TopTop
Begin typing your search above and press return to search.

ദീദിയും മോദിയും തമ്മിലുള്ള പോരാട്ടത്തില്‍ ബംഗാളില്‍ സിപിഎം എവിടെയാണ്?

ലോക്‌സഭ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രമുള്ളപ്പോള്‍ പശ്ചിമബംഗാളില്‍ റാലികള്‍ അരങ്ങ് തകര്‍ക്കുകയാണ്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ വന്‍ റാലി നടത്തി ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ദേശീയരാഷ്ട്രീയത്തില്‍ മോദിയുടെ 'എക്‌സ്പയറി ഡേറ്റ്' കഴിഞ്ഞതായി പ്രഖ്യാപിച്ചു. ഒരു വന്‍ റാലി നടത്താന്‍ തങ്ങള്‍ക്ക് ഇപ്പോളും ബംഗാളില്‍ കരുത്തുണ്ട് എന്ന് കാണിക്കാനും തിരിച്ചുവരും എന്ന് അവകാശപ്പെടാനുമായി സിപിഎം നേതൃത്വത്തില്‍ ഇടതുപാര്‍ട്ടികള്‍ മമത റാലി നടത്തിയ അതേസ്ഥലത്ത് റാലിക്കൊരുങ്ങുന്നു. അതേസമയം രഥയാത്ര അടക്കമുള്ള പദ്ധതികള്‍ കോടതി അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് നടക്കില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മൂന്ന് വന്‍ റാലികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ബ്രിഗേഡ് പരേഡ് മൈതാനത്ത് നടത്താനിരുന്ന മോദി റാലിയില്‍ നിന്ന് ബിജെപി പിന്മാറുകയാണുണ്ടായത്. മുന്നണിസമവാക്യങ്ങളും സീറ്റ് ധാരണകളുമെല്ലാം ഇനിയും രൂപപ്പെടേണ്ടതുണ്ടെങ്കിലും ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിക്കഴിഞ്ഞു.

പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയെ ദേശീയ തലത്തില്‍ നയിക്കാന്‍ പ്രാപ്തയായ നേതാവായി സ്വയം അവതരിപ്പിച്ചപ്പോളും മമത കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയില്ല. സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ റാലിക്കെത്തിയില്ലെങ്കിലും മമതയുടെ ക്ഷണം കോണ്‍ഗ്രസ് നിരസിച്ചില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും അഭിഷേക് മനു സിംഗ്‌വിയേയും അയച്ചു. സോണിയയും രാഹുല്‍ പ്രതിപക്ഷ ഐക്യ റാലിയ്ക്ക് പിന്തുണ അറിയിച്ച് സന്ദേശങ്ങളയച്ചു. എന്നാല്‍ ദേശീയതലത്തില്‍ ബിജെപിയെ പുറത്താക്കാനുള്ള പ്രതിപക്ഷ ഐക്യത്തിനായി ശക്തമായി വാദിക്കുന്ന മമത ഇത്തവണ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുമോ എന്ന കാര്യം വ്യക്തമല്ല. ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ ഫെഡറല്‍ മുന്നണി എന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആവശ്യം മമത തള്ളിക്കളഞ്ഞതും കോണ്‍ഗ്രസിന്റെ ഒഴിവാക്കിയുള്ള ബിജെപി വിരുദ്ധ ഐക്യം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യമല്ലെന്ന തിരിച്ചറിവിലാണ്. അതേസമയം ഏത് തരത്തിലായിരിക്കും ഒരു പ്രതിപക്ഷ മഹാസഖ്യം ബംഗാളില്‍ രൂപപ്പെടുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തൃണമൂലുമായി ധാരണയുണ്ടാക്കാന്‍ താല്‍പര്യമില്ല. എല്ലാ മേഖലകളിലും സമഗ്രാധിപത്യം തുടരുന്ന തൃണമൂല്‍ ബംഗാളില്‍ കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് കക്ഷികളുമായി ഏതെങ്കിലും തരത്തില്‍ ധാരണയ്‌ക്കോ സഖ്യത്തിനോ തയ്യാറാകുമോ എന്ന കാര്യം പറയാറായിട്ടില്ല. ആയാല്‍ തന്നെ സീറ്റ് വിഭജനം പ്രശ്‌നമാകും. വടക്കന്‍ ബംഗാളിലെ മാള്‍ഡ അടക്കമുള്ള പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ കിട്ടിയ ആറ് സീറ്റ് പോലും നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധിനിവേശം കോണ്‍ഗ്രസിനെ അത്രയ്ക്ക് അസ്വസ്ഥമാക്കുന്നുണ്ട്.

42 ലോക്‌സഭ സീറ്റുകളുള്ള പശ്ചിമ ബംഗാള്‍ 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശും 48 സീറ്റുകളുള്ള മഹാരാഷ്ട്രയും കഴിഞ്ഞാല്‍ സീറ്റുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ തൃണമൂലിന്റെ ആധിപത്യത്തിന് പോറലേല്‍പ്പിക്കാനുള്ള സംഘടനാപരമായ ശേഷി മറ്റൊരു പാര്‍ട്ടിക്കും നിലവില്‍ ബംഗാളിലില്ല എന്നതാണ് വസ്തുത. സിപിഎം ഏറെ ദുര്‍ബലമാണ്. പെട്ടെന്നൊരു തിരിച്ചുവരവിന്റെ യാതൊരു ലക്ഷണങ്ങളും ഇടതുപാര്‍ട്ടികള്‍ കാണിക്കുന്നില്ല. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ വലിയ റാലികള്‍ സംഘടിപ്പിക്കാന്‍ സിപിഎമ്മിന് ഇപ്പോളും കഴിയും. എന്നാല്‍ തൃണമൂലിന്റെ സംഘടനാ അപ്രമാദിത്യത്തെ നേരിടാന്‍ കഴിയാത്ത നിലയിലാണത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതാണ് കണ്ടത്.

ജനുവരി എട്ട്, ഒമ്പതിന്റെ ദേശീയ പണിമുടക്ക് കൊല്‍ക്കത്ത നഗരത്തെ കാര്യമായി ബാധിച്ചില്ല. പതിറ്റാണ്ടുകളായി ബംഗാളിന്റെ ജൈവികഘടനയിലുള്ള ബന്ദ്, ഹര്‍ത്താല്‍ സംസ്‌കാരം വേണ്ടെന്നാണ് മമത ബാനര്‍ജിയുടെ ഉത്തരവ്. ദേശീയ പണിമുടക്കിനെ സംഘടിതമായി പരാജയപ്പെടുത്താനുള്ള തൃണമൂലിന്റെ ശ്രമം അസന്‍സോള്‍ ഉള്‍പ്പടെയുള്ള ചില മേഖലകളില്‍ സിപിഎമ്മുമായി സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. കേന്ദ്രത്തില്‍ ബിജെപിയേയും ബംഗാളില്‍ തൃണമൂലിനേയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. മമതയുടെ റാലിക്കെത്തിയ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം സിപിഎമ്മിന്റെ കൊല്‍ക്കത്ത റാലിക്കെത്തുമോ എന്ന ചോദ്യമുണ്ട്. ബിജെപിയും തൃണമൂലും ഒഴികെ മറ്റേത് കക്ഷിയുമായും സഹകരിക്കുമെന്നാണ് സീതാറാം യെച്ചൂരി ബംഗാളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബിജെപിക്കെതിരായി വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കട്ടെ എന്നും യെച്ചൂരി പറഞ്ഞിരുന്നു.

കോണ്‍ഗ്രസുമായി ധാരണയ്ക്ക് സിപിഎം സംസ്ഥാന നേതൃത്വത്തിന് താല്‍പര്യമുണ്ട്. എന്നാല്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കിയത് കൊണ്ട് എന്ത് നേട്ടം എന്ന ചോദ്യം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. നിലനില്‍പ്പിന്റെ പോരാട്ടം എന്ന പേരില്‍ 2016ല്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ സിപിഎമ്മിന് യാതൊരു ഗുണവും ചെയ്തില്ല. നിയമസഭയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സിപിഎമ്മിനേക്കാള്‍ വലിയ കക്ഷിയായി കോണ്‍ഗ്രസ് മാറി എന്നതാണ് 2016ലുണ്ടായ മാറ്റം. തൃണമൂല്‍ ആകട്ടെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 44.9 ശതമാനമാക്കി ഉയര്‍ത്തി. സിപിഎമ്മിന് കിട്ടിയത് 19.7 ശതമാനം വോട്ട്. കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തള്ളിക്കളഞ്ഞിട്ടും സംസ്ഥാന നേതൃത്വം ഈ ആവശ്യത്തില്‍ നിന്ന് പിന്മാറിയിട്ടില്ല.

ശാരദ ചിട്ടി തട്ടിപ്പ് പോലുള്ള വലിയ അഴിമതികളടക്കം അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ വലിയ തോതില്‍ അതൃപ്തിയുണ്ടാക്കിയിട്ടും മമത കൂടുതല്‍ കരുത്ത് നേടുന്നതും ഇടതുപക്ഷം കൂടുതല്‍ ദുര്‍ബലപ്പെടുന്നതുമാണ് 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത്. 'സ്റ്റാമ്പ് ഓണ്‍ ദിസ് സിംബല്‍' എന്ന് പറഞ്ഞ് കൈപ്പത്തിയും അരിവാള്‍ ചുറ്റിക നക്ഷത്രവും അടുത്തടുത്ത് കാണുന്ന ചുവരെഴുത്തുകള്‍ പോലും ബംഗാളില്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ബുദ്ധദേബ് ഭട്ടാചാര്യയുടെ സിംഗൂര്‍, നന്ദിഗ്രാം മാതൃക തെറ്റായിരുന്നു എന്ന് തോന്നാത്ത സിപിഎം ബാംഗര്‍ അടക്കമുള്ള മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തെ പിന്തുണച്ചെങ്കിലും ഇതൊന്നും മമത സര്‍ക്കാരിനെതിരെ വലിയ തോതില്‍ വോട്ടാക്കി മാറ്റിന്‍ സിപിഎമ്മിന് കഴിഞ്ഞില്ല.

ബിജെപിക്കും സിപിഎമ്മിനും രണ്ട് സീറ്റുകളാണ് നിലവില്‍ ബംഗാളില്‍ നിന്ന് ലോക്‌സഭയിലുള്ളത്. റായ്ഗഞ്ചില്‍ നിന്ന് ജയിച്ച പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമും മുര്‍ഷിദാബാദ് എംപിയായ ബദറുദ്ദോസ ഖാനുമാണ് ബംഗാളില്‍ നിന്നുള്ള സിപിഎം എംപിമാര്‍. അസന്‍സോളില്‍ നിന്ന് ജയിച്ച ഗായകന്‍ ബാബുള്‍ സുപ്രിയോയും ഡാര്‍ജിലിംഗില്‍ നിന്ന് ജയിച്ച എസ്എസ് അലുവാലിയയുമാണ് ബംഗാളില്‍ നിന്നുള്ള ബിജെപി ലോക്‌സഭാംഗങ്ങള്‍. ഇതില്‍ ഡാര്‍ജിലിംഗ് ഗൂര്‍ഖാജനമുക്തിമോര്‍ച്ചയയുമായുള്ള സഖ്യത്തില്‍ കിട്ടിയ സീറ്റാണ്. 2009ല്‍ ജസ്വന്ത് സിംഗ് ആണ് ഇവിടെ നിന്ന് ബിജെപി ടിക്കറ്റില്‍ ആദ്യം ജയിച്ചത്. ഗൂര്‍ഖാലാന്റ് ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജിജെഎം എന്‍ഡിഎ വിട്ടിരുന്നു. ഈ സീറ്റ് ജിജെഎമ്മിന്റെ പിന്തുണയില്ലാതെ നേടുക ബിജെപിയെ സംബന്ധിച്ച് സാധ്യമായിരിക്കില്ല.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒമ്പത് സീറ്റ് കിട്ടിയിരുന്നു. സിപിഐയ്ക്ക് രണ്ട് സീറ്റും ആര്‍എസ്പിക്കും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റ് വീതവും. ഇങ്ങനെ 15 സീറ്റ് എന്ന നിലയില്‍ നിന്ന് ഇടതുപക്ഷം രണ്ട് സീറ്റുകളിലേയ്ക്ക് 2014ല്‍ ചുരുങ്ങി. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം 26, സിപിഐ മൂന്ന്, ഫോര്‍വേഡ് ബ്ലോക്ക് മൂന്ന്, ആര്‍ എസ് പി മൂന്ന് എന്നിങ്ങനെ 35 സീറ്റാണ് ഇടതുമുന്നണി നേടിയത്. കോണ്‍ഗ്രസ് ആറ് സീറ്റ് നേടിയപ്പോള്‍ തൃണമൂല്‍ പ്രതിനിധിയായി ജയിച്ചത് മമത ബാനര്‍ജി മാത്രം. എന്നാല്‍ 2008ലെ നന്ദിഗ്രാം, സിംഗൂര്‍ വെടിവയ്പുകള്‍ കാര്യങ്ങളെ വലിയ തോതില്‍ മാറ്റി. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ബംഗാളിലെ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടേയും മരണമണി മുഴക്കി.

2009ല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് തൃണമൂല്‍ ജനവിധി നേടിയത്. കൂടുതല്‍ സീറ്റുകള്‍ നേടിയപ്പോളും വോട്ട് വിഹിതത്തില്‍ സിപിഎം തന്നെയായിരുന്നു 2009ല്‍ അല്‍പ്പം മുന്നില്‍. സിപിഎമ്മിന് 33.1 ശതമാനം വോട്ടും തൃണമൂലിന് 31.2 ശതമാനം വോട്ടും എന്നതായിരുന്നു നില. 2014ല്‍ തൃണമൂല്‍ 39.03 ശതമാനത്തിലേയ്ക്ക് വോട്ട് വിഹിതം ഉയര്‍ത്തിയപ്പോള്‍ സിപിഎം 23 ശതമാനത്തിലേയ്ക്ക് ചുരുങ്ങി. കോണ്‍ഗ്രസിന് 9.6 ശതമാനം വോട്ടാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കിട്ടിയത്.

മുഖ്യ എതിരാളിയായി മമത കാണുന്നത് ബിജെപിയേയും മോദിയേയുമാണ്. ഇത് "ദീദിയും മോദിയും തമ്മിലുള്ള പോരാട്ടമാണ്" എന്നാണ് വലിയൊരു വിഭാഗം ബംഗാളികള്‍ കരുതുന്നതും. 22 സീറ്റാണ് മോദി - അമിത് ഷാ നേതൃത്വം ഇത്തവണ ലക്ഷ്യമായി വച്ചിരിക്കുന്നത്. 2014ലെ രണ്ടില്‍ നിന്ന് 22ലേയ്ക്ക്. 1984ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടിയ ബിജെപി 1989ല്‍ സീറ്റുകള്‍ 89 ആയി ഉയര്‍ത്തിയിരുന്നു. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്ന് അക്കൗണ്ട് തുറന്ന് അധികാരത്തിലെത്തിയ ചരിത്രമുള്ള തങ്ങള്‍ക്ക് ഒന്നും അസാധ്യമല്ലെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍ 2019ല്‍ 22 സീറ്റ് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമല്ല.

സിപിഎമ്മിനെ സഹിക്കാം, പക്ഷെ തൃണമൂലിനെ ഒരു തരത്തിലും സഹിക്കാന്‍ പറ്റില്ല എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പോലും പറഞ്ഞത് കമ്മ്യൂണിസ്റ്റ് ഭരണം തൃണമൂലിന്റെ ഭരണത്തേക്കാള്‍ ഭേദമായിരുന്നു എന്നാണ്. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞും ശ്രദ്ധ നേടുക എന്ന തന്ത്രം ബിജെപി ഇവിടെയും പ്രയോഗിക്കുന്നുണ്ട്. ബംഗാളില്‍ നിന്ന് ആദ്യം പ്രധാനമന്ത്രിയാകാന്‍ പോകുന്നത് മമത ബാനര്‍ജി ആയിരിക്കും എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞിരുന്നു. മമത ബാനര്‍ജി ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് പോയാല്‍ സംസ്ഥാനത്ത് തൃണമൂല്‍ ആധിപത്യം അവസാനിക്കും എന്ന പ്രതീക്ഷയാണോ ദിലീപ് ഘോഷിനുള്ളത് എന്ന് സംശയിക്കാം.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബംഗാളില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷം വര്‍ഗീയ സംഘര്‍ഷങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞു. ബംഗാളിന്റെ പല മേഖലകളിലും ശക്തമായ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള ബിജെപിക്ക് ഇത് എത്രത്തോളം 2019ല്‍ വോട്ടാക്കി മാറ്റാന്‍ കഴിയും എന്ന് കണ്ടറിയണം. 28 ശതമാനം വോട്ട് വിഹിതമാണ് ബിജെപി ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 10.2 ശതമാനം വോട്ട്. എന്നാല്‍ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 17 ശതമാനം വോട്ട് ബംഗാളില്‍ കിട്ടിയിരുന്നു.


Next Story

Related Stories