TopTop
Begin typing your search above and press return to search.

ലക്ഷംവീട്ടില്‍ നിന്ന് നാം ഇനിയെങ്ങനെ മുന്നോട്ട് പോകും?

ലക്ഷംവീട്ടില്‍ നിന്ന് നാം ഇനിയെങ്ങനെ മുന്നോട്ട് പോകും?

പേരാമ്പ്ര എന്ന സ്ഥലത്ത് ഞാന്‍ പോയിട്ടില്ല. അവിടവുമായി എനിക്ക് ഒരുതരം വ്യക്തിഗത ബന്ധങ്ങളോ അനുഭവങ്ങളോ ഇല്ല. എങ്കിലും പേരാമ്പ്ര ഗവണ്മെന്റ് വെല്‍ഫയര്‍ സ്‌കൂള്‍ ഇന്നെന്റെ വ്യക്തിഗത കുറ്റബോധങ്ങളില്‍ ഒന്നാണ്. ആ സ്‌കൂളില്‍ സാംബവസമുദായത്തില്‍ പെട്ട കുട്ടികള്‍ പഠിക്കുന്നു എന്ന കാരണം കൊണ്ട് അവിടേക്ക് തങ്ങളുടെ കുട്ടികളെ അയക്കാത്ത ഇതര സമുദായക്കാര്‍ ചേര്‍ന്ന് ആ സ്‌കൂളിനോട്, അവിടെ പഠിക്കുന്ന കുട്ടികളോട്, അവരുടെ രക്ഷകര്‍ത്താക്കളായ മനുഷ്യരോട് ചെയ്ത തെറ്റില്‍നിന്ന് അവരെ അറിയില്ല, അവരില്‍ ആരും എന്റെ ബന്ധുക്കളോ, സുഹൃത്തുക്കളോ അല്ല എന്ന ന്യായം പറഞ്ഞ് എനിക്കോ, ഇന്ത്യന്‍ ഭരണഘടനയിലും, മതേതരത്വത്തിലും വിശ്വസിക്കുന്ന മറ്റാര്‍ക്കുമോ മാറിനില്‍ക്കാനാവില്ല. കുറ്റവാളികളാണ് നാം. കാണാതിരുന്നുകൊണ്ട്, അല്ലെങ്കില്‍ കണ്ടിട്ട് മിണ്ടാതിരുന്നുകൊണ്ട്, അപര്യാപ്തമായ ഒച്ച കൊണ്ടുപോലും നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കുറ്റകൃത്യം തന്നെയാണ്.

ഇരുനൂറോളം കുട്ടികള്‍ പഠിച്ചിരുന്ന, കെട്ടുറപ്പുള്ള കെട്ടിടവും, വിശാലമായ കോമ്പൗണ്ടും, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉള്ള ഒരു സ്‌കൂളിനെ ഇന്ന് പതിനൊന്ന് സാംബവകുട്ടികളും, പിന്നെ അവിടത്തെ ഒരു അദ്ധ്യാപികയുടെ കുട്ടിയും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ മാത്രം പഠിക്കുന്ന സ്‌കൂളാക്കി മാറ്റിയ ഘടകം ജാതിയല്ലെങ്കില്‍ പിന്നെ എന്താണ്? ഇത് പേരാമ്പ്ര ഗവണ്മെന്റ് വെല്‍ഫെയര്‍ സ്‌കൂള്‍ എന്ന ഒരു സ്ഥാപനത്തിന്റെ ഭൂമിശാസ്ത്രത്തില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒരു പ്രശ്‌നവുമല്ല. ഈ എല്‍ പി സ്‌കൂളും കടന്ന് അടുത്ത എയ്ഡഡ് സ്‌കൂളിലേയ്ക്ക് പോകുമ്പോള്‍ അയിത്താചരണം കൂടുതല്‍ പ്രത്യക്ഷമാവുകയാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസിലാവുന്നത്. മറ്റു കുട്ടികള്‍ അവരുമായി ബഞ്ച് പങ്കിടാന്‍ മടിക്കുന്നു എന്ന് മാത്രമല്ല, നിരന്തരം ജാതീയമായ അവഹേളനങ്ങള്‍ക്ക് അവരെ വാക്കുകൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും വിധേയമാക്കുന്നു.കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍

എതിര്‍ വാദങ്ങള്‍
റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് കൊണ്ടുവന്ന ഈ വാര്‍ത്തയുടെ നിജസ്ഥിതി ഇതൊന്നുമല്ല എന്ന് വാദിക്കുന്നവരും ഉണ്ട്. പേരാമ്പ്ര എല്‍ പി സ്‌കൂളില്‍ പഠിക്കുന്നവര്‍ സാംബവസമുദായക്കാര്‍ മാത്രമായി ചുരുങ്ങിയതിന് പിന്നില്‍ ജാതീയതയോ അയിത്തമോ ഒന്നുമല്ലെന്നും വിവാദക്കമ്പോളത്തിനോടുള്ള മാദ്ധ്യമങ്ങളുടെ വിധേയത്വമാണ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നു ഒരു സാധാരണ വാര്‍ത്ത അയിത്താചരണമായി വ്യാഖ്യാനിക്കപ്പെട്ടതിന് പിന്നില്‍ എന്നുമാണ് അവരുടെ മുഖ്യവാദം.

കുട്ടികളെ ഏത് സ്‌കൂളില്‍ വിടണം എന്നത് രക്ഷിതാക്കളുടെ വ്യക്തിഗത തിരഞ്ഞെടുപ്പ് അവകാശത്തിന്റെ ഭാഗമാണെന്നും അതിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉണ്ടാകാം എന്നും ഈ വാദത്തിന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. പേരാമ്പ്ര എല്‍ പി സ്‌കൂളിന് സമീപം തന്നെ ഹയര്‍സെക്കണ്ടറി തലം വരെയുള്ള ഒരു ഗവണ്മെന്റ് സ്‌കൂള്‍ ഉള്ളതും ഇടയ്ക്ക് സ്‌കൂള്‍ മാറ്റണ്ട എന്നതുകൊണ്ട് പലരും അത് തിരഞ്ഞെടുക്കുന്നു എന്നതും മറ്റൊരു കാരണമായി അവര്‍ പറയുന്നു. പേരാമ്പ്ര സാംബവ കോളനിയില്‍ ഉള്ളവര്‍ ആ സ്‌കൂളിലേയ്ക്ക് കുട്ടികളെ അയക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അവര്‍ക്കായി പിന്നീട് തുടങ്ങിയ സ്‌കൂളാണ് പ്രസ്തുത എല്‍ പി സ്‌കൂള്‍ എന്ന ഒരു വാദവും ഉണ്ട്. കൂടാതെ കേരളത്തില്‍ എവിടെയും എന്നപോലെ അവിടെയും നിരവധി സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉണ്ട് എന്നതും ഒരു പൊതുശീലം എന്ന നിലയ്ക്ക് പല രക്ഷിതാക്കളും മക്കളെ അങ്ങോട്ട് അയക്കാന്‍ താല്പര്യപ്പെടുന്നു എന്നതും. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളോട് ഏറിവരുന്ന താല്പര്യം ഒരു പേരാമ്പ്രമാത്ര പ്രതിഭാസമല്ലല്ലൊ. ഈ താല്പര്യം മൂലം പല സര്‍ക്കാര്‍ എല്‍ പി, യു പി സ്‌കൂളുകളും പഠിക്കാന്‍ കുട്ടികളെ കിട്ടാതെ അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിടുന്നു എന്നതും സത്യം തന്നെ. ഇതിലൊക്കെ എവിടെ ജാതി? എവിടെ സാംബവ വിവേചനം?

ഒറ്റ നോട്ടത്തില്‍ തീര്‍ച്ചയായും യുക്തിഭദ്രമായൊരു വാദമാണിത്. ഒരു തരത്തിലും ഇത് തെറ്റെന്ന് തെളിയിക്കാനുമാവില്ല. പേരാമ്പ്രയില്‍ നടന്നത് അവിടത്തെ ഇതരസമുദായങ്ങള്‍ ഒത്തുചേര്‍ന്ന് നമുക്ക് 'അയിത്തം' ആചരിച്ചേ മതിയാവു എന്ന തീരുമാനമെടുത്തതിന്റെ ഭാഗമായല്ല ഒരിക്കലും, സമ്മതിക്കുന്നു. പക്ഷേ ഈ സ്‌കൂളില്‍നിന്ന് ജയിച്ച് ആദ്യം പറഞ്ഞ സെക്കണ്ടറി സ്‌കൂളിലേയ്ക്ക് എത്തുന്ന സാംബവസമുദായത്തില്‍ പെട്ട കുട്ടികള്‍ അവിടെവച്ച് ഇതര വിദ്യാര്‍ത്ഥികളില്‍നിന്ന് തൊട്ട് പല തലങ്ങളിലുള്ള ജാതീയ വിവേചനങ്ങള്‍ക്കും, അയിത്തത്തിനും വിധേയമാകുന്നു എന്നതോ? അവര്‍ക്കൊപ്പം ബെഞ്ച് പങ്കിടാന്‍ മടിക്കുന്ന, അവരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന സമപ്രായക്കാര്‍ എങ്ങനെ ഉണ്ടായി? ഈ വിവേചനത്തിന്റെ യുക്തി അവര്‍ വ്യക്തിതല ഗവേഷണങ്ങളിലൂടെ കണ്ടെത്തിയതാണോ? അത് കൂടി പരിഗണിച്ചുകൊണ്ടേ പേരാമ്പ്ര എല്‍ പി സ്‌കൂള്‍ ഒരു അപ്രഖ്യാപിത സാംബവ സ്‌കൂള്‍ ആയി മാറിയ പ്രക്രിയയെ വിലയിരുത്താന്‍ പറ്റു.

കണ്ട 'പറയ' പിള്ളേരുമായി കളിച്ച് നടന്നാല്‍ കഴുപ്പണം കെട്ടവരായി പോകും എന്ന 'നാട്ട'റിവില്‍ നിന്ന് സ്വാഭാവികമായി വളര്‍ന്ന് വികസിച്ചതാണ് ഈ പ്രതിഭാസം. അത് ജാതീയതയെയും, അയിത്തത്തെയും ഒക്കെ തള്ളിപ്പറഞ്ഞ 'യൂറോപ്യന്‍ ആധുനികത'യുടെ ഇന്ത്യന്‍ വക്താക്കളായ അംബേദ്കര്‍ മുതല്‍ കാവാരിക്കുളം കണ്ഠന്‍ കുമാരനും, ആര്യാട്ട് ഊപ്പയും, അയ്യങ്കാളിയും, പൊയ്കയില്‍ അപ്പച്ചനും, മക്തി തങ്ങളും, സഹോദരന്‍ അയ്യപ്പനും, നാരായണ ഗുരുവും ഒക്കെ ചേരുന്ന നവോത്ഥാനത്തിന്റെ ധാര ഇടയ്ക്ക് നിശബ്ദമാക്കി.യതും തുടര്‍ന്ന് അറിവും, യുക്തിയും ഒക്കെ 'ആപേക്ഷി'കമായ കാലത്ത് ഒച്ച നേടി പ്രത്യക്ഷമായി പുറത്ത് വന്നതുമായ ഒന്നാണ്. അയിത്തം എന്നത് പരിണാമബന്ധിയായ ഒരു പ്രകൃതിജന്യ അതിജീവന വ്യവസ്ഥയാണെന്ന് പോലും വ്യാഖ്യാനിച്ചുറപ്പിക്കുന്ന 'എവല്യൂഷണറി സൈക്കോളജി' പ്രബന്ധങ്ങളും അറിവാകുന്നത് ഈ ഉത്തരാധുനിക 'ആപേക്ഷികതാ' സിദ്ധാന്തത്തിലൂടെയാണ്.

പറഞ്ഞുവരുന്നത് അയിത്തത്തിന് അയിത്തമല്ലാതെയും നിലനില്ക്കാനാവുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്നാണ്. ഇവിടെ അതിന് പരിണാമത്തിന്റെ മന:ശാസ്ത്രമായി വരെ നിലനില്‍ക്കാനും, സ്വയം 'സ്വാഭാവിക'വല്ക്കരിക്കാനും പറ്റും. അതുകൊണ്ട് തന്നെ പ്രത്യക്ഷതലത്തില്‍ മാത്രമായി ഒതുങ്ങുന്ന ഒരന്വേഷണത്തിലും ഇത്തരം പാര്‍ശ്വവല്‍ക്കരണങ്ങള്‍ വെളിപ്പെടുകയും ഇല്ല. അത്തരം അന്വേഷണങ്ങള്‍ കൊണ്ട് പേരാമ്പ്ര എല്‍ പി സ്‌കൂള്‍ സാംബവസ്‌കൂളായി മാറിയതിന് പിന്നിലെ ജാതീയതയെ വിശദീകരിക്കാനും പറ്റില്ല.

അവര്‍ക്ക് പറയാനുള്ളത്
റിപ്പോര്‍ട്ടറിലെ അടയാളം എന്ന പരിപാടിയുടെ ഈ കഴിഞ്ഞ ലക്കം പേരാമ്പ്ര സാംബവ കോളനിയിലെ മനുഷ്യര്‍ക്ക് ഈ സംഭവത്തെക്കുറിച്ച് പറയാനുള്ളതെന്തെന്ന് കേള്‍പ്പിച്ച് തരുന്നു. 'നിത്യേനെ കാണുകയും, തൊഴിലുറപ്പ് പോലുള്ള പദ്ധതികളില്‍ ഒരുമിച്ച് പങ്കെടുക്കുകയും ചെയ്യുന്നവര്‍ പോലും ഒരു കല്യാണമോ, പുരയില്‍ കൂടലോ വരുമ്പോള്‍ വിളിക്കില്ല'. കാഴ്ചയില്‍ നാല്പതോളം പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകള്‍ തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അനുദിനം ഏറിക്കൊണ്ടിരിക്കുന്ന ജാതീയ വിവേചനങ്ങളെക്കുറിച്ച് പറയുന്നതിനിടയ്ക്ക് ഒരേ സ്വരത്തില്‍ സമ്മതിക്കുന്ന ഒരു കാര്യം അവരുടെ മുന്‍കാലങ്ങളില്‍ അവസ്ഥ താരതമ്യേനെ ഭേദമായിരുന്നു എന്നാണ്. പത്തും പതിനാലും പ്രായം തോന്നിക്കുന്ന പെണ്‍കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നതും വ്യത്യസ്തമല്ല. മറ്റുകുട്ടികള്‍ തങ്ങളോടൊപ്പം ഇരിക്കാനും, കളിക്കാനും സഹകരിക്കാനും തയ്യാറാകാത്തത് 'ഓരക്ക് ഞങ്ങളോട് അറപ്പാ'യതുകൊണ്ടാണ് എന്ന് തിരിച്ചറിയുന്ന കൌമാരം വിടാത്ത കുട്ടികള്‍ നെഞ്ചില്‍ നിന്ന് ഇനിയും ഇറങ്ങാത്ത ഒരു വിങ്ങലാണെങ്കില്‍ 'ആദ്യത്തെ കുട്ടികള്‍ അങ്ങനെയോന്നുമായിരുന്നില്ല. അവര്‍ ഞങ്ങളൊടൊത്ത് കളിക്കലൊക്കെ ഉണ്ടായിരുന്നു. അവര്‍ക്ക് അറപ്പൊന്നുമില്ല. ഹോംവര്‍ക്ക് ഒക്കെ എഴുതാന്‍ ഉള്ളപ്പൊ നോട്ടൊക്കെ തരും' എന്ന് അവരും വളരെ അടുത്ത ഒരു ഭൂതകാലത്തെക്കുറിച്ച് പറയുമ്പോള്‍ അതൊരുതരം പാപബോധത്തിന്റെ അടയാളമാകുന്നു മനസ്സില്‍.

മദ്ധ്യവര്‍ഗ്ഗത്തിന്റെ അറപ്പിക്കുംവിധം അതികാല്പനികമായ ഗൃഹാതുരത്വമല്ല പ്രായഭേദമെന്യേ ഈ കുട്ടികളിലും, മുതിര്‍ന്നവരിലും പ്രതിഫലിക്കുന്ന ഭൂതകാല സ്മരണകള്‍. അവര്‍ പറയുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഭൂതകലത്തെ കുറിച്ചും അല്ല. കുട്ടികള്‍ പറയുന്നത് ഏതാനും വര്‍ഷം മാത്രം പഴക്കമുള്ള ഒരു 'നല്ല' കാലത്തെക്കുറിച്ചാണ്; അതില്‍ ആനുപാതികമായെങ്കിലും നിലനിന്നിരുന്ന ആ നന്മ അവരെ സംബന്ധിച്ചിടത്തോളം എത്ര വലുതാണ് എന്നാണ്. 'ആദ്യത്തെ കുട്ടികള്‍ അങ്ങനെയൊന്നുമായിരുന്നില്ല' എന്ന് ഓര്‍ത്തെടുത്ത് പറയുന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ 'അങ്ങനെയൊന്നും' എന്ന ഇടത്ത് ഊന്നലായി ഉടക്കി നില്ക്കുന്നതും ആ ഓര്‍മ്മ അവളില്‍ വെളിച്ചമായി വിരിയുന്നതുമായ ഒരു ദൃശ്യം നമ്മോട് സംവദിക്കുന്നത് പഴയ കാലത്തിന്റെ സ്വര്‍ഗ്ഗീയതയെക്കുറിച്ചൊന്നുമല്ല, മറിച്ച് വര്‍ത്തമാനത്തിന്റെ അസഹനീയതയെ കുറിച്ചാണ്. ഒരു സമൂഹം എന്ന നിലയില്‍ നാം സഞ്ചരിക്കുന്ന ദിശയെ കുറിച്ചാണ്.


കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍

ഞെട്ടിപ്പിക്കുന്നുണ്ടോ ഈ വാര്‍ത്ത?
നഗരജീവിതങ്ങള്‍ക്ക് ഒരുപക്ഷേ ഞെട്ടിപ്പിക്കുന്നതാവാം ഈ വാര്‍ത്ത. പക്ഷേ അതിന്റെ ഒന്നിനും സമയം നല്കാത്ത വേഗത്തിന് പുറത്ത് നിലനില്ക്കുന്ന 'നന്മ നിറഞ്ഞ' ഗ്രാമങ്ങളില്‍ ജീവിച്ച് അനുഭവമുള്ളവര്‍ക്ക് ഇതത്ര വലിയ ഞെട്ടലൊന്നും നല്കുന്നില്ല എന്നതാണ് സത്യം. അടിമുടി ശ്രേണീവല്‍കൃതമായ ജാതിവ്യവസ്ഥയുടെ ഏറ്റവും താഴെയുള്ള, എണ്ണം കൊണ്ട് ന്യൂനപക്ഷം കൂടിയായ ഈ അധ:കൃതരുടെ പ്രശ്‌നം സൈദ്ധാന്തികവും, സംഘടനാപരവുമായ ഒരു മഴവില്‍ സഖ്യത്തിലും നിറം ചേരാതെ കാലങ്ങളായി മാറിനില്‍ക്കുന്നത് എന്തുകൊണ്ടാണ്?

നവോത്ഥാനാനന്തര കേരളത്തില്‍ അയിത്തം നിലനില്ക്കുന്നത് പ്രത്യക്ഷമായല്ല. ബ്രാഹ്മണനും, നായരും, ഈഴവനും തമ്മിലുള്ള അകലം കുറഞ്ഞപ്പോള്‍ അത് മതേതരമായി പ്രതിഫലിച്ചെങ്കില്‍ മറുവശത്ത് ദളിതരുമായുള്ള അകലം മതേതരമായി തന്നെ കൂടുകയായിരുന്നു. ഈ പേരാമ്പ്ര സ്‌കൂള്‍ പരിസരത്തുള്ള ഇതര സമുദായക്കാരില്‍ ഭൂരിപക്ഷവും നായര്‍, ഈഴവ സമുദായങ്ങളില്‍ പെട്ടവരും, മുസ്ലീങ്ങളുമാണ്. ഇവിടെ രൂപപ്പെട്ട സവര്‍ണ്ണത്വത്തിന്റെ മഴവില്‍ സഖ്യവും അവര്‍ക്കിടയിലാണ്. അതിലൂടെയാണ് പറയ സമുദായം ഇവിടെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടത്. മറ്റൊരു സ്ഥലത്ത് ഇതിന്റെ കൂട്ട് ഒരു പക്ഷേ മറ്റൊന്നായിരിക്കാം. പക്ഷേ ഇവരുടെ പാര്‍ശ്വവല്ക്കരണം ഡെമോഗ്രഫിക് സവിശേഷതകള്‍ക്ക് പുറത്ത് പൊതുവായി കേരളത്തില്‍ നിലനിന്നിരുന്നു എന്നത് ഒരു സത്യമാണ്. നവോത്ഥാനം അതിനെ 'ഉന്മൂലനം' ചെയ്യുകയായിരുന്നില്ല, വിശാല മാനവികതയുടെ പുതിയ യുക്തികള്‍ കൊണ്ട് നിശബ്ദമാക്കുകയായിരുന്നു.

ദളിതന്റെ വീട്ടില്‍ ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍ പോകും, പക്ഷേ അവിടന്ന് ഭക്ഷണം കഴിക്കില്ല തുടങ്ങിയ നിരീക്ഷണങ്ങള്‍ നിരന്തരം ആവര്‍ത്തിയ്ക്കപ്പെടുന്നവയാണ് എന്നതുകൊണ്ട് അവ ക്ളീഷേ ആയി റദ്ദ് ചെയ്യപ്പെടുന്നില്ല. കാരണം അയിത്തം ഇല്ല എന്ന് പറയുന്നവരും പല ഭാഷ്യങ്ങളിലൂടെ അത് ആചരിക്കാന്‍ കഷ്ടപ്പെട്ടിരുന്നു എന്നതാണ്. സാംസ്‌കാരിക പിന്നോക്കാവസ്ഥയെന്നത് ജാതിവ്യവസ്ഥ പോലുള്ള മനുഷ്യവിരുദ്ധമായ ആശയങ്ങളുടെ നീക്കിയിരിപ്പുകളിലൂടെ ഒരു സമൂഹത്തില്‍ പൊതുവായി ഉണ്ടാകുന്ന ഒന്നാണ്. അല്ലാതെ, അത് ഉല്പാദിപ്പിക്കപ്പെടുന്നത് അതിന്റെ ഇരകളുടെ പ്രത്യേക സാമൂഹ്യാവസ്ഥയില്‍ നിന്നല്ല. അതുകൊണ്ട് തന്നെ ഞെട്ടിപ്പിക്കുന്നതല്ല കേരളീയ പൊതുബോധത്തിന്റെ പിന്നോക്കാവസ്ഥ. സംസ്‌കാരം, മാനവികത തുടങ്ങിയ വിഷയങ്ങളില്‍ ഒരു പ്രത്യേക ഉത്‌ബോധന പരിപാടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതി ഇടുന്നുവെങ്കില്‍ അത് 100 ശതമാനം നമ്മുടെ സവര്‍ണ്ണ, യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യേണ്ടതുമുണ്ട്.

സാംബവരുടെ ദളിതത്വം
അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന് അര്‍ത്ഥം വരുന്ന 'ദളിത്' എന്ന സംസ്‌കൃതപദം ഇന്ത്യയിലെ ബ്രാഹ്മണിക് ഹിന്ദുത്വവും, അതിന്റെ സാമൂഹ്യരാഷ്ട്രീയ രൂപമായ ജാതിവ്യവസ്ഥയും ചേര്‍ന്ന് പാര്‍ശ്വവല്‍ക്കരിച്ച മനുഷ്യരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞയായി വികസിപ്പിച്ചത് പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ജ്യോതിബാ ഫൂലെ ആണ് എന്നിരിക്കിലും ഒരു സാമൂഹ്യാവസ്ഥ എന്ന നിലയ്ക്ക് 'ദളിതത്വ'ത്തിന് പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്ന് പിന്നെയും നൂറ്റണ്ടുകളുടെ പഴക്കമുണ്ട്. പല അടരുകളിലായി നിലനില്ക്കുന്നതും അവയിലൂടെ വിതരണം ചെയ്യപ്പെടുന്നതും ആയ ഒരു അധികാര വികേന്ദ്രീകരണ സംവിധാനം എന്ന നിലയ്ക്ക് ജാതി വ്യവസ്ഥയുടെ പരിണാമചരിത്രം മുന്‍മാതൃകകള്‍ ഇല്ലാത്തതും, അന്യാദൃശമാം വണ്ണം സങ്കീര്‍ണ്ണമായതും ആയ ഒന്നാണ്. വര്‍ണ്ണവ്യവസ്ഥയിലെ നാല് വര്‍ണ്ണങ്ങള്‍ക്കിടയില്‍ വിരാട് പുരുഷ സങ്കല്പവുമായി ബന്ധപ്പെട്ട് കിടക്കുന്ന ശിരസ്, ബാഹു, ഉരു, പാദ ജന്മങ്ങളുടെ ഇടയിലുള്ള അധികാര വിഭജനത്തിന് പുറത്താണ് 'പഞ്ചമ'രുടെ സ്ഥാനം. എന്നാല്‍ അവിടെയും തീരുന്നില്ല ഈ വികേന്ദ്രീകരണത്തിന്റെ യുക്തി.

നമ്മുടെ പബ്ലിക് സര്‍വീസ് കമ്മിഷന്റെ ലിസ്റ്റ് പ്രകാരം കേരളത്തിലുള്ള 53 പട്ടികജാതി വിഭാഗങ്ങളില്‍ ഏതാണ്ട് എല്ലായിടങ്ങളിലും സാന്നിദ്ധ്യമുള്ള ജാതികള്‍ പുലയന്‍, പുളുവന്‍, പാണന്‍, കുറവന്‍, തണ്ടാന്‍ തുടങ്ങിയവയാണ്. ചണ്ഢാളന്‍, നായാടി, വേടന്‍ തുടങ്ങിയ വാക്കുകള്‍ പരിചിതമെങ്കിലും അവ ഒരു പ്രത്യേക ജാതിയെ എന്നതിലുപരി പലയിടങ്ങളിലും ജാത്യേതരമായ പൊതു അര്‍ത്ഥങ്ങളിലാണ് നിലനില്ക്കുന്നത്. ഇതില്‍ പുലയര്‍, പാണര്‍, പുള്ളുവര്‍, കുറവര്‍, തണ്ടാന്‍ തുടങ്ങിയ വിഭാഗങ്ങളൊക്കെ ഉല്പാദനവൃത്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ എന്ന നിലയിലും, മറ്റ് സവര്‍ണ്ണ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും കൃത്യമായ അളവ് ദൂരെ ആണെങ്കിലും മുഖ്യധാരയില്‍ ഭൗതികസാന്നിദ്ധ്യം ഉള്ളവരായിരുന്നു. എന്തിന്, തൊടാന്‍ 'അറപ്പുണ്ടെ'ങ്കിലും തോട്ടികളെ വിളിപ്പുറത്ത് നിലനിര്‍ത്തുക സവര്‍ണ്ണ മുഖ്യധാരയുടെ ആവശ്യമായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സാംബവര്‍ കണ്ണില്‍ പെട്ടാലുടന്‍ ആട്ടി പായിക്കപ്പെടുന്ന ഒരു സമുദായമായിരുന്നു. ആ നിലയ്ക്ക് അവരുടെ അനുഭവം ദളിത് എന്ന ഒരു മഴവില്‍പദം കൊണ്ടും വിവരിക്കാവുന്നതല്ല. സമൂഹത്തിന്റെ മുഖ്യധാരയ്ക്ക് പുറത്ത്, കണക്കെടുപ്പുകളിലും, ചരിത്രത്തിലും സ്ഥാനമില്ലാതെ നാടോടികളായി അലഞ്ഞിരുന്നവരായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ സമുദായം. എവിടെയെങ്കിലും ഒരു കുടില്‍ വച്ച് കെട്ടിയാല്‍ ജന്മിയുടെ ആള്‍ക്കാര്‍ വന്ന് അതിന് തീയിട്ട് അവരെ തല്ലി ഓടിക്കും. കുടിലിനോടൊപ്പം ഉയിരോടെ കത്തിച്ചാലും അത് കുറ്റമല്ല, ശിക്ഷ മാത്രമാണ്. 'എന്റെ പുലയന്‍' ജന്മിയുടെ സ്വകാര്യ സ്വത്ത് എന്ന നിലയ്‌ക്കെങ്കിലും സംരക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ 'എന്റെ പറയന്‍' എന്ന ഒന്നില്ല. അവര്‍ ഭ്രഷ്ടരാണ്.

ഇടക്കാലത്തെ വെളിച്ചങ്ങള്‍
ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടെ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ വെളിച്ചം കേരളത്തിലേയ്ക്കും അടിയ്ക്കാന്‍ തുടങ്ങി. അതിലൂടെ അറിവ് നേടി പ്രബുദ്ധതയിലേയ്ക്ക് വളര്‍ന്ന കാവാരിക്കുളം കണ്ഠന്‍ കുമാരന്‍, ആര്യാട് ഊപ്പ, നാരകത്തറ കുഞ്ഞയ്യപ്പന്‍, പുഴൂര്‍ കുഞ്ഞാണി എന്നിങ്ങനെ നാല് മനുഷ്യരുടെ മുന്‍ കൈയ്യില്‍ 1910-ല്‍ കേരളത്തിലെ ആദ്യ സാംബവ സംഘടന തിരുവിതാംകൂറില്‍ രൂപമെടുക്കുന്നു. അര്യാട് ഊപ്പയുടെ ചങ്ങനാശേരിയിലെ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സംഘടന സവര്‍ണ്ണരുടെ കായികമായ ആക്രമണങ്ങളെ തുടര്‍ന്ന് പിന്നീട് അവരുടെ കേന്ദ്രം ആറ്റുവക്കര എന്ന സ്ഥലത്തേയ്ക്ക് മാറ്റി.

ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന പറയര്‍ സംഘം എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘം പിന്നീട് നാന്ദനാര്‍ വംശവര്‍ദ്ധിനി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇതിനിടെ നടത്തിയ സമരങ്ങളിലൂടെ തിരുതാംകൂര്‍ പ്രജാസഭയിലേയ്ക്ക് ഒരു സാംബവ പ്രതിനിധിയെ എത്തിക്കാനും സംഘടനയ്ക്ക് കഴിഞ്ഞിരുന്നു. 1918ല്‍ പറയര്‍ എന്ന പേരിന് പകരം സാംബവര്‍ എന്ന പേര് രാജാവില്‍ നിന്ന് നേടിയെടുക്കാനും പ്രജാസഭയിലെ അംഗം എന്ന പദവി ഉപയോഗിച്ച് തിരുവിതാംകൂറില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും കണ്ഠന്‍ കുമാരന് കഴിഞ്ഞു. അങ്ങനെ പ്രജാസഭയില്‍ എത്തിയ കാവാരിക്കുളം കണ്ഠന്‍ കുമാരാന്‍, സഭയില്‍ ഉണ്ടായിരുന്ന അയ്യന്‍കാളി, പൊയ്കയില്‍ യോഹന്നാന്‍, പാമ്പാടി ജോണ്‍ ജോസഫ്, കല്ലട രാമന്‍ നാരായണന്‍, യേശു അടിയാന്‍, കുറുമ്പന്‍ ദൈവത്താന്‍ തുടങ്ങിയവരോട് ഒരുമിച്ച് ദളിതരുടെ വിദ്യാഭ്യാസം, തൊഴില്‍, ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തെക്കന്‍ കേരളത്തില്‍ അവരുടെ അവസ്ഥ ആനുപാതികമായെങ്കിലും മെച്ചമാകുന്നത്.


Untouchables of Malabar Kerala Dravidian Australoid- Joseph Deniker

കമ്യൂണിസ്റ്റ് ഇടപെടലുകള്‍
കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ ആണെന്ന് കരുതപ്പെടുന്നു. അന്ന് കേരളത്തില്‍ യാഗവും, യുദ്ധവും അല്ലാതെ ഏതെങ്കിലും തരം കായികാദ്ധ്വാനത്തില്‍ ഏര്‍പ്പെട്ട് ജീവിച്ചിരുന്ന മനുഷ്യര്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരുന്നു എന്നതുകൊണ്ട് തന്നെ അവരുടെ പ്രവര്‍ത്തനമണ്ഡലം ആ സമുദായങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഒന്നായിരുന്നു. സ്വാഭാവികമായും ദളിത് സമൂഹങ്ങള്‍ അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗവും. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഉപപാഠമായി ദളിത് സ്വത്വ പ്രശ്‌നങ്ങളെ, അവയുടെ സവിശേഷതകളെ അവര്‍ ചുരുക്കി എന്ന വിമര്‍ശനം സാധുവാകുമ്പൊഴും ആ പ്രശ്‌നത്തെ വിശാല മാനവികതയുടെ യുക്തിയുമായി ഘടിപ്പിച്ചിരുന്ന ഒരേയൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം അന്ന് കമ്യൂണിസം മാത്രമായിരുന്നു.

ഗാന്ധിജി ഉള്‍പ്പെടെയുള്ളവര്‍ ജാതിവ്യവസ്ഥയെ അംഗീകരിച്ചത് സവര്‍ണ്ണന്റെ രക്ഷാകര്‍തൃത്വം മുന്‍നിര്‍ത്തിയായിരുന്നു. അതായത് ദൈവദത്തമായ വ്യവസ്ഥ അന്യൂനമാണെന്നും, അതിലെ സവിശേഷാധികാരം ലഭിച്ച വിഭാഗങ്ങള്‍ അധ:കൃതരുടെ നന്മയ്ക്കായി ആ അധികാരം ഉപയോഗിക്കണം എന്നതുമായിരുന്നു പരമാവധി വെളുപ്പിച്ചെടുത്താല്‍ അദ്ദേഹത്തിന്റെ സമൂഹ്യരാഷ്ട്രീയ ദര്‍ശനം. ആ ഹെഗമണിക്ക് മുകളില്‍ യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും, ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിപ്പിടിച്ച തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ മാനവികമൂല്യങ്ങളുടെയും പതാക വാഹകരാവുകയും, അതിലൂടെ കണ്ഠന്‍ കുമാരന്‍, അയ്യങ്കാളി, പൊയ്കയില്‍ യോഹന്നന്‍, പാമ്പാടി ജോണ്‍ ജോസഫ്, കല്ലട രാമന്‍ നാരായണന്‍, യേശു അടിയാന്‍, കുറുമ്പന്‍ ദൈവത്താന്‍ തുടങ്ങി സഹോദരന്‍ അയ്യപ്പന്‍, നാരായണ ഗുരു വരെയുള്ളവരുടെ ദര്‍ശനങ്ങള്‍ക്ക് സാംസ്‌കാരിക തുടര്‍ച്ച ആവുകയും ചെയ്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു.

തിരുവിതാംകൂറില്‍ സംബവര്‍ക്ക് സംഘടനാപരമായ സാമൂഹ്യരാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഒരു മുന്‍ ചരിത്രം ഉണ്ടായിരുന്നുവെങ്കില്‍ വടക്കന്‍ കേരളത്തില്‍ ഈ മനുഷ്യര്‍ സമഗ്രമായ അര്‍ത്ഥത്തില്‍ മുഖ്യധാരയിലേയ്ക്ക് വരുന്നത് ലക്ഷം വീട് കോളനികള്‍ എന്നറിയപ്പെടുന്ന, 1972ല്‍ അച്യുത മേനോന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ്. കല്ലും മണ്ണും കൊണ്ട് ലക്ഷം വീട് നിര്‍മ്മിക്കാനായി. എന്നാല്‍ പൊതുബോധത്തില്‍ പണ്ടേ നിര്‍മ്മിക്കപ്പെട്ട ജാതീയതയുടെ, അയിത്തത്തിന്റെ കോട്ടയെ തകര്‍ക്കുക എന്ന ലക്ഷ്യം അതിന് നിറവേറ്റാനായില്ല. അടിയന്തിരമായ ലക്ഷ്യം സാംബവസമുദായത്തില്‍ പെട്ട മനുഷ്യര്‍ക്കും മലയാളക്കരയുടെ മുഖ്യധാരയില്‍ കാലുറപ്പിക്കാന്‍ ഒരിടം ഉണ്ടാക്കുകയായിരുന്നു. അവര്‍ക്കും പൗരാവകാശങ്ങള്‍ ഉറപ്പ് വരുത്തുകയായിരുന്നു. ലക്ഷ്യം പൂര്‍ണ്ണമായി നിറവേറ്റാനായില്ല എന്നത് സത്യം. പക്ഷേ അതുകൊണ്ട് ഇന്ന് ദളിത് സ്വത്വരാഷ്ട്രീയ ബുദ്ധിജീവികള്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതുപോലെ ആ കാല്‍വയ്പ്പ് അപഹാസ്യമാവുമോ? ലക്ഷം വീട് കോളനികള്‍ പണിഞ്ഞത് അവരുടെ പര്‍ശ്വവല്‍ക്കരണത്തെ അനശ്വരമായി നിലനിര്‍ത്താന്‍ വേണ്ടി ആയിരുന്നു എന്ന വ്യാഖ്യാനം എത്രത്തോളം വസ്തുതകള്‍ക്ക് നിരക്കുന്നതാണ്? കേരളത്തിലെ ദളിത് മുന്നേറ്റങ്ങളുടെ ചരിത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് തുടങ്ങുന്ന ഒന്നാണെന്ന് ചരിത്ര ബോധമില്ലാത്ത ഒരു 'പുത്തന്‍ കൂറ്റ്'' കമ്യൂണിസ്റ്റുകാരന്‍ പറയുന്നത് പോലെ പരിഹാസ്യമാണ് ഇതും.

എങ്ങനെ നേരിടും ഇതിനെ?
കെ കെ കൊച്ച് ഈ പ്രശ്‌നത്തോട് പ്രതികരിച്ചുകൊണ്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് തികച്ചും ശരിയാണ്. ജാതി പോലുള്ള പ്രശ്‌നങ്ങളില്‍ തനതായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മുന്നേറ്റം സാദ്ധ്യമാകൂ. എന്തുകൊണ്ട് കേരളത്തില്‍ ഉടനീളം ഇന്ന് ശക്തി പ്രാപിച്ച് കഴിഞ്ഞ ദളിത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവര്‍ക്ക് പ്രത്യക്ഷമായിത്തന്നെ വളരാന്‍ സാഹചര്യമുള്ള ഇത്തരം സ്ഥലങ്ങളില്‍ വളരുന്നില്ല? അല്ലെങ്കില്‍ വേണ്ടത്ര വളരുന്നില്ല? വര്‍ഗ്ഗസമരശേഷം സാധ്യമാകുന്ന തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ ചൂഷണത്തിന്റെ വര്‍ഗ്ഗേതരമായ പാഠങ്ങള്‍ക്കും സ്വാഭാവിക പരിഹാരം ഉണ്ടാകും എന്ന് വാദിച്ചിരുന്ന മാര്‍ക്‌സിസ്റ്റുകളെ സ്വത്വരാഷ്ട്രീയം വിമര്‍ശിക്കുന്നതും, ഇത്തരം വലിച്ച് കെട്ടിയ ബൃഹദാഖ്യാനങ്ങളല്ല, ചൂഷണങ്ങളുടെ വ്യതിരിക്ത അടരുകളെ പ്രശ്‌നവല്‍ക്കരിക്കുന്ന സൂക്ഷ്മാഖ്യാനങ്ങളാണ് വേണ്ടതെന്ന് പറയുന്നതും മനസിലാക്കാം. പക്ഷേ സമഗ്രാര്‍ത്ഥത്തില്‍ പാര്‍ശ്വവല്‍കൃതരാണ് എന്ന കാരണം കൊണ്ട് പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ബൃഹദാഖ്യാനത്തെ പോലും ഉള്‍ക്കൊള്ളുകയും അതിലെ ആന്തരിക വൈരുദ്ധ്യങ്ങളെ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്നവരോട് നിങ്ങള്‍ ദളിതരാണെങ്കില്‍ ഞാന്‍ ദളിതനല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവരോട് എന്ത് പറയാന്‍? ഇതിലൂടെ ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ നിലനിര്‍ത്താനായി പല ഇടങ്ങളില്‍ സ്വമേധയാ നിശബ്ദരാകുന്നവരെ കുറിച്ച് എന്ത് പറയാന്‍?

നവോത്ഥാനം കേരളത്തില്‍ നടപ്പില്‍ വരുത്തിയത് ജാതീയമായ വിവേചനങ്ങളുടെ പ്രത്യക്ഷ സാംസ്‌കാരിക യുക്തികള്‍ക്ക് മുകളില്‍ മതേതര സാംസ്‌കാരിക യുക്തികളുടെഒരു ഹെഗമണി സാദ്ധ്യമാക്കി എന്നതാണ്. ജാതിയുടെ ഉന്മൂലനം എന്ന അംബേദ്കര്‍ സ്വപ്നം ഇന്ത്യയില്‍ മറ്റിടങ്ങളിലെന്ന പോലെ കേരളത്തിലും ഒരുകാലത്തും നടപ്പിലായിരുന്നില്ല. എന്നാല്‍ ജാതി വെറിയുടെ സാംസ്‌കാരികമായ നിശബ്ദമാക്കല്‍ ആ സ്വപ്നത്തിലേക്കുള്ള ഒരു ചുവടുവയ്പായിരുന്നു എന്നത് നിഷേധിക്കാനുമാവില്ല. പക്ഷേ ഈ നിശബ്ദമാക്കലില്‍നിന്ന് ഉന്മൂലനത്തിലേക്കുള്ള പാത വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. കണ്ഠന്‍ കുമാരന്‍, അയ്യങ്കാളി, പൊയ്കയില്‍ യോഹന്നന്‍, പാമ്പാടി ജോണ്‍ ജോസഫ്, കല്ലട രാമന്‍ നാരായണന്‍, യേശു അടിയാന്‍, കുറുമ്പന്‍ ദൈവത്താന്‍, മക്തി തങ്ങള്‍, നാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ നിന്നും ബൗദ്ധികവും, ദാര്‍ശനികവും ആയ ഊര്‍ജ്ജം ഉള്‍ക്കൊണ്ടും എന്നാല്‍ അവയുടെ വ്യതിരിക്തത മനസിലാക്കിയും നവോത്ഥാനത്തിന് സമഗ്രമായ ഒരു തുടര്‍ച്ച ഉണ്ടാക്കാന്‍ പോന്ന ബുദ്ധിജീവികള്‍ നമുക്കുണ്ടായില്ല എന്നതാണ് പ്രശ്‌നം. നാരായണ ഗുരു എന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ദര്‍ശനങ്ങള്‍ക്ക് വിമര്‍ശനാത്മകമായ വായനകളിലൂടെ ബൗദ്ധിക തുടര്‍ച്ച നല്‍കുന്നതിനു പകരം അദ്ദേഹത്തെ ബിംബവല്‍ക്കരിച്ചപ്പോല്‍ നമ്മള്‍ ഒരു സമൂഹം എന്ന നിലയ്ക്ക് നഷ്ടമാക്കിയത് ആ സാദ്ധ്യതയാണ്.

വൈരുദ്ധ്യങ്ങളെ സൈദ്ധാന്തിക മഴവില്ലുകള്‍ കൊണ്ട് തമസ്‌കരിച്ച് ഒരു ബൃഹദാഖ്യാനത്തിനു പകരം മറ്റൊന്ന് നിര്‍മ്മിച്ചുകൊണ്ടൊന്നും ബ്രഹ്മണിക് ഹിന്ദുത്വം നിര്‍മ്മിച്ച് സമൂഹത്തില്‍ ഉടനീളം പല അനുപാതങ്ങളില്‍ വിതരണം ചെയ്തിരിക്കുന്ന ജാതീയതയുടെ അനീതികളെയും, മനുഷ്യവിരുദ്ധതയെയും അഭിസംബോധന ചെയ്യാനാവില്ല. അതിന് വേണ്ടത് സമഗ്രമായ ഒരു സാംസ്‌കാരിക പുനര്‍നിര്‍മ്മാണമാണ്. അതിനെ ക്രോഡീകരിക്കാന്‍ വൈരുദ്ധ്യരാഹിത്യത്തിന്റെ യുക്തികൊണ്ടാവില്ല. മാര്‍ക്‌സിസ്റ്റുകള്‍ പോട്ടെ, അവരെ ആജന്മശത്രുക്കളയി കാണുന്ന സ്വത്വരാഷ്ട്രിയവാദികള്‍ പോലും സൈദ്ധാന്തികമായി പിന്‍പറ്റുന്നത് വൈരുദ്ധ്യാത്മക ഭൗതികവാദം മുന്നോട്ട് വയ്ക്കുന്ന തിയറി ഓഫ് നോണ്‍ കോണ്‍ഡ്രഡിക്ഷന്‍ ആണ്. പിന്നെ എങ്ങനെ നാം ലക്ഷം വീട്ടില്‍ നിന്ന് മുന്നോട്ട് പോകും?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories