TopTop

യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം, ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തി- വീഡിയോ

യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം, ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തി- വീഡിയോ

യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മാരായമുട്ടത്താണ് സംഭവം. മാരായമുട്ടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനെയാണ് ഡിസിസി ജനറൽ സെക്രട്ടറിയായ മാരായമുട്ടം സുരേഷും കർഷക കോൺഗ്രസ് പാറശ്ശാല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പുനയൽ സന്തോഷും ചേർ‌ന്ന് ക്രൂരമായി മർദ്ദിച്ചത്. ജയനെ ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പരിക്കേറ്റ ജയന്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫെബ്രുവരി മൂന്നിന് പട്ടാപകലായിരുന്നു മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന് മുന്‍പില്‍ വച്ച് അക്രമം അരങ്ങേറിയത്. ബാങ്കിന് മുന്നിൽ‌ നിൽക്കുകയായിരുന്ന ജയന് സമീപത്തേക്ക് സുരേഷും സുഹൃത്തും ബൈക്കിൽ എത്തുന്നതും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കില്‍ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കയ്യില്‍ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയുമായിരുന്നു. ജയൻ സുരേഷിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ആയികുന്നു തലയ്ക്ക് അടിയേൽക്കുന്നത്. പിന്നാലെ ജയൽ നിലത്ത് വീഴുകയും ചെയ്യുന്നുണ്ട്. പിന്നീട് ഇരുവരും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നുണ്ട്.

അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാതിട്ടില്ല. നടപടിയില്ലാത്തത് പോലീസിന്റെ അനാസ്ഥയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവും നിലനില്‍ക്കുകയാണ്. എന്നാൽ ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് അക്രമത്തിന് പിന്നാലെന്നാണ് വിവരം. സുരേഷിന്റെ സഹോദരന്‍ ബാങ്ക് പ്രസിഡന്റായിരുന്ന മുന്‍ ഭരണസമിതിക്ക് നേരെ ജയന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്റെ നേതൃത്വത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ജയന്‍ തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.


Next Story

Related Stories