TopTop
Begin typing your search above and press return to search.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചൂതുകളിയാക്കുന്നവര്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചൂതുകളിയാക്കുന്നവര്‍

പ്രാദേശിക ഭരണ പ്രദേശങ്ങള്‍ക്ക് പുതിയ സാരഥികളെ കണ്ടെത്താനുള്ള രാഷ്ട്രീയ മത്സരം നടക്കുകയാണ് കേരളത്തിലുടനീളം. ജനാധിപത്യഭരണ പ്രക്രിയയിലെ ഏറ്റവും ചെറിയ ഘടകങ്ങള്‍ എന്ന നിലയില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും നടന്നുവരുന്ന തെരഞ്ഞെടുപ്പു പോരാട്ടം തികഞ്ഞ കൗതുകത്തോടെ കേരളം ശ്രദ്ധിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ കക്ഷിരാഷ്ട്രീയ മത്സരമാണെങ്കിലും പണം വാരിയെറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട ഒരു ചൂതാട്ടക്കളരിയായി പഞ്ചായത്ത് - നഗരസഭാ തെരഞ്ഞെടുപ്പ് രംഗം മാറിയിരിക്കുന്നു. രാഷ്ട്രീയാദര്‍ശങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ പരിഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനുള്ള അവസരത്തിനുവേണ്ടി ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ആരെയും അമ്പരപ്പിക്കും.

ഇരുപത്തോരായിരം അംഗങ്ങളെ വിവിധ പ്രാദേശിക ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കണം. എഴുപതിനായിരത്തിലേറെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. അവരില്‍ പകുതിയിലേറെപ്പേരും സ്ത്രീകളാണ്. അധികാര വ്യവസ്ഥയുടെ ആദ്യ പടവുകളിലേക്ക് സ്ത്രീകള്‍ അവസരതുല്യത എന്ന അവകാശവുമായി പുരുഷനോടൊപ്പം മത്സരിച്ചുകടന്നുവരുന്നത് പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രശംസാവഹമായ കാര്യമാണ്. ജനാധിപത്യ രാഷ്ട്രീയം പുരുഷ പ്രജകളുടെ കുത്തകയായിരിക്കുന്നിടത്തോളം നീതി നടത്തിപ്പ് അപൂര്‍ണവും അസന്തുലിതവും ആയിരിക്കുമെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. കേരളത്തിലെ ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം നിയമനിര്‍മ്മാണ സഭകളില്‍ നാമമാത്രം. പ്രാദേശിക ഭരണസമിതികളില്‍ പകുതി സ്ഥാനം സ്ത്രീകള്‍ക്കായി അച്യുതാനന്ദന്‍ സര്‍ക്കാര്‍ സംവരണം ചെയ്തപ്പോള്‍ കേരളത്തില്‍ വലിയൊരു ജനാധിപത്യ വിപ്ലവത്തിന് വാതില്‍ തുറക്കുകയായിരുന്നു. രാഷ്ട്രീയ ഞാറ്റടികളായ (നഴ്‌സറി) പഞ്ചായത്തുകളില്‍ നിന്നും നഗരപ്രദേശങ്ങളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് പുതിയ മൂല്യ ബോധവും പ്രവണതകളുമായി നൂറുകണക്കിന് മികച്ച നേതൃ പ്രതിഭകള്‍ വളര്‍ന്നുവരുമെന്നാണ് പ്രതീക്ഷിച്ചത്. അഞ്ചുകൊല്ലം കഴിയുമ്പോള്‍ തികച്ചും നിരാശാജനകമായ ഒരനുഭവമാണ് നമ്മുടെ മുന്നിലുള്ളത്.അഞ്ച് മേയര്‍മാര്‍, 156 നഗരസഭാദ്ധ്യക്ഷര്‍, ആയിരത്തിന് അടുത്ത് പഞ്ചായത്തു പ്രസിഡന്റുമാരും അത്രത്തോളം വൈസ് പ്രസിഡന്റുമാരും, ഇരുപതിനായിരത്തിലധികം അംഗങ്ങള്‍ എന്നിവരില്‍ നിന്നെല്ലാം കൂടി സംസ്ഥാന നിയമസഭയിലേക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പത്തുസ്ഥാനാര്‍ത്ഥികളെ വരുന്ന തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ പറ്റുമെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. അപ്പോള്‍ കഴിഞ്ഞ അഞ്ചുകൊല്ലം പ്രാദേശിക ഭരണകൂടങ്ങളെ നയിച്ചവര്‍ ജനസേവനരംഗത്ത് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം അവരില്‍ കുറേപ്പേരെങ്കിലും ഇപ്പോള്‍ വോട്ടു തേടിയെത്തുമ്പോള്‍ നാട്ടുകാര്‍ക്ക് ചോദിക്കാം. അല്ലെങ്കില്‍ പൊതുമാധ്യമങ്ങള്‍ക്ക് ആ ചോദ്യം ജനങ്ങള്‍ക്കു വേണ്ടി അവരോട് ഉന്നയിക്കാം.അധികാര ത്വര, പണം, വര്‍ഗ്ഗീയത എന്നീ മൂന്ന് ഘടകങ്ങള്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം അധഃപതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിമാസ അലവന്‍സും പിന്നെ മരണം വരെ പെന്‍ഷനും ലഭിക്കുന്ന ഒരു തൊഴിലാണ് പഞ്ചായത്ത് അംഗമെന്ന പദവി. പ്രാദേശിക വികസനത്തിന്റെ പേരില്‍ കിട്ടുന്ന ഭാരിച്ച ഫണ്ട് വിനിയോഗിക്കുന്നതില്‍ കരാറുകാരും ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പറും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയും തീരുമാനവും മൂവര്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു. എത്ര ശ്രമിച്ചിട്ടും പഞ്ചായത്തുകളിലും നഗരസഭകളിലും അനുവദിക്കപ്പെട്ട ഫണ്ടിന്റെ പകുതിപോലും കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ ചെലവഴിക്കാനായിട്ടില്ല. ശരിയായ ആസൂത്രണവും ദീര്‍ഘവീക്ഷണവും ജനസ്‌നേഹവും ഉണ്ടെങ്കില്‍ യാതൊരു അഴിമതിയും ചെയ്യാതെ ഒരു പഞ്ചായത്ത് അംഗത്തിന് തന്റെ നാട്ടിലെ മികച്ച ഒരു സേവകനായി പേരെടുക്കാം. പകരം കക്ഷിരാഷ്ട്രീയ ഗുസ്തികള്‍ക്കിടയില്‍ വിലപ്പെട്ട സമയവും ബുദ്ധി സാമര്‍ത്ഥ്യവും സല്‍പ്പേരും കളഞ്ഞ് അധികാരപ്പോരും അഴിമതിയും നടത്തുകയായിരുന്നു കഴിഞ്ഞകാലത്ത് ഭൂരിപക്ഷം അംഗങ്ങളും.

എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും വിമത ശല്യം തീരാത്ത തലവേദനയായതില്‍ അത്ഭുതമില്ല. സ്ഥാനാര്‍ത്ഥികളാകാന്‍ എന്തൊക്കെ പങ്കപ്പാടുകളാണ് കാട്ടിക്കൂട്ടിയത്? തീരുമാനമെടുക്കുന്നവരുടെ മുന്നില്‍ പ്രലോഭനങ്ങളുടെ കെട്ടഴിച്ചിട്ടപ്പോള്‍ നമ്മുടെ നേതാക്കള്‍ പലരും അമ്പരന്നുപോയി. ഒരു നഗരസഭാ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ പുതിയ സുപ്പീരിയര്‍ ഇന്നോവ കാര്‍ ഒരെണ്ണം വാങ്ങി വീട്ടുമുറ്റത്ത് കൊണ്ടിട്ടുകൊടുക്കാമെന്നാണ് സ്ഥാനമൊഴിഞ്ഞ ഒരു ബഹുമാനപ്പെട്ട അംഗം തന്റെ പാര്‍ട്ടിയുടെ നേതാവിന് നല്‍കിയ വാഗ്ദാനം. വാര്‍ഡ് തലത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ പേരു നിര്‍ദ്ദേശിക്കുകയും ജില്ലകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയക്കമ്മിറ്റി അത് അംഗീകരിക്കുകയും വേണമെന്നൊരു മാനദണ്ഡം കോണ്‍ഗ്രസ്സ് നിശ്ചയിച്ചിരുന്നു. അങ്ങനെ പേര് ഉയര്‍ന്നുവരാത്തതിനാല്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി തൃശൂരില്‍ ഉടുവസ്ത്രം അഴിച്ച് സ്വന്തം പാര്‍ട്ടിക്കെതിരെ പ്രകടനം നടത്തി. അടുത്ത പടി നഗ്ന ഓട്ടമായിരിക്കുമെന്നൊരു മുന്നറിയിപ്പ് തൃശൂര്‍കാരനായ കെ.പി.സി.സി പ്രസിഡന്റിന് യുവ കോണ്‍ഗ്രസ്സുകാര്‍ നല്‍കിയതാകാം. മുഖ്യമന്ത്രി ഇടപെട്ട് തൃശൂരിലെ തര്‍ക്കം ഏറെക്കുറെ ഒതുക്കിയപ്പോള്‍ കൊല്ലത്ത് കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ സീറ്റ് വീതം വയ്ക്കല്‍ തര്‍ക്കം ഏറ്റു പിടിച്ചു. കെ. സുരേഷ് ബാബുവും ഡി.സി.സി പ്രസിഡന്റും പൊതു വേദിയിലിരുന്ന് വഴക്കിട്ടതു കേരളം മുഴുവന്‍ കണ്ടു. വിമതപ്പടയെ ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാതെ വന്നപ്പോള്‍ ഭരണമുന്നണിയിലെ കക്ഷി ബന്ധങ്ങളും തകരാറിലായി. കേരള കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും കോട്ടയം, ഇടുക്കി ജില്ലകളില്‍ ഭൂരിപക്ഷം സീറ്റുകളില്‍ 'സൗഹൃദമത്സരം' നടത്തുന്നു. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസ്സും തമ്മിലാണ് 24 ഓളം പഞ്ചായത്തുകളില്‍ മുന്നണി ബന്ധം മറന്ന് പോരടിക്കുന്നത്.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സി.പി.എമ്മില്‍ എല്ലാം ശുഭകരമാണെന്ന് പിണറായി വിജയന്‍ പോലും അവകാശപ്പെടുന്നില്ല. ആലപ്പുഴ, എറണാകുളം ജില്ലയില്‍ സി.പി.എമ്മിന് വിമത സ്ഥാനാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ദീര്‍ഘകാലം നഗരസഭാ കൗണ്‍സിലര്‍ ആയിരുന്ന കെ.ജി. സത്യവ്രതന്‍ സി.പി.എം അംഗത്വം ഉപേക്ഷിച്ച് യു.ഡി.എഫ് സ്വതന്ത്രനായി തൃപ്പൂണിത്തുറ നഗരത്തില്‍ മത്സരിക്കുന്നു. ബി.ജെ.പി-എസ്.എന്‍.ഡി.പി. ബന്ധം ഏറെ വെകിളി പിടിപ്പിച്ചത് ഇടതുമുന്നണിയെ ആണ്. സി.പി.എം.-സി.പി.ഐ നേര്‍ക്ക് നേര്‍ പോര് പല വാര്‍ഡുകളിലും കാണാം. രാഷ്ട്രീയാദര്‍ശങ്ങളെല്ലാം പ്രസംഗത്തിലും മാധ്യമചര്‍ച്ചകളിലും മാത്രമേ ഉള്ളൂ. പണം ചെലവഴിച്ച് ഭാവിയില്‍ അഴിമതിയിലൂടെ കൂടുതല്‍ പണം നേടാനുള്ള ഗര്‍ഹണീയമായ ഒരു ചൂതുകളിയാണ് പ്രാദേശിക തെരഞ്ഞെടുപ്പിന്റെ മറവില്‍ നടക്കുന്നത്. ഒരു പഞ്ചായത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി കുറഞ്ഞത് രണ്ടരലക്ഷം രൂപ പ്രചരണ രംഗത്ത് ചെലവഴിക്കണമെന്ന് പറയുന്നു. ഉറ്റബന്ധുക്കളുടെയും സ്‌നേഹിതരെന്ന് ഭാവിച്ചവരുടെയും കാലുവാരി കെ.പി.സി.സി ഓഫീസില്‍ പോയി 'കൈപ്പത്തി' ചിഹ്നം സ്വന്തമാക്കി വന്ന് താനാണ് യഥാര്‍ത്ഥ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് ഭാവിച്ച് വോട്ട് തേടി ഇറങ്ങിയവരെ നോക്കി ഗ്രാമീണര്‍ ചിരിക്കുന്നു. അപ്പോള്‍ അവിടെ വേറെ രണ്ട് കോണ്‍ഗ്രസ്സുകാര്‍ സ്ഥാനാര്‍ത്ഥികളായി ചുമര് എഴുതിക്കഴിഞ്ഞിരുന്നു. കോണ്‍ഗ്രസുകാര്‍ ഇവിടെ ആര്‍ക്ക് വോട്ട് ചെയ്യണം? ജാതിക്കോ പാര്‍ട്ടിക്കോ പണത്തിനോ?ഇങ്ങനെ ലാഭക്കച്ചവടത്തില്‍ ജയിച്ച് വന്നാലെന്ത് സംഭവിക്കുമെന്ന് കഴിഞ്ഞകാലാനുഭവം നോക്കി പറയാന്‍ പറ്റും. പണംകൊടുത്ത് സീറ്റ് വാങ്ങിയവര്‍ കഷ്ടകാലത്തിന് ജയിച്ചുപോയെന്നുവരാം. പ്രസിഡന്റ്, ചെയര്‍ പേഴ്‌സണ്‍, മേയര്‍ പദവികളിലേക്കുള്ള വിലപേശലും കച്ചവടവും നടക്കും. പണം കൊടുത്ത് പദവികള്‍ വാങ്ങിയ മഹാനുഭാവന്മാര്‍ എത്രയോ ഉണ്ട്. വോട്ട് കച്ചവടം നടത്താനേ ബി.ജെ.പിക്ക് കേരളത്തില്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. പദവികള്‍ വില്‍ക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും സി.പി.ഐയും ഉത്സാഹിച്ചിട്ടുണ്ട്. അധികാരക്കച്ചവടത്തില്‍ മികവ് കാട്ടിവരില്‍ നിന്ന് നിയമസഭാ ഇലക്ഷന്‍ വരുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ റിക്രൂട്ട് ചെയ്താല്‍ ജനാധിപത്യത്തിന്റെയാണോ നേതാക്കളുടെയാണോ ഭാവി ഭദ്രമാകാന്‍ പോകുന്നതെന്ന് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

'നാട്യ പ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' എന്ന് ഏതു സന്ദര്‍ശകനും ആദ്യ കാഴ്ചയില്‍ പാടിപ്പോകുന്ന ഒരു നിഷ്‌കളങ്ക ഗ്രാമത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ജനാധിപത്യ രാഷ്ട്രീയ സംഭവം ഒന്നു പരിശോധിക്കാം. ഗ്രാമം കൊല്ലം ജില്ലയിലെ മണ്‍ട്രോ തുരുത്ത്. ദിവസം ശരാശരി ഇരുന്നൂറ് വിദേശ ടൂറിസ്റ്റുകള്‍ ഈ ഗ്രാമത്തിലെ കാഴ്ചകള്‍ കാണാന്‍ വുന്നു. പാര്‍പ്പിട സൗകര്യങ്ങളോ ഭേദപ്പെട്ട ഭക്ഷണശാലകളോ വിശ്രമ സങ്കേതങ്ങളോ ഇല്ല. എങ്കിലും അഷ്ടമുടി കായലും പുഴയും കല്ലടയാറും അതിരിടുന്ന മണ്‍ട്രോ തുരുത്തില്‍ വലിയ ടൂറിസം വ്യവസായ സാധ്യതയുണ്ടെന്ന് എല്ലാവരും പറയുന്നു. ഐറിഷ് വംശജനായിരുന്ന ദിവാന്‍ കേണല്‍ ജോണ്‍ മണ്‍ട്രോയുടെ പേര് ഗ്രാമത്തില്‍ ചേര്‍ന്നുകിടക്കുന്നതിനാല്‍ ചരിത്രകുതുകികളായ ബ്രിട്ടീഷുകാര്‍ക്ക് തുരുത്തു സന്ദര്‍ശിക്കാന്‍ പ്രത്യേക താല്‍പ്പര്യമുണ്ട്. 2010ല്‍ കോണ്‍ഗ്രസ്സിന് വന്‍ ഭൂരിപക്ഷത്തോടെ ഭരിക്കാന്‍ മണ്‍ട്രോ തുരുത്തു നിവാസികള്‍ അവസരം നല്‍കി. വനിതാ സംവരണത്തണലില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ശോഭനകുമാരി പഞ്ചായത്തു പ്രസിഡന്റായി. മണ്‍ട്രോ തുരുത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്. വിദ്യാസമ്പന്ന. യുവതി. മണ്‍ട്രോ തുരുത്തിന്റെ ഭാവിക്ക് എന്തൊക്കെ ചെയ്യണമെന്ന് അറിവുള്ളവരോടെല്ലാം പുതിയ പ്രസിഡന്റ് ആരാഞ്ഞു. സെമിനാറും ചര്‍ച്ചയും സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മത്സരിച്ച് വിഷയവിദഗ്ദ്ധരെ നിശ്ചയിക്കാന്‍ തുടങ്ങിയപ്പോള്‍ ആ നീക്കം തുടങ്ങിയ സ്ഥലത്ത് അവസാനിച്ചു. ഭരണം പകുതി കാലം പിന്നിടും മുമ്പ് പ്രസിഡന്റിനെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിശ്വാസമില്ലാതായി. അവര്‍ ന്യൂനപക്ഷമായി പ്രതിപക്ഷത്തിരുന്ന സി.പി.എമ്മിനെ പിന്തുണച്ച് കോണ്‍ഗ്രസ് ഭരണം അട്ടിമറിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം മൂന്ന് അംഗങ്ങളെ അയോഗ്യരാക്കുമ്പോഴേക്കും പഞ്ചായത്തു സമിതിയുടെ കാലാവധി കഴിഞ്ഞു. വോട്ട് ചെയ്ത ജനങ്ങള്‍ അന്തസ്സാര വിഹീനമായ ഈ രാഷ്ട്രീയ നാടകം കണ്ടു കണ്ണുമിഴിച്ചു. മര്യാദയ്ക്ക് ഭരിച്ചിരുന്നെങ്കില്‍ മണ്‍ട്രോതുരുത്തിനെ ഒരു മാതൃകാ ഗ്രാമമാക്കാന്‍ പറ്റിയ വിഭവ സമൃദ്ധി മുഴുവന്‍ അനാഥമായി കിടക്കുന്നു. ഇടതും വലതും മാറി മാറി ഭരിച്ച് അനാഥമാക്കിയ ഗ്രാമം.

നിലമ്പൂരിനെ സ്ത്രീധന വിമുക്ത ഗ്രാമമാക്കി സംസ്ഥാന ശ്രദ്ധയില്‍ എത്തിക്കുകയും നഗരമായപ്പോള്‍ വികസന മാതൃകയില്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്ത ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും യുവ കോണ്‍ഗ്രസ് നേതാവാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ യാതൊരു ഒത്താശയും വേണ്ട. ഇന്ത്യയുടെ ഭാവി ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ ഗാന്ധിജി ശരിയോ തെറ്റോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories