TopTop
Begin typing your search above and press return to search.

ധോനി; താങ്കള്‍ക്ക് നന്ദി, ഇനി കോലിക്കായി കളമൊഴിയാം

ധോനി; താങ്കള്‍ക്ക് നന്ദി, ഇനി കോലിക്കായി കളമൊഴിയാം

ടീം അഴിമുഖം

കായികലോകം ഒരു തരത്തില്‍ നീതിയുടെ ലോകമാണ്. അതിന്റെ ഒരുകാരണം ജീവശാസ്ത്രത്തില്‍ നിന്നും ഒരു കായികതാരത്തിനും രക്ഷപ്പെടാനാവില്ല എന്നതാണ്.

മഹേന്ദ്രസിങ് ധോനി എന്താണെന്നും എന്തിനെ നിര്‍വചിക്കുന്നു എന്നും നാം മനസിലാക്കേണ്ടതുണ്ട്. ആളുകള്‍ അയാളുടെ മുഖം മൂടി ധരിക്കുന്നതും നടന്മാര്‍ അയാളെ വെള്ളിത്തിരയില്‍ അനുകരിക്കുന്നതും അയാളുടെ സ്വീകാര്യതയുടെ വലിപ്പം അറിയിക്കുന്നു.

മഹേന്ദ്രസിങ് ധോനി ഇനി സാധാരണ ആളല്ല. മഹത്വം അയാള്‍ക്കുമേല്‍ പൊതിയാന്‍ തുടങ്ങിയിരിക്കുന്നു. വിമര്‍ശനങ്ങള്‍ അയാളെ ബാധിക്കില്ല. തെരഞ്ഞെടുക്കുന്ന ഏത് ഭാഗത്തും അയാള്‍ക്ക് കളിക്കാം.

നാടോടിഗീതങ്ങളിലെ നായകനെപ്പോലെ പ്രശസ്തി; സിനിമ തിയറ്ററുകളില്‍ ജീവിത കഥ കളിക്കുന്നു;പലരും കൊതിക്കുന്ന എന്നാല്‍ കിട്ടാത്ത സൌഭാഗ്യങ്ങള്‍.

ഈ ഭാഗ്യലോകത്തിന്, ഓരോ വിജയത്തിനൊപ്പവും പണവും പ്രശസ്തിയും പെരുകുന്ന കളത്തിനു മറ്റൊരു വശം കൂടിയുണ്ട്. ഒരു കായികതാരത്തിന്റെ ഭാവി അയാളുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. ബുദ്ധിയെ മാത്രം ആശ്രയിക്കുന്ന മേഖലകള്‍ പോലെയല്ല ഇത്. കൂടുതല്‍ ചെറുപ്പമാണെങ്കില്‍ കൂടുതല്‍ മെച്ചമുണ്ട്. ക്രിക്കറ്റില്‍ 30-കളുടെ ആദ്യകാലം പെരുമയുടെയും മികവിന്റെയും ഔന്നത്യമായിരിക്കും. അവിടെനിന്നും തുടങ്ങും താഴോട്ടിറക്കം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇതിനെ മറികടക്കാനായില്ല. കോലിക്കുമാകില്ല. ധോനിക്കും കഴിയില്ല. മിക്ക കളിക്കാര്‍ക്കും വിരമിക്കുക എന്നാല്‍ മരണം പോലെയാണ്. മനസിനൊപ്പം ശരീരം കുതിക്കാത്ത നാളുകളില്‍ ഈ ഭയം അവരില്‍ മൂര്‍ദ്ധന്യത്തിലെത്തും. തങ്ങളും സാധാരണ മനുഷ്യരാണെന്നും കാലാവധി കഴിയുന്ന ദിനം വരുമെന്നും അതിനപ്പുറം അവരെക്കൊണ്ട് വലിയ പ്രയോജനമില്ലെന്നും അവര്‍ അംഗീകരിക്കില്ല.

ധോനിയുടെ കാര്യത്തിലാണെങ്കില്‍ വിക്കറ്റ് കീപ്പറും അവസാന ഓവറുകളിലെ കൂറ്റന്‍ അടിക്കാരനും എന്ന നിലയില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരനാണ്. പ്രായം അയാളുടെ പ്രതികരണമികവില്‍ നിഴല്‍ പടര്‍ത്തിയേക്കാം എങ്കിലും വര്‍ഷങ്ങളായി എതിരാളികള്‍ ഭയക്കുന്ന കളി വിജയിപ്പിച്ചെടുക്കുന്ന ആ മികവിനെ ഇല്ലാതാക്കിയിട്ടില്ല. ഇന്ത്യന്‍ ടീമില്‍ അയാളുടെ സ്ഥാനം സുരക്ഷിതമാണ്. 2019-ലെ ലോകകപ്പില്‍ അയാളുണ്ടാകുമോ എന്ന് ഉറപ്പില്ലെങ്കില്‍ക്കൂടി. ഇപ്പോള്‍ 35-ആണ് ധോനിയുടെ പ്രായം. അതായത് ലോകകപ്പ് കാലത്ത് 38. മിക്ക കളിക്കാരും തങ്ങളുടെ വിരമിക്കല്‍ പരിപാടികള്‍ നടപ്പാക്കുന്ന സമയം.

ഈ കാരണമാണ് ഇന്ത്യയുടെയും കുറഞ്ഞ തോതില്‍ ധോനിയുടെയും ഭാവിയെക്കുറിച്ച് സുപ്രധാനമായ ഒരു ചോദ്യം ഉയര്‍ത്തുന്നത്.ധോനി ഉണ്ടാകുമോ എന്ന ഉറപ്പില്ലാതെയാണോ ഇന്ത്യ തങ്ങളുടെ ലോകകപ്പ് തന്ത്രങ്ങള്‍ മെനയുന്നത്? എത്ര കാലമാണ് എല്ലാ കളികളിലും നായകനാകാനുള്ള കോലിയുടെ അര്‍ഹതയെ നിഷേധിക്കാനാവുക? ലോകകപ്പിന് പോകാന്‍ ഇന്ത്യന്‍ ടീം തയ്യാറെടുക്കുമ്പോള്‍ ഈ ചോദ്യം അവഗണിക്കാനാകില്ല.

തന്റെ കളിക്കാലത്ത് ടീമിനുവേണ്ടി ‘captain cool’ ചെയ്തതൊന്നും ആരും മറക്കുന്നില്ല. ഒരു തികഞ്ഞ ടീം കളിക്കാരനായ അയാള്‍ക്ക് ഭാവി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലെ പ്രാധാന്യവും മനസിലാകാതെ വരില്ല.

കായികലോകത്ത് എന്തെങ്കിലും സ്ഥിരമായുണ്ടെങ്കില്‍ അത് എത്ര വലിയ താരമായാലും, എത്ര ഗംഭീരമായ സംഭാവന നല്കിയ കളിക്കാരനെങ്കിലും, അയാളുടെ അസ്ഥിരതയാണ്.

ഒരു കളിക്കാരനെന്ന നിലയില്‍ അയാളുടെ മികവില്‍ ഇപ്പോള്‍ സംശയമൊന്നുമില്ല. കളിയില്‍ നിന്നു എപ്പോള്‍ വിരമിക്കണമെന്ന കാര്യവും അയാള്‍ക്ക് വിട്ടുകൊടുക്കാം. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആരാകണം എന്ന കാര്യമാണ് കൂടുതല്‍ അലട്ടേണ്ടത്.

അടുത്ത മാസം മുതല്‍ ഇംഗ്ലണ്ടുമായുള്ള ഒരു നിര്‍ണായക പരമ്പര കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഒരു മാറ്റത്തിന് പറ്റിയ സമയം അതായിരിക്കും. ഏകദിന ടീമിനും ടെസ്റ്റ് ടീമില്‍ വിരാട് കോലി നല്കിയ ആവേശവും ഊര്‍ജവും ഉത്സാഹവും ലഭിക്കട്ടെ.


Next Story

Related Stories