TopTop
Begin typing your search above and press return to search.

മകരജ്യോതി അത്ഭുതപ്പെടുത്തിയോ? എങ്കിൽ നിങ്ങളൊരായിരം വർഷം വൈകിയോടുന്ന തീവണ്ടിയാണ്

മകരജ്യോതി അത്ഭുതപ്പെടുത്തിയോ? എങ്കിൽ നിങ്ങളൊരായിരം വർഷം വൈകിയോടുന്ന തീവണ്ടിയാണ്
മുകളിലോട്ട് ഒറ്റയടിപ്പാതയിലൂടെ ജ്യോതി കൊളുത്തുന്ന ഭാഗത്തേക്ക് നടന്നപ്പോൾ മുകളിൽ ഒരുപറ്റം പോലീസുകാരുടെ ഇടയിൽ കണ്ണാടി വച്ച് കറുത്ത് തടിച്ച ഒരാൾ  കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. കണ്ടയുടൻ ആളിനെ എനിക്ക് മനസ്സിലായി. കൊല്ലം ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി ഗോപാലകൃഷ്ണപിള്ള. പോലീസുകാരിൽ മൂന്ന് പേർ തോക്കുധാരികളായിരുന്നു. ചില സിവിൽ വേഷധാരികളും അതോടൊപ്പം ഉണ്ടായിരുന്നു. അവർ ബൈനോക്കുലർ ഉപയോഗിച്ച് ശബരിമലയിലേക്ക് മാറി മാറി നോക്കുന്നുണ്ടായിരുന്നു. ദേവസ്വം ബോർഡ് പ്രതിനിധികളും ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥന്മാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായിരുന്നു അവർ.


ഞാൻ നാല് മണിയോട് കൂടെയാണ് അവിടെ ചെന്നത്. നാല് മണി മുതൽ ഞാൻ അവിടെ നടക്കുന്ന ഒരോ കാര്യവും ശ്രദ്ധിച്ചിരുന്നു. ഒരടിയോളം വ്യാസവും മുക്കാൽ അടിയോളം പൊക്കവുമുള്ള ഒരു കരിപുരണ്ട പഴയ അലൂമിനിയം ചരുവത്തിൽ ഉമിയിട്ടതിന് ശേഷം കുറേ കർപ്പൂരം തട്ടിയിട്ടു. ആ പാത്രം അവിടെ മാറ്റി വച്ചിരുന്നു. തൊട്ടടുത്ത് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ നനഞ്ഞ ചാക്കുമായി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.


ഞാൻ ഡിവൈഎസ്പിയുടേ അടുത്താണ് ഇരുന്നിരുന്നത്. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിലിരുന്ന ട്രാൻസിസ്റ്റർ ശബരിമലയിലെ ദിവ്യജ്യോതിയെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണം തുടങ്ങിയിരുന്നു. ഇതാ മകര ജ്യോതി പ്രത്യക്ഷപ്പെടാൻ പോകുന്നു. ഏതാനും നിമിഷങ്ങൾക്കകം... അങ്ങനെ കമന്ററി തുടർന്നു കൊണ്ടിരുന്നു. എല്ലാവരും ജ്യോതി കൊളുത്തുന്നത് കാണുവാൻ ആകാംക്ഷാഭരിതരായി നില്ക്കവേ ഡി.വൈ.എസ്.പി പോലീസുകാരനോട് ചോദിച്ചു 'തിരുവാഭരണം ചാർത്തി നട അടച്ചു കഴിഞ്ഞ് തുറക്കുമ്പോഴെന്നല്ലേ പറഞ്ഞത്?'


പോലീസുകാരൻ “സാർ” എന്ന് മൂളി.

ഏതാനും നിമിഷങ്ങൾക്കകം റേഡിയോ കമന്ററി കേട്ടു; തിരുവാഭരണം ചാർത്തി കഴിഞ്ഞു. നടയിതാ തുറക്കുന്നു. ഇതാ ആ അത്ഭുത ശക്തി വിളിച്ചോതുന്ന ജ്യോതി പ്രത്യക്ഷപ്പെടുന്നു...

ഇത് കേട്ടയുടൻ ഡി.വൈ.എസ്.പി പറഞ്ഞു, 'കൊളുത്തിക്കോ, കൊളുത്തിക്കോ...'

പിന്നൊരു നിമിഷം താമസിച്ചില്ല. നേരത്തേ തയ്യാറാക്കി വച്ചിരുന്ന അലൂമിനിയം ചരുവത്തിലേക്ക് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ തീപ്പട്ടികൊള്ളി ഉരച്ചു വച്ചു. തീ പാത്രത്തിൽ നിന്നും ഒരു കുടം പോലെ ഉയർന്നു. തല്‍ഷണം ഒരു ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ അതെടുത്ത് മുകളിലേക്ക് ഉയർത്തി പിടിച്ചു. ഒരു നിമിഷം അങ്ങനെ നിന്ന ശേഷം മറ്റ് രണ്ട് ഫോറസ്റ്റുകാർ നനഞ്ഞ ചാക്കെടുത്ത് തീയണയ്ക്കത്തക്കവണ്ണം ചരുവത്തിലേക്ക് ശക്തിയായി ഇട്ടു. രണ്ടാമത് ഇത് ആവർത്തിച്ചപ്പോൾ ഡി.വൈ.എസ്.പി പറഞ്ഞു, 'ഇങ്ങനെ ഉയർത്തിയാൽ കാണത്തില്ല. അല്പം കൂടെ ചരിച്ച് കൊട്.'


അങ്ങനെയാണ് പിന്നീട് രണ്ട് തവണ കാണിച്ചത്. ആ വർഷം രണ്ട് ജ്യോതിയെ കണ്ടുള്ളുവെന്ന് പത്രങ്ങൾ പറായാൻ കാരണവും ഇതാണ്. [ശ്രീനി പട്ടത്താനം കേരളത്തിലെ മഹാക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും എന്ന പുസ്തകത്തിൽ എഴുതിയത്. മുൻ പോലീസുകാരനും ഇന്ത്യൻ യുക്തിവാദ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന ലേഖകൻ 1984-ൽ മകരജ്യോതി കാണാൻ പോയ അനുഭവമാണ് വിവരിക്കുന്നത്. പേജ് 11]1985ൽ മകരജ്യോതി കാണാൻ പോയ ശ്രീനി പട്ടത്താനത്തേയും സുഹൃത്തുക്കളേയും പോലീസ് വിരട്ടിയതും, സംഭവ സ്ഥലത്ത് നിന്ന് ബസ്സ് കയറ്റി വിട്ടതും ലേഖകൻ തുടർന്നെഴുതുന്നു. മകരം ഒന്ന് പൊന്നമ്പലമേട് പരിസരങ്ങളിൽ താമസിച്ചിരുന്ന മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ്. അന്നേ ദിവസം വൈകിട്ട് പൊന്നമ്പല മേട്ടിൽ അവരുടേതായ പൂജയും ചടങ്ങുകളുമുണ്ട്. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുകയും ചെയ്തുവന്നിരുന്നു. ഈ തെള്ളിപ്പൊടി ജ്വാല കണ്ടിട്ടാണ് അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ച് തുടങ്ങിയത് എന്ന് യുക്തിവാദ സംഘം ഏറെക്കാലം മുമ്പേ ആരോപിച്ചിരുന്നു. തുടർന്ന് പമ്പാ കക്കി അണക്കെട്ട് കെട്ടുന്നതിന് സർക്കാർ ഉത്തരവിടുകയും, ഇതിനെ തുടർന്ന് മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കപ്പെട്ടെന്നും, ഇതിനെ തുടർന്ന് ദിവ്യജ്യോതിസ്സ് ആ വർഷം പ്രത്യക്ഷപ്പെട്ടില്ലെന്നും ലേഖകൻ പറയുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിന് ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് തുടർവാദങ്ങൾ.

ഇതിന് ലേഖകൻ സാധൂകരണം ഒന്നും നല്‍കുന്നില്ലെങ്കിലും, 1990-ൽ യുക്തിവാദസംഘം പതിനായിരം യുക്തിവാദികളുടെ ഒരു പൊന്നമ്പലം മാർച്ച് സംഘടിപ്പിച്ചു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. മാർച്ച് ജനറൽ ക്യാപ്റ്റൻ സനൽ ഇടമറുകായിരുന്നു. ആവശ്യങ്ങൾ രണ്ടായിരുന്നു, ശാസ്ത്രത്തിനു തെളിയിക്കാൻ പറ്റാത്ത അത്ഭുത പ്രതിഭാസമാണ് മകരജ്യോതിസ്സ് എന്ന ദേവസ്വത്തിന്റെ നുണ പ്രചരണം അവസാനിപ്പിക്കുകയോ അധികാരികൾ തുറന്ന് പറയുകയോ ചെയ്യണം, അല്ലെങ്കിൽ പതിനായിരം യുക്തിവാദികൾ പൊന്നമ്പല മേട്ടിൽ ചെന്ന് മകരജ്യോതിസ്സ് കത്തിക്കുന്നത് തടയും. അന്ന് കേരളാ മുഖ്യമന്ത്രി ആയിരുന്ന ഇ. കെ നായനാർ അന്ന് യുക്തിവാദസംഘവുമയി നടത്തിയ ചർച്ചയിൽ മകരജ്യോതിസ്സ് ദിവ്യജ്യോതിസ്സല്ലെന്ന് പറയുകയുണ്ടായി. ശ്രീനി പട്ടത്താനത്തിന്റെ ഭാഷയിൽ, അന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന ഭട്ടതിരിപ്പാടിന്റെ ഒരു പണിയാണെന്നാണ് നായനാർ പ്രതികരിച്ചത്. തങ്ങൾ മകര ജ്യോതിസ്സ് കത്തിച്ച് കാണിക്കുന്നതിന് എതിരല്ലെന്നും, ഇത് ശാസ്ത്രത്തിന് തെളിയിക്കാനാകാത്ത അത്ഭുത പ്രവൃത്തി ആണെന്ന് പറയുന്നിടത്തേ തങ്ങൾക്ക് എതിർപ്പുള്ളു എന്നും പറഞ്ഞാണ് ശ്രീനി അവസാനിപ്പിക്കുന്നത്.

2011 ൽ പുല്ലുമേട് ദുരന്തത്തിൽ, മകരജ്യോതി കാണാൻ വന്ന വലിയൊരു ആൾക്കൂട്ടം മരണത്തിലേക്ക് നടന്ന് കയറിയതിനെ തുടർന്നാണ് പൊതുമനസ്സുകളിൽ മകരജ്യോതിയുടെ ശരി തെറ്റുകളെ പറ്റി ബോധമുയരുന്നത്. അതുവരെ മകരജ്യോതിയെ ഒരു മഹാത്ഭുതമായി കാണാൻ തന്നെയാണ് മലയാളി ഇഷ്ടപ്പെട്ടിരുന്നത്. കോടതി മകരജ്യോതിയെ പറ്റി സംശയം ഉന്നയിക്കുന്നതുവരെ ഒരു ശരാശരി മലയാളി ഭക്തന് അതറിയേണ്ടിയിരുന്നില്ല. ഒടുവിൽ 2011 ഏപ്രിലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ മകരജ്യോതി മനുഷ്യ നിർമ്മിതിയാണെന്ന് സമ്മതിക്കുകയും ചെയ്തു. അന്ന് മകരജ്യോതിക്ക് പകരം പൊന്നമ്പലമേട്ടിൽ ദീപാരാധന (മകരവിളക്ക്) നടത്താനുള്ള ബോർഡിന്റെ അപേക്ഷ തോട്ടത്തിൽ രാധാകൃഷ്ണൻ ജഡ്ജായിരുന്ന ബഞ്ച് അംഗീകരിച്ചു. ഇപ്പോൾ അവിടെ നടക്കുന്നത് അതായത് 2011 ശേഷം നടാക്കുന്നത് വെറും ദീപാരധനയാണ്, തത്വത്തിൽ അതിനും മുമ്പും അങ്ങനെ ആയിരുന്നെങ്കിൽ കൂടി.

എന്നാലിന്നും ഭക്തജനങ്ങളെ പറ്റിച്ച്, ലാഭം കൊയ്യുക തന്നെയാണ് ബന്ധപ്പെട്ടവർ. മുൻനിര മാധ്യമങ്ങൾ ഇന്നും സപ്താത്ഭുങ്ങളിലൊന്ന് കണക്കെ മകര ജ്യോതി വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. പുരോഗമന ഇടത് സർക്കാർ ഭരിക്കുന്ന ഒരു ഗവണ്മെന്റ് ബോധപൂർവ്വമോ അല്ലാതെയോ ഈ ‘അത്ഭുതീകരണ’ത്തിന് കൂട്ട് നില്‍ക്കുന്നു. ചുരുങ്ങിയ പക്ഷം, പണ്ട് ഗോത്രവിഭാഗക്കാർ ചെയ്തുപോന്നിരുന്ന ചടങ്ങിനെ എന്തിനാണ് ക്ഷേത്രാചാരവുമായി ബന്ധപ്പെടുത്തി സംരക്ഷിച്ചു പോരുന്നത് എന്ന് വിശദീകരിക്കാനുള്ള ബാധ്യതയെങ്കിലും സർക്കാരിനുണ്ട്, ഇല്ലെങ്കിൽ ഒരു കമ്യൂണിസ്റ്റ് ഗവണ്മെന്റ് ജനങ്ങളോട് ചെയ്യുന്ന വഞ്ചന ആയിപ്പോവുമത്. ഉത്തരം ക്ഷേത്രവരുമാനം കൂട്ടാൻ എന്നല്ലാതെ മറ്റൊന്നും ആവാൻ തരമില്ലതാനും.

(പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories