നിലവിലുള്ള സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും പൂര്ണവിരാമിട്ടുകൊണ്ട് കൃത്യമായ വിശദീകരണവുമായി ലോധ കമ്മിറ്റി രംഗത്തെത്തിയതോടെ, അനുരാഗ് താക്കുറും അജയ് ഷിര്‍കെയും ഉള്‍പ്പെടെ പുറത്താക്കപ്പെട്ട ഒരു ഭാരവാഹിയും നാമനിര്‍ദ്ദേശത്തിലൂടെ പോലും ബിസിസിഐയില്‍ തിരികെ എത്തില്ലെന്ന് ഉറപ്പായി. സംസ്ഥാന ഘടകങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ പോലും ഇവര്‍ക്കൊന്നും തിരികെ സംഘടനയിലേക്ക് എത്താന്‍ കഴിയില്ലെന്ന് ചോദ്യോത്തര രൂപത്തില്‍ ലോധ കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ഇട്ട പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അസന്നിഗ്ധമായി പറയുന്നു. മുന്‍ പ്രസിഡന്റിനെയും സെക്രട്ടറിയെയും മാത്രമല്ല, ബിസിസിഐയിലെയും സംസ്ഥാന അസോസിയേഷനുകളിലേയും ബഹുഭൂരിപക്ഷം അംഗങ്ങളെയും വിരമിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് പുതിയ വിശദീകരണം സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി നല്‍കിയിരിക്കുന്നത്. മൊത്തത്തില്‍ ഒമ്പത് വര്‍ഷം ഭാരവാഹിയായിരുന്നവര്‍ക്ക് വീണ്ടും ഭാരവാഹിയാകാന്‍ സാധിക്കില്ല എന്ന നിഷ്കര്‍ഷ ബിസിസിഐയില്‍ ഉള്ളവര്‍ക്കും സംസ്ഥാന ഘടകങ്ങള്‍ക്കും ബാധമാണെന്ന് പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാന ഘടകങ്ങളില്‍ ഭാരവാഹിയായി ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു വ്യക്തിക്ക് ബിസിസിഐയുടെ ഭാരവാഹിയാവാന്‍ സാധിക്കില്ല. അതുപോലെ തിരിച്ചും.
സുപ്രീം കോടതിയുടെ വിധികള്‍ ലംഘിച്ചതിന്റെ പേരില്‍ താക്കൂറിനെയും ഷിര്‍ക്കെയും യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്നും സുപ്രീം കോടതി ജനുവരി രണ്ടിന് ഉത്തരവിട്ടിരുന്നു. ലോധ കമ്മിറ്റി മുന്നോട്ടു വച്ച ഒമ്പത് വര്‍ഷത്തെ മാനദണ്ഡം സുപ്രീം കോടതി അംഗീകരിച്ചതോടെ ഇവര്‍ക്ക് മാത്രമല്ല മിക്ക ബിസിസിഐ ഭാരവാഹികള്‍ക്കും അവരുടെ സംസ്ഥാന ഘടകങ്ങളിലും ഭാരവാഹികളാകാന്‍ സാധ്യമല്ല. ഉദാഹരണത്തിന്, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് അഭയ് ആപ്തെയെ പ്രസിഡന്റാക്കിക്കൊണ്ട് പുതിയ ഭാരവാഹികളെ നിയമിച്ചെങ്കിലും ബിസിസിഐ യോഗങ്ങളില്‍ എംസിഎയെയെ പ്രതിനിധീകരിക്കാനുള്ള ചുമതല ഷിര്കെയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ പുതിയ മാനദണ്ഡം നിലവില്‍ വരുന്നതോടെ ഷിര്കെയ്ക്ക് ഇനി ബിസിസിഐ കമ്മിറ്റികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഷിര്‍കെ എംസിഎയിലെ ഒരു സാധാരണ അംഗമായി തുടരും. അതുപോലെ അനുരാഗ് താക്കൂര്‍ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷനിലെയും അമിതാഭ് ചൗധരി ജാര്‍ഘണ്ട് അസോസിയേഷനിലെയും സാധാരണ അംഗങ്ങളായിരിക്കും.
സൗരവ് ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷനാവാനുള്ള സാധ്യതകളും പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തുവന്നതോടെ ഇല്ലാതായി. 2014ല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലി, ജഗ്മോഹന് ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രസിഡന്റായി നിയമിതനായിരുന്നു. ഭാരവാഹിയായി രണ്ട് ടേം പൂര്‍ത്തിയാക്കിയ ഗാംഗുലിക്ക് ഈ ജൂണില്‍ മൂന്നു വര്‍ഷത്തെ സ്വാഭാവിക ഇടവേളയിലേക്ക് പോകണം. ആദ്യ ടേമില്‍ മൂന്നു മാസം മാത്രമാണ് ഗാംഗുലി സേവനം അനുഷ്ഠിച്ചിട്ടുള്ളു എന്നത് പരിഗണിക്കേണ്ടതില്ലെന്ന് ലോധ കമ്മിറ്റി വിശദീകരിച്ചു. ഭാവിയില്‍ ദുരുപയോഗം ചെയ്യാപ്പെടാതിരിക്കാനാണ് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി. ഇനി മൂന്നു വര്‍ഷം കഴിഞ്ഞേ ഗാംഗുലിക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണനിര്‍വഹണത്തിലെ ഏതെങ്കിലും ഔദ്ധ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാന്‍ സാധിക്കൂ.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ബിശ്വരൂപ് ഡേയുടെ ക്രിക്കറ്റ് ഭരണം അവസാനിപ്പിക്കാനും മറ്റൊരു നിര്‍ദ്ദേശത്തിലൂടെ ലോധ കമ്മിറ്റി തുനിഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷം അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് അസോസിയേഷന്റെ ഭാരവാഹിത്വമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ താന്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതായി കണക്കാക്കാനാവില്ലെന്നുമുള്ള ഡേയുടെ വാദം കമ്മിറ്റി തള്ളി.
ഭരണഘടന ഭേദഗതി ചെയ്യുന്നതിന് മുമ്പ് കോടതി ഉത്തരവുകള്‍ക്ക് അനുസൃതമായി സംസ്ഥാന ഘടകങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് നടത്താനും ലോധ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കോ സുപ്രീം കോടതി വിധികള്‍ക്കോ എതിരാണ് തിരഞ്ഞെടുപ്പെങ്കില്‍ അത് അസാധുവായി കണക്കാക്കും.