TopTop
Begin typing your search above and press return to search.

സ്വയംഭരണം മഹാരാജാസില്‍ നിന്ന് കവര്‍ന്നെടുക്കുന്നത്

സ്വയംഭരണം മഹാരാജാസില്‍ നിന്ന് കവര്‍ന്നെടുക്കുന്നത്

ഉണ്ണികൃഷ്ണന്‍ വി

എറണാകുളം മഹാരാജാസ് കോളെജിന് കേരള ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. കേരള സമൂഹത്തിന്റെ വളര്‍ച്ചക്ക് വലിയ സംഭാവന നല്‍കിയ വിദ്യാഭ്യാസ സ്ഥാപനമാണിത്. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച പല പ്രമുഖരും മഹാരാജാസിന്റെ സന്തതികളാണ്. കൊച്ചി രാജാക്കന്‍മാരുടെ കാലം മുതല്‍ ഇവിടെ വിദ്യാഭ്യാസം സൗജന്യമായിരുന്നു. ആ പൈതൃകമാണ് ഇന്ന് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് കേരളാ ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് (എകെജിസിടി) ഇപ്പോള്‍ നടത്തുന്ന സമരത്തിന്റെ അടിസ്ഥാനം വെറും സ്ഥലം മാറ്റ പ്രശ്നം മാത്രമല്ല. കൊച്ചിയിലെ മഹാരാജാസ് കോളെജിന് ലഭിച്ച സ്വയംഭരണ സംവിധാനത്തിലെ ന്യൂനതകളാണ് ഇപ്പോള്‍ കോളെജിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ശരിയായ രീതിയിലുള്ള ചര്‍ച്ചകളോ പഠനങ്ങളോ നടത്താതെ പെട്ടെന്നൊരു ദിവസം സ്വയംഭരണം നടപ്പിലാക്കിയത് വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിദ്യാഭ്യാസ മേഖലയുടെ വ്യവസായവല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.

യു ജി സിയുടെ സ്വയംഭരണം നല്‍കുന്ന പദ്ധതി നടപ്പിലാക്കേണ്ടെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്നാക്കം പോയി. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ മഹാരാജാസില്‍ സ്വയംഭരണം നടപ്പിലാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ തലശേരി ബ്രണ്ണന്‍ കോളെജിലും സ്വയംഭരണം നടപ്പിലാക്കാനുള്ള നീക്കം നടത്തിയിരുന്നുവെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല.

ആ സാഹചര്യത്തിലാണ് നിലവിലുള്ള ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അധ്യാപകരെ സ്ഥലം മാറ്റുകയുണ്ടായത്. പദ്ധതി നടപ്പിലാകുമ്പോള്‍ ആദ്യം കോളെജ് അധികൃതര്‍ എടുത്ത നിലപാട് സ്ഥലം മാറ്റം, മറ്റാനുകൂല്യങ്ങള്‍ എന്നിവയില്‍ യാതൊരു മാറ്റവും ഉണ്ടാവുകില്ല എന്നായിരുന്നു. അക്കാദമിക സ്വയംഭരണം മാത്രമേ ഉണ്ടാവൂ എന്നും ആദ്യം പറഞ്ഞിരുന്നു. പക്ഷേ ഇപ്പൊ നടക്കുന്നത് നേര്‍ വിപരീതവും. നിരവധി വര്‍ഷങ്ങളായി മഹാരാജാസില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ നിന്ന് സ്ഥലം മാറ്റത്തിനുള്ള സമ്മതം വാങ്ങിക്കൊണ്ട് സ്ഥലം മാറ്റത്തിന് നിലവിലുള്ള നിയമങ്ങളെ അട്ടിമറിക്കുക എന്നതാണ് ഇതിന്റെ പിറകിലെ ഒരു ഉദ്ദേശം."മഹാരാജാസിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി വരാന്‍ ആഗ്രഹിക്കുന്നവരും ട്രാന്‍സ്ഫര്‍ വാങ്ങാതെ മഹാരാജാസില്‍ തന്നെ നില്‍ക്കുന്നവരും ഓട്ടോണോമസ് കോളേജിന്റെ പുതിയ നിയമ പ്രകാരം നിയമാവലികള്‍ അംഗീകരിക്കുന്നു എന്ന് സമ്മതപത്രം ഒപ്പിട്ടു നല്‍കണം . ഉള്ളതില്‍ മുപ്പതു പേര്‍ അതിനു തയ്യാറായില്ല .അവരിലെ പത്തു പേരെയാണ് ഇപ്പൊ ശിക്ഷാനടപടി എന്ന രീതിയില്‍ ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. സാധാരണ ട്രാന്‍സ്ഫര്‍ അപേക്ഷ കൊടുക്കുന്ന സമയത്തെ റൂള്‍ ആണ് ട്രാന്‍സ്ഫര്‍ സമയത്ത് പിന്‍തുടരുന്നത്.എന്നാല്‍ ഇത്തവണ അത് തഴഞ്ഞിട്ടാണ് പുതിയ നിയമം പ്രകാരം ട്രാന്‍സ്ഫര്‍ നടപടികള്‍ നടത്തിയിരിക്കുന്നത് .ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി ,വിദ്യാഭ്യാസ മന്ത്രി ,യുനിവേഴ്സിറ്റി അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്."എ കെ ജി സി ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ കെ ദാമോദരന്‍ പറയുന്നു.

സ്ഥലം മാറ്റ വിഷയം മാത്രമല്ലിത്. സര്‍ക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും മറ്റൊരു മുഖമാണ്. ഫിസിക്‌സിലും കെമിസ്ട്രിയിലും ഉപരിപഠനം നടത്താനുള്ള രണ്ടു കോഴ്‌സുകള്‍ മഹാരാജാസില്‍ യുജിസിയുടെ സഹായത്തോടെ നടത്തുന്നുണ്ട്. സാധാരണ അഞ്ചു വര്‍ഷം ആ കോഴ്‌സ് തുടരുകയാണെങ്കില്‍ അതിനെ റെഗുലര്‍ ആയി മാറ്റേണ്ടതാണ്. എന്നാല്‍ തുടര്‍ നടപടികള്‍ക്കുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല. ആകെ അനാസ്ഥ കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ പുതിയ സമ്പ്രദായം നടപ്പിലാക്കുക വഴി സാമ്പത്തിക ലാഭം മാത്രമാണ് സര്‍ക്കാര്‍ നോട്ടമിടുന്നത്.

വേറൊരു നിഗൂഢത ഗവേര്‍ണിംഗ് ബോഡിയുടെ ഘടന ആണ്. മഹാരാജാസ് കോളേജിലെ മൂന്ന് അധ്യാപകര്‍ മാത്രമാണ് ഈ ബോഡിയിലുള്ളത്. ബാക്കിയുള്ളവരെല്ലാം വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്തവരാണ്. വിദ്യാഭ്യാസ കച്ചവടമാണ് ഇതിന്റെയും പിറകിലേയും ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെ തന്നെ തച്ചുടയ്ക്കുന്ന ഒരു വ്യവസായവല്‍ക്കരണമാണ് ഇനി ഇവിടെ നടക്കാന്‍ പോകുന്നത്. ചര്‍ച്ചകള്‍ക്കായി ഒരു ഗവേണിംഗ് ബോഡി ഉണ്ടായിട്ടും ഒരു ചര്‍ച്ച പോലും നടത്താതെയാണ് സ്വയംഭരണ സംവിധാനം നടപ്പിലാക്കുന്നത്.കുറച്ചു കാലം കഴിഞ്ഞാല്‍ സാമ്പത്തിക നിയന്ത്രണവും ഈ ഗവേണിംഗ് ബോഡിയുടെ കൈയ്യിലാകും. സിലബസ് പരിഷ്‌കരണം, കോഴ്‌സുകള്‍ എന്നിങ്ങനെ പല വശങ്ങളും ചൂണ്ടിക്കാട്ടാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അത്രയെളുപ്പം നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ല അവ. സ്വയംഭരണം നടത്തുന്ന കേരളത്തിലെ മറ്റു ചില കോളേജുകള്‍ പരിശോധിക്കുകയാണെങ്കില്‍ അതിനെ ഉള്ളുകള്ളികള്‍ മനസിലാവും. പലയിടത്തെയും മൂല്യ നിര്‍ണയം നിലവാരം കുറഞ്ഞതായിരിക്കും. കാരണം പലരും ചെയ്യുന്ന എളുപ്പ വഴി മുഴുവന്‍ പാഠഭാഗങ്ങളും തീര്‍ക്കാതെ പഠിപ്പിച്ച ഭാഗത്ത് നിന്നും മാത്രം ചോദ്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നവര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പികുകയാണ്. സ്വയംഭരണ കോളെജില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ പൊതു അഭിമുഖങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഒരു അവസ്ഥാവിശേഷം ഒരിക്കല്‍ നിലനിന്നിരുന്നു. അത് പുനരവതരിക്കാനേ ഇത് ഇട നല്‍കൂ. കൃത്യമായ ഒരു മോണിട്ടറിംഗ് സംവിധാനം ഇല്ലാത്ത കാലത്തോളം ഇതൊരു വന്‍ പരാജയം ആയിരിക്കും.

ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളും നിലവാരവും മെച്ചപ്പെടുത്തുന്നതിന് ആരുംതന്നെ എതിര്‍ക്കുന്നില്ല .പക്ഷെ പുതിയ ഒരു വ്യവസ്ഥിതി നിലവില്‍ വരുമ്പോള്‍ അതിന്റെ വരുംവരായ്കകളും പ്രായോഗിക ബുദ്ധിമുട്ടുകളും പഠിച്ചതിനു ശേഷം നടപ്പിലാക്കുകയാണ് ശരിയായ രീതി.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories