Top

ഭരണകൂട ആസുരതകളെ അടയാളപ്പെടുത്തുന്ന മദാരി

ഭരണകൂട ആസുരതകളെ അടയാളപ്പെടുത്തുന്ന മദാരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

ദുരയും, സ്വാര്‍ത്ഥതയും വാഴുന്ന ആസുര കാലത്ത് ഭരണകൂടങ്ങള്‍ക്കും, മനുഷ്യര്‍ക്കും നഷ്ടമാകുന്ന സാന്ദ്രമായ സ്‌നേഹവായ്പ്പിന്റെയും, നിഷ്‌കളങ്കതയുടെയും കഥയാണ് മദാരി. മുച്ചൂടും അഴിമതി മൂടിയിരിക്കുന്ന ഒരു രാജ്യത്ത് അത്രമേല്‍ പ്രിയപ്പെട്ടവര്‍ പലരും നഷ്ട്ടമാകുന്ന പല അപകടങ്ങള്‍ക്കും കാരണം, ഗുരുതരമായ ഭരണകൂട അഴിമതിയും, കെടുകാര്യസ്ഥതയാണെന്ന് ഈ സിനിമ ഒരിക്കല്‍ക്കൂടി നമ്മളെ ഓര്‍മിപ്പിക്കുന്നു. അഴിമതിക്കെതിരെയുള്ള ശക്തമായ സന്ദേശമെന്ന നിലയില്‍ ഈ ചിത്രം രാജ്യവ്യാപകമായി ചര്‍ച്ചയായി കഴിഞ്ഞു.

2012 ല്‍ മുംബൈയിലെ അന്ധേരി കുര്‍ള റോഡില്‍ നിര്‍മാണത്തിലിരുന്ന മെട്രോ പാലം തകര്‍ന്ന് ആളുകള്‍ മരിക്കാനിടയായ സംഭവത്തെ ആധാരമാക്കിയാണ് മദാരി നിര്‍മിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സാധാരണക്കാരായ മനുഷ്യര്‍ പാടുപെടുമ്പോള്‍, അവരുടെ ജീവിതാകാശത്ത് കരിമേഘങ്ങളായി നിലനില്‍ക്കുന്നുണ്ട് നമ്മുടെ വ്യവസ്ഥിതിയുടെ പുഴുക്കുത്തുകള്‍ എന്നു ലോകത്തിനു മുന്നില്‍ തെളിയിക്കുകയാണ് മെട്രോ പാലം ദുരന്തത്തില്‍ മരിച്ച ഒരു ഏഴു വയസ്സുകാരന്റെ ജീവിതത്തില്‍ ഏകനായി പോയ പിതാവ്; കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായ നിര്‍മല്‍ കുമാര്‍.

നിര്‍മല്‍ കുമാറിന് മകനും, മകന് നിര്‍മല്‍കുമാറും മാത്രമേ ഭൂമിയില്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിന്റെ ഇരുളുകളില്‍ പരസ്പരം വെളിച്ചം പടര്‍ത്തി ജീവിക്കുന്നതിനിടെയാണ് സ്‌കൂളിലേക്ക് പോയ മകന്റെ യൂണിഫോമും, വാട്ടര്‍ബോട്ടിലും, ഷൂസും ആശുപത്രി വരാന്തയില്‍ നെഞ്ചോട് ചേര്‍ത്തു പൊട്ടിക്കരയേണ്ട ദുഃസ്ഥിതി നിര്‍മല്‍ കുമാര്‍ എന്ന പിതാവിനുണ്ടാകുന്നത്. ജീവിതം കൈവെള്ളയില്‍ നിന്നുതിര്‍ന്നു പോയ നിര്‍മല്‍ കൊടും വിഷാദത്തില്‍ സ്വയം നഷ്ടപ്പെട്ടവനായി മാറുന്നു.

അതില്‍ നിന്നും നിര്‍മല്‍ ഉണരുന്നിടത്ത് സിനിമ മറ്റൊരു തലത്തിലേക്ക് വഴിമാറുന്നു. രാജ്യത്തെ പല അപകടങ്ങള്‍ക്കും, ദിവസങ്ങള്‍ കൊണ്ടു നശിക്കുന്ന റോഡുകള്‍ക്കും, മനുഷ്യക്കുരുതി നടത്തി പാലങ്ങള്‍ തകര്‍ന്നു വീഴാനും കാരണമായ ഭരണകൂടവും കരാറുകാരും പരസ്പരം അറിഞ്ഞു നടത്തുന്ന അഴിമതി പുറത്തു കൊണ്ടുവരാനായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പത്തുവയസ്സുകാരന്‍ മകനെ തട്ടിക്കൊണ്ട് പോകുന്നു.

ബോളിവുഡ് സിനിമകളില്‍ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം പ്രമേയമാകുന്നത് ഇതാദ്യമായല്ല. 'ഹൈവേ' പോലുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ആ ജനുസില്‍ കഥ പറഞ്ഞവയാണ്. ആഭ്യന്തരമന്ത്രിയുടെ പത്തുവയസ്സുകാരനായ മകന്‍ രോഹനും, തട്ടിക്കൊണ്ടുപോകുന്ന നിര്‍മല്‍ കുമാറും തമ്മിലെ വൈകാരിക രംഗങ്ങളും സിനിമയെ ജീവനുള്ളതാക്കുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു ശേഷം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഇവര്‍ വ്യത്യസ്തമായ പ്രാദേശിക വേഷങ്ങളില്‍ നടത്തുന്ന യാത്രകള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുള്ളതാണ് സിനിമയുടെ ദൃശ്യപരിചരണത്തിലെ ഹൈലൈറ്റ്.സ്‌നേഹിക്കപ്പെടുമ്പോള്‍ മാത്രമേ ജീവിക്കുന്നുള്ളൂ; ഇല്ലെങ്കില്‍ ഇന്ധനവും കപ്പിത്താനും ഇല്ലാത്ത നൗകപോലെ നിശ്ചലമാണ് ജീവിതം എന്ന് മനോഹരമായി വരച്ചുകാട്ടുന്നുണ്ട് നിര്‍മലിന്റെ വിഷാദമഗ്‌നമായ ഏകാന്ത ജീവിതം. ഒരു പക്ഷേ ഈ വേഷം ഇത്രമേല്‍ മനോഹരമായി, സകല പൂര്‍ണതയിലും വിട്ടുവീഴ്ചയില്ലാതെ ചെയ്യാന്‍ ഇന്ത്യന്‍ സിനിമയില്‍ ഇര്‍ഫാന്‍ ഖാന് മാത്രമെ കഴിയൂ എന്നു നിസംശയം പറയാം. വിസ്മയകരമായ സൂക്ഷ്മാഭിനയം കൊണ്ടും മനോഹരമായ ശബ്ദവിന്യാസം കൊണ്ടും അത്ഭുതപ്പെടുത്തുന്നുണ്ട് ഇര്‍ഫാന്‍. അദ്ദേഹത്തിന്റെ ശബ്ദവിന്യാസം കണ്ണുകളെ ഈറനാക്കുമ്പോള്‍ മമ്മൂട്ടിയെയും, തിലകനെയും, സിദ്ദിഖിനെയും മറ്റും പലവട്ടം ഓര്‍ത്തുപോയി. ഇര്‍ഫാന്‍ ഖാന്റെ ഉജ്ജ്വല പ്രകടനവും, പ്രസക്തമായ പ്രമേയവും തന്നെയാണ് ഈ സിനിമയെ വ്യതിരിക്തമാക്കുന്നത്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിന്റെ ബോളിവുഡ് പതിപ്പ് സംവിധാനം ചെയ്ത നിഷികാന്ത് കമ്മത്താണ് മദാരി ഒരുക്കിയിരിക്കുന്നത്. വിശാല്‍ ഭരദ്വാജിന്റെ സംഗീതവും, സമീര്‍ ഫട്ടെര്‍പേക്കാറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനപരിസരത്തെ മികവുറ്റതാക്കുന്നുണ്ട്. ബോളിവുഡിലെ പഴയ ചോക്ലേറ്റ് നായകന്‍ ജിമ്മി ഷെര്‍ഗില്‍, അവതരിപ്പിക്കുന്ന സിബിഐ അന്വേഷണോദ്യോഗസ്ഥന്‍ അഭിനയ മികവിന്റെ മറ്റൊരുദാഹരണമായി. പരാമര്‍ശയോഗ്യമായ സ്ത്രീ കഥാപാത്രങ്ങളൊന്നും സിനിമയിലില്ല എന്നതാണ് ഒരു പോരായ്മ. ഈ കഥ പറയാന്‍ സ്ത്രീ കഥാപാത്രങ്ങള്‍ ആവശ്യമില്ല എന്നതാവാം കാരണം.

അവിനാഷ് അരുണിന്റെ ക്യാമറ, ആരിഫ് ശൈഖിന്റെ എഡിറ്റിംഗ് എന്നിവയും മികച്ചവയാണ്. പ്രത്യേകിച്ച് അവിനാശിന്റെ ക്യാമറയ്ക്ക് സിനിമയുടെ ദൃശ്യപരിചരണം മനോഹരമാക്കുന്നതില്‍ അത്രമേല്‍ നിര്‍ണായകമായ പങ്കുണ്ട്.

അത്രമേല്‍ ഭീഷണമായ അഴിമതി നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനെ ഒരു ഉള്‍ഭയമായി പ്രേക്ഷക മനസുകളില്‍ ബാക്കിയാക്കുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്. മസാല ചേരുവകള്‍ അല്ലാതെ റിയലിസ്റ്റിക് ആയും സിനിമകള്‍ ആവാം എന്ന് ചലച്ചിത്രകാരന്മാര്‍ക്ക് ആത്മവിശ്വാസം പകരുന്നത് കൂടിയാണ് മദാരി. ഒപ്പം, ചലച്ചിത്ര രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠവും.

(ഹൈക്കോടതിയില്‍ അഭിഭാഷകനും എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകന്‍)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories