TopTop
Begin typing your search above and press return to search.

രന്തംബോറിലെ രാജ്ഞി യാത്രയാകുമ്പോള്‍

രന്തംബോറിലെ രാജ്ഞി യാത്രയാകുമ്പോള്‍

അഴിമുഖം പ്രതിനിധി

2003 ജൂണ്‍. അതൊരു വരള്‍ച്ച കാലമായിരുന്നു. രന്തംബോര്‍ ടൈഗര്‍ റിസര്‍വിലെ താടകത്തിലേക്ക് അപ്രതീക്ഷിതനായ അതിഥി എത്തുമ്പോള്‍, അത് മച്‌ലിയെ സംബന്ധിച്ച് തന്റെ ശത്രു തന്നെയായിരുന്നു. ആദ്യം തന്റെ കുട്ടികളെ മച്‌ലി സുരക്ഷിതമായ ഇടത്തേുക്കു മാറ്റി. പിന്നെ തിരിച്ചു വന്നു. 14 അടി നീളമുണ്ടായിരുന്ന ആ മുതലയെ, മച്‌ലി എന്ന പെണ്‍കടുവ, തന്റെ ശത്രുവിനെ നേരിട്ടു. ഒന്നരമണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ മച്‌ലിക്ക് കിട്ടിയ വിശേഷണം 'മുതലയെ കൊന്നവള്‍' എന്നായിരുന്നു.

അതിനു മുമ്പും മച്‌ലി പലതരത്തില്‍ പ്രാധാന്യം അര്‍ഹിച്ചിരുന്ന കടുവ തന്നെയായിരുന്നു. ആ മച്‌ലിയാണ് കഴിഞ്ഞയാഴ്ച മരണമടഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ, ഏറ്റവുമധികം കാലം ജീവിച്ച, 'രന്തംബോറിലെ രാജ്ഞി' എന്നു വിളിക്കപ്പെട്ട, രന്തംബോര്‍ ടൈഗര്‍ റിസെര്‍വിലെ കടുവയായിരുന്നു മച്‌ലി. വര്‍ഷങ്ങളായി ആയിരക്കണക്കിന് ടൂറിസ്റ്റുകളെടുത്ത ഫോട്ടോകളില്‍ പതിഞ്ഞ മച്ച്‌ലി റോയല്‍ ബംഗാള്‍ കടുവകളുടെ ശരാശരി ആയുസായ 10-15 വയസ്സിനെ മറികടന്നിരുന്നു.

മച്‌ലി എന്നാല്‍ ഹിന്ദിയില്‍ മീന്‍ എന്നണ് അര്‍ത്ഥം. മുഖത്തിന് ഇടതു വശത്ത് മീനുകളുടേതു പോലെയുള്ള അടയാളങ്ങള്‍ ഉണ്ടായിരുന്നതിനാലാവണം ആ പേര് കിട്ടിയത്. ശാന്തമായ പ്രകൃതം കൊണ്ടും ക്യാമറ കണ്ടാല്‍ പോസ് ചെയ്യാനുള്ള ഇഷ്ടം കൊണ്ടുമൊക്കെ അവള്‍ രന്തംബോര്‍ നാഷനല്‍ പാര്‍ക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു; സ്വന്തം പേരില്‍ ഫേസ്ബുക്ക് പേജ് വരെയുണ്ടായിരുന്നു! 1997-ലെ മണ്‍സൂണ്‍ കാലത്താണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മച്‌ലി ആദ്യം പെടുന്നത്. അന്നേ ഗംഭീര രൂപവും മാര്‍ജ്ജാര കുടുംബത്തിനു സ്വന്തമായ മെയ്‌വഴക്കവും ഉണ്ടായിരുന്ന മച്‌ലിക്ക് അവര്‍ T-16 എന്നു നമ്പറിട്ടു. സാധാരണയായി രന്തംബോര്‍ നാഷനല്‍ പാര്‍ക്കിലെ ജലാശയങ്ങള്‍ക്കരികില്‍ കാണാറുള്ള ഈ കടുവ റാണിക്ക് 'ലേഡി ഓഫ് ദി ലെയ്ക്ക്' പട്ടം സ്വന്തം അമ്മയില്‍ നിന്നു കൈമാറിക്കിട്ടി. പല ഡോക്യുമെന്ററികളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള മച്‌ലിയാണ് ഏറ്റവുമധികം ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ടിട്ടുള്ള കടുവയെന്ന് കരുതപ്പെടുന്നു. 'അവള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമായിരുന്നു. സാധാരണക്കാരെ പോലും മച്‌ലി ഫോട്ടോഗ്രാഫര്‍മാരാക്കി മാറ്റി,' പ്രൊഫഷണല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും യാത്രികനുമായ അനുരാഗ് ശര്‍മ പറയുന്നു.കഴിഞ്ഞയാഴ്ചയാണ് ഭക്ഷണമെടുക്കാതെ, രാജസ്ഥാനിലെ പാര്‍ക്കിന്റെ അതിര്‍ത്തിയോടു ചേര്‍ന്ന് ചരിഞ്ഞു കിടക്കുന്ന നിലയില്‍ മച്‌ലിയെ കണ്ടത്; മൃഗഡോക്ടര്‍മാരും പാര്‍ക്കിലെ ഉദ്യോഗസ്ഥരും ഇടതടവില്ലാതെ ശുശ്രൂഷിച്ചു. 'ആവശ്യമായ ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ചത്തു. പ്രായമേറിയതു മൂലമുള്ള സാധാരണ മരണമായിരുന്നു അത്,' രന്തംബോര്‍ ടൈഗര്‍ പ്രൊജക്റ്റ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ സാഹു പറഞ്ഞു. 'ഉച്ച തിരിഞ്ഞു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (NTCA) പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചു,' സാഹു പറഞ്ഞു.

മുതലയെ കൊന്ന പോരാട്ടത്തിനുശേഷം വീരവനിതയായ മച്‌ലിക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഒരു ബഹുമതി നല്‍കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്‌ലോട്ട് അവളുടെ പേരില്‍ ഒരു പോസ്റ്റല്‍ കവര്‍ വരെ ഇറക്കി. എന്നാല്‍ മച്‌ലി ഇതിന്റെയൊന്നും പേരിലല്ല, ആ ഭാഗത്തെ കടുവകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിനെ കൊണ്ടാവും കൂടുതല്‍ ഓര്‍മിക്കപ്പെടുക. കടുവകളുടെ എണ്ണം കുറയുന്നു എന്ന സത്യം മനസിലാക്കി രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് കയ്യേറ്റക്കാരുടെ വിഹാരരംഗമായിരുന്നു അവിടം. അവളുടെ സന്തതി പരമ്പരയാണ് ആ കാട്ടിലെ കടുവകളില്‍ പകുതിയും. 2009-ല്‍ അവള്‍ക്ക് 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' നല്‍കിയ ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് ഫോര്‍ ടൈഗര്‍ (TOFT) ഈ ഏപ്രിലില്‍ പറഞ്ഞത്, 'രന്തംബോര്‍ തകര്‍ക്കുകയാണ്. അവിടെ കടുവകള്‍ തിങ്ങി നിറഞ്ഞിട്ട് അതില്‍ പലതും നൂറുകണക്കിനു കിലോമീറ്ററുകള്‍ അകലെയുള്ള കാടുകളിലേയ്ക്ക് നീങ്ങുകയാണ്. കോട്ടയിലും മധ്യപ്രദേശിലെ കുനോ പാല്‍പൂരിലും ഒക്കെ അവയെത്തുന്നുണ്ട്,' എന്നാണ്. പത്തു വര്‍ഷങ്ങള്‍ കൊണ്ട് രന്തംബോറില്‍ കടുവയെ കാണാന്‍ കിട്ടുന്ന അവസരങ്ങള്‍ നാലിരട്ടിയായി.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രായമേറിയതോടെ മച്‌ലിക്ക് സ്വന്തം പ്രദേശത്തിന്റെ അധീശത്വം നഷ്ടപ്പെട്ടു തുടങ്ങി. 2015 നവംബറില്‍ നാഷണല്‍ ജ്യോഗ്രഫിക് 'ടൈഗര്‍ ക്വീന്‍' എന്ന പേരില്‍ മച്‌ലിയെ പറ്റി ഡോക്യുമെന്ററി എടുത്തു. ഇതില്‍ അവള്‍ കഴിഞ്ഞിരുന്ന തടാക പ്രദേശത്തില്‍ കണ്ണുണ്ടായിരുന്ന അവളുടെ മൂന്നു മുതിര്‍ന്ന മക്കള്‍ അമ്മയ്ക്ക് ഭീഷണിയാകുന്നതും അവര്‍ തമ്മിലുള്ള മല്‍സരവും കാണാമായിരുന്നു. മരിക്കുമ്പോള്‍ അവളുടെ പല്ലുകള്‍ എല്ലാംതന്നെ കൊഴിഞ്ഞിരുന്നു. 'ജീപ്പുകളുടെ ഒച്ച കേള്‍ക്കുമ്പോള്‍ മച്‌ലി പതിയെ നടന്നു വരുമായിരുന്നു,' കഴിഞ്ഞ വ്യാഴാഴ്ച ജില്ലയിലെ ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അവളെ സംസ്‌കരിച്ച ഋഷികേഷ് എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തൂവെള്ള തുണിയില്‍ പൊതിഞ്ഞ അവളുടെ ദേഹം റോസാപ്പൂക്കളും ജമന്തിയും കൊണ്ട് അലങ്കരിച്ചാണ് ഉദ്യോഗസ്ഥര്‍ കുന്നിന്‍മുകളിലേയ്ക്ക് കൊണ്ടു പോയത്. 'ഏതാനും കിലോ വിറകും 200 ചാണക വരളികളും വേണ്ടി വന്നു സംസ്‌കാരത്തിന്. 70 കോണ്‍സ്റ്റബിള്‍മാരും മറ്റ് ഉദ്യോഗസ്ഥരും മച്‌ലിയെ സല്യൂട്ട് ചെയ്തു യാത്രയാക്കി,' ഋഷികേഷ് പറഞ്ഞു. 'ചടങ്ങിനിടയില്‍ പലരുടേയും കണ്ണു നിറഞ്ഞു,' മറ്റൊരുദ്യോഗസ്ഥനായ മുകേഷ് പറഞ്ഞു.'ഈ മാസം 12-നാണ് മച്‌ലി അവസാനമായി ഭക്ഷണം കഴിച്ചത്. മാംസം കഴിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും കഴിച്ചില്ല. ഇതിനു മുന്‍പും അവള്‍ മരണത്തെ അതിജീവിച്ച് തിരിച്ചു വന്നിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. പത്തുപേരടങ്ങുന്ന ഒരു ടീം അവളെ ശുശ്രൂഷിച്ചു കൊണ്ടു കാവല്‍ നിന്നിരുന്നു. അവള്‍ കിടന്ന ഭാഗം വേര്‍തിരിച്ചിരുന്നു,' ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സുദര്‍ശന്‍ ശര്‍മ പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് അസുഖബാധിതയായെങ്കിലും മച്‌ലി സാധാരണ ജീവിതത്തിലേയ്ക്ക് തിരികെയെത്തിയിരുന്നു. 'ഇറച്ചിയില്‍ കലര്‍ത്തി മരുന്നു കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ കഴിച്ചതേയില്ല. പരിപൂര്‍ണ്ണമായ ജീവിതമായിരുന്നു മച്‌ലി നയിച്ചത്. ഏകദേശം 20 വര്‍ഷങ്ങള്‍; സാധാരണ കടുവകളേക്കാള്‍ കൂടുതല്‍ കാലം അവള്‍ ജീവിച്ചു,' അദ്ദേഹം പറഞ്ഞു. 'സന്ദര്‍ശകര്‍ക്ക് ഓര്‍മിക്കാന്‍ മനോഹരമായ അനുഭവങ്ങള്‍ മച്‌ലി സമ്മാനിച്ചു,' രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു.

മച്‌ലിയുടെ മരണം സംഭവിക്കുന്നത് നാഗ്പൂരിലെ ഉംരെദ് കര്‍ഹണ്ഡ്‌ല വന്യജീവി സങ്കേതത്തില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കാണാതായ ജയ് എന്ന കടുവയ്ക്ക് വേണ്ടിയുള്ള ഊര്‍ജ്ജിത തിരച്ചില്‍ തുടരുമ്പോഴാണ്. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു ജയ്.

ലോകത്തെ കടുവകളുടെ ഏതാണ്ട് പകുതിയും ഇന്ത്യയിലാണ്; 2014ലെ കണക്കനുസരിച്ച് ഇവിടത്തെ റിസര്‍വുകളില്‍ 2,226 കടുവകള്‍ ജീവിക്കുന്നു.Next Story

Related Stories