TopTop
Begin typing your search above and press return to search.

മദ്രസ അധ്യാപകന്റെ കൊലപാതകം; പ്രതികള്‍ പിടിയിലായതോടെ ഒഴിവായത് വന്‍ ദുരന്തം

മദ്രസ അധ്യാപകന്റെ കൊലപാതകം; പ്രതികള്‍ പിടിയിലായതോടെ ഒഴിവായത് വന്‍ ദുരന്തം

മാര്‍ച്ച് 21 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു റിയാസ് മൗലവി എന്ന 34 കാരനെ കഴുത്തറുത്ത് കൊന്നത്. ചൂരി ഇസ്ലത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയുടെ കൊലപാതകം കാസര്‍ഗോഡ് മാത്രമല്ല, കേരളം ഒട്ടാകെ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഒരു മുസ്ലിം മതാധ്യാപകന്‍ പള്ളിയോട് ചേര്‍ന്നുള്ള സ്വന്തം കിടപ്പുമുറിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ടതു നാടിനെ ആകെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ തക്കശേഷിയുള്ള ഒരു സംഭവം വലിയ പൊട്ടിത്തെറികള്‍ക്കുള്ള സാധ്യതയാണു നിലനിര്‍ത്തിയിരുന്നത്. ഈ ഭയം നിലനില്‍ക്കുന്നതിനിടയില്‍ തന്നെയാണു മൗലവിയുടെ കൊലപാതകത്തിലെ പ്രതികളെന്നു കരുതുന്നവരെ പൊലീസ് പിടികൂടിയിരിക്കുന്നത്.

എന്നാല്‍ പ്രതികള്‍ എന്തിന് ഇങ്ങനെയൊരു കൃത്യം നിര്‍വഹിച്ചു എന്നതിലെ അവ്യക്തത ഈ കൊലപാതകത്തിനു പിന്നിലെ ദുരൂഹത അങ്ങനെ തന്നെ നിലനിര്‍ത്തുകയാണ്. അതേസമയം കൊലപാതകത്തിനു പിന്നലെ കാരണം പൊലീസിന് വ്യക്തമായിട്ടുണ്ടെന്നും എന്നാല്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ഈ വിവരം പുറത്തുവിടാതിരിക്കുകയാണ് എന്നും കേള്‍ക്കുന്നു. ഭയപ്പെടേണ്ടുന്ന രീതിയില്‍ എന്തെങ്കിലും കാരണം മൗലവിയുടെ കൊലയ്ക്കു പിന്നില്‍ ഉണ്ടെങ്കില്‍ അത് വര്‍ഗീയ സംഘര്‍ഷത്തിലേക്കു മാറാന്‍ വരെ ഇടയുണ്ടാക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

ബൈക്കിലെത്തിയാണ് മൂന്നുപേരും പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദിനോടു ചേര്‍ന്നുള്ള മുറിയില്‍ വച്ചു റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്നുള്ള വിവരം പൊലീസ് പുറത്തുവിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പിടിയിലായവര്‍ മുമ്പ് ഏതെങ്കിലും കൊലപാതക കേസില്‍ പ്രതികളായിട്ടുളളവര്‍ അല്ലെന്നും പൊലീസ് പറയുന്നു. മൗലവി കൊല്ലപ്പെട്ട അന്നു തന്നെ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇപ്പോള്‍ പിടിയിലായവരിലേക്കുള്ള സൂചനകള്‍ പൊലീസിന് കിട്ടിയത്. അതേസമയം ആദ്യം കസ്റ്റഡിയില്‍ എടുത്തയാളെ സംഭവത്തില്‍ പങ്കില്ലെന്നു കണ്ടു വെറുതെ വിട്ടു.

മൗലവിയുടെ കൊലപാതകം നടന്ന ദിവസം കാസറഗോഡ് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് പരക്കെ അക്രമങ്ങളാണ് നടന്നത്. പ്ലസ് ടു പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കാത്ത അവസ്ഥവരെയുണ്ടായി. പലയിടത്തും ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ പൊലീസുമായി ഏറ്റുമുട്ടലുകള്‍ നടന്നു. ജില്ലയില്‍ ഒരാഴ്ച നിരോധാനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

മൗലവിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള വലിയ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ശക്തമായ കരുതല്‍ നടപടികളാണു പൊലീസ് ഇതേ തുടര്‍ന്നു കൈക്കൊണ്ടത്. ഇവിടെ രാത്രികാല ബൈക്ക് സര്‍വീസുകള്‍ പൊലീസ് നിരോധിച്ചിരുന്നു. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങി സമൂഹ മാധ്യമങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കുറ്റകരവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതികളെ പിടികൂടിയ സാഹചര്യത്തില്‍ പൊലീസിന് ഇപ്പോഴത്തെ സാഹചര്യം അവരുടെ കൈപ്പിടിയില്‍ നിര്‍ത്താനും കഴിയും.

കൊലപാതകത്തില്‍ വര്‍ഗീയസ്വഭാവമുണ്ടോ?

കൊലപാതകം നടന്ന പഴയ ചൂരി മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബിജെപിക്കു ശക്തമായ സ്വാധീനമുണ്ട്. മൗലവിയുടെ കൊലപാതകത്തിനു പിന്നില്‍ ബിജെപി ആണെന്ന് ലീഗ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിക്കളയുന്ന ബിജെപി വിഷയത്തെ വര്‍ഗീയവത്കരിച്ചു നാടിന്റെ സമാധാനാന്തരീക്ഷം കളയാനാണു ലീഗ് ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു. ബിജെപി നേതാവ് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താസമ്മേളനം വിളിച്ച് കൊല്ലപ്പെട്ട അധ്യാപകന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നഗരത്തില്‍ നടന്ന അക്രമത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നാല്‍ക്കാലികളുടെ അറവിനും മറ്റും പോകുന്ന റിയാസ് മൗലവിയ്‌ക്കെതിരേ നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിനു പിന്നിലെ കാരണം ഇതായിരിക്കുമെന്ന ആരോപണവും ഉയരുന്നുണ്ട്. ബിജെപിക്കു സ്വാധീനമുള്ള മധൂര്‍ പഞ്ചായത്തിലെ ബട്ടംപാറയില്‍ ഇര്‍ഷാദ് മീപ്പുഗിരിയില്‍ സാബിത്ത് എന്നിവര്‍ കൊല്ലപ്പെട്ടതിനു പിന്നിലും ഇതേ രീതിയിലുള്ള ആസൂത്രണങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ സംശയങ്ങള്‍ ദുരീകരിക്കാനും കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരാനും അതുവഴി സമാധാനാന്തരീക്ഷം നിലനിര്‍ത്താനും കഴിയുമെന്നാണ് പോലീസ് കരുതുന്നത്.


Next Story

Related Stories