TopTop
Begin typing your search above and press return to search.

100% എംപി ഫണ്ട് വിനിയോഗിച്ചു, 1750 കോടിയുടെ വികസനം; ഇത്തവണയും ഇന്നസെന്‍റ് സൂപ്പറാകുമോ?

100% എംപി ഫണ്ട് വിനിയോഗിച്ചു, 1750 കോടിയുടെ വികസനം; ഇത്തവണയും ഇന്നസെന്‍റ് സൂപ്പറാകുമോ?

ചാലക്കുടിയില്‍ രണ്ടാം വട്ടവും ജനവിധി തേടുകയാണ് നടന്‍ ഇന്നസെന്റ്. 2014ല്‍ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റ് 3,58,440 വോട്ടുകള്‍ നേടി തൊട്ടടുത്ത സ്ഥാനാര്‍ത്ഥി പി സി ചാക്കോയെ 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. 2014ലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവുമധികം തോല്‍വി സാധ്യത കല്‍പ്പിക്കപ്പെട്ട സ്ഥാനാര്‍ത്ഥി ഇന്നസെന്റായിരുന്നു. ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷമുണ്ടായ ഈ തെരഞ്ഞെടുപ്പില്‍ എന്നാല്‍ ഭാഗ്യം മാത്രമല്ല, കോണ്‍ഗ്രസിന്റെ തീരുമാനവും ഇന്നസെന്റിന് തുണയായി. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച കെ പി ധനപാലനെ തൃശൂരിലേക്ക് മാറ്റി പകരം പി സി ചാക്കോ മത്സരിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. തൃശൂരില്‍ പി സി ചാക്കോ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ആശങ്ക ഉയര്‍ന്നപ്പോഴാണ് അദ്ദേഹം ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് ഇത്തരമൊരു നീക്കം നടത്തിയത്. ഇതിന്റെ ഫലമായി ചാലക്കുടിയില്‍ പിസി ചാക്കോയും തൃശൂരില്‍ കെപി ധനപാലനും മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു.

എന്തായാലും അത് ഇന്നസെന്റിന് തുണയായി. ഇന്നസെന്റ് പാര്‍ലമെന്റിലെത്തുകയും ചെയ്തു. അതിന് മുമ്പ് 2006ല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. 1970കളില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍എസ്പി)യുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. 1979ല്‍ ആര്‍എസ്പിയുടെ പിന്തുണയോട ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 1972ല്‍ നെല്ല് എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തുന്നത്. 1983ല്‍ പുറത്തിറങ്ങിയ പ്രേംനസീറിനെ കാണ്മാനില്ല എന്ന ചിത്രത്തിലെ ചലച്ചിത്ര നിര്‍മ്മാതാവിന്റെ വേഷമാണ് ഇന്നസെന്റിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ച ആദ്യ ചിത്രം. പിന്നീട് തന്റേതായ ശൈലിയില്‍ സിനിമാ ലോകത്ത് ഒരിടം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതിനിടയില്‍ നാല് സിനിമകള്‍ നിര്‍മ്മിക്കുകയും(വിട പറയും മുമ്പേ, ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്) രണ്ട് ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും (പാവം ഐഎ ഐവാച്ചന്‍, കീര്‍ത്തനം) ചെയ്തു. ഏതാണ്ട് 750ലേറെ ചിത്രങ്ങളിലാണ് ഇന്നസെന്റ് ഇതുവരെ വേഷമിട്ടിരിക്കുന്നത്.

എട്ടാം ക്ലസ് വിദ്യാഭ്യാസം മാത്രമുള്ള ഇന്നസെന്റ് പഠനമുപേക്ഷിച്ച് ചെന്നൈയില്‍ (അന്നത്തെ മദ്രാസില്‍) എത്തുകയും നടനാകുകയെന്ന ലക്ഷ്യത്തോടെ സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആകുകയും ചെയ്തു. അതിന്റെ ഫലമായാണ് നെല്ല് എന്ന ചിത്രത്തില്‍ ചെറിയ വേഷം ലഭിച്ചത്. തുടര്‍ന്നും ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ടൈഫോഡ് ബാധിച്ച് 70കളില്‍ തന്റെ അര്‍ദ്ധ സഹോദരന്‍ വാറുണ്ണി മെഡിസിന് പഠിക്കുന്ന ദാവങ്കിരി എന്ന സ്ഥലത്തെത്തുകയും ചെയ്തു. പിന്നീട് അവിടെ തന്റെ സഹോദരന്‍ സേന്‍സിലാവോസ്, ഡേവിസ് എന്നിവര്‍ നടത്തുന്ന തീപ്പെട്ടി കമ്പനിയില്‍ പങ്കാളിയായി. ദാവങ്കരിയിലെ കേരള സമാജം നാടക സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച ഇന്നസെന്റ് തന്റെ അഭിനയ മികവുകൊണ്ട് വന്‍ ആരാധക വൃത്തത്തെ തന്നെ സൃഷ്ടിച്ചു. 1974ല്‍ ലെതര്‍ കച്ചവടവും സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനവും ആരംഭിച്ചു. ഇതിനിടയിലാണ് രാഷ്ട്രീയത്തില്‍ ചേരുന്നതും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറാകുന്നതും.

12 വര്‍ഷക്കാലം താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായിരുന്നു ഇന്നസെന്റ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം കേസില്‍ പ്രതിയായ നടന് അനുകൂലമായ നിലപാട് എടുത്തുവെന്ന് ഇന്നസെന്റ് വിമര്‍ശിക്കപ്പെട്ടിരുന്നു. കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചപ്പോഴും ഇന്നസെന്റ് നടനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചത് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ശരിയല്ലെന്നാണ് വിമര്‍ശിക്കപ്പെട്ടത്.

മണ്ഡലത്തില്‍ അധികം കാണാത്ത എംപിയെന്ന ചീത്തപ്പേരുണ്ടെങ്കിലും എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടനവധി സവിശേഷതകള്‍ കാണാം. എംപി ഫണ്ട് പദ്ധതികള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തിയത് ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് ആണ്. എംപി നിര്‍ദ്ദേശിക്കുന്ന ഓരോ പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കപ്പെടും എന്നുറപ്പ് വരുത്താന്‍ പ്രാദേശിക നിരീക്ഷണ സിമിതികള്‍ ഉണ്ടാക്കി. ഓരോ പദ്ധതിയുടെയും തത്സമയ പുരോഗതി ഇന്നസെന്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉള്ള പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കിയ ആദ്യ അനുഭവമായിരുന്നു സോഷ്യല്‍ ഓഡിറ്റ്. പദ്ധതികള്‍ കാലതാമസം ഇല്ലാതെ സമയബന്ധിതമായി നടക്കുന്നു എന്നു ഉറപ്പ് വരുത്തുക മാത്രമല്ല പൊതുപണം ദുര്‍വ്യയം ചെയ്യാതെ ഉപയോഗപ്പെടുന്നു എന്നു തീര്‍ച്ചപ്പെടുത്തുകയും ചെയ്യാന്‍ അതിലൂടെ സാധിച്ചു. കൂടാതെ എംപി ഫണ്ട് വിനിയോഗിക്കുന്നതിന് ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടാനും ഇന്നസെന്‍് തയ്യാറായി.

കാര്യക്ഷമമായി എംപി ഫണ്ട് ഉപയോഗിച്ച ഒരു വ്യക്തിയാണ് ഇന്നസെന്റ്. ഓരോ വര്‍ഷവും 5 കോടി രൂപയാണ് എംപി ഫണ്ട്. മുന്‍ എപിയുടെ ചിലവാഴിക്കാതെ കിടന്ന 2.5 കോടി രൂപ ഉള്‍പ്പെടെ മൊത്തം 28.35 കോടി രൂപയാണ് എംപി ഫണ്ടിനത്തില്‍ ചാലക്കുടിക്ക് ലഭിച്ചത്. 2019 ഫെബ്രുവരി കണക്ക് അനുസരിച്ചു 98% ഫണ്ടും വിവിധ പദ്ധതികള്‍ക്ക് ഇന്നസെന്റ് എം.പി മണ്ഡലത്തില്‍ ഉപയോഗിച്ചു. നിലവിലെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന പദ്ധതികള്‍ കൂടി പൂര്‍ത്തിയാവുമ്പോള്‍ 100% എംപി ഫണ്ട് വിനിയോഗിച്ച എംപി എന്ന ബഹുമതിയുമായാണ് ഇന്നസെന്റ് വീണ്ടും ജനവിധി തേടുന്നത്. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കിയിരുന്നുവെന്നാണ് ഇന്നസെന്റ് കഴിഞ്ഞ ദിവസം പറഞ്ഞത്.

തൊണ്ടയില്‍ കാന്‍സര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നസെന്റ് ദീര്‍ഘകാലം ചികിത്സയിലായുരുന്നു. അതിനാല്‍ തന്നെ പാര്‍ലമെന്റില്‍ 69 ശതമാനം മാത്രമായിരുന്നു ഇന്നസെന്റിന്റെ ഹാജര്‍. ഞാന്‍ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിക്ക് പിന്നില്‍, ക്യാന്‍സര്‍ വാര്‍ഡിലെ ചിരി, ലാഫിംഗ് ക്യാന്‍സര്‍ എവേയ്, ഇന്നസെന്റിനെ ഓര്‍മ്മകളും ആലീസിന്റെ പാചകവും എന്നീ പുസ്തകങ്ങളും ഇന്നസെന്റ് രചിച്ചിട്ടുണ്ട്. ആലീസ് ആണ് ഇന്നസെന്റിന്റെ ഭാര്യ. സോണറ്റ് ഏക മകന്‍ ആണ്. ഇന്നസെന്റ് ജൂനിയര്‍, അന്ന എന്നിവരാണ് സോണറ്റിന്റെ മക്കള്‍. ഇതില്‍ ഇന്നസെന്റ് ജൂനിയര്‍ ഒരു ഡോക്യുമെന്ററിയില്‍ ഇന്നസെന്റിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്.

Next Story

Related Stories