TopTop
Begin typing your search above and press return to search.

ശൂന്യമായ പ്രതിപക്ഷ ബെഞ്ചിനെ നോക്കി ഗര്‍ജിക്കുന്നു മന്ത്രി സിങ്കങ്ങള്‍

ശൂന്യമായ പ്രതിപക്ഷ ബെഞ്ചിനെ നോക്കി ഗര്‍ജിക്കുന്നു മന്ത്രി സിങ്കങ്ങള്‍

ജി.എല്‍. വര്‍ഗീസ്

കഴിഞ്ഞ ഒരാഴ്ചയായി ലോക്‌സഭയില്‍ വലിയ സംഭവ വികാസങ്ങളാണ് നടക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങള്‍ വളരെ വേഗം അംഗീകരിക്കപ്പെടുന്നു, സുപ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കുന്നു, രാജ്യത്തിന്റെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു തള്ളുന്നു... അങ്ങനെ കേരളമുഖ്യന്‍ ഉമ്മന്‍ചാണ്ടിയുടെ അതിവേഗം ബഹുദൂരം ലോക്‌സഭയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ചട്ടങ്ങള്‍ പാലിക്കണമെന്നും കടുത്ത ഭാഷയില്‍ നിര്‍ദേശിക്കുന്ന മന്ത്രിമാര്‍, ആളൊഴിഞ്ഞ പ്രതിപക്ഷ ബെഞ്ചിനെ നോക്കി അച്ചടക്കം പഠിപ്പിക്കുന്നു. ഇതെല്ലാം കേട്ട് പ്രതിപക്ഷ നിരയില്‍ എല്ലാവര്‍ക്കും വേണ്ടി നിറഞ്ഞിരിക്കുന്ന പപ്പു യാദവ് ചോദിക്കുന്നു, 'ഞാനെന്തു പിഴച്ചൂ...'

ലളിത് മോദി, വ്യാപം എന്നൊക്കെ പറഞ്ഞ് മുദ്രാവാക്യം വിളിക്കുകയും നടുത്തളത്തില്‍ ഇറങ്ങി പ്ലക്കാര്‍ഡുയര്‍ത്തുകയും ചെയ്തതിനാണ് കോണ്‍ഗ്രസിന്റെ 25 എംപിമാരെ ലോക്‌സഭ സ്പീക്കര്‍ പിടിച്ചു പടിക്കുപുറത്താക്കിയത്. ആ 25 പേര്‍ക്കൊപ്പം ആകെ 44 മാത്രമുള്ള കോണ്‍ഗ്രസ് മാത്രമല്ല, തൃണമൂലും ഇടതും ജനതാ പാര്‍ട്ടികളുമെല്ലാം ഒന്നിച്ചിറങ്ങി. ഇപ്പോള്‍ പ്രതിപക്ഷത്താണോ ഭരണപക്ഷത്താണോ എന്നുറപ്പില്ലാത്ത പപ്പു യാദവ് മാത്രമാണ് പ്രതിപക്ഷ നിര താങ്ങിനിര്‍ത്തുന്നത്. പപ്പു യാദവ് മാത്രമാണ് കേള്‍ക്കാനിരിക്കുന്നതെന്നു കാണാമെങ്കിലും ചട്ടങ്ങള്‍ പഠിപ്പിക്കുന്നതിലും ജനാധിപത്യ മൂല്യങ്ങള്‍ ബോധവത്കരിക്കുന്നതിലും മന്ത്രിമാരും ബിജെപി നേതാക്കളും പിറകോട്ടു പോയിട്ടില്ല.മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ അധികാരം ഇടയ്ക്കിടയ്ക്ക് അരക്കിട്ടുറപ്പിക്കുന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന് നേരത്തെ പ്രതിപക്ഷം മറുപടി നല്‍കുമായിരുന്നു. അതിലുള്ള കേടുകൂടി അദ്ദേഹം പരിഹരിക്കുന്നുണ്ട്. ഒപ്പം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്ന കോണ്‍ഗ്രസ് കുറ്റവാളികളാണെന്നു വിധിക്കുകയും ചെയ്യുന്നു (യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2-ജി അഴിമതിയുടെ പേരില്‍ ബിജെപി രണ്ട് മാസത്തോളം നീണ്ട ഒരു സമ്മേളനം പൂര്‍ണമായി ഒഴുക്കി കളഞ്ഞതിനെ കുറിച്ചു പറയരുത്). അതിനിടയിലാണ് ലളിത് മോദി വിവാദത്തെ കുറിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ് വിശദീകരിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലുള്ള സുഷമയുടെ മറുപടി കേട്ട് കോരിത്തരിച്ച ബിജെപി എംപിമാര്‍ കൈയടിക്കുന്നതു കേട്ട് ആവേശഭരിതയായ അവര്‍ ആവര്‍ത്തിച്ചു ചോദിച്ചു. 'ഞാന്‍ ചെയ്ത തെറ്റെന്താണ്...?'

വിവാദങ്ങളെ കുറിച്ചു രാജ്യത്തോടു വിശദീകരിക്കാനാണെങ്കില്‍ അതു പ്രതിപക്ഷം കൂടിയുള്ളപ്പോഴല്ലേ ചെയ്യേണ്ടിയിരുന്നത്? കൂടാതെ, മന്ത്രിസഭാംഗങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങളെ കുറിച്ചു മറുപടി പറയാന്‍ പ്രധാനമന്ത്രിക്കു ചുമതലയില്ലേ? രാഷ്ട്രീയമായി മറുപടി നല്‍കാന്‍ സര്‍ക്കാരിന് ആവശ്യത്തിനും അല്ലാതെയും അവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുന്ന സ്പീക്കര്‍ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കാത്തത്? സഭയുടെ സുഗമമായ നടത്തിപ്പ് തടസപ്പെടുത്തിയതിനു എംപിമാര്‍ക്കെതിരേ നടപടിയെടുത്തെന്നാണ് സ്പീക്കര്‍ വിശദീകരിക്കുന്നത്. ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെങ്കില്‍ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡ് പിടിച്ചവരെല്ലാം നടപടിക്കു വിധേയരാകേണ്ടതാണ്. അതിനു കോണ്‍ഗ്രസെന്നോ ഇടതെന്നോ തെലുങ്കു പാര്‍ട്ടികളെന്നോ വിത്യാസമുണ്ടാക്കേണ്ട കാര്യമില്ല. ചട്ടങ്ങള്‍ മുറുകെ പിടിക്കണമെന്നു ആണയിടുന്ന ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനാകട്ടെ, സഭയിലോ പ്രതിഷേധങ്ങളിലോ ഇല്ലാതിരുന്ന ആളെ സസ്‌പെന്‍ഡ് ചെയ്തത് എന്തിനെന്നു വിശദമാക്കാന്‍ പോലും തയാറാകുന്നുമില്ല.

ഇതെല്ലാം കാണുന്നതു കൊണ്ടുണ്ടായ ഒരു സംശയം ചോദിച്ചോട്ടെ, ഈ പരിപാടികളെയാണോ ജനാധിപത്യമെന്നു പറയുന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories