TopTop
Begin typing your search above and press return to search.

720/720: നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടി ഷോയ്ബ് അഫ്താബ്; ചരിത്രത്തില്‍ ആദ്യം

720/720: നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടി ഷോയ്ബ് അഫ്താബ്; ചരിത്രത്തില്‍ ആദ്യം

നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച് ഒഡീഷ വിദ്യാര്‍ഥി. 720ല്‍ 720 മാര്‍ക്കും സ്വന്തമാക്കി ഷോയ്ബ് അഫ്താബ് എന്ന 18കാരനാണ് നീറ്റ് പരീക്ഷയില്‍ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. മെഡിക്കല്‍ പഠനത്തിനുശേഷം കാര്‍ഡിയാക് സര്‍ജനാവാനുള്ള ആഗ്രഹവുമായാണ് അഫ്താബ് പരീക്ഷ നേരിട്ടത്. പരീക്ഷാഫലം വരുന്നതിനുമുമ്പേ മുഴുവന്‍ മാര്‍ക്ക് കിട്ടുമെന്ന് അഫ്താബ് വ്യക്തമാക്കിയിരുന്നു.

റൂര്‍ക്കല സ്വദേശിയായ അഫ്താബ് രാജസ്ഥാനിലെ കോട്ടയിലായിരുന്നു പരീക്ഷാ പരിശീലനം നടത്തിയിരുന്നത്. കോവിഡിനെയും ലോക്ഡൗണിനെയും നേരിട്ടായിരുന്നു അഫ്താബിന്റെ പഠനം. കോവിഡിനെത്തുടര്‍ന്ന് പലരും പഠനം മതിയാക്കി സ്വദേശത്തേക്ക് മടങ്ങിയപ്പോള്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പം അവിടെ തങ്ങിയ അഫ്താബ് പഠനം തുടര്‍ന്നു. അതിന്റെ ഗുണം പരീക്ഷയില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ അഫ്താബിന് ഞെട്ടലൊന്നുമുണ്ടായില്ല. കാരണം, ഫലം പ്രഖ്യാപിക്കുംമുമ്പ് മുഴുവന്‍ മാര്‍ക്ക് ലഭിക്കുമെന്ന് അഫ്താബ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. സെപ്റ്റംബറില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ട പ്രൊവിഷണല്‍ ഉത്തരസൂചികളുമായി ഒത്തുനോക്കിയപ്പോള്‍ തന്നെ മുഴുവന്‍ മാര്‍ക്ക് കിട്ടുമെന്ന് അഫ്താബ് ഉറപ്പാക്കിയിരുന്നു. ഇക്കാര്യം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഠിന പ്രയത്‌നം തന്നെയാണ് ഇത്തരമൊരു വിജയം സമ്മാനിച്ചതെന്നാണ് അഫ്താബിന്റെ അഭിപ്രായം. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പഠിക്കാനാണ് അഫ്താബിന്റെ ആഗ്രഹം.

ഇക്കുറി സെപ്റ്റംബര്‍ 13നും ഒക്ടോബര്‍ 14നും നീറ്റ് പരീക്ഷ നടത്തിയിരുന്നു. കോവിഡ് മൂലം ആദ്യം അവസരം നഷ്ടപ്പെട്ടവര്‍ക്കാണ് വീണ്ടും അവസരമൊരുക്കിയത്. 14 ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതേസമയം, പരീക്ഷാഫലം യഥാസമയം തയ്യാറായെങ്കിലും മണിക്കൂറോളം വൈകിയാണ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനായത്. സാങ്കേതിക പ്രശ്‌നംമൂലം സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടിരുന്നു.


Next Story

Related Stories