ട്രെന്‍ഡിങ്ങ്

‘പ്രണയത്തിന്റെ രാജകുമാരി’ക്കെതിരെ കേസുമായി സമദാനി

മാധവിക്കുട്ടിയുടെ ജീവിതം കമലും കവയത്രിയും തമിഴ് സിനിമാ സംവിധായികയും ആക്റ്റിവിസ്റ്റുമായ ലീന മണിമേഖലയും സിനിമയാക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം

മാധവിക്കുട്ടിയെ കുറിച്ചുള്ള പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകം പബ്ലിഷ് ചെയ്ത ഗ്രീന്‍ ബുക്സിനെതിരെ മുസ്ലിം ലീഗ് നേതാവ് അബ്ദു സമദ് സമദാനി കേസുമായി രംഗത്ത്. കനേഡിയന്‍ എഴുത്തുകാരിയും ഡോക്യുമെന്‍ററി – സിനിമ നിര്‍മ്മാതാവുമായ  മെറിലി വെയ്സ് ബോര്‍ഡിന്‍റെ ‘The Love Queen of Malabar’ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച പ്രണയത്തിന്‍റെ  രാജകുമാരി. എം ജി സുരേഷാണ് ഈ പുസ്തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത്.

രണ്ട് എഴുത്തുകാരികള്‍ തമ്മിലുള്ള സൌഹൃദത്തില്‍ നിന്നുണ്ടായ ഒരപൂര്‍വ്വ പുസ്തകമാണ് ‘The Love Queen of Malabar’ പത്തുവര്‍ഷത്തോളം നീണ്ടുനിന്ന കമലയുടെയും മെറിലിയുടെയും ഊഷ്മളമായ സൌഹൃദം, കാനഡയില്‍ നിന്നും കൊച്ചിയിലേക്കുള്ള മെറിലിയുടെ യാത്രകള്‍, മതം മാറ്റത്തിന് മുമ്പും ശേഷവുമുള്ള കമലയുടെ കാനഡ യാത്രകള്‍, കമലയും മെറിലിയും തമ്മിലുള്ള ഫോണ്‍ വിളികള്‍, അവരുടെ കത്തുകള്‍ കമലയുടെ കവിതകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നപുസ്തകമാണിത്.

പ്രണയത്തെ ആത്മാവിന്റെ ഭക്ഷണമായി കണ്ട കമല

തന്‍റെ മതം മാറ്റത്തെകുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും കമല തന്നോടു പറഞ്ഞ കാര്യങ്ങള്‍ വളരെ വിശദമായി തന്നെ മെറിലി ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അന്ന് എം പി യായിരുന്ന ഒരു രാഷ്ട്രീയ നേതാവുമായുള്ള പ്രണയം കാരണം അയാളുടെ വിവാഹ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് താന്‍ മതം മാറിയതെന്ന് കമല വ്യക്തമാക്കിയതായി മെറിലി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്.

മാധവിക്കുട്ടിയുടെ ജീവിതം ആമി എന്ന പേരില്‍ സംവിധായകന്‍ കമല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടും മാധവിക്കുട്ടിയായി അഭിനയിക്കാമെന്നേറ്റ നടി വിദ്യാബാലന്‍ ഇതില്‍ നിന്നു പിന്മാറിയതുമായും  ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ മഞ്ജുവാര്യര്‍ മാധവിക്കുട്ടിയാവാന്‍ തയ്യാറായി. അതേസമയം തന്നെ മാധവിക്കുട്ടിയുടെ ജീവിതം  അതുപോലെ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് കവയത്രിയും തമിഴ് സിനിമാ സംവിധായികയും ആക്റ്റിവിസ്റ്റുമായ ലീന മണിമേഖല രംഗത്ത് വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 2015 ല്‍ പുറത്തിറങ്ങിയ പ്രണയത്തിന്‍റെ രാജകുമാരി എന്ന പുസ്തകം തന്നെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് നിയമ നടപടിയുമായി സമദാനി രംഗത്ത് വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍