TopTop
Begin typing your search above and press return to search.

ഇടതുപക്ഷത്തിന്റെ വിജയവും മുസ്ലീം രാഷ്ട്രീയവും; പിന്നെ ചില കമ്പനി താത്പര്യങ്ങളും

ഇടതുപക്ഷത്തിന്റെ വിജയവും മുസ്ലീം രാഷ്ട്രീയവും; പിന്നെ ചില കമ്പനി താത്പര്യങ്ങളും

പാര്‍ലമെന്റ് ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ എന്നാല്‍ കേവലം ഭരണമാറ്റമോ ഭരണസ്ഥിരതയോ അല്ല. മറിച്ച് ജനം അവരുടെ രാഷ്ട്രീയ- സാമൂഹിക കാഴ്ചപ്പാടുകള്‍ പരീക്ഷിക്കുന്ന ഇടം കൂടിയാണ്. ഇത്തരം പരീക്ഷണങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പരിധിക്കുള്ളില്‍ നിര്‍ത്താന്‍ കഴിഞ്ഞതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിജയം. എന്നാല്‍ ഘടനാപരമായ ഈ വിജയം ജനങ്ങളുടെ പൂര്‍ണ്ണമായ ആധിപത്യത്തിലേക്കോ സാമൂഹ്യസമത്വത്തിലേക്കോ എത്തിച്ചേരില്ല. പകരം മുതലാളിത്ത സാമ്പത്തികക്രമം ശക്തി പ്രാപിക്കുകയാണ് ചെയ്യുക. മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയം അംഗീകരിക്കപ്പെട്ട ഒരു സംവിധാനത്തില്‍ തിരഞ്ഞെടുപ്പിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടാം. ഇന്ത്യന്‍ ജനാധിപത്യം ഇന്നനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയും അതാണ്.

വികസനത്തിലോ സാമൂഹിക നീതിയിലോ പുതുതായി ഒരു നിലപാടും മുന്നോട്ട് വയ്ക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന സര്‍ക്കാര്‍ പദ്ധതികള്‍ മാത്രമാണ് പൊതു ജനത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവതരിപ്പിക്കാനുള്ളൂ. വികസനത്തിന് ലോകമാതൃകയായ കേരളം തന്നെയാണ് ഇതിനുദാഹരണം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളത്തില്‍ പൊതുജീവിതം സര്‍ക്കാര്‍ വികസനത്തിന്റെ ഗുണം അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണം അനുഭവിക്കുന്നതിനോടൊപ്പം തന്നെ അത്തരം പദ്ധതികളെ നിഷേധിക്കുന്ന അഥവാ അവഗണിക്കുന്ന ഒരു മധ്യവര്‍ഗ്ഗ കാഴ്ചപ്പാടും കേരളത്തില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ സ്വകാര്യ മൂലധനത്തിന് സ്വതന്ത്രമായി വികസിക്കാന്‍ കഴിയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിന്റെ ഫലമായി സര്‍ക്കാരിന്റെ വികസന അജണ്ടകളില്‍ പ്രധാനം സ്വകാര്യ മൂലധനത്തെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ആയി മാറി.

മുന്‍പത്തേതിനേക്കാള്‍ ശക്തമായി ജനങ്ങളോട് ഏറ്റവും അടുത്തിടപഴകുന്ന സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ആയി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാറി കഴിഞ്ഞു. പഞ്ചായത്ത് രാജ് നിയമം വന്നതോടെ അധികാരവും സ്വയം വിഭവ സമാഹരണവും നടത്താനുള്ള സ്വാതന്ത്ര്യവും ഇന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുണ്ട്. അധികാരം താഴെ തട്ടില്‍ എത്തിയതുകൊണ്ട് എന്ത് മാറ്റമാണ് വികസനകാര്യത്തില്‍ ഉണ്ടായത് എന്നത് വിശദമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ അധികാര വികേന്ദ്രീകരണം കേരളത്തില്‍ എന്തെങ്കിലും തരത്തിലുള്ള പുത്തന്‍ വികസന ആശയം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല എന്നതും ഗൗരവമായി കാണണം. ഇടതുപക്ഷം മുന്നോട്ട്‌വച്ച് ക്രിയാത്മകമായി നടപ്പിലാക്കിയ ജനകീയാസൂത്രണം പലപ്പോഴും ഒരു ബദല്‍ വികസന മാതൃകയായും, അടിസ്ഥാന ജനവിഭാഗങ്ങളുടെ ശാക്തീകരണമായും ഒക്കെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഉല്‍പാദനബന്ധങ്ങളിലോ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം തടയുന്നതിനോ അതോടൊപ്പം തന്നെ കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ചും ഉല്പ്പാദന മേഖലയില്‍ നിലനില്‍ക്കുന്ന ഉല്‍പ്പാദന മുരടിപ്പിനെ മറികടക്കാന്‍ കഴിയുന്ന പുത്തന്‍ രീതിശാസ്ത്രം ഒന്നുംതന്നെ മുന്നോട്ട് വയ്ക്കാന്‍ ജനകീയാസൂത്രണത്തിന് കഴിഞ്ഞില്ല എന്നതും നിഷേധിക്കാനാകാത്ത ഒന്നാണ്. ജനകീയാസൂത്രണം നടപ്പിലാക്കിയ അഞ്ച് വര്‍ഷം (ഒന്‍പതാം പദ്ധതി സമയം) കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി എന്നതും നിഷേധിക്കുന്നില്ല. എന്നാല്‍ ഈ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാനകാരണം ഉല്‍പ്പാദന വളര്‍ച്ചയായിരുന്നില്ല. പകരം 4700 കോടിയോളം രൂപ സര്‍ക്കാര്‍ ചിലവഴിച്ചതിന്റെ ഫലമായി ഉണ്ടായിരുന്ന വളര്‍ച്ചയായിരുന്നു. അതോടൊപ്പം ജനകീയാസൂത്രണം ഉണ്ടാക്കിയ പങ്കാളിത്തം എന്ന ആശയം പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ പ്രതികരണം ഇന്നും നിലനില്‍ക്കുന്നതിന്റെ കൂടി ഫലമാണ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പുകള്‍ക്കും ലഭിക്കുന്ന ജനകീയ പ്രാധാന്യം.2015- ലെ തിരഞ്ഞെടുപ്പ്
2015 -ലെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ മേല്‍കൈ ഇതിനോടകം പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കു വിശകലനത്തിനും വിധേയമായി കഴിഞ്ഞു. ഇടതു പക്ഷം കൂടുതല്‍ സീറ്റുകള്‍ നേടിയതിനു പിന്നില്‍ പ്രധാനമായും ഉണ്ടായിരുന്നത് ഭരണമുന്നണിയിലെ കുഴപ്പങ്ങളും പിന്നെ ഉയര്‍ന്നു വരുന്ന സാമൂഹിക - സാംസ്‌കാരിക പ്രതിസന്ധിയും ആണ്. ആര്‍. എസ്. എസിന്റെ വംശീയ രാഷ്ട്രീയത്തിന് ലഭിക്കുന്ന ഭരണകൂട സ്വീകാര്യത പൊതുസമൂഹത്തില്‍ ഉണ്ടാകുന്ന ഭീതിയും ഇടതുപക്ഷത്തിന് പ്രയോജനപ്പട്ടു എന്ന് പറയാം. എന്നാല്‍ ഇത്തരം ഭീതി ഇടതുപക്ഷത്തിന് മാത്രമല്ല നേട്ടമുണ്ടാക്കിയത് . ബി.ജെ.പി യ്ക്ക് കിട്ടിയ സീറ്റുകള്‍ പൊതു സമൂഹത്തിന്റെ ഭയത്തിന് മറ്റൊരു കൂട്ടം ഗുണഭോക്താക്കള്‍ ഉണ്ട് എന്നതിന്റെ തെളിവും കൂടിയാണ്.

ഈ തിരഞ്ഞെടുപ്പില്‍ വികസനമോ, പങ്കാളിത്തമോ അല്ല ചര്‍ച്ച ചെയ്യപ്പെട്ടത് എന്നത് വളരെ ഗൗരവപൂര്‍വ്വം കാണേണ്ട ഒന്നാണ്. പ്രധാനപ്പെട്ട തിരഞ്ഞെടുപ്പു വിഷയം മുസ്ലീം ജീവിതമായിരുന്നു എന്ന് പറയാന്‍ കഴിയും മുസ്‌ളിം നേതാക്കന്‍മാരും സംഘടനകളും ഒക്കെ മൗനം പാലിച്ചു എങ്കിലും പ്രത്യക്ഷത്തില്‍ ഇറച്ചി വിവാദം മുസ്‌ളിം സ്വത്വബോധത്തിന്റെ പ്രശനമായും അതോടൊപ്പം ഇടതുപക്ഷം അവരുടെ സംരക്ഷകരായും പൊടുന്നനെ പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പരോക്ഷമായി മുഴങ്ങി നിന്നത് ന്യൂനപക്ഷങ്ങള്‍ അനധികൃതമായി നേട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്നും അത് ഭൂരിപക്ഷ സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു എന്നതുമാണ്. ഇത് പ്രതിരോധത്തിലാക്കിയത് മുസ്‌ളിം ലീഗിനെ കൂടിയാണ്. പ്രധാനപ്പെട്ട വകുപ്പുകള്‍ ലീഗ് കൈകാര്യം ചെയ്യുന്നതും അവര്‍ക്ക് കിട്ടുന്ന ഭരണപരമായ പ്രാധാന്യവും ബി.ജെ.പി.യും എസ്.എന്‍.ഡി.പി.യും ഒക്കെ പ്രചരണായുധമാക്കി എന്നത് കുറച്ചുകാണാന്‍ കഴിയില്ല.

എന്നാല്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മാറുന്നത് ആശ്വാസമായ ഒന്നല്ല. അടുത്തുവരുന്ന തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കാം. അതുമൂലം വംശീയ - മത ബോധത്തില്‍ ഊന്നിയ പ്രസ്ഥാനങ്ങള്‍ വളരുകതന്നെ ചെയ്യും. ഇവിടെ ഇടതുപക്ഷത്തിനു കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പാര്‍ട്ടികളും താത്പര്യങ്ങളും അപ്രസക്തമായി എന്ന നിരീക്ഷണത്തില്‍ എത്താന്‍ കഴിയില്ല. അറിഞ്ഞോ അറിയാതെയോ മുസ്‌ളിം ജീവിതത്തിനുകിട്ടിയ തിരഞ്ഞെടുപ്പ് പ്രാധാന്യം ദൂരവ്യാപകമായ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല. ഇടതുപക്ഷത്തിന് മുസ്ലീങ്ങള്‍ വോട്ടു ചെയ്തു എന്നതു കൊണ്ടുമാത്രം ഇതിന് പരിഹാരമാവില്ല. കാരണം ഇടതുപക്ഷത്തിന് മുസ്ലീം സ്വത്വരാഷ്ട്രീയത്തെ അംഗീകരിക്കേണ്ടി വരും, അതോടൊപ്പം മുസ്ലീം മത കേന്ദ്രീകൃതമായ ഒരു മുഖ്യധാരയെ പിന്താങ്ങേണ്ടി വരും. ദളിത് - പരിസ്ഥിതി സ്വത്വവാതത്തെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിന് മുസ്ലീം സ്വത്വബോധത്തെ സജീവമായി നിലനിര്‍ത്തേണ്ടിവരും. അതുകൊണ്ടാണ് നേരത്തെ സൂചിപ്പിച്ച മൗനം പാലിച്ചിടത്ത് ഇടതുപക്ഷം ബീഫ് ഫെസ്റ്റിവല്‍ നടത്തിയത്.

വികസനം വേണ്ടതായ തിരഞ്ഞെടുപ്പ്
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സൂഷ്മമായി വിലയിരുത്തിയാല്‍ മനസിലാകുന്ന ഒരു കാര്യം മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ ഏതെങ്കിലും പുത്തന്‍ വികസന നയമോ മാതൃകയോ മുന്നോട്ട് വച്ചിട്ടില്ല എന്നതാണ്. എന്നാല്‍ തദ്ദേശ സ്വഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വികസന പ്രശനങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കേണ്ടതായിരുന്നു. പലപ്പോഴും സര്‍ക്കാരിന്റെ ദൈനം ദിന പരിപാടികളുടെ പിതൃത്വം ഏറ്റെടുത്തുകൊണ്ടാണ് സ്ഥാനാര്‍ഥികള്‍ വോട്ട് നേടിയത്. ഒരു പ്രദേശത്തിന്റെ സാമ്പത്തിക പശ്ചാത്തല പിന്നോക്കാവസ്ഥ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും അപ്രത്യക്ഷമാകുകയാണ്. ഇതിന് പ്രധാന കാരണം ആദ്യം സൂചിപ്പിച്ചതുപോലെ മുതലാളിത്ത വികസന ആശയത്തിനൊപ്പം നില്‍ക്കുന്നു എന്നതുകൊണ്ട് കൂടിയാണ്. ഇതിന്റെ ഫലമായി ജനപങ്കാളിത്തം പ്രായോഗികമായി ഇല്ലാതാക്കുകയാണ്. വേണമെങ്കില്‍ ഗ്രാമസഭ കൂടുന്നതും കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയും ഒക്കെ ചൂണ്ടി ക്കാണിച്ചുകൊണ്ട് ജനപങ്കാളിത്തം ശക്തമാണ് എന്നൊക്കെ പറയാം . എന്നാല്‍ മേല്‍ സൂചിപ്പിച്ച പദ്ധതികള്‍ ഒന്നും തന്നെ പങ്കാളിത്ത വികസന മാതൃകയായി കാണാന്‍ കഴിയില്ല. പകരം പരിമിതമായ വികസന സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യം കൊണ്ടുകൂടിയാണ് ഇത്തരം പദ്ധതികള്‍ക്ക് പ്രാധാന്യം കിട്ടുന്നത്. ഇത്തരം പദ്ധതികള്‍ അല്ലാതെ മറ്റൊന്നും മുന്നോട്ട് വയ്ക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയ്ക്കും, കുടുംബശ്രീയ്ക്കും ഒക്കെ വന്‍ പ്രാധാന്യം നല്‍കുന്നത്.കേരളത്തിലെ മധ്യവര്‍ഗ്ഗ ഉപരിവര്‍ഗ്ഗ വിഭാഗങ്ങള്‍ പഞ്ചായത്ത് കാര്യാലയങ്ങളില്‍ നിന്ന് അകന്നു കഴിഞ്ഞു. ഈ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ കയറി ഇറങ്ങാറുള്ളു. അതുകൊണ്ട് തന്നെ ഒരു കാര്യം വ്യക്തമാണ്. വികേന്ദ്രീകൃതാസൂത്രണവും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും ഇന്ന് ഏതെങ്കിലും തരത്തിലുള്ള വികസന അജണ്ട മുന്നോട്ട് വയ്ക്കുന്നില്ല. ഇത്തരം പ്രതിസന്ധികളാണ്, ഏറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്‍ടി 20 യുടെ വിജയം. ഒരു വ്യവസായ സ്ഥാപനം കുറഞ്ഞ നിരക്കില്‍ സാധന സാമഗ്രികള്‍ വിതരണം ചെയ്ത് തുടങ്ങിയ സംരംഭത്തിനാണ് ക്രമേണ പാര്‍ലമെന്‍ററി പാര്‍ട്ടികളുമായി മത്സരിച്ചു കൊണ്ട് പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ഫലത്തില്‍ ജനത്തിന് ഏതെങ്കിലും തരത്തിലുള്ള പുത്തന്‍ വികസന മാതൃകയൊന്നും ലഭിക്കുന്നില്ല പകരം ഒരു പക്ഷേ പതിവ് രാഷ്ട്രീയക്കാരുടെ അഴിമതിക്ക് നിയന്ത്രണം ഉണ്ടായേക്കാം. എന്നാല്‍ എന്തുകൊണ്ടാണ് ഈ പഞ്ചായത്തിലെ ജനത്തിന് രാഷ്ട്രീയക്കാരേക്കാള്‍ വിശ്വാസം ഒരു കമ്പനിയോടുണ്ടായി എന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. മാത്രമല്ല ഇതൊന്ന് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. സത്യം കമ്പ്യൂട്ടേഴ്‌സും, ഇന്‍ഫോസിസും, ടാറ്റാ കമ്പനിയും എല്ലാം തന്നെ കുടിവെള്ള വിതരണം മുതല്‍ ആരോഗ്യപരിപാലനം വരെ സൗജന്യമായി അവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട് . അതെല്ലാം തന്നെ ഏറ്റവും ദരിദ്രരായ അതോടൊപ്പം സര്‍ക്കാര്‍ അവഗണിച്ച മനുഷ്യരിലാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരുകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഒരു തരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ കിഴക്കമ്പലം പരീഷണം അധികാരത്തിന്റെ സ്വകാര്യവല്‍ക്കരണം എന്ന രീതിയിലും വിലയിരുത്താവുന്നതാണ്. ഇതൊരു ദീര്‍ഘകാല പ്രതിഭാസമാകണമെന്ന് വിലയിരുത്താനും സമയമായിട്ടില്ല. എന്നാല്‍ കിഴക്കമ്പലം പരീക്ഷണം പ്രാദേശിക രാഷ്ട്രീയത്തെ ശക്തമായി സ്വാധീനിക്കും, പ്രത്യേകിച്ചും നയരൂപീകരണത്തെ. പ്രത്യക്ഷത്തില്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റത്തിന് ഇത് കാരണമാകാം. ട്വന്‍ടി 20 എന്ന സംഖ്യത്തിന് കക്ഷിരാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദം ഉണ്ടാകില്ല. അതോടൊപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ട് താനും. അവരെ സംബന്ധിച്ചിടത്തോളെ വന്‍ വാഗ്ദാനങ്ങളോ നയരൂപീകരണങ്ങളോ നടത്തേണ്ടതില്ല എന്നത് നേട്ടം തന്നെയാണ്. സര്‍ക്കാര്‍ വികസന നയത്തില്‍ ഉണ്ടായ വ്യതിയാനവും പഞ്ചായത്തില്‍ നിന്നും (സര്‍ക്കാരിന്) ലഭിക്കുന്ന അവകാശങ്ങള്‍ക്കുണ്ടായ പരിമിതപ്പെടലും ആണ് ട്വന്റി 20 പോലെയുള്ള സംഖ്യത്തിലേക്ക് പൊതുജനങ്ങളെ നയിക്കുന്നത്.

രാഷ്ട്രീയപാര്‍ട്ടികളോടുള്ള എതിര്‍പ്പും അഴിമതിയുമാണ് ജനങ്ങള്‍ ഇത്തരം ബദല്‍ മാതൃക തെരഞ്ഞെടുക്കാന്‍ കാരണം. രാഷ്ട്രീയക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍ത്തുന്ന ഈ പരീക്ഷണം അരാഷ്ട്രീയമാണെന്ന വാദം ഉയരാം. പ്രത്യേകിച്ചും സംഘടിത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും. രാഷ്ട്രീയപാര്‍ട്ടികളെ അപ്രസക്തമാക്കിയെങ്കിലും ഇത് പൊതു സമൂഹത്തിന് നല്‍കുന്ന സന്ദേശം വരും കാലങ്ങളില്‍ അരാഷ്ട്രീയതയ്ക്ക് കാരണമാകാം. അതോടുകൂടി ഇതിന്റെ പിന്നില്‍ നിലകൊള്ളുന്ന സാമ്പത്തിക രാഷ്ട്രീയത്തിന് പൊതുസ്വീകാര്യത ലഭിക്കും. ഇതിന്റെ പിന്നില്‍ പ്രവൃത്തിച്ച കമ്പനിക്ക് അവരുടെ താല്‍പര്യം പൊതുതാല്‍പര്യമായി വ്യാഖ്യാനിക്കാന്‍ കഴിയും. മാത്രമല്ല പ്രാദേശിക വികസന നയത്തെ നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം കമ്പനി താല്‍പര്യമാകാം.എണ്ണത്തില്‍ കുറഞ്ഞതാണെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിയും, എസ് ഡി പി ഐയും നേടിയ സീറ്റുകളും പ്രാദേശിക രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും മുസ്‌ളിം ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ വീക്ഷണം കൊണ്ടുവരാന്‍ കഴിയും. ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്പെട്ട സൂചനകളിലൊന്ന് ഇതാണ്. ഇതിനിടയില്‍ കാസര്‍കോട് മത്സരിച്ച ദളിത് സാമൂഹിക പ്രവര്‍ത്തകരുടെ പരാജയവും, ആറളം ഫാം മേഖലയില്‍ മത്സരിച്ച ആദിവാസി ഗോത്രമഹാസഭയുടെ സ്ഥാനാര്‍ത്ഥികളുടെ പരാജയവും ചില വിശകലനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. കാരണം ദളിത് ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്നവര്‍ തിരഞ്ഞെടുപ്പില്‍ പരാജപ്പെടുന്നത് പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ പരാജയം തന്നെയാണ്. ട്വന്റി 20 യ്ക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും, എസ് ഡി പി ഐക്കും കിട്ടിയ പിന്തുണ ദളിത് ആദിവാസി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുന്നില്ല എന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. ആറളം ഫാം ആദിവാസി പുനരധിവാസത്തിനായി കണ്ടെത്തിയതും കേരളത്തില്‍ ആദിവാസി സമൂഹത്തിന്റെ നിലനില്‍പ്പിനായി സമരം ചെയ്ത സംഘടന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പിന്നോക്കം പോകുന്നതിന് പിന്നില്‍ സംഘടിത രാഷ്ട്രീയത്തിന്റെ താല്‍പര്യമാണ്. ആദിവാസി ഗോത്രമഹാസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹം പിന്തുണ നല്‍കുന്നുണ്ട് എന്നാല്‍ അവര്‍ അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ അംഗീകരിക്കില്ല. അതുകൊണ്ട് മത്സരിക്കുക എന്നാല്‍ ഇത്തരം അധികാരസംബന്ധങ്ങളെ ചോദ്യം ചെയ്യുകകൂടിയാണ്. പരിസ്ഥിതി പ്രവര്‍ത്തകരും ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്തുവരും പലപ്പോഴായി തെരഞ്ഞെടുപ്പില്‍ ഒരു പ്രതിഷേധം എന്ന നിലയ്ക്ക് മത്സരിച്ചിട്ടുണ്ട്, അവരെല്ലാംതന്നെ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടു എന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന അധികാരത്തിന്റെ മേധാവിത്വം സ്ഥാപിച്ചു കൊടുക്കലാണ്.

കാസര്‍ഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കില്‍ മത്സരിച്ച സാമൂഹികപ്രവര്‍ത്തകയായ ഗിരിജയുടെ പരാജയം നേരത്തെ സൂചിപ്പിച്ച അധികാര ബന്ധത്തിന്റെ വിജയമാണ്. ദളിത് ആദിവാസി സമൂഹത്തിന്റെ ജീവിതത്തില്‍ തന്‍റേതായ രീതി ചലനമുണ്ടാക്കാന്‍ കഴിഞ്ഞ ഒരു സാമൂഹിക പ്രവര്‍ത്തകയായിട്ടും തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനം പോയത് അവരുടെ പ്രവര്‍ത്തനത്തെ ജനം നിഷേധിച്ചതുകൊണ്ടല്ല മറിച്ച് സംഘടിത അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുക എന്ന താല്‍പര്യത്തിന്റെ ഫലമായിട്ടാണ്. എന്നാല്‍ മൂന്നാര്‍ സമരനായിക ഗോമതിയുടെ വിജയം ഇതിനൊരപവാദമല്ല. കാരണം ഗോമതിയുടെ രാഷ്ട്രീയം ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നില്‍ക്കുന്നു എന്നത് പ്രത്യേകമായി കാണേണ്ടതാണ്. ഗോമതി ചോദ്യം ചെയ്തത് കൃത്യമായ ഒരു വിഷയത്തെയാണ്. അത് ഏറെക്കുറെ ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്റെ പരാജയത്തില്‍ നിന്നുണ്ടാകുന്ന വിജയമാണ്. അതുകൊണ്ടുതന്നെ അവരുടെ രാഷ്ട്രീയത്തിന്റെ നിലനില്‍പ്പ് പ്രാദേശിക ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്റെ പരാജയത്തില്‍ അടിസ്ഥാനമാക്കിയാണ്. അവര്‍ പുതിയ ഒരു ശക്തിയായി മാറിയില്ലായെങ്കില്‍ സംഘടിത ട്രേഡ്‌യൂണിയനുകള്‍ ഗോമതിയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുമെന്നത് സംശയമില്ലാത്തതാണ്.

തീവ്രമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, പൊതു സമൂഹത്തിനെ ബാധിക്കുന്ന വികസനപ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് വിഷയം അല്ലാതാകുന്നതോടെ രാഷ്ട്രീയം ജനവിരുദ്ധമായിത്തീരും. കേരള രാഷ്ട്രീയം അതിനൊരു അപവാദമല്ല എന്നതാണ് സത്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories