ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: എസ്റ്റോണിയ ദുരന്തവും ഓസ്‌ലോ ഉടമ്പടിയും

1994 സെപ്തംബര്‍ 28
ലക്ഷ്വറി ക്രൂയിസര്‍ എം എസ് എസ്റ്റോണിയ മുങ്ങിത്താഴ്ന്നു

ലോകത്തെ നടുക്കിയ ദുരന്തങ്ങളില്‍ ഒന്ന് 1994 സെപ്തംബര്‍ 28ന് ബാള്‍ടിക് കടലില്‍ സംഭവിച്ചു. ആഢംബര കപ്പലായ എം എസ് എസ്റ്റോണിയ അന്ന് 852 പേരുടെ ജിവന്‍ അപഹരിച്ചുകൊണ്ട് കടലില്‍ മുങ്ങിത്താഴ്ന്നു. ബാള്‍ടിക് കടല്‍ കടക്കുന്നതിനിടയില്‍ 0055- 0150(യുടിസി) മണിക്കൂറുകള്‍ക്കിടയിലാണ് കപ്പല്‍ അപകടത്തില്‍പ്പെടുന്നത്. എസ്റ്റോണിയായിലെ ടള്ളിനില്‍ നിന്ന് സ്‌റ്റോക്‌ഹോമിലേക്ക് യാത്ര പുറപ്പെട്ട കപ്പലിനായിരുന്നു ദുരന്തം നേരിടേണ്ടി വന്നത്. 803 യാത്രക്കാരും 186 കപ്പല്‍ ജീവനക്കാരും ഉള്‍പ്പെടെ ആകെ 989 ആളുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്.

പ്രതികൂല കാലാവസ്ഥയായിരുന്നു ദുരന്തത്തിന് വഴിവച്ചത്. പ്രക്ഷുബ്ദമായ കടലില്‍ നിന്ന് 4-6 മീറ്റര്‍ ഉയരത്തില്‍ പൊങ്ങിയ തിരകള്‍ കപ്പലിന്റെ ഡക്കുവരെ അടിച്ചു കയറി. വീശിയടിച്ച ഒരു തിര കപ്പലിന്റെ അണിയത്തെ വാതില്‍ കടന്ന് അകത്തു കയറി. കപ്പലില്‍ നിന്ന് ഉടന്‍ തന്നെ സഹായമഭ്യര്‍ത്ഥിച്ച് മെയ്‌ഡേയിലേക്ക് സന്ദേശം പോയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തുമുമ്പേ ഭയപ്പെട്ടത് സംഭവിച്ചിരുന്നു. റഡാറുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കപ്പല്‍ അധികം താമസിയാതെ തന്നെ മുങ്ങി. ഫിന്‍ലാന്‍ഡിലെ ഉള്‍ട്ടോ ദ്വീപിനടുത്തുവച്ചാണ് കപ്പല്‍ മുങ്ങുന്നത്. ഈ ദുരന്തത്തെ കുറിച്ച് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞത് വാതില്‍ കടന്ന് അകത്തുകയറിയ തിരയാണ് കപ്പല്‍ മുങ്ങാന്‍ കാരണമായതെന്നാണ്. കപ്പല്‍ ജീവനക്കാര്‍ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ കാട്ടിയ അലംഭാവവും അണിയത്തെ വാതില്‍ തിരയടിച്ച് തുറന്നേക്കാമെന്ന് മുന്നറിയിപ്പ് അവഗണിച്ചതുമാണ് ഒരു മഹാദുരന്തത്തിലേക്ക് വഴിവച്ചതെന്നും അന്വേഷണത്തില്‍ കുറ്റപ്പെടുത്തി.

1995 സെപ്തംബര്‍ 28 
രണ്ടാം ഓസ്‌ലോ ഉടമ്പടി ഒപ്പുവയ്ക്കുന്നു

ഇസ്രയേല്‍-പലസ്തീന്‍ സമാധാനശ്രമങ്ങളിലെ നിര്‍ണ്ണായക നാഴികല്ലായിരുന്ന രണ്ടാം ഓസ്‌ലോ ഉടമ്പടിക്ക് ഈജിപ്തിലെ സിനായ് പ്രദേശത്തുള്ള ടാബയില്‍ വച്ച് 1995 സെപ്തംബര്‍ 24 ന് ഇസ്രയേല്‍ സര്‍ക്കാരും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തീരുമാനത്തിലെത്തി. നാലുദിവസങ്ങള്‍ക്ക് ശേഷം 1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍,നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യിസ്ഹാക് റാബിനും പിഎല്‍ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും ഈ കരാറില്‍ ഔദ്യോഗികമായി ഒപ്പു വച്ചു.


1993 സെപ്തംബര്‍ 13 ന് ഇസ്രയേലും പിഎല്‍ഒയും തമ്മില്‍ ഒപ്പുവച്ച് ഒന്നാം ഓസ്‌ലോ ഉടമ്പടിയുടെ തുടര്‍ച്ചയായാണ് രണ്ടാം ഓസ്‌ലോ ഉടമ്പടി സംഭവിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്കുള്ള ഒരു ഇടക്കാല കരാര്‍ എന്ന നിലയിലാണ് ഓസ്‌ലോ ഉടമ്പടി ഉണ്ടാകുന്നത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ പാഴായിപ്പോയൊരു ഉടമ്പടിയായി മാറാനായിരുന്നു ഇതിന്റെ വിധി. 2002 ല്‍ ഈ ഉടമ്പടിയുടെ ചുവടുപിടിച്ച് ഇരുരാജ്യങ്ങള്‍ക്കിടിയലും സമാധാനം നടപ്പിലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ ഭരണകാലത്ത് ശ്രമം നടത്തിയിരുന്നു. പരാജയം ആയിരുന്നു അവിടെയും ഫലം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍