TopTop

മദ്യം ലഭിച്ചില്ല, തൃശ്ശൂരിൽ യുവാവ് ജീവനൊടുക്കി

മദ്യം ലഭിച്ചില്ല, തൃശ്ശൂരിൽ യുവാവ് ജീവനൊടുക്കി

തൃശ്ശൂർ കുന്നംകുളത്ത് മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതതായി റിപ്പോർട്ട്. കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തതത്. ബന്ധുക്കളാണ് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സനോജിന്റെ ആത്മഹത്യ ചെയ്തതെന്ന സൂചനകൾ നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ 5 മണിക്കാണ് സനോജിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ യുവാവിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഈ മൊഴിയെ ആധാരമാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കുന്നംകുളം എസിപിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മറ്റ് നടപടികൾ സ്വീകരിക്കുന്നത്. അവിവാഹിതനായ സനോജ് ജോലിക്ക് പോവുമെങ്കിലും സ്ഥിരം മദ്യം ഉപയോഗിക്കുന്ന വ്യക്തിയാണെന്നാണ് പോലീസും നൽകുന്ന വിവരമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 24ാം തീയ്യതി മുതലാണ് സംസ്ഥാനത്തെ മദ്യ വിൽപന നിർത്തിവച്ചത്. മദ്യ വിൽപന നിർത്തുന്നത് വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന വാദങ്ങൾ ഉയരുന്നതിനിടെയാണ് യുവാവിന്റെ ആത്മഹത്യ സംബന്ധിച്ച വാർത്തകൾ പുറത്ത് വരുന്നത്.


Next Story

Related Stories