TopTop
Begin typing your search above and press return to search.

സുകൃതിയുടെ ട്യൂഷന്‍ഫീസ് ഏറ്റെടുത്ത് റിജു ആന്‍ഡ് പി.എസ്.കെ ക്ലാസ്സസ്

സുകൃതിയുടെ ട്യൂഷന്‍ഫീസ് ഏറ്റെടുത്ത് റിജു ആന്‍ഡ് പി.എസ്.കെ ക്ലാസ്സസ്

പരിമിതമായ ജീവിതസാഹചര്യങ്ങള്‍ക്കു നടുവില്‍ നിന്നും ഡോക്ടറാകാനുള്ള സ്വപ്നത്തിലേക്കുള്ള വഴി കഠിനാദ്ധ്വാനത്തിലൂടെ താണ്ടിയ ആലപ്പുഴയിലെ സുകൃതിയുടെ മനസ് അറിഞ്ഞ് അദ്ധ്യാപകര്‍. പ്രളയകാലത്ത് നാടിനൊപ്പം നിന്ന് അക്ഷീണം പ്രയത്‌നിച്ച എന്‍.എസ്. ഓനക്കുട്ടന്റെ മകള്‍ സുകൃതി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയ തൃശൂര്‍ പൂങ്കുന്നത്തെ റിജു ആന്‍ഡ് പി.എസ്.കെ ക്ലാസ്സസ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രമാണ് എം.ബി.ബി.എസ് പഠനത്തിനാവശ്യമായ ട്യൂഷന്‍ഫീസ് പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത്. ട്യൂഷന്‍ ഫീസിനായി ഒരുലക്ഷം രൂപയുടെ ചെക്ക് റിജു ആന്‍ഡ് പി.എസ്.കെ ക്ലാസ്സസ് ഡയറക്ടര്‍മാരായ പി. സുരേഷ് കുമാര്‍, അനില്‍കുമാര്‍ വി., റിജു ശങ്കര്‍ എന്നിവര്‍ ശനിയാഴ്ച സുകൃതിയ്ക്ക് വീട്ടിലെത്തി കൈമാറി. പരിശീലന കേന്ദ്രത്തിന്റെ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

എന്‍ട്രസ് കടമ്പ താണ്ടാന്‍ കരുത്തേകിയ അദ്ധ്യാപകര്‍ തന്റെ തുടര്‍ന്നുള്ള ജീവിതത്തിലും കൈത്താങ്ങായ സന്തോഷം സുകൃതി പങ്കുവച്ചു. ജീവിത്തിലെ കഷ്ടപ്പാടുകളെ അതിജീവിച്ച് ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡിലെ ഭാവനാലയമെന്ന ചെറിയ വീട്ടില്‍ നിന്ന് ഡോക്ടറാകാന്‍ മകള്‍ തയ്യാറെടുക്കുമ്പോള്‍ നാടാകെ ഒപ്പമുണ്ടെന്ന സന്തോഷത്തിലാണ് ഓമനക്കുട്ടന്‍. സുകൃതിക്ക് കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസമാണ് മെറിറ്റില്‍ പ്രവേശനം ലഭിച്ചത്. അച്ഛന്‍ ഓമനക്കുട്ടനിലൂടെയാണ് സുകൃതിയും മലയാളിയ്ക്ക് ആകെ പ്രിയപ്പെട്ട മകളായത്. മെഡിക്കല്‍ പ്രവേശനം കിട്ടിയയതിന് പിന്നാലെ വിദൂരസ്ഥലങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളുകളുടെ അഭിനന്ദന പ്രവാഹമാണ് സുകൃതിയ്ക്ക് അണമുറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാംവാര്‍ഡ് കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല ഓമനക്കുട്ടനായിരുന്നു. ക്യാമ്പിലെ ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നതോടെ ഓമനകുട്ടന്‍ മുന്‍കൈയ്യെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. എന്നാല്‍ ഓട്ടോയ്ക്ക് കൊടുക്കാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ ക്യാമ്പിലുള്ളവരില്‍ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നല്‍കി. ഈ ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി പുറത്തുവിട്ടു. ഇതോടെ ഓമനക്കുട്ടന്‍ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നു. പൊലീസ് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്ന് വ്യക്തമാക്കികൊണ്ട് ക്യാമ്പിലുള്ളവര്‍ തന്നെ രംഗത്തെത്തിയതോടെയാണ് മാധ്യമങ്ങള്‍ തെറ്റ് തിരുത്തിയതും പാര്‍ട്ടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതും.


Next Story

Related Stories