TopTop
Begin typing your search above and press return to search.

കത്തുന്ന നാടുകള്‍; ലുഗാന്‍സ്കിലൂടെ ഒരു യാത്ര

കത്തുന്ന നാടുകള്‍; ലുഗാന്‍സ്കിലൂടെ ഒരു യാത്ര

സോര്യ ലുഹാന്‍സ്ക്, ഡൈനാമോ കീവ് അല്ല. പന്തുകളിയില്‍ അത്രയധികം നേട്ടങ്ങളൊന്നും അവര്‍ക്കില്ല. ഒടുവില്‍ ജേതാക്കളായത് 1972-ലാണ്. എപ്പോഴും ഒരു സഹായി അല്ലെങ്കില്‍ ഒരു ഭൃത്യവേഷം എന്നു തോന്നാമെങ്കിലും ഏതാണ്ടതുപോലെയാണ് കാര്യങ്ങള്‍. കീവീല്‍ നിന്നും ഒരുപാട് ദൂരെ; പന്തുകളിയിലായാലും, രാഷ്ട്രീയത്തിലായാലും.

ഉക്രെയിനെയും പരിസരമേഖലകളെയും ഞെരുക്കുന്ന കുഴപ്പങ്ങളുടെ കേന്ദ്രസ്ഥാനമാണ് ലുഹാന്‍സ്ക്, അല്ലെങ്കില്‍ പാശ്ചാത്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ ലുഗാന്‍സ്ക്. എത്രയോകാലം തങ്ങളുടെ പ്രതിഭകളായ കായികതാരങ്ങളുടെ പേരിലും - എക്കാലത്തെയും മഹാന്മാരില്‍ ഒരാളായ സെര്‍ഗെയ് ബുബ്ക ഉള്‍പ്പെടെ- ജനതയുടെ അദ്ധ്വാനശീലത്തിന്റെ പേരിലും പ്രശസ്തമായിരുന്നു ഈ പ്രദേശം. റഷ്യന്‍ ഹൃദയഭൂമിയുമായുള്ള അതിന്റെ ഭൌമസാമീപ്യം കൊണ്ട് റഷ്യയില്‍ നിന്നുള്ള പലതിനോടും ഈ മിശ്രിത കുടിയേറ്റ ജനതക്കിടയില്‍ ഊഷ്മളമായൊരു അടുപ്പമുണ്ട്.

വളരെ രൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ പ്രദേശത്തിന് ഓഗസ്ത് കടുത്തൊരു മാസമായിരുന്നു. റഷ്യന്‍ അനുകൂല വിഘടനവാദികളും, ദേശീയ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ലുഗാന്‍സ്കും പ്രാന്തപ്രദേശങ്ങളുമായിരുന്നു പ്രഭവകേന്ദ്രം. ഉക്രെയിന്‍റെ കിഴക്കന്‍ ഭൂവിഭാഗത്തിന്റെ നിയന്ത്രണം ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കുന്ന അതിന്റെ തന്ത്രപ്രധാന സ്ഥാനം എക്കാലത്തും നിര്‍ണ്ണായകമായിരുന്നു. ഇതിലേക്ക് പെട്രോളിയം എന്ന ഇന്ധനം കൂടി ചേരുന്നതോടെ സങ്കീര്‍ണ്ണതകള്‍ ഞൊടിയിടകൊണ്ടു മാറിമറയുന്നു.

ലുഗാന്‍സ്ക് എല്ലാ കാലത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, വാഹന നിര്‍മ്മാണത്തിനും, ഘനയന്ത്രങ്ങള്‍ക്കും പേരുകേട്ടതായിരുന്നു. ഇപ്പോള്‍ ആ പട്ടികയില്‍ എണ്ണയും കൂടി ഇടംപിടിച്ചിരിക്കുന്നു.

ഓഗസ്റ്റ് ആദ്യവാരത്തില്‍ ഇവിടെ അത്ര അസാധാരണമായ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അന്തരീക്ഷത്തില്‍ ആശങ്ക നിറഞ്ഞ നിശ്ചലത നിറഞ്ഞിരുന്നു. ഇടക്കൊക്കെ അകലെനിന്നും ചെറുപീരങ്കികളും തോക്കുകളും വെടിമുഴക്കിക്കൊണ്ടിരുന്നു. ചിലരൊക്കെ രക്ഷപ്പെടാനായി ഓടിക്കൊണ്ടിരുന്നു. സത്വപ്രതിസന്ധി തീര്‍ക്കാന്‍ യുദ്ധത്തില്‍ മുഴുകിയ ഒരു പ്രദേശത്തെ മറ്റൊരു സാധാരണ ദിവസമായി ഇതിനെ തള്ളിക്കളയാവുന്നതേയുള്ളൂ. ഒരു യാത്രാവിമാനം ഇവിടെനിന്നും അത്ര അകലെയല്ലാതെ വെടിവെച്ചു വീഴ്ത്തിയിട്ട് കുറച്ചു ആഴ്ചകളെ ആയുള്ളൂ. സ്വന്തം കാര്യം നോക്കി ഒതുങ്ങാന്‍ ആളുകള്‍ ശീലിച്ചിരിക്കുന്നു.

അസാധാരണമായ ശബ്ദത്തോട് കൂടിയ ഒരു സ്ഫോടനമാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അതിന്റെ പ്രഭവകേന്ദ്രം നഗരത്തിലെ താരതമ്യേന ശാന്തമായ ഒരു പാര്‍പ്പിടപ്രദേശവും. പക്ഷേ അവിടെ മാധ്യമപ്രവര്‍ത്തകര്‍ ചുറ്റിയടിച്ചു നടക്കുന്നതു കുഴപ്പത്തിലേക്ക് നയിക്കും. റോന്തുചുറ്റിയിരുന്ന ഒരു സുരക്ഷാവാഹനവും ആ ശബ്ദം ശ്രദ്ധിച്ചു. “സാധാരണ ശബ്ദമല്ല അത്. അതൊരു ആയുധത്തില്‍ നിന്നായിരിക്കില്ല, ഏറെക്കുറെ ഒരു നിയന്ത്രിത സ്ഫോടനം”. ആ ദിവസം ആകെ തിരക്കുപിടിച്ചതായതുകൊണ്ട് സുരക്ഷാതലവനും സംഘത്തിനും അങ്ങോട്ട് കുറെ നേരത്തേക്ക് പോകാനായില്ല. വൈകീട്ട് അവരവിടെ എത്തിയപ്പോള്‍, ഒരു വാതകക്കുഴലുമായി ഘടിപ്പിച്ചുള്ള ആ കെട്ടിടം മുഴുവന്‍ തീപിടിച്ചിരുന്നു. വിദേശ കമ്പനികളുടേതടക്കം നിരവധി കാര്യാലയങ്ങള്‍ അഗ്നിക്കിരയായി. തീ കെടുത്താന്‍ ഏകോപിതമായ ഒരു ശ്രമവും നടക്കുന്നില്ലായിരുന്നു. “തീ ഇങ്ങനെ കത്തുമ്പോള്‍ ആര്‍ക്കാണ് അവിടെ കയറാന്‍ കഴിയുക. ഇത്തരമൊരു കെട്ടിടം രക്ഷിക്കാന്‍ ആര് വെറുതെ ജീവന്‍ കളയും”, സംഘത്തലവന്‍ ചോദിച്ചു.

പിറ്റേന്നു രാവിലെ ഞങ്ങള്‍ വീണ്ടും ഇറങ്ങി. അപ്പോഴേക്കും പ്രാദേശിക മാധ്യമങ്ങള്‍ തീപിടിത്തവും നഷ്ടവുമൊക്കെ വാര്‍ത്തയാക്കിയിരുന്നു. ദൃക്സാക്ഷികളും വാര്‍ത്തകളും ഒക്കെ നിറഞ്ഞു. ജീവാപായം മുന്നില്‍ക്കണ്ടുതന്നെ ഞങ്ങളുടെ വാഹനം അപകടസ്ഥലത്തെത്തി.

എന്തായാലും സംശയകരമായ സാഹചര്യം നിലനിന്നിരുന്നതിനാല്‍ ഭാഗ്യത്തിന് ഇവിടുത്തെ മിക്ക കമ്പനികളും 45 ദിവസം മുമ്പ്തന്നെ സ്ഥലം കാലിയാക്കിയിരുന്നു. “ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അപകടസാധ്യതയുണ്ട് എന്നു ഞങ്ങള്‍ക്ക് തോന്നിയിരുന്നു. ഇത് കച്ചവടക്കാര്‍ക്കെതിരായ ആക്രമണമല്ല. മറിച്ച് ഞങ്ങള്‍ ഇതിന്റെ ഇടയില്‍പ്പെടുന്നതാണ്,” ഒരു എണ്ണക്കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആ പരിസരത്തിനും, അടിസ്ഥാനസൌകര്യങ്ങള്‍ക്കും സംഭവിച്ച വന്‍തോതിലുള്ള കേടുപാടുകളെക്കുറിച്ച് അദ്ദേഹമൊന്നും പറഞ്ഞില്ല. തങ്ങളുടെ രേഖകളൊക്കെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യാ ഏര്‍പ്പാടുകള്‍ ഈ കമ്പനികളെല്ലാം ചെയ്തിരിക്കും. എന്നാലും മറ്റ് ആസ്തികളൊക്കെ അവിടെത്തന്നെ വെച്ചിട്ടുണ്ടാകും. അതെല്ലാം തീപിടിത്തത്തില്‍ നശിച്ചിരിക്കും.

മനുഷ്യരുണ്ടാക്കിയ മറ്റൊരു ദുരന്തം. ഇന്‍ഷ്വറന്‍സുകാര്‍ക്കും അഭിഭാഷകര്‍ക്കും മറ്റൊന്ന്. എന്നത്തേയുംപോലെ തോറ്റവരും ജയിച്ചവരും ആരെന്ന് ഉടനടി നിശ്ചയിക്കാനുമാവില്ല.


Next Story

Related Stories