TopTop
Begin typing your search above and press return to search.

മാറുന്ന മുസ്ലീം രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിനാകുമോ?

മാറുന്ന മുസ്ലീം രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിനാകുമോ?

നാസിറുദ്ദീന്‍

മലബാറിലെ, പ്രത്യേകിച്ചും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലം, മാറിയ സാഹചര്യത്തിലെ മുസ്ലിം വോട്ടര്‍മാരുടെ മനസ്സിനെ പറ്റി വ്യക്തമായ ചില സൂചനകള്‍ തരുന്നുണ്ട്. ലീഗിന്റെ വോട്ടര്‍മാരെ പൊതുവെ രണ്ടായി തരം തിരിക്കാം. ഒന്നാമത്തെ കൂട്ടരാണ് ലീഗിന്റെ കോര്‍ വോട്ടര്‍മാര്‍. ഇവരുടെ പശ്ചാത്തലം കൂടുതലും ഇ കെ വിഭാഗമായിരിക്കും. ലീഗിനെ മതപരമായി കാണുന്ന ഇവര്‍ ഒരിക്കലും മാറി ചിന്തിക്കാറില്ലെന്ന് പറയാം. രണ്ടാമത്തെ വിഭാഗം ലീഗിന്റെ പെരിഫറലായ അഥവാ പ്രാന്തപ്രദേശത്തുള്ള വോട്ടര്‍മാരാണ്. അവര്‍ ലീഗിന് വോട്ട് ചെയ്യുന്നത് രാഷ്ട്രീയമായാണ്. എന്ന് മാത്രമല്ല പലപ്പോഴും ലീഗിനെതിരായി വോട്ട് ചെയ്തിട്ടുമുണ്ട്. ഇത്തവണയും അങ്ങനെയുള്ള രാഷ്ട്രീയ വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം ലീഗിനെ കൈവെടിഞ്ഞുവെന്നാണ് മനസ്സിലാവുന്നത്. മലപ്പുറം ജില്ലയില്‍ പലയിടത്തും ഒറ്റക്കായിരുന്നു മല്‍സരിച്ചതെങ്കിലും പരമ്പരാഗത മുസ്ലിം ലീഗ് മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ഇത്തവണയും അവര്‍ക്ക് നിലനിര്‍ത്താനായിട്ടുണ്ട്. ഈ പറഞ്ഞ കോര്‍ വോട്ടര്‍മാരുടെ വോട്ടുകള്‍ കാര്യമായി ലീഗിന് നഷ്ടപ്പെട്ടിട്ടില്ല. കൊണ്ടോട്ടി പോലുള്ള ചില ശക്തികേന്ദ്രങ്ങളില്‍ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസ്സ് അടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ടത് കൊണ്ടുവന്ന കുറവാണ് ( എന്ന് മാത്രമല്ല കോ-ലീ-ബി സഖ്യത്തിന്റെ ഭാഗമായി ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറായ അണികള്‍ പോലും ഇവരിലുണ്ട്!) കോര്‍ വോട്ടര്‍മാര്‍ കൂടുതലുള്ള മലപ്പുറം, കുറ്റിപ്പുറം, വേങ്ങര, മഞ്ചേരി, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ കോര്‍ മണ്ഡലങ്ങളല്ലാത്തിടങ്ങളില്‍ ലീഗ് പരാജയപ്പെടുകയോ വോട്ട് ഗണ്യമായി കുറയുകയോ ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, പരപ്പനങ്ങാടി തുടങ്ങി കോഴിക്കോട് ജില്ലയിലെ മുക്കം അതിനടുത്ത മലയോര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഈ കാറ്റഗറിയില്‍ പെടും. മാത്രമല്ല, ഉറച്ച ചില സ്ഥലങ്ങളിലെങ്കിലും വോട്ടും ഭൂരിപക്ഷവും ഗണ്യമായി കുറഞ്ഞ ഫലങ്ങളും ഉണ്ടായിട്ടുണ്ട്. മുന്നണിയായി മത്സരിച്ചിട്ടുകൂടി ഏറനാട് മണ്ഡലത്തിലെ കുഴിമണ്ണ, ചാലിയാര്‍ എന്നിവിടങ്ങളില്‍ തൂക്ക് സഭയായത് ഉദാഹരണം. അതായത് ഉറച്ച ലീഗ് വോട്ടര്‍മാര്‍ കൈവിടാതിരുന്നെങ്കിലും പതിവായി ലീഗിനോട് താല്‍പര്യം കാണിക്കാറുള്ള നല്ലൊരു വിഭാഗം, അഥവാ നടേ പറഞ്ഞ രണ്ടാമത്തെ വിഭാഗം, ഇത്തവണ മാറി ചിന്തിച്ചിട്ടുണ്ട് എന്നര്‍ത്ഥം.

ഇതിനോട് സമാന്തരമായി കാണേണ്ട മറ്റൊരു കാര്യമാണ് ഈ മേഖലകളില്‍ ലീഗ് ഇതര മുസ്ലിം സംഘടനകളുടെ വളര്‍ച്ചയും എല്‍ ഡി എഫിന്റെ മുന്നേറ്റവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി വെല്‍ഫയര്‍ പാര്‍ട്ടിയും എസ് ഡി പി ഐയും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാം കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വോട്ടര്‍മാരായ വലിയൊരു വിഭാഗം മുസ്ലിങ്ങള്‍ ലീഗിനെ കയ്യൊഴിഞ്ഞുവെന്ന് മനസ്സിലാക്കാം. ഇതാദ്യമായല്ല മുസ്ലിം ലീഗിനെ മുസ്ലിങ്ങള്‍ ഇങ്ങനെ കയ്യൊഴിയുന്നത്. മുമ്പ് ലീഗിന്റെ ഉറച്ച കോട്ടയായ മഞ്ചേരിയില്‍ ശരാശരി സ്ഥാനാര്‍ത്ഥി മാത്രമായ ടി കെ ഹംസ വമ്പിച്ച ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചിരുന്നത്. പക്ഷേ, പിന്നീടത് നിലനിര്‍ത്താനായില്ല എന്ന് മാത്രമല്ല ലീഗ് വിരുദ്ധ രാഷ്ട്രീയം സ്വീകരിച്ച മറ്റു മുസ്ലിം സംഘടനകള്‍ പോലും ഇപ്പോള്‍ ശക്തിപ്പെടുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ഇടതു പക്ഷത്തിന് മുസ്ലിങ്ങളെ ആകര്‍ഷിക്കാന്‍ / നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നത് പരിശോധിക്കേണ്ടതുണ്ട്.

മതത്തോട് മാത്രമല്ല മത ന്യൂനപക്ഷങ്ങളോട് പോലും എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാടില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നം. കേരളത്തിലെ മുസ്ലിങ്ങളുടെ ചിന്തയിലും രാഷ്ട്രീയത്തിലും നിര്‍ണായക സ്വാധീനമാണ് സാമുദായിക സംഘടനകള്‍ ചെലുത്തുന്നത്. ഇ കെ, എപി, ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങള്‍ തുടങ്ങിയ സംഘടനകളുടെ സ്വാധീനത്തില്‍ പെടാതെ ചിന്തിക്കുന്നവര്‍ വളരെ വളരെ വിരളം. ശരാശരി മുസ്ലിങ്ങള്‍ ഇവരുടെ മദ്രസകളും പള്ളികളും ഖുതുബകളും പ്രഭാഷണങ്ങളും വഴിയുണ്ടാവുന്ന സംഘടനാ ചട്ടക്കൂടില്‍ നിന്നാണ് വളരുന്നതും മതരാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തിയെടുക്കുന്നതും. ഇതു കൂടാതെ ലീഗ്, വെല്‍ഫയര്‍, എസ്ഡിപിഐ എന്നീ രാഷ്ട്രീയ സംഘടനകളും മുസ്ളീങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു. ഈ സംഘടനകളെ ഒന്നടങ്കം വര്‍ഗീയ കക്ഷികള്‍ എന്ന ലേബലൊട്ടിക്കുന്നതിലൂടെ ഒറ്റയടിക്ക് മഹാഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളുടെ രാഷ്ട്രീയ ചിന്തകളാണ് പ്രതിസ്ഥാനത്താവുന്നത്. ഇതില്‍ അവസാനത്തെ ഉദാഹരണമാണ് വെല്‍ഫയര്‍ പാര്‍ട്ടിയോടുള്ള സി പി എമ്മിന്റെ സമീപനം. ജമാഅത്തുകാര്‍ ബീജം നല്‍കിയതാണെങ്കിലും ജമാഅത്ത്, മൗദൂദി ആശയങ്ങളെ സ്വീകരിക്കാത്ത പാര്‍ട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി. മാത്രമല്ല, അമുസ്ളീങ്ങള്‍ അടക്കം പാര്‍ട്ടി നേതൃത്വത്തിലുള്ള നിരവധി പേര്‍ ഈ ആശയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ടും നിശിതമായി വിമര്‍ശിച്ചു കൊണ്ടും ഇന്നും വെല്‍ഫയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലിം ലീഗില്‍ ഒരു കെ പി രാമന്‍ ഉണ്ടായ പോലെയല്ല, വാര്‍ഡ് തലം തൊട്ട് സംസ്ഥാന നേതൃത്വം വരെയുള്ള നേതാക്കളിലും പ്രവര്‍ത്തകരിലും നല്ലൊരു വിഭാഗം അമുസ്ലിങ്ങളുമാണ്.

ഈ തെരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സി പി എം പരസ്യമായി സഖ്യമുണ്ടാക്കിയിരുന്നു. പക്ഷേ ഫലം അറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ഇതിനെ പച്ചയായി നിഷേധിക്കാനായിരുന്നു നേതാക്കള്‍ ശ്രമിച്ചത്. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒന്ന്, എത്ര തന്നെ ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ ഭാഗമായാലും മൗദൂദിയന്‍ ആശയങ്ങളെ തള്ളിക്കളഞ്ഞാലും വെല്‍ഫയര്‍ പാര്‍ട്ടി പോലെ മുസ്ലിങ്ങള്‍ക്കിടയില്‍ നിന്നുയര്‍ന്നു വരുന്ന പാര്‍ട്ടികള്‍ വര്‍ഗീയ കക്ഷികള്‍ തന്നെയാണെന്നും ആര്‍ എസ് എസ് പോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള മുസ്ലീം ഇതര സമൂഹങ്ങള്‍ക്കിടയിലെ പൊതുബോധം ശക്തിപ്പെടുന്നു. രണ്ട്, ഇത്തവണ ലീഗ്‌ - യു ഡി എഫ് വിരുദ്ധ രാഷ്ട്രീയം സ്വീകരിച്ച് വെല്‍ഫയറിനും ഇടതുപക്ഷത്തിനും വോട്ട് ചെയ്ത മുസ്ലിങ്ങള്‍ മാറിച്ചിന്തിക്കാനും ലീഗിലേക്ക് തന്നെ തിരിച്ച് പോവാനും ഇടവരുന്നു. ഐ എന്‍ എല്ലിനെ വര്‍ഷങ്ങളോളം ത്രിശങ്കുവില്‍ നിര്‍ത്തി ഇല്ലാതാക്കിയതും ഇതേ ഫലം തന്നെയാണുണ്ടാക്കിയത്. സി പി എമ്മിന് തീര്‍ച്ചയായും അതിന്റെ സൈദ്ധാന്തികാടിത്തറയോട് യോജിക്കുന്ന നയനിലപാടുകള്‍ രൂപപ്പെടുത്തിയെടുക്കാന്‍ അവകാശമുണ്ട്. പക്ഷേ അതിന് പറയുന്ന കാര്യങ്ങളിലാണ് പ്രശ്‌നം.

അതില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് തോന്നുന്നു. എന്താണ് ഈ സംഘടനകളെ ഒന്നടങ്കം വര്‍ഗീയ വാദികളായി ചിത്രീകരിക്കാനുള്ള മാനദണ്ഡം എന്നത് കൃത്യമായി വിശദീകരിക്കണം. മുസ്ലിങ്ങളിലെ മഹാഭൂരിപക്ഷം വരുന്നവരുടെ രാഷ്ട്രീയത്തെ എങ്ങനെയാണ് സി പി എം അഡ്രസ് ചെയ്യുന്നത്? സി പി എം ഇതിലേതെങ്കിലും കക്ഷികളുമായി സഖ്യം കൂടണമെന്നല്ല പറയുന്നത്. പക്ഷേ, കേരളത്തിലെ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷവും ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്ന സംഘടനകളെല്ലാം വര്‍ഗീയ കക്ഷികളാണെന്ന വിലയിരുത്തല്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്നത് ചിന്തിക്കണം. ഈ സംഘടനകളെല്ലാം വര്‍ഗീയമാണെങ്കില്‍ പിന്നെ കേരളത്തിലെ മുസ്ലിം ജനവിഭാഗം എന്നത് തന്നെ വര്‍ഗീയമാണെന്ന് വരുന്നു. ഹിന്ദുക്കളിലെ വെറും പത്ത് ശതമാനത്തില്‍ താഴെ വരുന്ന ബി ജെ പിക്കാര്‍ മാത്രം വര്‍ഗീയ വാദികളാവുമ്പോള്‍ മുസ്ലിങ്ങളില്‍ 90 ശതമാനവും അങ്ങനെയാണെന്ന് വരുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞ് പാര്‍ട്ടിയിലെ ഒരു വിഭാഗം പലപ്പോഴും കൂടുതല്‍ നീതിയുക്തമായ ഒരു മുസ്ലിംപക്ഷ നിലപാടിന് ശ്രമിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ മറു ചേരിയും 'പഴയ എസ് എഫ് ഐ' ക്കാരായ മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ നീക്കങ്ങളെ സംഘടിതമായി തോല്‍പ്പിക്കാറാണ് പതിവ്.

ഈ പ്രചാരണങ്ങള്‍ മുസ്ലിങ്ങളെയോ ഇടതു പക്ഷത്തിനേയോ അല്ല സംഘ്പരിവാറിനെയാണ് ശക്തിപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാര്‍ സാമാന്യബുദ്ധി മതി. അതിലുപരിയായി ഈ വിഭാഗത്തിന് കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സ്‌പേസ് സി പി എം നല്‍കുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം. ആ സ്‌പേസ് നല്‍കാത്തിടത്തോളം കാലം ഇപ്പോള്‍ മുസ്ലിം മേഖലകളില്‍ കിട്ടിയ നേട്ടം താല്‍കാലികമായി മാറും. എന്ന് മാത്രമല്ല മുമ്പ് പല തവണ സംഭവിച്ച പോലെ ഈ വിഭാഗം വീണ്ടും ലീഗ് യു ഡി എഫ് പാളയത്തിലേക്ക് തന്നെ തിരിച്ച് പോവാനാണ് സാധ്യത. ആ സാധ്യതയാണ് ലീഗിന്റെ ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അടിസ്ഥാനവും.

(ലേഖകന്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നു)

അഴിമുഖം പ്രസിദ്ധീകരിച്ച നാസിറുദ്ദീന്റെ മറ്റൊരു ലേഖനം: അസ്തമയം വരെ; ഒരു മലയാള സിനിമയില്‍ നിന്നും പ്രതീക്ഷിക്കരുതാത്ത ചില കാര്യങ്ങള്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories