുള്ളില്‍ നിന്നുമിറങ്ങി വെറും മനുഷ്യരായിപ്പോകുന്നു.

അനൂപ് ഡോക്ടറുടെ സ്ഥാനത്ത് ഇനിയും ഞങ്ങളിലാരുമാകാം. ഇനിയാരുമദ്ദേഹത്തെ തുടരാതിരിക്കട്ടെ.

പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍.

ഡോ സുൽഫി നൂഹുവിന്റെ കുറിപ്പ്-

"സമൂഹമാധ്യമ വിചാരണ"

ഒരു രക്തസാക്ഷി🏴

==================

ഇത് ഡോക്ടർ അനൂപ്.

ഇന്ന് ആത്മഹത്യ ചെയ്തു.

കാരണങ്ങളിൽ ഏറ്റവും പ്രധാനം സമൂഹമാധ്യമങ്ങളിലെ കുറ്റവിചാരണ .

ഒരു കൊച്ചു കുട്ടിക്ക് മറ്റ് ഒന്നിലേറെ ഡോക്ടർമാർ ഓപ്പറേഷൻ ചെയ്യുവാൻ വിസമ്മതിച്ച ഓപ്പറേഷൻ ചെയ്യുവാൻ തയ്യാറായി.

അതീവ നിർഭാഗ്യകരമായ സാഹചര്യത്തിൽ കൊച്ചുകുട്ടിക്ക് ഓപ്പറേഷൻ ചെയ്യുന്നതിനിടയിൽ അത്യപൂർവ്വം സംഭവിക്കാവുന്ന അനസ്തീഷ്യയുടെ ബുദ്ധിമുട്ട്

ഹൃദയസ്തംഭനം ഉണ്ടായി

എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മറ്റൊരു പ്രധാനപ്പെട്ട ആശുപത്രിയിലേക്ക് രോഗിയെ മാറ്റുവാൻ ശ്രമിച്ചുവെങ്കിലും

കുട്ടിയെ നമുക്ക് നഷ്ടപ്പെട്ടു.

ഇതാ വരുന്നു ഒരു പറ്റം

സമൂഹ മാധ്യമവിചാരണ പടയാളികൾ.

ഡോക്ടർ കുറ്റക്കാരൻ എന്ന് അവർ വിധിയെഴുതി.

ചില്ലറ കാശിനു വേണ്ടി വേണ്ടി കൊന്നുവെന്നു വരെ വിധിയെഴുതി.

നെഗറ്റീവ് വാർത്തകളുടെ പ്രചരണം

അതിലൂടെ ലഭിക്കുന്ന പ്രസിദ്ധി

യൂട്യൂബിലൂടെ കിട്ടുന്ന ചില്ലറ

ഇതു മാത്രമായിരുന്നു സമൂഹ മാധ്യമ വിചാരണ ചെയ്ത് ഓൺലൈൻ പോർട്ടലുകളുടെ ഉദ്ദേശം.

കേരളത്തിന് , ഒരു മികച്ച ഡോക്ടർ

അനൂപിനെന്റെ കുടുംബത്തിന് സ്നേഹ നിധിയായ വ്യക്തി

ഡോക്ടറുടെ പിഞ്ചു കുട്ടിക്ക്

നഷ്ടപ്പെട്ടത് അച്ഛൻ

ഭാര്യക്ക് നഷ്ടപ്പെട്ടത് സ്നേഹനിധിയായ ഭർത്താവിനെ.

സുഹൃത്തുക്കൾക്ക് ഊർജ്ജസ്വലനായ കൂട്ടുകാരൻ.

സമൂഹ മാധ്യമ വിചാരണ ചെയ്ത് വിരുതൻമാർക്ക് ഒന്നും നഷ്ടപ്പെട്ടില്ല.

ഇനിയും ഇത് ആവർത്തിക്കപ്പെടുന്നത്

ഒരിക്കലും അനുവദിക്കാൻ കഴിയില്ല.

മാധ്യമ വിചാരണ ചെയ്ത് ഡോക്ടറെ കൊലക്കു കൊടുത്തവർക്കെതിരെ നടപടികൾ ഉണ്ടാകണം.

സൈബർ നിയമങ്ങൾ മാറ്റിയെഴുതപ്പെടണമെങ്കിൽ

അത് തന്നെയാണ് വേണ്ടത്

അഭിപ്രായസ്വാതന്ത്ര്യം ആകാം വ്യക്തിഹത്യ അത് ഒരിക്കലും അനുവദിക്കാൻ പാടില്ല.

ഡോ സുൽഫി നൂഹു


Next Story

Related Stories