TopTop
Begin typing your search above and press return to search.

എല്‍ ഡി എഫിനെ തിരിച്ചറിഞ്ഞു ന്യൂനപക്ഷം; മനക്കോട്ട തകര്‍ന്ന് യു ഡി എഫ്

എല്‍ ഡി എഫിനെ തിരിച്ചറിഞ്ഞു ന്യൂനപക്ഷം; മനക്കോട്ട തകര്‍ന്ന് യു ഡി എഫ്

ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും എല്‍.ഡി.എഫ് വന്‍വിജയം കൊയ്തപ്പോള്‍ കഴിഞ്ഞ തവണത്തെ മികച്ച വിജയം ആവര്‍ത്തിക്കുന്നത് സ്വപ്‌നം കണ്ട യു.ഡി.എഫ് തകര്‍ന്നടിഞ്ഞു. അപ്രതീക്ഷിത മുന്നേറ്റത്തില്‍ നേട്ടമുണ്ടാക്കിയ ബി.ജെ.പി പലേടത്തും നിര്‍ണായകശക്തിയായി എന്നതിന് പുറമേ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ളിടങ്ങളില്‍ രണ്ടാമതെത്തി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിലെ അതേ വിജയം ആവര്‍ത്തിക്കാനായില്ലെങ്കില്‍പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വ്യക്തമായ മേധാവിത്വം പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യമുയര്‍ത്തി ഈ തിരഞ്ഞെടുപ്പ് സെമിഫൈനല്‍ ആണെന്ന് യു.ഡി.എഫ് നേതൃത്വം വിശേഷിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണിതെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ അത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കി. എന്നാല്‍, ഫലം വന്നതോടെ ഗ്രാമപഞ്ചായത്തു മുതല്‍ ജില്ലാപഞ്ചായത്തുവരെ എല്ലായിടത്തും കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന് നേരിടേണ്ടിവന്നത്.യു.ഡി.എഫ് കോട്ടകളായിരുന്ന പലേടത്തും മൂന്നാം സ്ഥാനത്താണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് ജയിച്ചെങ്കില്‍ മന്ത്രി കെ.ബാബുവിന്റെ തൃപ്പുണിത്തുറയില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്.എ.കെ.ആന്റണിയും എം.എം.ഹസ്സനും വോട്ടിട്ട, മന്ത്രി വി.എസ്.ശിവകുമാറിന്റെ നിയമസഭാമണ്ഡലത്തില്‍പ്പെട്ട ജഗതിയില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ പകുതിപോലും നേടാനാകാതെ മൂന്നാമതായി.

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ 2006നുശേഷം പിന്നീടിങ്ങോട്ട് തിരിച്ചടികള്‍മാത്രം തിരഞ്ഞെടുപ്പില്‍ ശീലിച്ച എല്‍.ഡി.എഫിന് ഇപ്പോഴത്തെ വന്‍വിജയം മൃതസഞ്ജീവനിയായി. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോറ്റിരുന്നെങ്കില്‍ കേരളം മറ്റൊരു ബംഗാളായിത്തീരുമായിരുന്നു. പതിവിന് വ്യത്യസ്തമായി വി.എസ്. അച്യുതാനന്ദനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ നായകനായി അവതരിപ്പിച്ച് ഒത്തൊരുമയോടെ സി.പി.എം പ്രചാരണത്തിനിറങ്ങിയപ്പോള്‍ വന്‍വിജയം നല്‍കി കേരളീയര്‍ അനുഗ്രഹിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ളിടങ്ങളില്‍ വി.എസ്സിനെ പ്രചാരണത്തിനെത്തിച്ച് വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച എല്‍.ഡി.എഫിന് അത് വോട്ടാക്കി മാറ്റാനുമായി. കാരായിമാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുള്‍പ്പെടെയുള്ളതിലെ വ്യത്യസ്താഭിപ്രായം പൊതുവേദിയില്‍ തുറന്നു പറയാതെ വി.എസ്സും തിരഞ്ഞെടുപ്പുവിജയം എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടപ്പോള്‍ ഒറ്റക്കെട്ടായ സി.പി.എമ്മിന് അനിവാര്യമായ വമ്പന്‍ വിജയം സ്വായത്തമാക്കാനായി.ബി.ജെ.പി കഴിഞ്ഞ കുറേ നാളായി നടത്തിവന്ന ചിട്ടയായ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണ് ഇപ്പോഴത്തെ മികച്ച പ്രകടനം.എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണ ചില കേന്ദ്രങ്ങളില്‍ അപ്രതീക്ഷിതമുന്നേറ്റത്തിന് വഴിയൊരുക്കി എന്നുവേണം കരുതാന്‍. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തായെന്നുമാത്രമല്ല, മികച്ച വിജയം പ്രതീക്ഷിച്ച ചേര്‍ത്തല നഗരസഭയില്‍ യോഗം - ബി.ജെ.പി സഖ്യത്തിന് ചെറുചലനംപോലും സൃഷ്ടിക്കാനായില്ല. കൊല്ലം, ആലപ്പുഴ ജില്ലകളിലും ഈ സഖ്യത്തിന് ലക്ഷ്യമിട്ടിരുന്ന നേട്ടം സ്വായത്തമാക്കാനായില്ല.പത്തനംതിട്ടയില്‍ ആറന്‍മുള വിമാനത്താവളത്തിനെതിരെ നടത്തിവന്ന പ്രക്ഷോഭം അവിടെ സൃഷ്ടിച്ച ചലനങ്ങള്‍ വോട്ടായി മാറിയിട്ടുണ്ട്.തിരുവനന്തപുരത്തും ഇടുക്കിയിലും ഈ സഖ്യം നേട്ടമുണ്ടാക്കിയതായി കരുതേണ്ടിവരും.

ബി.ജെ.പി - യോഗം സഖ്യമാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. എല്‍.ഡി.എഫിന്റെ, പ്രത്യേകിച്ചും സി.പി.എമ്മിന്റെ അടിത്തറ ഇതോടെ ഇളകുമെന്നായിരുന്നു യു.ഡി.എഫ് കരുതിയത്. അങ്ങനെ വരുമ്പോള്‍ തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന നായര്‍ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും കഴിഞ്ഞ തവണത്തെ വിജയത്തിലേക്കെത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. ബി.ജെ.പി - യോഗം സഖ്യത്തിനെതിരേ ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ എസ്.എന്‍.ട്രസ്റ്റ് നിയമന അഴിമതിയും മൈക്രോഫിനാന്‍സ് തട്ടിപ്പും തുറന്നടിച്ച് അദ്ദേഹം കളം നിറഞ്ഞപ്പോള്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പിന്തുണയുമായി ഒപ്പംകൂടി. എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനൊഴികെ മറ്റ് യു.ഡി.എഫ് നേതാക്കളാരും ബി.ജെ.പി - യോഗം സഖ്യത്തിനെതിരെ പ്രതികരിക്കാന്‍പോലും തയ്യാറായില്ല.സി.പി.എമ്മിനെ തകര്‍ക്കാനായുള്ള ഈ കൂട്ടുകെട്ടിനെതിരെ പ്രതികരിച്ച് വശക്കേടുണ്ടാക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.

ഇതിനിടയില്‍ ബീഫ് കഴിച്ചെന്ന പേരില്‍ ആട്ടിറച്ചി കഴിച്ച ആളെ ബി.ജെ.പിക്കാര്‍ തല്ലിക്കൊന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് വി.എസ് 'പശു മാതാവാണെങ്കില്‍ കാള ആരാണെ'ന്ന പരിഹാസവുമായി എത്തി. കേരളഹൗസിലെ ബീഫ്‌റെയ്ഡിനെയും തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ 'ബീഫ് സംഘര്‍ഷവും' ആയുധമാക്കി മാറ്റിയത് എല്‍.ഡി.എഫാണ്. ഇവിടെയൊക്കെ പ്രതികരിച്ചെന്നു വരുത്താന്‍ വേണ്ടിയുള്ള പ്രതികരണം യു.ഡി.എഫിന് ദോഷമായി.സംഘപരിവാറിനെതിരെ ശക്തമായി നിലയുറപ്പിക്കാന്‍ എല്‍.ഡി.എഫിനേ കഴിയൂ എന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞു. ഇത് യു.ഡി.എഫിന്റെ അടിത്തറ ഇളക്കി. കുറഞ്ഞ പലിശക്കു വായ്പ വാങ്ങി സമുദായാംഗങ്ങള്‍ക്ക് കൊള്ളപ്പലിശക്കാണ് വെള്ളാപ്പള്ളി നല്‍കുന്നതെന്ന് തെളിവ് സഹിതം വി.എസ് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ യോഗത്തിന് കഴിഞ്ഞില്ല. വി.എസ്സിന്റെ ഈ മൈക്രോഫിനാന്‍സ് വിവാദം ഫലത്തില്‍ ഈഴവസമുദായത്തിലെ സാധാരണക്കാരെ എല്‍.ഡി.എഫിനൊപ്പം ഉറപ്പിച്ചുനിര്‍ത്തി. എന്‍.എസ്.എസ് ശക്തമായി എതിര്‍ത്തെങ്കിലും നായര്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പതിവുപോലെ ഒഴുകി. അതോടെ, യു.ഡി.എഫിന്റെ മനക്കോട്ടകള്‍ നിലംപരിശായി.ഗ്രാമപഞ്ചായത്തുകളില്‍ ആകെയുള്ള 941ല്‍ 552 എണ്ണം എല്‍.ഡി.എഫിന് സ്വന്തമായി. 352 എണ്ണത്തില്‍ യു.ഡി.എഫിന് ഒതുങ്ങേണ്ടി വന്നപ്പോള്‍ ബി.ജെ.പിക്ക് പതിനാറിടത്ത് മുന്നിലെത്താനായി. ആകെയുള്ള 152 ബ്‌ളോക്ക് പഞ്ചായത്തുകളില്‍ തൊണ്ണൂറും എല്‍.ഡി.എഫിനാണ്. അറുപത്തൊന്നിടത്ത് യു.ഡി.ഫ് വിജയിച്ചു. ഇടുക്കിയിലെ അറക്കുളം സ്വതന്ത്രര്‍ പിടിച്ചുപ്പോള്‍ ബി.ജെ.പിക്ക് ഒരിടത്തുപോലും വിജയിക്കാനായില്ല. ജില്ലാ പഞ്ചായത്തില്‍ ഏഴുവീതം എല്‍.ഡി.എഫിനും യു.ഡി.എഫിനും കിട്ടിയെങ്കിലും നേട്ടം എല്‍.ഡി.എഫിനാണ്. 8-6 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥിതി. ഇത്തവണ തിരുവനന്തപുരം,തൃശൂര്‍ എന്നിവ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചപ്പോള്‍ കഴിഞ്ഞ തവണ ഭരിച്ചിരുന്ന കാസര്‍കോട് ഇക്കുറി എല്‍.ഡി.എഫിനെ കൈവിട്ടു.

മുസ്‌ലിംലീഗിന്റെ മലപ്പുറത്തെ ശക്തികേന്ദ്രങ്ങളിലും എല്‍.ഡി.എഫ് കടന്നുകയറി. ലീഗ് കോട്ടകളായ കൊണ്ടോട്ടി, തിരൂര്‍ എന്നിവ യു.ഡി.എഫിനെ കൈവിട്ടു. ലീഗ്- കോണ്‍ഗ്രസ് ഏറ്റുമുട്ടലിലൂടെ ശ്രദ്ധേയമായിരുന്നു കൊണ്ടോട്ടി. പെരിന്തല്‍മണ്ണ, പൊന്നാനി നഗരസഭകളും എല്‍.ഡി.എഫിനാണ്. എന്നിരുന്നാലും മലപ്പുറത്ത് ലീഗ് മേധാവിത്വം നിലനിര്‍ത്തിയിട്ടുണ്ട്.

പാലായിലും കോട്ടയത്തും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായി. എന്നാല്‍, പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കേരളാ കോണ്‍ഗ്രസ്(എം)ന്റെ നിര്‍മ്മലാ ജിമ്മിയെ അട്ടിമറിച്ച് വിജയം നേടാനായത് പി.സി.ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ മികവായി. ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫ് ഭരണത്തിലേക്കെത്തുന്നതിന് പിന്നിലും ജോര്‍ജിന്റെ പങ്ക് ചെറുതല്ല.

കോര്‍പ്പറേഷനുകളില്‍ കടുത്ത വിമതനീക്കങ്ങള്‍ക്കും പടലപ്പിണക്കങ്ങള്‍ക്കും നിമിത്തമായെങ്കിലും കൊച്ചി നിലനിര്‍ത്താനായത് യു.ഡി.എഫിന് ആശ്വാസം പകരും. എന്നാല്‍,തൃശൂര്‍ കൈവിട്ട യു.ഡി.എഫ് പുതിയതായി രൂപീകരിച്ച കണ്ണൂര്‍ നിലനിര്‍ത്താന്‍ ഒരു കാരണവശാലും പിന്തുണതേടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിമതന്റെ കാലുപിടിക്കേണ്ട ഗതികേടിലാണ്. അവിടെ എല്‍.ഡി.എഫും യു.ഡി.എഫും 27 സീറ്റുവീതം നേടി. കോഴിക്കോട്,കൊല്ലം കോര്‍പ്പറേഷനുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നൂറില്‍ 51 സീറ്റുനേടി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് ഇത്തവണ 43 സീറ്റുനേടി ഏറ്റവും വലിയ മുന്നണിയായപ്പോള്‍ ആറു സീറ്റുണ്ടായിരുന്ന ബി.ജെ.പി 34 സീറ്റോടെ രണ്ടാമതെത്തി. 21 സീറ്റുമായി യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്കൊതുങ്ങി.

ആര്‍.എസ്.പി സ്വന്തം ശക്തികേന്ദ്രമായ കൊല്ലത്ത് കനത്ത തിരിച്ചടി നേരിട്ടു. മന്ത്രി ഷിബുബേബിജോണിന്റെ വാര്‍ഡിലും എല്‍.ഡി.എഫ് ജയിച്ചു. വയനാട്ടിലും എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോള്‍ അടിയായത് ജനതാദള്‍(യു)വിനാണ്. ആര്‍.എസ്.പി, ജനതാദള്‍(യു) എന്നിവ നിലപാട് പുന:പരിശോധിക്കണമെന്ന ആവശ്യം എല്‍.ഡി.എഫ് നേതാക്കള്‍ ഉയര്‍ത്തിയത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചക്കിടയാക്കും.

കൊല്ലത്ത് എല്‍.ഡി.എഫിന് വലിയ മുന്നേറ്റമാണുണ്ടായതെങ്കിലും ആര്‍.ബാലകൃഷ്ണപിള്ളക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കൊട്ടാരക്കര നഗരസഭയില്‍ എല്‍.ഡി.എഫിന് വിജയിക്കാനായെങ്കിലും എട്ടിടത്ത് മത്സരിച്ച പിള്ളയുടെ പാര്‍ട്ടി രണ്ടിടത്തേ കരകയറിയുള്ളൂ. അതേസമയം, കോട്ടയത്ത് പി.സി.ജോര്‍ജ് കരുത്തുകാട്ടി.ഈ തിരഞ്ഞെടുപ്പില്‍ രണ്ട് വിജയങ്ങള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. അതിലൊന്ന് മൂന്നാറിലെ 'പെമ്പിളൈ ഒരുമൈ'യുടെ വിജയമാണ്. അവരുടെ നേതാവ് ഗോമതി ബ്‌ളോക് പഞ്ചായത്തില്‍ വിജയിച്ചപ്പോള്‍ ഗ്രാമപഞ്ചായത്തിലും അവരുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി.

എറണാകുളത്തെ യു.ഡി.എഫ് കോട്ടയായ കിഴക്കമ്പലത്ത് കിറ്റെക്‌സ് ഗ്രൂപ്പിന്റെ 'ട്വന്റി 20' സംഘം 19ല്‍ 17 വാര്‍ഡു നേടി പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കിയതാണ് അടുത്തത്. കിറ്റെക്‌സുമായി കൊമ്പുകോര്‍ത്ത യു.ഡി.എഫ് രണ്ടു സീറ്റിലൊതുങ്ങേണ്ടിവന്നു. ബ്‌ളോക്കുപഞ്ചായത്തിലും ഈ പ്രദേശമുള്‍ക്കൊള്ളുന്ന രണ്ട് സീറ്റും 'ട്വന്റി20 'നേടി.

ബാര്‍ കോഴ തെരഞ്ഞെടുപ്പ് വിഷയമായില്ലെന്ന് പാലായിലെ വന്‍ വിജയം ചൂണ്ടിക്കാട്ടി മന്ത്രി കെ.എം.മാണി അവകാശപ്പെട്ടപ്പോള്‍ 'പാലാ അല്ല കേരള'മെന്ന മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍.പ്രതാപന്‍ രംഗത്തെത്തിക്കഴിഞ്ഞു. തൊലിപ്പുറത്തെ ചികിത്സമാത്രം പോര, നേതൃമാറ്റം ഉള്‍പ്പെടെ വേണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയത് യു.ഡി.എഫില്‍ ഉരുണ്ടുകൂടുന്ന കലഹത്തിന്റെ സൂചനയാണ്. അടുത്തയാഴ്ചത്തെ കെ.പി.സി.സി യോഗത്തില്‍ കെ.എം.മാണിക്കെതിരായ വികാരം ഉയരുമെന്നതില്‍ സംശയമില്ല. തിങ്കളാഴ്ച ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി ഉണ്ടായല്ലെങ്കില്‍ കെ.എം.മാണിക്ക് രാജിവയ്‌ക്കേണ്ടിവരും. എന്തായാലും ഇനിയുള്ള നാളുകള്‍ യു.ഡി.എഫിന് സുഗമമാവില്ല.

എല്‍.ഡി.എഫ് ഇപ്പോഴത്തെ വന്‍വിജയത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് മുന്നോട്ട് പോവേണ്ടിവരും. കാരണം, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വിജയം കൂടിയേ തീരൂ. പശ്ചിമബംഗാളില്‍ പ്രതീക്ഷ വേണ്ടാത്തതിനാല്‍ സാദ്ധ്യതയുള്ള വിജയം മികവുറ്റതാക്കാന്‍ യെച്ചൂരി ഒരു ഹെഡ്മാസ്റ്ററുടെ റോളിലുണ്ടാവുമെന്ന് ഉറപ്പാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories