TopTop
Begin typing your search above and press return to search.

ടി 20 ലോകകപ്പോടെ ധോണി വിരമിക്കുമോ?

ടി 20 ലോകകപ്പോടെ ധോണി വിരമിക്കുമോ?

ഐപിഎല്ലിലെ രണ്ട് പുതിയ ടീമുകള്‍ക്കുവേണ്ടി നടന്ന ലേലത്തില്‍ മഹീന്ദ്ര സിങ് ധോണിയെ പുണെ ടീം സ്വന്തമാക്കിയത് സെക്കന്‍ഡുകള്‍ക്കുള്ളിലാണ്. കളിക്കാരനെന്ന നിലയിലും ബ്രാന്‍ഡ് അംബാസഡറെന്ന നിലയിലും ധോണിയുടെ മൂല്യത്തിന് ഇടിവൊന്നും വന്നിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. എങ്കിലും കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലേക്കാകും ധോണിയുടെ ചുവടുവയ്പ്.

അടുത്തമാസം നടക്കുന്ന ഓസ്‌ട്രേലിയ പര്യടനം ഇതില്‍ നിര്‍ണായകമാകും. ക്യാപ്റ്റനായി തിരിച്ചെത്തുന്ന ധോണിയുടെ പ്രകടനം ആരാധകരും സെലക്ടര്‍മാരും ഒരുപോലെ കര്‍ശനമായി നിരീക്ഷിക്കുമെന്നതില്‍ സംശയമില്ല. ഏകദിനങ്ങളും ടി 20യും അടങ്ങുന്ന പര്യടനത്തില്‍ കളിക്കാനും ടീമിനെ വിജയിപ്പിക്കാനുമുള്ള ധോണിയുടെ കഴിവിനായാണ് എല്ലാവരുടെയും കാത്തിരിപ്പ്.

ഓസ്‌ട്രേലിയ പര്യടനം ചെറുതാണെങ്കിലും ധോണിയെ സംബന്ധിച്ച് മൂന്നുമാസം നീളുന്ന ഒരു പരീക്ഷണകാലത്തിന്റെ തുടക്കമാണ്. സ്വന്തം രാജ്യത്തുനടക്കുന്ന ട്വന്റി ട്വന്റി വരെയുള്ള ഈ കാലയളവിനുള്ളില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരിമിത ഓവര്‍ മല്‍സരങ്ങളുമുണ്ട്.

സ്വന്തം മണ്ണില്‍ മല്‍സരിക്കുന്ന ഓസ്‌ട്രേലിയ ഇപ്പോഴത്തെ ഏറ്റവും ശക്തമായ ടീമാണ്. ഈ വര്‍ഷം ആദ്യം ലോകകപ്പില്‍ അവര്‍ മികവ് തെളിയിച്ചുകഴിഞ്ഞു. അന്ന് സെമിയില്‍ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ട ഇന്ത്യയ്ക്ക് പകരം വീട്ടാനൊരു അവസരമാണിത്. അത് കഠിനമാകുമെന്നതില്‍ സംശയമില്ല.

കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനെയുമില്ലാതെ പുതിയ ടീം രൂപീകരിക്കുകയാണ് ശ്രീലങ്ക. അത് നിസാരകാര്യമല്ല. എങ്കിലും കരുത്തന്‍മാരല്ലാത്തതിന്റെ ആനുകൂല്യം അവര്‍ക്കുണ്ട്. നഷ്ടപ്പെടാന്‍ ഒന്നുമില്ല; കിട്ടുന്നതൊക്കെ നേട്ടമാകുകയും ചെയ്യും.ഈ മല്‍സരങ്ങളെല്ലാം, പ്രത്യേകിച്ച് മാര്‍ച്ചിലെ ലോക ടി20 മല്‍സരം, വിജയിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കാണ്. ഫലം പ്രവചനാതീതമായ ലോട്ടറിപോലെയാണിത്. മുന്‍ മല്‍സരങ്ങളിലെല്ലാം വ്യത്യസ്ത ടീമുകളായിരുന്നു വിജയികളെന്നത് വിജയം മാത്രം ആഗ്രഹിക്കുന്ന ഇന്ത്യന്‍ ആരാധകരെ തൃപ്തരാക്കുന്നില്ല.

ഇത് ടീമിനെയും ഒപ്പം സെലക്ടര്‍മാരെയും സമ്മര്‍ദത്തിലാക്കുന്നു. ഈ രണ്ടുകൂട്ടരെയും തൃപ്തിപ്പെടുത്തേണ്ടിവരുന്ന ക്യാപ്റ്റനാകും പരമാവധി സമ്മര്‍ദം. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലുമുള്ള ധോണിയുടെ പ്രകടനമാകും കളിയില്‍ അദ്ദേഹത്തിന്റെ ഭാവി നിശ്ചയിക്കുക.

വരുന്ന ടി ട്വന്റി ലോകകപ്പ് മല്‍സരം വിടവാങ്ങലിനുള്ള അവസരമായാണ് ധോണി കാണുന്നതെന്ന് പലരും കരുതുന്നു. മല്‍സരത്തിന്റെ അതേസമയത്ത് ധോണിയെപ്പറ്റിയുള്ള ഒരു വാര്‍ത്താചിത്രം പുറത്തിറങ്ങുമെന്നത് ഊഹാപോഹങ്ങള്‍ക്കു ശക്തി പകരുന്നു.

ഒരു വര്‍ഷം മുന്‍പ് പൊടുന്നനെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഇത്തവണയും തീരുമാനം പ്രഖ്യാപിക്കുക പെട്ടെന്നായിരിക്കുമെന്ന് പലരും കരുതുന്നു. 2007ലെ ആദ്യ ലോക ട്വന്റി ട്വന്റിയിലെ വിജയത്തോടെയാണ് ധോണി താരമായത് എന്നതും ട്വന്റി ട്വന്റിയിലെ വിരമിക്കല്‍ വാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

തന്റെ മനസിലുള്ളതിനെപ്പറ്റി ആര്‍ക്കും സൂചന നല്‍കാത്തയാളാണ് ധോണി. കീഴ്‌വഴക്കങ്ങള്‍ പിന്തുടരുന്നയാളുമല്ല. എങ്കിലും വിരമിക്കല്‍ വാദങ്ങള്‍ എനിക്ക് വിശ്വാസ്യമായി തോന്നുന്നില്ല. കാരണം പ്രശസ്തിയുടെ ഉച്ചകോടിയിലുള്ള വിരമിക്കലാണ് ആഗ്രഹമെങ്കില്‍ ഈ വര്‍ഷത്തെ ലോകകപ്പിനുശേഷം ധോണിക്കു വിരമിക്കാമായിരുന്നു. ഇന്ത്യ വളരെ നന്നായി കളിച്ചു എന്നതിനാല്‍ പ്രത്യേകിച്ചും.

കളി ആകര്‍ഷകമായി തോന്നാത്തതിനാലാണ് ടെസ്റ്റില്‍നിന്ന് വിരമിക്കാന്‍ ധോണി തീരുമാനിച്ചതെന്നാണ് എന്റെ അനുമാനം. ഓരോരുത്തര്‍ക്കും അവനവന്റെ മുന്‍ഗണനകളനുസരിച്ച് കാര്യങ്ങളെ സമീപിക്കാം. അതുകൊണ്ട് കളിയില്‍ താല്‍പര്യം നഷ്ടപ്പെട്ടശേഷവും വെറുതെ തുടരേണ്ടതില്ല എന്ന് ധോണി തീരുമാനിക്കുകയായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റൊന്നുമില്ല.

ടെസ്റ്റില്‍നിന്നുള്ള വിരമിക്കല്‍ മൂലം ധോണി പരിമിത ഓവര്‍ കളിക്കാരനായി മുദ്രകുത്തപ്പെട്ടു. മൂന്നു ഫോര്‍മാറ്റുകള്‍ക്കു പകരം രണ്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിരമിക്കല്‍ സഹായിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് ധോണിയുടെ സാന്നിധ്യം കുറയ്ക്കാന്‍ ഇതു കാരണമായി.ഇതാണ് ധോണി അഭിമുഖീകരിക്കുന്ന പ്രശ്‌നം. ഇരട്ട ക്യാപ്റ്റന്‍സി അംഗീകരിക്കാന്‍ വൈമുഖ്യം കാട്ടുന്നവരാണ് വിമര്‍ശകരും ക്രിക്കറ്റ് വിദഗ്ധരും. അടുത്തിടെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലി നേടിയ വിജയം ധോണിയെ വിമര്‍ശിക്കുന്നവരുടെ എണ്ണം കൂട്ടുന്നു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ധോണിയുടെ കരുത്ത് അനിഷേധ്യമാണ്. ധോണിയില്‍നിന്ന് തനിക്ക് വളരെയേറെ പഠിക്കാനുണ്ടെന്ന് കോഹ്‌ലി തന്നെ പറഞ്ഞിട്ടുണ്ട്. ധോണിക്ക് ഒരു ഭീഷണിയുമില്ലെന്ന് ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും പറയുന്നു.

പക്ഷേ ക്രിക്കറ്റിലെ വൈകാരികത എപ്പോള്‍ വേണമെങ്കിലും മാറിമറിയാവുന്ന ഒന്നാണെന്ന് ധോണിക്ക് ഇതിനകം മനസിലായിട്ടുണ്ടാകണം. 34 വയസെന്നതും അനുകൂല ഘടകമല്ല. പ്രായമേറിയെന്നു പറയാനാകില്ലെങ്കിലും ഓരോ മല്‍സരത്തിലും ഫിറ്റ്‌നസും ഫോമും വിശകലനം ചെയ്യപ്പെടുന്ന ക്രിക്കറ്റില്‍ ഇത് അവഗണിക്കാവുന്നതല്ല.

ഇനിമുതല്‍ ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിക്കു മികവുനിലനിര്‍ത്തിയേ തീരൂ. രാജ്യാന്തര തലത്തില്‍ കളിക്കാനുള്ള മിടുക്ക് തനിക്കുണ്ടെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം; 2019 ലോകകപ്പ് വരെയെങ്കിലും. അതിനുള്ള കണക്കെടുപ്പാണ് ജനുവരി രണ്ടാംവാരത്തില്‍ ആരംഭിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
Next Story

Related Stories