TopTop
Begin typing your search above and press return to search.

അടിമജീവിതത്തിന്റെ പൂര്‍വികരേ, മാടായിപ്പാറയില്‍ ഇന്നും നിങ്ങളുണ്ട്

അടിമജീവിതത്തിന്റെ പൂര്‍വികരേ, മാടായിപ്പാറയില്‍ ഇന്നും നിങ്ങളുണ്ട്

കുറെ അധികം നാളുകള്‍ക്കു ശേഷമാണ് വീണ്ടും മാടായിപ്പാറയിലേക്ക് പോകുന്നത്. വീടിന്റെ അടുത്ത് നിന്നും ഏകദേശം ഒരു അഞ്ചു കിലോ മീറ്ററില്‍ അധികം വരില്ല മാടായിപ്പാറയിലേക്ക്. ഈയിടെയായി അധികം അങ്ങോട്ട് പോകാറില്ലായിരുന്നു. പക്ഷെ ഈയടുത്ത് ഒരുദിവസം എന്റെ കൂട്ടുകാരന്‍ സുനിലിനെ വിളിക്കുമ്പോള്‍ അങ്ങോട്ട് പോകണം എന്ന ആഗ്രഹം ഒട്ടും ഉണ്ടായിരുന്നില്ല. നാട്ടിലെ ചുരുക്കം സുഹൃത്തുക്കളില്‍ ഒരാളാണ് സുനില്‍. ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടിയ ഒരു സുഹൃത്ത്. സുനിയുടെ കഥ അവനില്‍ നിന്ന് കേട്ടിടത്തോളം ഒരുപാട് സിനിമാക്കഥകള്‍ ആണ്. അത് ഇപ്പോള്‍ പറയുന്നില്ല. ജോലി ചെയ്യുക, പുസ്തകം വായിക്കുക എന്നതാണ് ചെങ്ങായിയുടെ ഫിലോസോഫി. അവനതു പറഞ്ഞപ്പോ പതിനഞ്ച് വര്‍ഷം മുമ്പ് ഒരു അധ്യാപകന്‍ പറഞ്ഞതായി ഒരു കൂട്ടുകാരന്‍ പറഞ്ഞ കാര്യമാണ് ഓര്‍മ്മ വന്നത്. അദ്ദേഹം പറഞ്ഞത്രേ; 'എനിക്ക് ഇത്രയേ ഉള്ളൂ ജീവിതം. നന്നായി ആഹാരം കഴിക്കുക, നന്നായി പുസ്തകം വായിക്കുക, നന്നായി ഉറങ്ങുക'.

ജോലി ഒക്കെ ഉപേക്ഷിച്ച് സ്വയം നിശ്ചയിച്ച ചില എഴുത്തുപരിപാടികളുമായി കണ്ണൂരിലെ ചെവിടിച്ചാല്‍ എന്ന എന്റെ സ്വന്തം സ്ഥലത്തെ വീട്ടില്‍ ഒരു തടവ് പുള്ളിയെപ്പോലെ, ഒരു മൊബൈല്‍ ഫോണ്‍ വഴി ലോകവുമായി കണക്റ്റ് ചെയ്ത് ഒറ്റപ്പെട്ട ഒരു ജീവിതം ജീവിക്കുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം സുനിലിനെ വിളിച്ചത്. 'എവിടെ ഉണ്ട്? നമുക്ക് ഒന്ന് പുറത്ത് പോയാലോ?' എന്ന് ചോദിച്ചപ്പോ സുനി തന്റെ ബുള്ളറ്റുമായി കോളനിയിലെ എന്റെ വീട്ടിലേക്ക് വന്നു. അവിടെ നിന്ന് നേരെ പോയത് പഴയങ്ങാടിയിലെ പ്രതീക്ഷ എന്ന ബാറിലെക്കാണ്. രണ്ടു കുപ്പി ബിയറും വാങ്ങി ബാറിനകത്ത് സ്ഥലമില്ലാത്തതു കൊണ്ട് പുറത്ത് മതിലിനരികെ നിലത്തിരുന്ന് ഒരു സിഗരറ്റും കത്തിച്ചു വര്‍ത്തമാനം തുടങ്ങി. പുറത്തിരിക്കുന്നതുകൊണ്ട് തന്നെ സ്ഥലങ്ങളുടെ / ഇടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരങ്ങള്‍ വന്നു തുടങ്ങി. സുനില്‍ പറഞ്ഞത്, ഒരു പക്ഷെ ഗാന്ധി എന്ന മനുഷ്യന്‍ സഞ്ചരിച്ച ഇടങ്ങളൊക്കെ തലസ്ഥാനങ്ങള്‍ ആയിരുന്നു. ഗാന്ധി ഒരുപക്ഷേ മുകളില്‍ നിന്നും താഴേക്കാണ് സഞ്ചരിച്ചതും. പക്ഷെ അംബേദ്കര്‍ സഞ്ചരിച്ചത് കോളനികളില്‍ നിന്നും കോളനികളിലേക്കായിരുന്നു. അംബേദ്ക്കറുടെ സഞ്ചാരങ്ങള്‍ രേഖപ്പെടുത്താതിരിക്കുകയും ഗാന്ധിയുടെ മുകളില്‍ നിന്നും കീഴോട്ടുള്ള സഞ്ചാരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു എന്നതാണ് ഇന്ത്യന്‍ ചരിത്ര നിര്‍മിതിയുടെ ഒരു പ്രതിസന്ധി. ചില ഇടങ്ങളില്‍ ചില മനുഷ്യന്മാരുടെ സാന്നിധ്യം പോലും ഒരു പ്രതിസന്ധിയാണ് എന്നതും സുനില്‍ ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ മായാവതി എന്ന ഒരു സ്ത്രീ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോള്‍ കേരളത്തില്‍ സി കെ ജാനുവിന് ആ കസേരയില്‍ ഇരിക്കാന്‍ കഴിയാത്തത് കേരളത്തിലെ മനുഷ്യര്‍ക്ക് ചില ഇടങ്ങളില്‍ ചിലര്‍ ഇരിക്കുന്നത് സഹിക്കാന്‍ കഴിയാത്തതിലുള്ള അസഹിഷ്ണുതയാണെന്നും സുനില്‍ പറഞ്ഞു കൊണ്ടിരുന്നു. അതെ, വി.എസ് അച്യുതാനന്ദന് സി കെ ജാനുവിനെക്കാളും എന്ത് യോഗ്യതയാണുള്ളത്? എനിക്ക് ഉണ്ടായ വേറൊരു ചിന്ത ഇങ്ങനെ ആണ് പറഞ്ഞത്, പയ്യന്നൂര്‍ എന്ന സ്ഥലത്ത് ഗാന്ധി വന്നത്, ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹവും ഒക്കെ ആഘോഷിക്കപ്പെടുന്ന ചരിത്രം ആകുന്നത് ഒരുപക്ഷെ ഗാന്ധിയുടെ ചുമലില്‍ താങ്ങുന്ന ബ്രാഹ്മണിക് അസ്തിത്വം ഒന്നുകൊണ്ട് മാത്രമാണ്. അതുകൊണ്ടാണ് പയ്യന്നൂര്‍, ഗാന്ധിയുടെ ഓര്‍മകളാലും ഇടതുപക്ഷ വിപ്ലവങ്ങളാലും പുളകിതമാകുന്നതും ഒരു പക്ഷെ ചിത്രലേഖയുടെ നാടായി മാറാത്തതും.

ബിയര്‍ കഴിഞ്ഞ് മാടായിപ്പാറയിലേക്ക് പോണം എന്ന് ഞാനാണ് പറഞ്ഞത്. ഒരു ഉള്‍വിളി പോലെ കള്ളിന്റെ പുറത്തോ അല്ലാതെയോ, സുനിലിനോട് ഞാന്‍ ഒരു കാര്യം പറഞ്ഞു. എനിക്ക് നിന്നോട് മാടായിപ്പാറയില്‍ വെച്ച് ഒരുകാര്യം പറയാനുണ്ട്. അത് മാടായിപ്പാറയില്‍ വച്ചേ പറയാനാകൂ. പോകാം എന്ന തീരുമാനത്തിലെത്തി. ബുള്ളറ്റ് വീണ്ടും മാടായിപ്പാറയിലേക്ക് പോകുമ്പോള്‍ പഴയങ്ങാടി പുഴയുടെ മുകളിലെ ആകാശം ചുവന്നിരുന്നു. പ്രതീക്ഷ ബാറിന്റെ തൊട്ടപ്പുറത്ത് ഒറ്റപ്പെട്ട ഒരു ശവകുടീരം പോലെ പഴയങ്ങാടി ശ്രീശക്തി ടാക്കീസ് ഇങ്ങനെ നില്‍ക്കുന്നുണ്ടായിരുന്നു. പണ്ട് എന്റെ ഒരു സുഹൃത്ത് സനല്‍ ഒരു കോളേജ് മാഗസീനില്‍ എഴുതിയ പോലെ ഒരു മരണംപോലെ ശ്രീശക്തി ടാക്കീസ് ഇങ്ങനെ തണുത്തു കിടക്കുന്നുണ്ട്. ശ്രീശക്തി ടാക്കീസിനു മുകളില്‍ ഇപ്പൊ കോളാമ്പി ഉണ്ടോ എന്ന് ശ്രദ്ധിച്ചില്ല. അഥവാ ഉണ്ടെങ്കില്‍ ആ കോളാമ്പി ആ ടാക്കീസിന്റെ എപ്പിറ്റാഫ് ആകുമായിരുന്നു. ജനനം: എനിക്കറിയില്ല. പക്ഷെ മരണം: 2015. അതെ ശ്രീശക്തി ടാക്കീസ് മരിച്ചു. ജീവിതത്തില്‍ സിനിമ എന്ന ഒരു വലിയ കലയിലേക്ക് ഞങ്ങളെപ്പോലുള്ള കോളനിവാസികളെ എത്തിച്ച ശ്രീശക്തി ടാക്കീസ് മരിച്ചു. ജയനും നസീറും ഷീലയും മോഹന്‍ലാലും ഷക്കീലയും ഒക്കെ ചിരിച്ചും പറന്നും തോക്കെടുത്തും തുണിയില്ലാതെയും നിന്ന ആ പോസ്റ്റര്‍ ഒട്ടിക്കുന്ന ഇടം ഒന്നുമില്ലാതെ ഇങ്ങനെ നഗ്‌നമായി കിടന്നു. ശ്രീശക്തി ടാക്കീസില്‍ നിന്നും ബുള്ളറ്റ് അകലേക്ക് നീങ്ങുമ്പോള്‍ ഞാന്‍ ഇങ്ങനെ ആ ടാക്കീസിനെ തന്നെ തിരിഞ്ഞു നോക്കി. ദൂരം കൂടുന്തോറും ഓര്‍മകള്‍ക്കും ദൂരം കൂടുകയാണ്.

സിനിമാ കാഴ്ചയില്‍ നിന്നും സിനിമ ഷൂട്ടിംഗിലേക്ക് വരാം. ചില ഇടങ്ങളിലെ ഷൂട്ടിംഗും ആ സ്ഥലങ്ങളുടെ രാഷ്ട്രീയവും എന്ന ഒരു ആശയവും എനിക്ക് കിട്ടുന്നത്, സ്ഥലങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ട് എന്ന കുറെ നാളത്തെ ചില സുഹൃത്തുക്കളോടുള്ള സംസാരങ്ങളില്‍ നിന്നുമായിരുന്നു. ചതുപ്പ് നിലങ്ങള്‍ക്ക് ഒരു രാഷ്ട്രീയം, പാറകള്‍ക്ക് വേറെ രാഷ്ട്രീയം, റോഡ് എന്നത് ചിത്രലേഖയുടെ ജീവിതത്തില്‍ നിര്‍മ്മിക്കുന്ന രാഷ്ട്രീയം, വെളിമ്പപ് എന്നൊരു രാഷ്ട്രീയം; മാടായിപ്പാറക്കും ഒരു രാഷ്ട്രീയമുണ്ട്. അത് എനിക്ക് തോന്നുന്ന രീതിയില്‍ ഇതിന്റെ അവസാനം പറഞ്ഞ് ഒപ്പിക്കാം.ഒരുപക്ഷേ മാടായിപ്പാറ എന്റെ ഓര്‍മയില്‍ ആദ്യമായി ഒരു സിനിമാ ലൊക്കേഷനായി കണ്ടുപിടിച്ചത് മറ്റാരും ആയിരുന്നില്ല; മണിരത്‌നം എന്ന സംവിധായകനായിരുന്നു. അദ്ദേഹത്തിന്റെ 'അലൈപായുതേ' എന്ന സിനിമയുടെ ഒരു രംഗം അവിടെയായിരുന്നു ഷൂട്ട് ചെയ്തത്. അതിലെ ഒരു പാട്ട് സീനില്‍ ശാലിനി ഒക്കെ അഭിനയിക്കുന്ന ഒരു ദുരിതാശ്വാസ ക്യാമ്പ് ഈ മാടായിപ്പാറയില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്. മാടായിപ്പാറയ്ക്ക് തൊട്ടടുത്തുള്ള ചൈന ക്ലേ നിലനില്‍ക്കുന്നതും ശ്രീലക്ഷ്മി ടാക്കീസിനും മുകളിലും വടുകുന്നു ശിവ ക്ഷേത്രത്തിനു അടുത്തുമായി നിലനില്‍ക്കുന്ന സ്ഥലത്ത് ഒരു ടെന്റ് പോലെ ഒക്കെ കെട്ടി മണിരത്‌നവും സംഘവും അത് ഒരു ദുരിതാശ്വാസ ക്യാമ്പ് ആക്കി മാറ്റി. ശാലിനിയെ കാണാന്‍ നാടുകാര് കൂടി. ശാലിനി തങ്ങളുടെ ശാലിയ തെരുവില്‍ വന്നു സ്വസ്ഥമായി ആഹാരം കഴിച്ചിരുന്നു എന്ന് അവിടുത്തെ കൂട്ടുകാര്‍ പറഞ്ഞു.

പിന്നെ മാടായിപ്പാറയെ സിനിമയില്‍ കണ്ടത് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയില്‍ ആയിരുന്നു. ആ സിനിമയില്‍ ഒരു പെട്ടിപ്പീടികയില്‍ നിന്ന് സോഡയും വാങ്ങി പൊട്ടിച്ചുകുടിച്ച് മുരളി ഗോപിയോട് തന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് കണ്ണൂര്‍ ഭാഷയില്‍ സംസാരിക്കുന്ന പിണറായി വിജയനെ ഓര്‍മിപ്പിക്കുന്ന ഒരു രംഗം മാടായിപ്പാറയില്‍ത്തന്നെയായിരുന്നു ഷൂട്ട് ചെയ്തത്. ആ രംഗത്തിലെ ആ മനുഷ്യന്റെ അഭിനയം കണ്ടു തകര്‍ത്തുവാരി എന്ന രീതിയില്‍ത്തന്നെ പയ്യന്നൂര്‍ ആരാധനയില്‍ കൈയ്യടിച്ചു പോയി. അത്രക്ക് ഉഗ്രനായിരുന്നു ആ സീനിന്റെ ക്രിയേഷന്‍. രാഷ്ട്രീയപരമായി ആ സിനിമയോടും ആ കഥാപാത്രത്തിന്റെ ഫിലോസോഫിയോടും ഉള്ള എതീര്‍പ്പ് ഉറപ്പിച്ചു നിര്‍ത്തിക്കൊണ്ട് തന്നെ. പിന്നീട് പഴശ്ശിരാജ എന്ന സിനിമയില്‍ മാടായിപ്പാറയില്‍ വെച്ചു ഷൂട്ട് ചെയ്തു എന്ന് പറഞ്ഞിട്ട്, സിനിമയിലൂടെ കടന്നു പോകുന്ന ഇലക്ട്രിക് ലൈന്‍ കണ്ടു പിടിച്ചു തമാശിച്ച വിരുതന്മാരും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്ന പ്രിയനന്ദനന്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ വൈകുന്നേരത്തെ സൂര്യനെ കാണാന്‍ അവിടെ ഉണ്ടായിരുന്നു. സുഹൃത്തായ, സിനിമയില്‍ സഹസംവിധായകനായ ശിവേട്ടന്‍ ആണ് എന്നോട് അവിടെ വെച്ചു ഫ്രെയിമില്‍ നിന്നും മാറി നില്‍ക്കാന്‍ പറയുന്നത്. പിന്നീട് ഒരു പാട് പ്രണയ ആല്‍ബങ്ങള്‍, തെലുങ്ക്, തമിഴ് സിനിമകളിലെ ഗ്രൂപ്പ് ഡാന്‍സുകള്‍ ഒക്കെ അവിടെ ഷൂട്ട് ചെയ്തിരുന്നു.


മാടായിപ്പാറ സെപ്റ്റംബര്‍ മാസത്തില്‍

ഒരു ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖസാക്കിലെ ഇതിഹാസത്തിലെ രണ്ടു അമീബകള്‍ എന്നോ മറ്റോ പറയുന്നതുപോലെ പ്രീ ഡിഗ്രി തോറ്റ രണ്ടാത്മാക്കള്‍ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും രക്ഷപെടാന്‍ മാടായിപ്പാറയില്‍ പോയി ഇരിക്കുമായിരുന്നു. ചുവന്നു പോകുന്ന ആകാശങ്ങള്‍ക്ക് താഴെ. അവിടെ നിന്നാല്‍ ഏഴിമല കാണാം. ആ കൂട്ടുകാരന്‍ ഇന്ന് ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയി; എവിടെ ആണെന്നറിയില്ല. ഫേസ്ബുക്കും വാട്‌സ് ആപ്പും ഒക്കെ ഉള്ള കാലഘട്ടത്തിലും എവിടെയാണ് അയാള്‍ ഇന്ന് എന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. നല്ല പണക്കാരന്‍ ആയിരിക്കും. നമ്മളിപ്പോഴും ആ പഴയ തോറ്റ പ്രീ ഡിഗ്രിക്കാരനായി ഇങ്ങനെ അലഞ്ഞു തിരിയുന്നു (സെന്റി ആയി എടുക്കണ്ട). മറ്റൊരു കൂട്ടുകാരന്റെ കൂടെയാണ് അന്ന് ശ്രീലക്ഷ്മി ടാക്കീസില്‍ സിനിമ കാണാന്‍ ഞങ്ങള്‍ മാടായിപ്പാറയിലൂടെ നടന്നത്. ശ്രീലക്ഷ്മി ടാക്കീസില്‍ അന്ന് കുങ്ഫു പടങ്ങള്‍ ആയിരുന്നു ഏറ്റവും അധികം കളിച്ചു കൊണ്ടിരുന്നത്. ജാക്കി ചാന്റെ പടങ്ങള്‍, ജെറ്റ്ലിയുടെ പടങ്ങള്‍, പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് അരികില്‍ കുറെ തമിഴര്‍ ടെന്റ് കെട്ടിയും അല്ലാതെയും ജീവിക്കാന്‍ തുടങ്ങിയത് കൊണ്ട് തമിഴ് പടങ്ങള്‍. ജെ തേവാന്‍, സജ്ജന്‍ തുടങ്ങിയവരുടെ ഇന്ത്യന്‍ ഇംഗ്ലീഷ് കുത്ത് പടങ്ങള്‍, ഇംഗ്ലീഷ് കുത്ത് പടങ്ങള്‍. അന്ന് മലയാളം പടങ്ങള്‍ കാണുന്നത് ഒരു നിലവാരമില്ലാത്ത പരിപാടി ആണെന്ന് പറഞ്ഞ ആ സുഹൃത്തിന്റെ കൂടെ ഈ പടങ്ങള്‍ കാണാന്‍ മാടായിപ്പാറയിലൂടെ നടന്നു. ഒരിക്കല്‍ 'Armed for action' എന്ന കുങ്ഫു പടം കാണാന്‍ ഞങ്ങള്‍ ഒരു കുടക്കീഴില്‍ ഒരു കൊടുങ്കാറ്റിലും ചെരിഞ്ഞു പെയ്യുന്ന മഴയിലും മാടായിപ്പാറ യിലൂടെ നടന്നു. അമേരിക്ക എന്ന ശക്തിയെ തകര്‍ക്കാന്‍ വിയത്‌നാം പോരാളികള്‍ നടത്തുന്ന യുദ്ധം കുങ്ഫു മുറയില്‍ പറഞ്ഞു വെച്ച അത്യുഗ്രന്‍ എന്ന് ഞങ്ങള്‍ക്ക് തോന്നിയ ഒരു ആക്ഷന്‍ പടമായിരുന്നു അത്. ആ സിനിമ രണ്ടാമത് കാണുന്നതിനായിരുന്നു കൊടുങ്കാറ്റിലും മഴയിലും ഞങ്ങള്‍ മാടായിപ്പാറ താണ്ടിയത്. അതിനും മുമ്പേ ഞാന്‍ പയ്യന്നൂര്‍ ശോഭയില്‍ ആ സിനിമ കണ്ടിരുന്നു. അന്ന് വീട്ടില്‍ അച്ഛന്‍ ഒരു ചേതക്കിന്റെ സ്‌കൂട്ടര്‍ വാങ്ങിച്ചതു കൊണ്ട് തന്നെ സെക്കണ്ട് ഷോ കമ്പിപ്പടം കാണാന്‍ അതുമായാണ് പോകാറ്. ചിലപ്പോള്‍ സെക്കണ്ട് ഷോ കണ്ട് തിരിച്ചു വരുമ്പോ സ്‌കൂട്ടര്‍ മാടായിപ്പാറയില്‍ വെച്ചു കേടാകും. പിന്നെ പാതിരാത്രിയില്‍ മാടായിപ്പാറയില്‍ കുറച്ചു നേരം ഇരുന്ന് വീട്ടിലേക്ക് ചേതക് സ്‌കൂട്ടര്‍ തള്ളും; രണ്ടോ മൂന്നോ കിലോമീറ്ററുകള്‍.

1980-ളില്‍ ഒരിക്കല്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ പുതിയ ഒരു വിമാനത്താവളത്തിന് വേണ്ടി തറക്കല്ലിട്ടിരുന്നു. അന്ന് ഒരു ഹെലികോപ്റ്ററിലാണ് കരുണാകരന്‍ അവിടെ വന്നിറങ്ങിയത്. ഹെലികോപ്റ്റര്‍ കാണാനോ കരുണാകരനെ കാണാനോ അതോ വിമാനത്താവളം വരുന്നത് കാണാനോ എന്തിനെന്നറിയാതെ ഞങ്ങള്‍ കുട്ടികളടക്കം ആ പ്രദേശത്തെ ജനങ്ങള്‍ മാടായിപ്പാറയിലേക്കൊഴുകി. പിന്നീട് ആ തറക്കല്ല് മാടായിപ്പാറയിലെ പരിസരവാസികള്‍ പശുവിനെ കെട്ടാനോ അലക്കുകല്ലാക്കാനോ എടുത്തുകൊണ്ടുപോയി എന്ന് നാട്ടിലൊരു സംസാരവും ഉണ്ടായി. പിന്നെയും മാടായിപ്പാറയ്ക്ക് പല മാറ്റങ്ങളും ഉണ്ടായി. പല ടി വി ചാനലുകളും മാടായിപ്പാറയിലേക്ക് വന്നു. അവിടത്തെ നീലക്കുറിഞ്ഞിപ്പൂക്കളെ കുറിച്ചു ഷൂട്ട് ചെയ്തുകൊണ്ടുപോയി. അതുപോലെ അവിടത്തെ നശിച്ചു പോകുന്ന കോട്ടകളെ കുറിച്ചും. മാടായിപ്പാറയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള വടുകുന്ന ശിവക്ഷേത്രത്തിലെ പൂരത്തിനെക്കുറിച്ചും മാടായിക്കാവിനെക്കുറിച്ചുള്ള ഐതീഹ്യവും ഷൂട്ട് ചെയ്തുകൊണ്ടുപോയി. കോളേജ് വിദ്യാര്‍ഥികള്‍ അങ്ങോട്ടൊഴുകി. രാത്രി പകലാക്കി അവിടെ പാട്ട് പാടി. പല എന്‍ എസ് എസ് ക്യാംപുകളുടെയും ഭാഗമായി അങ്ങോട്ട് യാത്രകള്‍ ഉണ്ടായി. ശാസ്ത്രസാഹിത്യ പരിഷത്ത് മാടായിപ്പാറയുടെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ഫോട്ടോ എടുക്കാന്‍ പല ദേശങ്ങളില്‍ നിന്നും മാടായിപ്പാറയിലെക്ക് ആള്‍ക്കാര്‍ വന്നു. ഷൂട്ടിംഗ് സ്‌പോട്ട് ആയതോടെ മെല്ലെ മാടായിപ്പാറ ഒരു ടൂറിസ്റ്റ് സ്പോട്ടായി വികസിക്കാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ പ്രീഡിഗ്രി തോറ്റ രണ്ടു അമീബകള്‍ മാത്രം ഉണ്ടായിരുന്ന മാടായിപ്പാറയില്‍ കാറുകള്‍ വന്നു നിറയാന്‍ തുടങ്ങി. ബിയര്‍ കുപ്പികള്‍ പൊട്ടാന്‍ തുടങ്ങി. അങ്ങനെ മാടായിപ്പാറ ആകെ മാറി.

പക്ഷെ ആരും അറിയാതെ കുറച്ചു പേര്‍ക്കു മാത്രം അറിയാവുന്ന മറ്റൊരു ചരിത്രം മാടായിപ്പാറക്ക് ഉണ്ടായിരുന്നു. അത് കണ്ടല്‍ക്കാടുകള്‍ നട്ട് പിടിപ്പിച്ചു ചരിത്രം സൃഷ്ടിച്ച കല്ലെന്‍ പൊക്കുടന്റെ മകന്‍ ആനന്ദേട്ടന്‍ ഇങ്ങനെ ആണ് പറഞ്ഞത്. 'അച്ഛന്‍ പറയും. ഞാന്‍ മാടായിപ്പാറയിലെക്ക് പോവുകയില്ല. അവിടെപ്പോയി ഏതു വൈകുന്നേരം ഇരുന്നാലും എനിക്ക് ഒരു ആശ്വാസവും കിട്ടാറില്ല. കാരണം. അതുചരിത്രമാണ്. പണ്ട് വയനാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന പുലയരായ മനുഷ്യരെ അടിമകളാക്കി ഈ പ്രദേശത്ത ചതുപ്പുകളില്‍ കൃഷിപ്പണിക്ക് കൊണ്ടുപോയി തള്ളാന്‍ അടിമച്ചന്ത നടന്ന സ്ഥലമായിരുന്നു ഈ മാടായിപ്പാറ. നമ്മുടെ മുന്‍തലമുറകളെ അടിമകളാക്കി വിട്ട സ്ഥലം. ആ അടിമകള്‍ ആണ് പിന്നീട് ഏഴോം പോലുള്ള പ്രദേശത്തെ കൃഷി വികസിപ്പിച്ച് ലോകത്തെ തന്നെ ഏറ്റവും നല്ല അരി അടക്കം ഉല്‍പാദിപ്പിച്ചത്. അങ്ങനെ ഒരു സ്ഥലത്ത് എനിക്ക് പോവണ്ട. അങ്ങനെ ഒരു സ്ഥലത്ത് പോയി ഇരിക്കാന്‍ കഴിയില്ല.' അതുകേട്ടപ്പോള്‍ അന്നുവരെ കിട്ടിയ സകല വിവരങ്ങളും ആ ഒരൊറ്റ സംസാരത്തിലൂടെ പാമ്പിന്റെ ഉപ്പിളി കൊഴിയുന്നതുപോലെ കൊഴിഞ്ഞുപോയി. ഇന്നും വടുകുന്നിലെ പൂരത്തിന് 'അടിമവേല' എന്നോ മറ്റോ ഒരു ആചാരം നടക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്. കാര്‍ഷിക അടിമകളുടെ ഓര്‍മ പുതുക്കി പുലയര്‍ ഇന്നും അങ്ങനത്തെ ആചാരത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നും കേട്ടിട്ടുണ്ട്.


കല്ലെന്‍ പൊക്കുടന്‍

ബിയറിന്റെ ലഹരിയില്‍ അല്ലാതെ ഞാന്‍ സുനിയോടു പറഞ്ഞു. 'സുനി... എനിക്ക് മാടായിപ്പാറയില്‍ നിന്നും നിന്നോട് പറയാന്‍ ഇത് മാത്രമേ ഉള്ളൂ. ചുവന്ന സൂര്യന്റെ താഴെ അവന്റെ മുന്നില്‍ സങ്കടത്തോടെ തന്നെ പറഞ്ഞു. 'ഇതാ ഇവിടെയാണ് എന്റെ പൂര്‍വികരെ അടിമകളെപ്പോലെ വിട്ടു തള്ളിയത്. ഈ സ്ഥലത്തിനു മുകളിലൂടെയാണ്, ആ സ്ഥലത്ത് ചവിട്ടിനടന്നാണ് ഞാന്‍ സിനിമ കണ്ടത്. ഈ സ്ഥലത്തിരുന്നാണ് ഞാന്‍ പ്രണയപരാജയത്തെക്കുറിച്ച് പറഞ്ഞത്. ഈ സ്ഥലത്തിനു മുകളില്‍ ഇരുന്നാണ് ഞാന്‍ ഒരു നിര്‍മാതാവിനോട് സിനിമാ കഥ പറഞ്ഞത്.' അവനോട് ഒരുകാര്യം കൂടിപ്പറഞ്ഞു. ഈ സ്ഥലം ഒരു അടിമക്കച്ച്ചവടം നടന്ന സ്ഥലമാണ്, എന്റെ പൂര്‍വികരെ വിട്ട സ്ഥലം കൂടിയാണ്. അതിനെക്കുറിച്ച് ഞാന്‍ എഴുതും എന്നും അവനോടു പറഞ്ഞു. ആ എഴുത്താണ് ഇത്.


എന്റെ പൂര്‍വികര്‍ ഇപ്പൊ അവിടുന്ന് പറയുന്നുണ്ടാകും. 'ഒന്നും സാരൂല്ലട മോനെ... നിങ്ങളൊക്കെ പരക്കു...' ശരി മുത്തച്ഛന്മാരെ, മുത്തിമ്മമാരെ... പക്ഷെ നിങ്ങളാണ് മുമ്പേ പറക്കുന്ന പക്ഷികള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories