UPDATES

അഞ്ചു ഷട്ടറുകളും തുറന്നു; ചെറുതോണി പാലം മുങ്ങി, ആലുവയില്‍ കനത്ത ജാഗ്രത

പെരിയാറിന്റെ തീരത്തു നിന്നും 6500 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വരും. പെരുമ്പാവൂര്‍ മുതലുള്ളവരെ ഇന്ന് വൈകിട്ടോടെ മാറ്റും. ജനങ്ങള്‍ നദിയുടെ അടുത്തേക്ക് പോകുന്നതിനും നദി മുറിച്ചുകടക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇടുക്കി -ചെറുതോണി അണക്കെട്ടിലെ ജല നിരപ്പ് 2401.76 അടിയും പിന്നിട്ട് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും രണ്ടു മണിക്കും ഇടയിലായി ഒന്നും അഞ്ചും ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഷട്ടറുകളെല്ലാം ഉയര്‍ത്തിയതോടെ പെരിയാറിലൂടെയുള്ള ജലമെഴുക്ക് ശക്തമായി. ഇരു കരകളിലും നാശം വിതച്ചും കരകവിഞ്ഞുമാണ് പെരിയാര്‍ കുതിച്ചൊഴുകുന്നത്. പെരിയാറിലെ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതോടെ ആലുവ വെള്ളത്തിനടിയിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്. കര്‍ക്കടക വാവ് പ്രമാണിച്ച് നാളെ പുലര്‍ച്ചെ ബലിതര്‍പ്പണം നടക്കാനിരിക്കെയാണ് ആലുവ തീരം വെള്ളത്തിനടിയിലായിരിക്കുന്നത്. നിലവില്‍ തുറന്ന ഷട്ടറുകളിലൂടെയുള്ള വെള്ളം പെരിയാറില്‍ എത്തിയിട്ടില്ല. ഇതിന് പത്ത് മണിക്കൂറോളം സമയമെടുക്കുമെന്നാണ് അറിയുന്നത്.

പെരിയാറിന്റെ തീരത്തു നിന്നും 6500 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വരും. പെരുമ്പാവൂര്‍ മുതലുള്ളവരെ ഇന്ന് വൈകിട്ടോടെ മാറ്റും. ജനങ്ങള്‍ നദിയുടെ അടുത്തേക്ക് പോകുന്നതിനും നദി മുറിച്ചുകടക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ചരിത്രത്തിലാദ്യമായാണ് ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നത്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. ജലനിരപ്പ് 2401.72 അടിയായ സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ടി വരും. അതോടെ പെരിയാറിന്റെ തീരങ്ങളില്‍ കനത്ത നാശനഷ്ടമാകും ഉണ്ടാകുക. നിലവില്‍ സെക്കന്റില്‍ 6.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇടുക്കി- ചെറുതോണി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്.
ചെറുതോണിയില്‍  വെള്ളമെത്തി മിനിറ്റുകള്‍ക്കകം വീടുകള്‍ ഒലിച്ചുപോയ അവസ്ഥയിലാണ്. ചെറുതോണി ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. പെട്ടിക്കടകള്‍ പലതും ഒലിച്ചുപോയി.

എന്നാല്‍ രാത്രിയോടെ ആലുവയിലെത്തുമെന്ന് കരുതുന്ന വെള്ളം മേഖലയില്‍ ദുരിതം വിതയക്കാതിരിക്കാന്‍ കനത്ത മുന്‍കരുതാണ് ജില്ലാ ഭരണകൂടം എര്‍പ്പെടുത്തിയിട്ടുള്ളത്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സൈന്യം, ദേശീയ ദുരന്ത നിവാരണ സേനയടക്കം സജ്ജമാണ്. പെരിയാറിന്റെ തീരത്തുള്ള പെരുമ്പാവുര്‍, നെടുമ്പാശ്ശേരി വിമാനത്തവളം എന്നിവിടങ്ങളിലും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. അണക്കെട്ടിലെ സ്ഥിതിഗതികള്‍ വരുതിയിലാക്കാന്‍  ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ ആലുവ തീരത്തെ കടകള്‍ ഒഴിയാന്‍ വാഹനങ്ങളില്‍ അറിയിപ്പ് നല്‍കുന്നുണ്ട്. ഉച്ചക്ക് രണ്ട് മണിയോടെ അഞ്ചു ഷട്ടറുകളും തുറന്നതോടെ പെരിയാറിന്റെ കൈവഴികളില്‍ മുന്‍പില്ലാത്ത തരത്തില്‍ വെള്ളം പൊങ്ങുകയായിരുന്നു.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയും അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയും ചെയതതോടെയാണ് 5 ഷട്ടറുകള്‍ വഴി കൂടുതല്‍ ജലം തുറന്നത്.  ശക്തമായ മഴയും നീരൊഴുക്കും തുടരുന്നതിനാല്‍ ജലം പുറത്തേക്ക് വിടുന്നത് തുടരും. കെ എസ് ഇ ബി ഇന്നലെ തന്നെ അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട് ) നല്‍കിയിരുന്നു. സംഭരണ ശേഷിയുടെ 97.61 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. ചെറുതോണി അണക്കെട്ടിന്റെ താഴെ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.  ഇതിനിടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പുറത്തുവിടുന്നതിന്റെ ഇരട്ടിയാക്കി വെള്ളം തുറന്നു വിടാനും തീരൂമാനമുണ്ട്.

അതിനിടെ, പത്തനതിട്ട ജില്ലയിലെ കക്കി, ചെറുപമ്പ, ശബരിഗിരി പദ്ധതിയുടെ ആനത്തോട് അണക്കെട്ടുകള്‍ തുറന്നതോടെ ആലപ്പുഴ ജില്ലയിലേക്കെത്തുന്ന നദികളില്‍ വെള്ളം ഉര്‍ന്നതും കുട്ടനാട്ട് വീണ്ടും പ്രളയഭീതിയില്‍. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍, മീനച്ചില്‍ എന്നീ നദികള്‍ നിറഞ്ഞുകവിഞ്ഞനിലയിലാണ്. അപ്പര്‍ കുട്ടനാട് മേഖലയിലാണ് ഇത്തവണ വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. അതേസമയം, പത്തനംതിട്ടയുടെ മലയോര മേഖലകളില്‍ മഴതുടരുന്നതും നദികളിലെ നല നിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം, തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, തലവടി, നിരണം, ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍, നെടുമ്പ്രം, കടപ്ര, എടനാട്, മുണ്ടങ്കാവ്, മംഗലം, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, കരട്ടിശ്ശേരി, മാന്നാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പുയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. ഈ പ്രദേശങ്ങളിലെ നിവാസികള്‍ ജാഗ്രതപാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും  പ്രവര്‍ത്തിക്കുന്നുണ്ട്.

ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. ആദ്യം മൂന്നാമത്തെ ഷട്ടറാണ് ഉയര്‍ത്തിയത്. 50 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 50 ഘനമീറ്റര്‍ വെളളം വീതമാണ് ഒഴുക്കിവിട്ടത്. അതേ സമയം ഇന്ന് രാവിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നെങ്കിലും പുറത്തേക്ക് ഒഴുകുന്നതിന്റെ മൂന്ന് ഇരട്ടി അണക്കെട്ടിലേക്ക് എത്തുന്നുണ്ട്. അണക്കെട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നത് 1.6 ലക്ഷം ലിറ്റര്‍ വെള്ളമാണെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 4.36 ലക്ഷം ലിറ്ററാണ്. ഇന്നലെ വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും നീരൊഴുക്ക് തുടര്‍ന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു.

ഇതിനിടെ ചെറുതോണിയില്‍ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇടമലയാറില്‍ നിന്നുള്ള ജലമൊഴുക്കിന്റെ അളവ് കുറച്ചു. സെക്കന്റില്‍ 600 ഘനമീറ്റര്‍ ആയിരുന്നത് 500 ഘനമീറ്റര്‍ ആയാണ് കുറച്ചത്. ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നുമുള്ള ജലം ഭൂതത്താന്‍കെട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. രണ്ട് അണക്കെട്ടിലെയും വെള്ളം ഒരുമിച്ച് ഒഴുകിയെത്തിയാല്‍ എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. അതിനാലാണ് ഇടമലയാറില്‍ നിന്നുള്ള ജലമൊഴുക്കിന്റെ അളവ് കുറച്ചത്.

പെരിയാറിന്റെ തീരത്ത് നിലവില്‍ 100 മീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം. കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചാല്‍ കൂടുതല്‍ പ്രദേശത്തേക്ക് ഇത് വ്യാപിപ്പിക്കേണ്ടി വരും. കൂടാതെ കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടതായും വരും.

കേരളത്തിലെ പ്രളയക്കെടുതിക്ക് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പ്രളയക്കെടുതി ബോധ്യപ്പെടുത്താന്‍ കേരളത്തിലെ എം പിമാര്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണും. കേരളത്തിലെ പ്രളയകെടുതികള്‍ നേരിട്ട് വിലയിരുത്തിയ കേന്ദ്ര സംഘം ഓഗസ്റ്റ് 20ഓടെ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്. ഇതിനിടെ കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലെ ദുരിതാശ്വാസത്തിന് 10 കോടി രൂപ പ്രഖ്യാപിച്ചു. കൂടാതെ ബാണാസുര സാഗര്‍ അണക്കെട്ടിലെ വെള്ളം തുറന്നു വിടുന്നത് നിര്‍ത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉറപ്പുനല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍