TopTop
Begin typing your search above and press return to search.

വീണ്ടും ഗൃഹാതുരത; പക്ഷേ വാങ്ങാനാളില്ല

വീണ്ടും ഗൃഹാതുരത; പക്ഷേ വാങ്ങാനാളില്ല

ലുക്കാ ചുപ്പി എന്ന് കേൾക്കുമ്പോൾ രംഗ് ദേ ബസന്തിയിലെ ആ ഹിറ്റ്‌ ഗാനമാവും സിനിമാ പ്രേമികൾക്ക് ആദ്യം ഓർമ വരിക. ഒളിച്ചേ കണ്ടേ എന്നർത്ഥമുള്ള, കൌതുകമുണ്ടാക്കുന്ന, ഇതേ പേരിലുള്ള മലയാള സിനിമ കാണാൻ പോയപ്പോൾ കണ്ടത് പക്ഷെ ഒരാൾ പോലും കാണാൻ വരാതെ സിനിമ തുടങ്ങാൻ മടികാട്ടുന്ന ഒരു റിലീസ് ദിവസ തീയറ്റർ ആണ്. ജയസൂര്യ, മുരളീ ഗോപി, രമ്യ നമ്പീശൻ എന്നിവരുടെ താര സാന്നിധ്യം നവാഗത സംവിധായകൻ ബാഷ് മുഹമ്മദിനെ ഒട്ടും തുണക്കാത്ത പോലെ തോന്നി. പ്രേമം അടക്കമുള്ള സമീപ കാല ഹിറ്റുകൾക്കിടയിൽ കാണിച്ച ട്രെയിലറും ജന ശ്രദ്ധ നേടിയില്ല. ലുക്കാ ചുപ്പിയുടെ സാമാന്യം നീളമുള്ള ട്രയിലറിൽ കണ്ടതിൽ കൂടുതലായി ഒന്നും ആ സിനിമയിൽ ഇല്ല.

14 കൊല്ലം മുൻപ് കോളേജിൽ പഠിച്ചിറങ്ങിയ സുഹൃത്തുക്കളുടെ കൂടിച്ചേരലും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ കാഥാതന്തു. കാമ്പസ്‌ നഷ്ടപ്രണയം ഉള്ളിൽ പേറുന്ന മുരളി ഗോപിയുടെ സിദ്ധാർഥ്, അസ്തിത്വ ദുഃഖം കൊണ്ട് പൊറുതിമുട്ടിയ ജയസൂര്യയുടെ രഘു, അയാളുടെ ഭാര്യ ചിഞ്ചു, കുരുവിളയുടെ ആനി, ഭാര്യയേയും വീടുകാരെയും കൊണ്ട് പൊറുതി മുട്ടുന്ന ജോജോയുടെ റഫീക്ക് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. റാങ്ക് ഹോൾഡർ ആയ ഓട്ടോക്കാരൻ ബൈജു, സിദ്ധാർഥിന്റെ നഷ്ടപ്രണയിനി രാധിക, സൈജു കുറുപ്പിന്റെ പള്ളീലച്ചൻ എന്നിവരാണ്‌ ഇവർക്ക് ചുറ്റും നിൽക്കുന്ന മറ്റു കഥാപാത്രങ്ങൾ. സിദ്ധാർഥിന്റെ ഭാര്യ രേവതിയായി രമ്യ നമ്പീശനും റഫീക്കിന്റെ ഭാര്യ സഫിയയായി മുത്തുമണിയും എത്തുന്നു.ലുക്കാ ചുപ്പി പലപ്പോഴും ഒരു ചെറു കഥയുടെ ഫീൽ ആണ് തരുന്നത്. ഗഫൂർ അറക്കലിന്റെ കഥ തിരക്കഥയാവാൻ മറന്ന പോലെ തോന്നുന്നു. സിദ്ധാർഥിനു രാധികയോടുള്ള പറയാൻ മറന്ന പ്രേമവും, രഘുവിന്റെ അസ്തിത്വ ദുഖവും, ആല്‍കെമിസ്റ്റ് എന്ന് പേരുള്ള ബഫലോ സോൾജ്യർ പാട്ട് ഒഴുകി വരുന്ന ഓട്ടോറിക്ഷയും ഒക്കെ കഥ വായിക്കും പോലുള്ള അനുഭവമാണ് നൽകുക. സിംബലിസത്തിന്റെ അതിപ്രസരം സിനിമയുടെ ഒഴുക്കിന് തടസ്സം നിൽക്കുന്നു. ലുക്കാ ചുപ്പി എന്ന പേരും കഥയും തമ്മിലുള്ള ബന്ധം പോലും ചിന്തയെ വല്ലാതെ ആവശ്യപ്പെടുന്നുണ്ട്.

കഥാപാത്രങ്ങൾക്ക്‌ വ്യക്തിത്വം ഉണ്ടെങ്കിലും അവരെ വികസിപ്പിക്കാൻ ഉള്ള ശ്രമം സംവിധായകൻ നടത്തുന്നില്ല. ജീവിതത്തിന്റെ തിരക്കിനിടയിൽപ്പെട്ട് പാട്ട് നഷ്ടപ്പെട്ട സിദ്ധാര്‍ത്തും ഡോക്ടർ ആകാൻ കൊതിച്ചു ഡോക്ടറെ വിവാഹം കഴിച്ചു ജീവിക്കേണ്ടി വന്ന സുഹറയും സാധ്യതകൾ ഉള്ള കഥാപാത്രങ്ങൾ ആയിരുന്നെങ്കിലും പല കഥാപാത്രങ്ങൾക്കിടയിൽപ്പെട്ട് സംവിധായകൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് സിനിമ തരുന്നത്. കുടുംബ ജീവിതത്തിൽ പല തരത്തിലുള്ള മടുപ്പുകളും അതൃപ്തികളും ഉള്ളവരാണ് സിനിമയിലെ എല്ലാ കഥാപാത്രങ്ങളും. പക്ഷെ അഞ്ചു മിനിട്ട് നേരം നീണ്ട ഉപദേശത്തിലൂടെ ഇവരുടെ ആശയകുഴപ്പങ്ങളും സംഘർഷങ്ങളും തീരുന്നത് വളരെ വിരസമായ കാഴ്ചയാകുന്നു.

സിനിമയുടെ 90 ശതമാനത്തിലേറെ മദ്യപാന രംഗങ്ങൾ ആണ്. ഒറ്റ ദിവസം, ഒറ്റ സ്ഥലം എന്നീ യുക്തികളെ സ്ഥാപിച്ചെടുക്കാൻ വേണ്ടിയാണ് ഇതെങ്കിലും കാഴ്ച്ചയെ വല്ലാതെ മുഷിപ്പിക്കുന്നു. പ്രത്യേകിച്ച് ഒരു വഴിത്തിരിവും സിനിമയിൽ ഇല്ലാത്തതുകൊണ്ട് തന്നെ ആവർത്തന വിരസത ഉണ്ടാക്കുന്ന രംഗങ്ങൾ ആണിവ. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണത്തിനും സിനിമയെ കാര്യമായി സഹായിക്കാൻ ആയില്ല. അശ്രദ്ധമായ എഡിറ്റിംഗ് രസം കൊല്ലി ആകുന്നു.ഇവരുടെ കാമ്പസ്‌ രംഗങ്ങൾ ദൃശ്യവല്കരിക്കുക എന്ന സാഹസത്തിനു സംവിധായകൻ മുതിരാത്തത് ആശ്വാസമായി. പക്ഷെ മഴയിലും ക്ലാരയിലും പ്രണയങ്ങളിലും മുങ്ങിയ ആ ഓർത്തെടുക്കലുകൾ ഒരു തലമുറയിലും ഗൃഹാതുരത ഉണ്ടാക്കും എന്ന് തോന്നുന്നില്ല. അസ്മിത സൂദിനെ പോലെ അടിമുടി മോഡലിന്റെ ശരീര ഭാഷയുള്ള ഒരാളെ 80 കളിലെ കുരുക്കുത്തി മുല്ല എന്നൊക്കെ പറഞ്ഞു അവതരിപ്പിക്കുന്നത് പ്രേക്ഷകർ സ്വീകരിക്കാൻ സാധ്യത ഇല്ല. ഇപ്പോഴും 20 കളിൽ നിൽക്കുന്ന ഈ നടി കൂട്ടത്തിൽ ചേരാതെ നിൽക്കുന്നു.

കാമ്പസ്‌ ഓർമ്മകൾ വരുന്ന സിനിമകൾ, സുഹൃത്തുക്കളുടെ ഒത്തു ചേരൽ ഒക്കെ പ്രേക്ഷകർക്ക്‌ പ്രിയപ്പെട്ടവയാണ്. തരംഗമായ ലാൽജോസ് ചിത്രം ക്ലാസ്സ്‌മേറ്റ്സിനു ശേഷം നാടിന്റെ മുക്കിലും മൂലയിലും പൂർവ വിദ്യാർഥി സംഗമങ്ങൾ ഉണ്ടായി. റ്റു ഹരിഹർ നഗറും ഇടുക്കി ഗോൾഡും മറ്റൊരു രീതിയിൽ ഈ ഒത്തു ചേരൽ കഥ പറയുന്ന സിനിമകളാണ്. ഇതിന്റെയൊക്കെ താരതമ്യങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നത് ഇതേ ത്രെഡ് ഉള്ള ഈ സിനിമക്ക് അസാധ്യമാണ്. കാലം തെറ്റി വന്ന ഗൃഹാതുരതകളും കഥയ്ക്കും തിരക്കഥക്കും ഇടയില്‍ പെട്ടുപോയ കഥാപാത്രങ്ങളും ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും ലുക്കാ ചുപ്പിയെയും സ്വന്തം ഭാഗം നന്നായി ചെയ്ത നടീനടന്മാരെയും ദോഷകരമായി ബാധിക്കും എന്നുറപ്പ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories