TopTop
Begin typing your search above and press return to search.

ലോഹം: കള്ളം കടത്തലല്ല,വെറും കള്ളമാണ്; ഒരു പ്രവാസി സിനിമാപ്രേമിക്ക് പറയാനുള്ളത്

ലോഹം: കള്ളം കടത്തലല്ല,വെറും കള്ളമാണ്; ഒരു പ്രവാസി സിനിമാപ്രേമിക്ക് പറയാനുള്ളത്

രഞ്ജിത്ത്-മോഹൻലാൽ കൂട്ടുകെട്ടിന്റെ ഈയടുത്തിറങ്ങിയ സിനിമയായ ലോഹം കുടുംബസമേതം തന്നെ കണ്ടു. എന്താണ് ഈ സിനിമ പറയാൻ ഉദ്ദേശിക്കുന്നത്? പ്രവാസിയുടെ ശവപ്പെട്ടിയിൽ വരെ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താമെന്നോ അതോ നാട്ടിൽ സ്വർണത്തിന് ബുദ്ധിമുട്ട് വന്നാൽ പൊരിവെയിലത്തു പണിയെടുക്കുന്ന പ്രവാസിയെ കൊന്നു അവന്റെ തൂക്കത്തിന്റെ നാലിരട്ടി സ്വർണം ശവപ്പെട്ടിയോടെ നട്ടിലെത്തിക്കാമെന്നോ?

സ്പെഷ്യൽ 26 എന്ന ഹിന്ദി മൂവിയാണിതിനു പ്രചോദനമായതെങ്കിൽ, ഇതിലും എത്രയോ നന്നാവുമായിരുന്നു ആ ഫിലിം മലയാളത്തിലേക്ക് മൊഴിമാറ്റിയെങ്കിൽ. അതുമല്ല നമ്മുടെ നാട്ടിലെ സ്വർണ കടത്താണ് ഇതിവൃത്തമെങ്കിൽ അതിന് 130 മിനുട്ട് വളച്ചൊടിച്ചു കാര്യം അവതരിപ്പിക്കാണോ. 30 മിനുട്ടിന്റെ ഒരു ഷോർട്ട് ഫിലിമിൽ തീരില്ലേ കാര്യങ്ങൾ.

മലയാളിയുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന നർമ്മ രംഗങ്ങളുടെ സൃഷ്ടാവായ മോഹൻലാലിന്റെ ഈ സിനിമയിലെ നർമ്മ രംഗങ്ങൾ കാണുമ്പോൾ, തമാശയാണ് ചിരിച്ചോളൂ എന്ന് ആദ്യമേ പറയേണ്ടി വരും.

കഥയിൽ ചോദ്യമില്ലെങ്കിലും - ഇങ്ങനെയും കഥയെഴുതാമോ? ഒരു പേപ്പർ ശരിയല്ലെങ്കിൽ എംബസി ഇടപെട്ടാൽ പോലും മൃതദേഹം നാട്ടിൽ കൊണ്ട് പോകാൻ കഴിയാത്ത ഗൾഫു നാട്ടിൽ നിന്നും 100 കിലോ സ്വർണത്തോടൊപ്പം ബോഡി കൊണ്ടുപോകുക, അതിവേഗത്തിൽ വണ്ടി ഓടിച്ചിട്ടും വലിയൊരു അപകടത്തിനു ശേഷം വെറും കൈക്ക് മാത്രം പരുക്കേൽക്കുക, ഒരിക്കലും കേരളാ പോലീസിൽ നടക്കില്ല എന്നുറപ്പുള്ള വിഡ്ഢിത്തങ്ങൾ വലിയ സംഭവമായി കാണിക്കുക, എങ്ങോട്ടെന്നിലാതെ ചെറുവിമാനം പറത്തിപ്പോകുക. ഇതിനെല്ലാം ശേഷം ഇതൊരു മഹാ സംഭവമാണെന്ന് പറയുകയും പറയിപ്പിക്കുകയും ചെയ്യുക.തീർച്ചയായും മോഹൻലാലിനെ ഒരു മഹാനടനായി തന്നെയാണ് ഞങ്ങളെ പോലുള്ളവർ കാണുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെപ്പോലുള്ളവരുടെ സിനിമകൾ ഇറങ്ങുന്ന ഉടനെ കാണാന്‍ പോകുന്നതും. ഡയറക്ടർ രഞ്ജിത്തിനോടും ഒത്തിരി സ്നേഹ ബഹുമാനമുണ്ട്. കടൽ കടന്ന മാത്തുക്കുട്ടിയും, രാവണ പ്രഭുവും, ഇന്ത്യൻ റുപ്പിയും, പലേരി മാണിക്യവും, ഉസ്താദുമൊക്കെ പിറക്കാൻ കാരണക്കാരനായ രഞ്ജിത്ത് എന്ന വലിയ സംവിധായകന്‍റെ കയ്യിൽ നിന്നും ഇങ്ങനെ ഒരു വലിച്ചു നീട്ടിയ കള്ളം പ്രതീക്ഷിച്ചില്ല. കള്ളക്കടത്തല്ല, കള്ളം കടത്തലാണ് എന്ന തലക്കെട്ട്‌ കണ്ടപ്പോൾ ഇത്രയൊന്നും കരുതിയില്ല.

എല്ലാ സിനിമിയും ഒരു പോലെ നന്നാവാണമെന്നോ ജനങ്ങൾ ഇടിച്ചു കയറണമെന്നോ നിർമ്മാതാക്കളും പ്രതീക്ഷിക്കുന്നില്ല എന്നറിയാം. അപ്പോൾ പിന്നെ ഇതൊരു മഹാ സംഭവമൊന്നുമല്ല വെറുമൊരു ഓലപ്പടക്കമാണെന്ന് സമ്മതിച്ചു കൂടെ.

ഒരപേക്ഷയേ ഉള്ളൂ, സിനിമ കാണാൻ ആഗ്രഹമുള്ളവർ കാണട്ടെ - ദയവായി നല്ല സിനിമ മാത്രം കാണണം എന്നാഗ്രഹിക്കുന്നവരെ അതാണിത് എന്ന് പറഞ്ഞു കാണാൻ നിർബന്ധിക്കല്ലേ...!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories