TopTop
Begin typing your search above and press return to search.

ലൈംഗികതയ്ക്ക്പിന്നാലെ പ്രണയത്തിലും സന്ധിചെയ്ത് കത്തോലിക്ക സഭ

ലൈംഗികതയ്ക്ക്പിന്നാലെ പ്രണയത്തിലും സന്ധിചെയ്ത് കത്തോലിക്ക സഭ

ടി സന്ദീപ്

പുരോഗമനാശയങ്ങള്‍ പങ്കുവയ്ക്കുകയും ലോകത്തിനൊപ്പം മാറുകയും ചെയ്യുന്ന കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ സഭയും മാറ്റങ്ങള്‍ക്കു വിധേയമാവുകയാണോ. അതേയെന്ന രീതിയിലാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന പുതിയ പ്രവര്‍ത്തനങ്ങള്‍. വിലക്കപ്പെട്ട കനിയായി എക്കാലവും സഭ കരുതിയിരുന്ന ലൈംഗികത സംബന്ധിച്ച് സണ്‍ഡേ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ എടുത്ത വിപ്ലവകരമായ തീരുമാനത്തിനു ശേഷം പ്രണയത്തെപ്പറ്റിയുള്ള പുതിയ ചര്‍ച്ചകള്‍ക്ക് എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേക്ഷിത കേന്ദ്രം തുടക്കമിട്ടിരിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ ദമ്പതിമാരുടെ കൂട്ടായ്മയായ ഗ്രെയ്‌സ് റിപ്പിള്‍സ് കോണ്‍ഫറന്‍സിനു മുന്നോടിയായുള്ള പാലാരിവട്ടം മേഖലാ കോണ്‍ഫറന്‍സിലാണ് പ്രണയം പാപമോ പുണ്യമോ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നത്. മൂന്നു മേഖലകളിലായി നടക്കുന്ന ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന വിഷയങ്ങള്‍ ഡിസംബര്‍ അഞ്ചിനു നടക്കുന്ന അതിരൂപതാ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ സഭയ്ക്കു മുന്നില്‍ സമര്‍പ്പിക്കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.

ആരോഗ്യകരമായ പ്രണയം എന്താണ്, യഥാര്‍ത്ഥ പ്രണയമെന്നു പറഞ്ഞാല്‍ എന്താണ് തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേക്ഷിത കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ അഗസ്റ്റിന്‍ കല്ലേലി പറയുന്നു. ഇപ്പോഴുണ്ടാകുന്ന മിക്ക പ്രണയങ്ങളും തീര്‍ത്തും ആരോഗ്യകരമല്ലാത്ത രീതിയിലാണു പോകുന്നത്. 'പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ഉപാധിയായി പ്രണയം മാറിയിരിക്കുന്നു. അതിന്റെ ഫലമായി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ നിത്യവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് നാം കാണുന്നുമുണ്ട്. സാങ്കേതികവിദ്യയുടെ വരവോടെ ഇത്തരം ചൂഷണങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നതു യാഥാര്‍ഥ്യം തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രണയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു പ്രസക്തി വര്‍ധിക്കുന്നത്. സ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രണയമാണ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ വളര്‍ന്നു വരുന്നതെങ്കില്‍ അതില്‍ ഒരിക്കലും ചൂഷണത്തിന്റെ രീതി ഉണ്ടാകില്ലായെന്നതാണു യാഥാര്‍ഥ്യം. ആരോഗ്യകരമായ പ്രണയത്തിന്റെ ചേരുവകള്‍ എന്തൊക്കെയാണ് പ്രണയത്തെ വിവാഹവുമായി ബന്ധിപ്പിക്കാമോ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതോടൊപ്പം പക്വമായ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മക്കള്‍ക്ക് ആരോഗ്യകകരമായ കുടുംബ ബന്ധത്തിന്റെ മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കുക, ആണ്‍കോയ്മ, പെണ്‍കോയ്മ തുടങ്ങിയവയുടെ ദോഷവശങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്കു വരും. ഇതോടൊപ്പം കത്തോലിക്കാ സമുദായാംഗങ്ങള്‍ തമ്മിലുള്ള പ്രണയം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോഴും മാതാപിതാക്കളുടെ സമീപനങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ് മകനോ മകളോ പ്രണയിക്കുന്നത് സമുദായാംഗമാണങ്കില്‍ പോലും പണമില്ലാത്തയാളാണങ്കില്‍ കൂടുതല്‍ സമ്പത്തുള്ളവരെ കൊണ്ടു കെട്ടിക്കുകയെന്ന നിലപാടാവും മാതാപിതാക്കള്‍ സ്വീകരിക്കുക. അന്യമതസ്ഥരുമായുള്ള വിവാഹം പോലുള്ള വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നില്ല. യഥാര്‍ഥ വിശ്വാസവും പരിശീലനവുമുള്ള കുടുംബത്തിലെ മക്കളും വിശ്വാസത്തിന്റെ വഴിയില്‍ തന്നെ വളരും എന്നതാണു ഞങ്ങളുടെ കാഴ്ചപ്പാട്. ഡിസംബര്‍ അഞ്ചിനു നടക്കുന്ന കോണ്‍ഫറന്‍സിനു ശേഷമായിരിക്കും ഈ വിഷയത്തില്‍ സഭ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുക,' ഫാദര്‍ അഗസ്റ്റിന്‍ കല്ലേലി കൂട്ടിച്ചേര്‍ക്കുന്നു.

സഭാംഗങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ പ്രണയം പ്രോത്സാഹിപ്പിക്കണമെന്നും പ്രണയം എന്ന വസ്തുത യാഥാര്‍ഥ്യമാണെന്ന വസ്തുത അംഗീകരിക്കണമെന്നും സമ്മേളനം പറയുന്നുണ്ട്. അതേ സമയം ഇരുപതു വയസില്‍ താഴെയുള്ളവരുടെ പ്രണയം യഥാര്‍ഥ പ്രണയമായിരിക്കില്ലായെന്ന അഭിപ്രായമാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ പെണ്‍കുട്ടികളുടെ വിവാഹം പ്രായം പതിനെട്ടു വയസായിരിക്കെ ഇരുപതുവയസില്‍ താഴെയുള്ള പ്രണയബന്ധങ്ങള്‍ യഥാര്‍ത്ഥ പ്രണയമല്ലെന്നു പറയുന്നതിനു പിന്നിലെ പൊരുത്തക്കേടുകളും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രണയം, ലൈംഗികത തുടങ്ങിയ വിഷയങ്ങളോട് എക്കാലവും പുറം തിരിഞ്ഞു നിന്നിരുന്ന കത്തോലിക്കാ സഭയ്ക്കുള്ളില്‍ തന്നെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്കായി ഉയര്‍ന്നുവരുന്നത് സഭ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജോലിക്കും പഠനത്തിനുമായി നഗരങ്ങളില്‍ ചേക്കേറുന്ന പുതിയ തലമുറയ്ക്കിടയില്‍ പ്രണയവും രജിസ്റ്റര്‍ വിവാഹങ്ങളും വര്‍ധിച്ചു വരുന്നതും സഭ ഗൗരവത്തോടെയാണു കാണുന്നത്. പ്രണയവിവാഹത്തിലൂടെ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന പുതുതലമുറ സഭയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകന്നു പോകുന്നതും സഭാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. സഭാംഗങ്ങള്‍ക്കിടയില്‍ തന്നെ ആരോഗ്യകരമായ പ്രണയവിവാഹങ്ങള്‍ക്കു പച്ചക്കൊടി കാണിക്കണമെന്ന സമീപനമുണ്ടാകുന്നത് പുതുതലമുറയെ വിശ്വാസത്തിലേക്കും സഭയിലേക്കും കൂടുതല്‍ ആകര്‍ഷിക്കുമെന്നും സഭ കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രണയം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കണമെന്ന സമീപനം ഉയര്‍ന്നു വരുന്നതും. ഇതോടൊപ്പം സഭാംഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അന്യമതസ്ഥരുമായുള്ള വിവാഹങ്ങളും അമലാ പോളിനെപ്പോലുള്ള സെലിബ്രിറ്റികള്‍ ഇന്റര്‍കാസ്റ്റ് വിവാഹം തെരഞ്ഞടുക്കുന്നതും അമലാ പോളിനു മനസമ്മതത്തിനു പള്ളി തുറന്നു നല്‍കിയതും സഭാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സഭാംഗങ്ങള്‍ക്കിടയില്‍ തന്നെയുള്ള നല്ല പ്രണയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുതുതലമുറയെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്ന ചിന്തയും ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കു പിന്നിലുണ്ട്.

(മാദ്ധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories