Top

വിഭാഗീയത വളര്‍ത്താനുള്ള ആയുധമായി ഭീകരവാദം ഉപയോഗിക്കുന്നത് അനുവദിക്കരുത്‌

വിഭാഗീയത വളര്‍ത്താനുള്ള ആയുധമായി ഭീകരവാദം ഉപയോഗിക്കുന്നത് അനുവദിക്കരുത്‌
തീവ്രവാദികള്‍ ഇപ്പോള്‍ ബിംബങ്ങളെയാണ് ആക്രമിക്കുന്നത്. അതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. വിലപ്പെട്ട ആദര്‍ശങ്ങളുടെ പ്രതിനിധികളാണ് ബിംബങ്ങള്‍. നികൃഷ്ടതയുടെ ലക്ഷ്യങ്ങളായി ഇത് അവയെ മാറ്റുന്നു. കുറെ വര്‍ഷങ്ങളായി ഭീകരവാദി സംഘടനകളും, ഇപ്പോള്‍ 'ഒറ്റപ്പെട്ട കുറുക്കന്മാര്‍' എന്ന് സുരക്ഷ വിദഗ്ധരും മാധ്യമങ്ങളും പേരിട്ടിരിക്കുന്ന വ്യക്തിഗത ആക്രമികളും, സ്വതന്ത്ര്യം, ഉള്‍ക്കൊള്ളിക്കല്‍, സമൃദ്ധി മുതലായ ദേശീയ ആശയങ്ങളുമായി താദാത്മ്യം പുലര്‍ത്തുന്ന സ്ഥാപനങ്ങളെ ആക്രമിക്കുന്നു. ഭീകരര്‍ ന്യൂയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ത്തതോ മുംബെയിലെ ഒരു ഹോട്ടലിന്റെ താഴികക്കുടം തീവെച്ച് നശിപ്പിച്ചതോ ഒന്നും ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല.

ഭീകരവാദികള്‍ പിന്തുടര്‍ന്ന് വന്നിരുന്ന തന്ത്രത്തിലുള്ള മാറ്റത്തിന് അടിവരയിടുന്നതാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണം. ഇസ്ലാമിക സ്റ്റേറ്റിന്റെ ചെയ്തികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു എന്ന് സംശയക്കിപ്പെടുന്ന ഒരാള്‍, കാല്‍നടക്കാര്‍ക്ക് നേരെ കാറോടിച്ചു കയറ്റുകയും പാര്‍ലമെന്റില്‍ കടന്നു കയറാന്‍ ശ്രമിക്കുകയും വെടിവെച്ചു കൊല്ലപ്പെടുന്നതിന് മുമ്പ് ഒരു പോലീസുകാരനെ കുത്തുകയും ചെയ്ത സംഭവപരമ്പരകളില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സര്‍ക്കാരുകളെയും പൗരന്മാരെയും ഭീഷണിപ്പെടുത്താനുള്ള നല്ല മാര്‍ഗമായി കൂട്ടക്കൊലകള്‍ ഇപ്പോഴും കണക്കാക്കപ്പെടുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങള്‍ ഇടയ്ക്കിടെ ഈ ബീഭത്സമായ ആചാരത്തിന് ഇരയാകാറുണ്ട്. യൂറോപ്പിലും കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്: പാരിസിലും ബ്രസല്‍സിലും നൈസിലും ബെര്‍ലിനിലും നടന്ന ആക്രമണങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ആഘോഷങ്ങളില്‍ ആണ്ടിരുന്ന ജനക്കൂട്ടങ്ങള്‍ക്ക് നേരെ ബര്‍ലിനിലും നൈസിലും വാഹനങ്ങള്‍ ഇടിച്ചുകയറ്റുകയായിരുന്നു. പക്ഷെ ബ്രിട്ടനിലും നേരത്തെ ഇന്ത്യയിലും ജനാധിപത്യത്തിന്റെ ഇരിപ്പിടമായ പാര്‍ലമെന്റിന് നേരെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്. സര്‍ക്കാരുകളുടെ ആത്മവീര്യം കെടുത്താനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ഉന്നതസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് സാധിക്കും. തിരിച്ചടിക്കാന്‍ രാജ്യങ്ങളെ പ്രകോപിപ്പിക്കുകയും അതുവഴി സ്വയം കലാപത്തിന്റെ ഒരു വിഷലിപ്ത ചാക്രികതയുടെ വലയില്‍ അവയെ കുടുങ്ങാനുമുള്ള ഒരു കെണിയായും ഇത്തരം ആക്രമണങ്ങള്‍ മാറിയേക്കാം.ഇത്തരം നിഴല്‍യുദ്ധക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ ബ്രിട്ടണ്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും സാധ്യമല്ല. പ്രവചനാതീതരായ ഇത്തരം ശത്രുക്കള്‍ക്ക് നേരെ ഫലപ്രദമായ പ്രതിരോധങ്ങളുമായി മുന്നോട്ട് വരാന്‍ ആവശ്യത്തിന് സാമ്പത്തിക പിന്തുണ ലഭിക്കുന്ന കലാപവിരുദ്ധ ഏജന്‍സികള്‍ക്ക് സാധിക്കണം. തീവ്രവാദ കേന്ദ്രങ്ങളെ പിന്തുടരുകയും അവര്‍ക്ക് ലഭിക്കുന്ന ധനസഹായങ്ങള്‍ തടയുകയും ചെയ്യുക എന്ന സാമ്പ്രദായിക നടപടികള്‍ക്ക് അപ്പുറത്തേക്ക് ആലോചിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. ആക്രമണം നടത്താന്‍ സാധ്യതയുള്ളവരെ നിരീക്ഷിക്കുക എന്നത് നിര്‍ണായകമാണ്. പക്ഷെ നിരീക്ഷണത്തിന് അതിന്റെതായ വില കൊടുക്കേണ്ടി വരും.

2016ല്‍ ബ്രിട്ടണ്‍ അന്വേഷണാധികാര ചട്ടം പാസാക്കി. പക്ഷെ പരിധിക്കപ്പുറം വിവരങ്ങള്‍ ശേഖരിക്കാനുള്ള സാധ്യതകള്‍ വിപുലപ്പെടുത്താന്‍ ചട്ടം കാരണമായി എന്ന ആരോപണം വ്യാപകമാണ്. ബ്രക്‌സിറ്റാനന്തര ബ്രിട്ടണിലെ വംശ, മത ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിച്ചിരിക്കുന്ന സമയം കൂടിയാണിത്. ഉപരോധിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താനുള്ള ഒരു ആയുധമായി ഭീകരവാദം ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കുമുണ്ട്. ജനങ്ങളുടെ ഐക്യമാണ് ഭീകരവാദത്തിനെതിരായ ഏറ്റവും നല്ല പ്രതിരോധം.

Next Story

Related Stories