ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രസവാവധി 26 ആഴ്ചയാക്കി 2016-ലെ പ്രസവാനുകൂല്യ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി

മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാര്‍ക്കും 12 ആഴ്ച അവധി ലഭിക്കും

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പ്രസവാവധി 26 ആഴ്ചയാക്കി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള 2016-ലെ പ്രസവാനുകൂല്യ ഭേദഗതി ബില്ലിന് വ്യാഴാഴ്ച ലോക്‌സഭ അംഗീകാരം നല്‍കി. നേരത്തെ ഇത് 12 ആഴ്ചകളായിരുന്നു. ബില്‍ നേരത്തെ രാജ്യസഭ അംഗീകാരം നല്‍കിയിരുന്നു. 1961-ലെ നിയമത്തിന്റെ ഭേദഗതി ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് ആദ്യത്തെ രണ്ടു കുട്ടികളുടെ പ്രസവത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക. പിന്നീട് പ്രസവങ്ങള്‍ക്ക് 12 ആഴ്ചകള്‍ തന്നെയായിരിക്കും അവധി. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാര്‍ക്കും 12 ആഴ്ച അവധി ലഭിക്കും.
50 തൊഴിലാളികളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ശിശുപരിപാലന കേന്ദ്രത്തിലേക്ക് ദിവസത്തില്‍ നാല് തവണ അമ്മമാര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണം. പറ്റുമെങ്കില്‍ സ്ത്രീകളെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ചരിത്രപരമായ ദിവസമാണിതെന്ന് വനിത, ശിശുവികസന മന്ത്രി മനേക ഗാന്ധി ട്വീറ്റ് ചെയ്തു. ആരോഗ്യമുള്ള അമ്മമാരും മികച്ച പോഷകാഹാരം ലഭിക്കുന്ന കുട്ടികളുമുള്ള ഒരു ലോകം തുറക്കാന്‍ ബില്ല് കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍