TopTop
Begin typing your search above and press return to search.

ഹോളിവുഡിനെ അനുകരിച്ച് വഴിതെറ്റി 7000 കണ്ടി

ഹോളിവുഡിനെ അനുകരിച്ച് വഴിതെറ്റി 7000 കണ്ടി

മാസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്‌റര്‍ അല്ലാതെ പ്രീ പ്രൊഡക്ഷന്‍ കാലത്ത് യാതൊരു ബഹളവും ഉണ്ടായില്ല ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടിയെ പറ്റി. സിനിമ ഇറങ്ങുന്നതിന് ഏതാണ്ട് രണ്ടാഴ്ച മുന്‍പാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ ഇങ്ങനെ ഒരു സിനിമ ഇറക്കുന്നു എന്ന് വലിയൊരു വിഭാഗം അറിഞ്ഞത്. സപ്തമ ശ്രീ തസ്‌കരക്ക് ശേഷം ആദേഹം എവിടെ പോയി എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു ആരാധകര്‍. നോര്‍ത്ത് 24 കാതം കഴിഞ്ഞ് സംവിധായകനില്‍ ഉണ്ടായ പ്രതീക്ഷ എത്രത്തോളം ഫലവത്താക്കാന്‍ ഈ സ്ട്രാറ്റെജിക്ക് കഴിഞ്ഞു എന്ന് സംശയമാണ്. ആളൊഴിഞ്ഞു കിടക്കുന്നു തീയറ്ററില്‍, ആദ്യ ദിനത്തിലെ ആദ്യ ഷോയ്ക്ക് പോലും.

കഥ നടക്കുന്നത് കാടിന് നടുവിലുള്ള 7000 കണ്ടി എന്ന ഗ്രാമത്തിലാണ്. ഗോത്രവര്‍ഗക്കാര്‍ നിറഞ്ഞ ഈ ഗ്രാമം മരം മുറി, റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ പിടിയിലാണ്. ഇത് അറിയാതെ സംഘം തിരിഞ്ഞു യുദ്ധം ചെയ്യുന്ന ഗോത്ര വര്‍ഗക്കാരെ ഒന്നിപ്പിക്കാനും മാഫിയകളെ ചെറുക്കാനും ഫിലിപ്പോസ് ജോണ്‍ വര്‍ക്കി(കുഞ്ചാക്കോ ബോബന്‍) യുടെ നേതൃത്വത്തിലുള്ള ഒരു ചെറു സംഘം നടത്തുന്ന വിചിത്ര സമര മാര്‍ഗങ്ങളാണ് സിനിമ. നെടുമുടി വേണുവിന്റെ പെന്‍ഷന്‍ പറ്റിയ പട്ടാള ഉദ്യോഗസ്ഥന്‍ മേനോന്‍, ചെമ്പന്‍ വിനോദിന്റെ കോളേജ് അദ്ധ്യാപകന്‍ മണികണ്ഠന്‍, റീനു മാത്യുസിന്റെ ഗണ്‍ ടെസ്റ്റര്‍ മധുമിത, സണ്ണി വെയ്‌ന്റെ തെരുവ് മാന്ത്രികന്‍ ബീരാന്‍, ഭരതിന്റെ സാഹസിക യാത്രികന്‍ ഷണ്മുഖന്‍, ഗ്രിഗറിയുടെ കെമിക്കല്‍ എഞ്ചിനീയര്‍ അനന്ത കൃഷ്ണന്‍ അയ്യര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ സംഘം. ഇവര്‍ക്ക് വഴികാട്ടിയായി സുധീര്‍ കരമനയുടെ മലവേടനും ഉണ്ട്. അപരിചിതരായ ഇവര്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇവിടെ എത്തുന്നത്. സ്വന്തം തൊഴില്‍ മേഖലയിലെ പ്രാവീണ്യം ഉപയോഗിച്ച് കണ്ടെത്തുന്ന വഴികളിലൂടെയാണ് ഇവര്‍ പൊരുതുന്നത് എന്നത് ശ്രദ്ധേയമാണ്.ആവാസ വ്യവസ്ഥ തകര്‍ന്നാല്‍ നിലനിലപ്പില്ല എന്ന സത്യത്തോട് അതീന്ദ്രിയ ശക്തികള്‍ ഒന്നും ഇല്ലാതെ സമരസപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമ ആദ്യമാണെന്ന് തോന്നുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് പലതും ചെയ്യാനാവും എന്നും ഓര്‍മിപ്പിക്കുന്നുണ്ട് സിനിമ. കഥാപാത്രങ്ങളെ വളരെ കുറഞ്ഞ സമയം കൊണ്ട് കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്ത് ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ നല്ല കൈയൊതുക്കം ഉണ്ട് സംവിധായകന്. ഗ്രിഗറിയുടെ നാഗരിക വൃത്തിരാക്ഷസന്‍ കഥാപാത്രം ഒഴിച്ച് നിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ടു സിനിമകളുമായി ഒരു പ്രകടമായ സാമ്യവും ലോര്‍ഡ് ലിവിംഗ്‌സറ്റണ് ഇല്ല. തുടക്കം മുതല്‍ ഒടുക്കം വരെ സിനിമക്ക് യാത്രയുടെ മൂഡ് നല്‍കുന്നതില്‍ സംവിധായകന്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. അഭിനേതാക്കള്‍ എല്ലാവരും സ്വന്തം സ്‌പേസ് അറിഞ്ഞു പെരുമാറുന്നു. കുഞ്ചാക്കോ ബോബന്റെ നരേഷന്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കാടിന്റെ താളവും ഊര്‍ജവും പകര്‍ത്താന്‍ കോടികളുടെ ആവശ്യമില്ലെന്നും സിനിമ പറയുന്നുണ്ട്. ജയേഷ് നായരുടെ ക്യാമറ തന്ന മിന്നാമിന്നി മരവും മയില്‍ പീലി ചതുപ്പും സിനിമ കണ്ട പ്രേക്ഷകര്‍ അത്രയെളുപ്പം മറക്കാന്‍ ഇടയില്ലാത്ത കാഴ്ചകള്‍ ആണ്.

സിനിമക്ക് പാളിപോയത് ഹോളിവുഡ്, വൈദേശിക ആഖ്യാന മാതൃകകളെ അതുപോലെ പിന്‍തുടരാന്‍ ശ്രമിച്ചപ്പോഴാണ്. സ്റ്റാര്‍ വാര്‍സിനെ വല്ലാതെ ഓര്‍മിപ്പിക്കുന്ന ചില ദൃശ്യങ്ങള്‍ ഉണ്ട്. അതുപോലെ ഗോത്ര വര്‍ഗക്കാരുടെ വേഷവും ചലനങ്ങളും ഈവന്‍ ദി റെയ്നിനെ ഓര്‍മിപ്പിക്കുന്നു. ഇത്തരം ദൃശ്യങ്ങള്‍, പിന്നെ ഡിസ്കവറി ചാനലിലെ survivalist എന്നൊക്കെ ഉള്ള വിശേഷണങ്ങളും സാധാരണ പ്രേക്ഷകര്‍ക്ക് അന്യതാ ബോധം ഉണ്ടാക്കാന്‍ ഇടയുണ്ട്. സിനിമയിലെ പല ഇടങ്ങളും കേരളത്തില്‍ തന്നെ ഉള്ളതാണോ എന്ന സംശയവും തീയറ്ററില്‍ നിന്നും ഉയര്‍ന്നു കേട്ടു. പാട്ടുകള്‍ യഥാസ്ഥാനത്ത് ഉപയോഗിക്കുന്നതിലും സംവിധായകന് പാളിച്ച പറ്റി. പശ്ചാത്തല സംഗീതവും തീരെ സ്പര്‍ശിച്ചില്ല.

മലയാള സിനിമക്ക് അപരിചിതമായ ദൃശ്യ ഭാഷ ആയതു കൊണ്ടും വിനോദത്തിനുള്ള ഘടകങ്ങള്‍ കുറവായത് കൊണ്ടും സിനിമ ബോക്‌സ് ഓഫീസില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഇല്ല. കാടിനുള്ളിലേക്ക് യാത്ര പോകാന്‍ കൊതിക്കുന്നവര്‍ക്കും ആഹ്വാനങ്ങള്‍ ഇല്ലാത്ത സാമൂഹ്യ ദൗത്യം ഉള്ള സിനിമകളെ കാണേണ്ടവര്‍ക്കും രണ്ടു മണിക്കൂര്‍ ചെലവഴിക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ ഈ സിനിമയ്ക്ക് കയറാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories