TopTop
Begin typing your search above and press return to search.

ലോക്കര്‍ബീ വിമാനാക്രമണം; ലിബിയന്‍ ചോരപ്പണത്തിനായി പാന്‍ ആം വൈമാനികര്‍

ലോക്കര്‍ബീ വിമാനാക്രമണം; ലിബിയന്‍ ചോരപ്പണത്തിനായി പാന്‍ ആം വൈമാനികര്‍

ടോം ജാക്മാന്‍

ഒരു ഭീകരാക്രമണത്തിന്റെ ഞെട്ടലിന്റെ അലകള്‍ മിക്കപ്പോഴും എളുപ്പത്തില്‍ പരക്കും. അതിന്റെ നേരിട്ടുള്ള ഇരകളെ മാത്രമല്ല അത് ബാധിക്കുക. അവരുടെ കുടുംബങ്ങള്‍, ആക്രമണം നടന്ന പ്രദേശം, ബിസിനസ് എന്നിങ്ങനെ എല്ലാറ്റിനെയും ബാധിക്കും.

1988-ലാണ് പാന്‍ ആം വിമാനം 103 സ്കോട്ട്ലണ്ടിലെ ലോക്കര്‍ബീക്ക് മുകളില്‍ വെച്ച് സ്ഫോടനത്തില്‍ തകര്‍ന്നത്. ഇതിന്റെ ഉത്തരവാദിത്തം പിന്നീട് ലിബിയ ഏറ്റെടുക്കുകയും വിമാനത്തിലും താഴെ ഭൂമിയിലുമുണ്ടായിരുന്ന കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനായി 1.5 ബില്ല്യണ്‍ ഡോളറിന്റെ നിധി ഉണ്ടാക്കുകയും ചെയ്തു.

പക്ഷേ ആ ബോംബാക്രമണം പാന്‍ ആം വിമാനക്കമ്പനിയേയും ഇല്ലാതാക്കിയോ? ഒരിക്കല്‍ ശക്തമായിരുന്ന കമ്പനി ആക്രമണത്തിന് മൂന്നുവര്‍ഷത്തിന് ശേഷം അടച്ചുപൂട്ടി. വാഷിംഗ്ടണിലെ ഒരു ഫെഡറല്‍ കോടതിയില്‍ നിരവധി പാന്‍ ആം വൈമാനികര്‍ 1991-ല്‍ പൊടുന്നനെ ജോലിയും പെന്‍ഷനും ആരോഗ്യ ഇന്‍ഷൂറന്‍സും നഷ്ടപ്പെട്ടു തെരുവിലെറിയപ്പെട്ട തങ്ങളെയും ലോക്കര്‍ബീ ഇരകളായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

മിക്കവരും അവരുടെ 80-കളിലാണ്. ലിബിയന്‍ നഷ്ടപരിഹാര നിധിയുടെ ഒരു പങ്ക് തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് Foreign Claims Settlement Commission മുമ്പാകെ അവര്‍ വാദിക്കുന്നു. കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ ഇപ്പോള്‍ത്തന്നെ, അവര്‍ക്ക് ചില്ലിക്കാശിന് പോലും അവകാശമില്ലെന്ന് പറഞ്ഞുകഴിഞ്ഞു. തീവ്രവാദികള്‍ തങ്ങളുടെ ജീവിതവും നശിപ്പിച്ചെന്ന വൈകാരികമായ അവസാന അഭ്യര്‍ത്ഥനകൂടി നടത്തുകയാണ് വൈമാനികര്‍ ഇപ്പോള്‍.

“ഇതിന്റെ അനന്തരഫലങ്ങള്‍ ദീര്‍ഘവും ആഴത്തില്‍ എത്തുന്നതുമാണ്,” 1993 മുതല്‍ കോടതിവ്യവഹാരം നയിക്കുന്ന മുന്‍ വൈമാനികന്‍ ബ്രൂസ് അബോട്ട് പറഞ്ഞു. “ശ്മശാനത്തില്‍ പേര് കാണാത്ത നിരവധി പേരെ അത് ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ കിട്ടാന്‍ ഏറെ വൈകിയ നീതിയാണ് ആവശ്യപ്പെടുന്നത്.”

കോടതി മുറിയിലെ നരകയറിയ വൈമാനികരും ഭാര്യമാരും മക്കളും കയ്യടിച്ചു.

പാന്‍ ആമിലെ മിക്ക വൈമാനികരും അതില്‍ ജോലിക്കു ചേരും മുമ്പ് വ്യോമസേനക്കാരായിരുന്നു. പാന്‍ ആം പൂട്ടിയപ്പോള്‍ അവരില്‍ പലരുടെയും പ്രായം 50 വയസ്സിന് മുകളിലും. “ആരും അവരെ പിന്നെ ജോലിക്കെടുത്തില്ല,” അവരുടെ അഭിഭാഷകന്‍ ജോയാന്‍ യംഗ് പറഞ്ഞു. അവര്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നികുതിദായകരുടെ പണമല്ല, ലിബിയന്‍ ചോരപ്പണമാണ് എന്നും യംഗ് ചൂണ്ടിക്കാട്ടി.

വാദം കേള്‍ക്കാന്‍ എത്തിയ 82-കാരനായ ഫിര്‍സ് ജെറാള്‍ഡ് 24 കൊല്ലം പാന്‍ ആം വൈമാനികനായിരുന്നു. “വര്‍ഷം 1,04,000 ഡോളര്‍ സമ്പാദിച്ചതില്‍ നിന്നും മിയാമി വിമാനത്താവളത്തില്‍ താത്ക്കാലിക ജോലിയില്‍ വര്‍ഷം 33,000 ഡോളറിലേക്കെത്തി ഞാന്‍. ഒരു ആനുകൂല്യവുമില്ല, രോഗം വന്നാലും അവധിയില്ല. അതൊരു വല്ലാത്ത വീഴ്ച്ചയായിരുന്നു.” നാവികസേനയില്‍ ജോലി ചെയ്തതിന്റെ പെന്‍ഷന്‍ കൊണ്ടാണ് ജീവിച്ചുപോകുന്നതെന്ന് അയാള്‍ പറയുന്നു. “ലോക്കര്‍ബീയുടെ ആഘാതം ഞാന്‍ നേരിട്ടു അനുഭവിച്ചു.”

ലിയോണാര്‍ഡ് അംബേഴ്സ് (80) വ്യോമസേനയിലെ സേവനത്തിന് ശേഷം 25 വര്‍ഷം പാന്‍ ആം വൈമാനികനായിരുന്നു. “ഈ ജാക്കറ്റ് കണ്ടോ?” അയാള്‍ തന്റെ സ്പോര്‍ട്ട്സ് കോട്ട് കാണിച്ചു. “ഇത് 1985-ല്‍ വാങ്ങിയതാണ്. നിങ്ങള്‍ക്ക് എല്ലാം ചുരുക്കേണ്ടിവരും. നിങ്ങളുടെ മികച്ച ജോലി പെട്ടെന്നു നഷ്ടപ്പെട്ടു തൊഴിലിനായി അലയേണ്ടിവരുന്ന അവസ്ഥ.”

ബോംബാക്രമണം വിമാനകമ്പനിയെ തകര്‍ക്കാന്‍ ഇടയാക്കി എന്നു കാണിച്ചു 1994-ലാണ് അബോട്ടും മറ്റ് 49 വൈമാനികരും 1994-ല്‍ ലിബിയക്കെതിരെ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്കിയത്. എന്നാല്‍ 1995-ല്‍ പരമാധികാരരാഷ്ട്രത്തിനുള്ള പരിരക്ഷയില്‍ ലിബിയയെ കോടതിവ്യവഹാരത്തില്‍ നിന്നും ഒഴിവാക്കി. പക്ഷേ ഭീകരപ്രവര്‍ത്തനത്തിന് രാഷ്ട്ര പരമാധികാര പരിരക്ഷ ബാധകമല്ലെന്ന് അബോട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പാന്‍ ആം കമ്പനിയും ഇതേ വാദമുയര്‍ത്തി ലിബിയക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. ഇത് 2005-ല്‍ ഒത്തുതീര്‍പ്പാക്കി. എന്നാല്‍ പാന്‍ ആം അടച്ചുപൂട്ടിയപ്പോള്‍ കിട്ടേണ്ടിയിരുന്നതിന്റെ 5 മുതല്‍ 6% വരെ മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്.

പാന്‍ ആം മുന്‍ വൈമാനികന്‍ ബ്രൂസ് അബോട്ട്

21-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യു.എസ് അന്നത്തെ ലിബിയന്‍ നേതാവ് മുവമ്മര്‍ ഗദ്ദാഫിയുമായി അടുക്കാന്‍ തുടങ്ങിയതോടെ യു.എസിന്റെ ഭീകരവാദ വിരുദ്ധ നിധിയിലേക്ക് പണം നല്കാന്‍ ലിബിയ തയ്യാറായി. ട്രിപോളിയിലെ യു.എസ് ബോംബാക്രമണത്തിലെ ഇരകള്‍ക്ക് പണം നല്കാന്‍ യു.എസും സമ്മതിച്ചു. 2008-ഓടെ ലോക്കര്‍ബീ ആക്രമണത്തിന്റെയും ബെര്‍ലിനില്‍ അമേരിക്കന്‍ സൈനികര്‍ പോയിരുന്ന ഒരു നൃത്തശാലയിലെ ബോംബാക്രമണത്തിന്റെയും ഇരകള്‍ക്കുള്ള നിധിയില്‍ ലിബിയ 1.5 ദശലക്ഷം ഡോളര്‍ നല്കി.

അബോട്ടും കൂട്ടരും 2008 മുതല്‍ പണത്തിനായി അപേക്ഷിക്കാന്‍ തുടങ്ങിയെങ്കിലും 2013 വരെ കമ്മീഷന്‍ ഇത് പരിഗണിച്ചില്ല. വ്യക്തിപരമായി ഓരോ വൈമാനികനും ആവശ്യപ്പെടുന്നത് കമ്പനി പൊളിഞ്ഞില്ലായിരുന്നെങ്കില്‍ വിരമിക്കും വരെ കിട്ടാമായിരുന്ന വേതനമാണ്.

പക്ഷേ ഈ വര്‍ഷം ജൂലായില്‍ ഒരു വൈമാനികന്റെ അവകാശവാദം തള്ളിയ കമ്മീഷന്‍, പിന്നാലെ ആഗസ്തില്‍ സമാനമായ നിരവധി വിധികള്‍ നല്കി. എല്ലാം വൈമാനികരുടെ അവകാശവാദങ്ങള്‍ തള്ളിയിരുന്നു. പാന്‍ ആം അടച്ചുപൂട്ടുന്നതിനും ലോക്കര്‍ബീ ബോംബാക്രമണത്തിനും തമ്മിലുള്ള നേരിട്ടുള്ള ബന്ധം ഹര്‍ജിക്കാര്‍ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് അനൂജ് സി ദേശായ്, സില്‍വിയ എം ബേക്കര്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷന്‍ നിരീക്ഷിച്ചു. 1990-ലെ ഗള്‍ഫ് യുദ്ധത്തിനും മാന്ദ്യത്തിനും മുമ്പ് കമ്പനിയുടെ യാത്രക്കാരുടെ എണ്ണം കൂടുകയായിരുന്നു എന്നു നിരീക്ഷിച്ച കോടതി, ആ രണ്ടു സംഭവങ്ങളാണ് കമ്പനിയുടെ ഇടിവിന് കാരണമെന്നും പറഞ്ഞു.

ഒരിക്കല്‍ക്കൂടി കമ്മീഷന്റെ മുമ്പില്‍ വാദങ്ങള്‍ നിരത്തിയ വൈമാനികര്‍ക്കായി പാന്‍ ആം മുന്‍ CEO തോമസ് പ്ലാസ്കെറ്റ് മൊഴി നല്കി. Northwest Airlines ഏറ്റെടുക്കാനുള്ള പദ്ധതിയും പിന്നെ Delta Air Lines –മായി ലയിക്കാനുള്ള പദ്ധതിയും ലോക്കര്‍ബീയുടെ പ്രത്യാഘാതങ്ങള്‍ മൂലം ഇല്ലാതായെന്ന് പ്ലാസ്കെറ്റ് പറഞ്ഞു. കൂടുതല്‍ ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍, ബിസിനസ് യാത്രക്കാര്‍ ഒഴിഞ്ഞുനിന്നു. ബോംബാക്രമണത്തിന് മുമ്പുള്ള മൂന്നാം പാദമായിരുന്നു പാന്‍ ആമിന്റെ ഏറ്റവും കൂടുതല്‍ ലാഭമുണ്ടായ കാലമെന്ന് അന്നത്തെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥന്‍ രമേഷ് പുന്‍വാനി പറഞ്ഞു. "തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ ലോക്കര്‍ബീ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളുടെ സമ്പാദ്യത്തെ നിശ്ചയിച്ചു.”

പക്ഷേ ദേശായി പുന്‍വാനിയുടെ വാദങ്ങളെ കാണിശമായി എതിര്‍ത്തു. പാന്‍ ആമിന്റെ യാത്രക്കാരുടെ എണ്ണം 1990-നും 1991-നും ഇടയ്ക്ക് യഥാര്‍ത്ഥത്തില്‍ വര്‍ധിച്ചിരുന്നു എന്നു ദേശായ് ചൂണ്ടിക്കാട്ടി. “യാത്രക്കാരുടെ എണ്ണം 26% വര്‍ധിച്ചെങ്കില്‍ പിന്നെങ്ങിനെയാണ് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ലോക്കര്‍ബീയില്‍ ചാരാന്‍ കഴിയുന്നത്”

ലോക്കര്‍ബീ സംഭവിച്ചില്ലായിരുന്നില്ലെങ്കില്‍ പാന്‍ ആം വരുമാനം ഗണ്യമായി ഉയര്‍ന്നെനെ എന്ന ഒരു വ്യോമഗതാഗത വിദഗ്ധന്റെ വിശകലനവും ദേശായി അംഗീകരിച്ചില്ല. 1988-ലെ ആദ്യ പകുതിയിലടക്കം ലോക്കര്‍ബീക്ക് മുമ്പുള്ള വര്‍ഷങ്ങളിലും പാന്‍ ആം നഷ്ടം വരുത്തുന്നുണ്ടായിരുന്നു എന്ന് ദേശായിയും ബെക്കറും പറഞ്ഞു. നിയന്ത്രണങ്ങള്‍ നീക്കിയതുമൂലം വ്യോമയാന വ്യവസായമാകെ നഷ്ടം നേരിട്ടിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷം ഇന്ധനവില കുതിച്ചുയരുകയും മാന്ദ്യം വരികയും ചെയ്തു. നിരവധി വ്യോമയാന കമ്പനികള്‍ പാപ്പരായി; ഈസ്റ്റേണ്‍, മിഡ് വേ, കോണ്ടിനെന്‍റല്‍, അമേരിക്ക വെസ്റ്റ്, പിന്നെ 1991 ഡിസംബറില്‍ പാന്‍ ആം എന്നീ വിമാനകമ്പനികളെല്ലാം പാപ്പരായി. 1991 ഡിസംബറില്‍ പാന്‍ ആം വാങ്ങാനുള്ള ഒരു ധാരണയില്‍ നിന്നും ഡെല്‍റ്റ പിന്‍വാങ്ങിയ ഉടനെ പാന്‍ ആം അടച്ചുപൂട്ടി. “1991-ലെ സംഭവങ്ങള്‍ കൃത്യമായി ഇടപെടുന്നതും നിയമപരമായ രീതിയില്‍ നോക്കിയാല്‍ ലോക്കര്‍ബീ ബോംബാക്രമണവുമായി എന്തെങ്കിലും ബന്ധം ഇല്ല എന്ന് കാണിക്കുന്നതുമായിരുന്നു.” ദേശായിയും ബെക്കറും എഴുതി.

നിരവധി വൈമാനികര്‍ ലോക്കര്‍ബീ സംഭവമാണ് കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് സാക്ഷി പറഞ്ഞു. അബോട്ട് കമ്മീഷണര്‍മാരോട് പറഞ്ഞു, “അത് വ്യക്തമായും യു എസിന് നേരെയുള്ള ആക്രമണമായിരുന്നു. യു.എസിന് അത് താങ്ങാനാകും. പാന്‍ ആമിന് അതിനുള്ള ശേഷിയില്ലായിരുന്നു."

തര്‍ക്കത്തിലെ അന്തിമവിധിയുടെ ദിവസം നിശ്ചയിച്ചിട്ടില്ലെന്ന് നീതിന്യായ വകുപ്പിന്റെ വക്താവ് അറിയിച്ചു.


Next Story

Related Stories