TopTop

എഫ്.ഐ.ആര്‍ അഞ്ചെണ്ണം; എന്നിട്ടും മലബാര്‍ സിമന്റ്‌സ്‌ അഴിമതിയില്‍ കണ്ണടച്ച് സര്‍ക്കാര്‍

എഫ്.ഐ.ആര്‍ അഞ്ചെണ്ണം; എന്നിട്ടും മലബാര്‍ സിമന്റ്‌സ്‌ അഴിമതിയില്‍ കണ്ണടച്ച് സര്‍ക്കാര്‍

ഡി. ധനസുമോദ്

അഴിമതി ചെയ്താല്‍ പിടിക്കപ്പെടില്ല എന്നതിനു സിമന്റിനേക്കാള്‍ ഉറപ്പാണ് മലബാര്‍ സിമന്റ്‌സില്‍. വിജിലന്‍സ് അന്വഷിക്കുന്നതും പ്രതികളുടെ വസതികളില്‍ റെയ്ഡ് നടത്തിയതുമായ കേസുകളില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പ്രതികള്‍ക്കൊപ്പമാണ്. മലബാര്‍ സിമന്റ്‌സില്‍ നടക്കുന്ന ക്രമക്കേടുകളുടെ പേരില്‍ അഞ്ച് എഫ്.ഐ.ആര്‍ ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞെങ്കിലും പ്രതികളെ സസ്‌പെന്റ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. വേലി തന്നെ വിളവ് തിന്നുന്നു എന്നു പറയുന്നതു പോലെ പുതിയ അഴിമതിക്കഥയിലെ നായകന്മാരില്‍ ഒരാള്‍ സ്ഥാപനത്തിന്റെ എം.ഡി തന്നെയാണ്. ബാക്കിയുള്ളവര്‍ ഉന്നത ഉദ്യോഗസ്ഥരും. മലബാര്‍ സിമന്റ്‌സിനെതിരായത് കള്ളക്കേസാണെന്ന്‍ മന്ത്രി വേദിയില്‍ വച്ചു പ്രതികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി.

250 കോടിയോളം രൂപയുടെ അഴിമതിയും ക്രമക്കേടുമാണ് അടുത്തിടെ മലബാര്‍ സിമന്റ്‌സില്‍ സംഭവിച്ചതെന്ന്‍ പരാതിക്കാരനായ ജോയ് കൈതാരം പറയുന്നു. വിവിധ വെട്ടിപ്പുകളുടെ പേരില്‍ അഞ്ച് എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു. മാനേജിംഗ് ഡയറക്റ്റര്‍ കെ പദ്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വേണുഗോപാല്‍, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ്, മെറ്റിരിയല്‍ മാനേജര്‍ നമശിവായം, ഫിനാന്‍സ് മാനേജര്‍ മുരളീധരന്‍ എന്നിവരാണ് വിവിധ കേസുകളിലെ പ്രതികള്‍. VC13 / 2016/ PKD മുതല്‍ VC 17 / 2016 PKD വരെയാണ് എഫ് ഐ ആര്‍.സിമന്റ് ഉത്പാദിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഇറക്കുമതി ചെയ്തതിലും ചാക്ക്, കല്‍ക്കരി ഇറക്കുമതി ചെയ്തതിലും വന്‍ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടിരുന്നു. പ്രതികളെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജൂലൈ 16-ന് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഈ ശുപാര്‍ശയും അട്ടിമറിയ്ക്കുകയായിരുന്നു.

ഗുണമേന്മ കുറഞ്ഞ കല്‍ക്കരിയും ഫ്‌ളൈ ആഷും ഉപയോഗിച്ചത്, ഫ്‌ളൈ ആഷ് ക്രമക്കേട്, ക്ലിങ്കര്‍ ഇറക്കുമതിയിലെ അഴിമതി, വന്‍കിട ഡീലര്‍മാര്‍ക്ക് അനധികൃതമായി ഇളവ് നല്‍കല്‍, വെയര്‍ഹൗസിങ് ഗോഡൗണില്‍ നിയമംതെറ്റിച്ച് സിമന്റ് സംഭരിക്കല്‍ എന്നിങ്ങനെ കേസുകളിലായി ആകെ 28.6 കോടിയുടെ വെട്ടിപ്പ് നടന്നതായി പ്രാഥമിക അന്വഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നടത്തുന്ന സംഘടിത അഴിമതിയാണ് മലബാര്‍ സിമന്റ്‌സില്‍ നടക്കുന്നത്. അഞ്ചു അഴിമതിക്കേസില്‍ പ്രതിയായ എംഡി അഴിമതിക്കുറ്റത്തിന് മറ്റുള്ളവരെ സസ്‌പെന്‍ഡ് ചെയ്യുക എന്ന രസകരമായ കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട്.

സാക്ഷികള്‍ക്കെതിരെ നടപടി എടുക്കലും ഇല്ലാതാക്കലും മലബാര്‍ സിമന്റ്‌സില്‍ പുതിയ കാര്യമല്ല. സാക്ഷി മൊഴി നല്‍കാനിരിക്കെ മുന്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വാര്‍ത്ത കേരളത്തെ ഞെട്ടിച്ചതാണ്. ശശീന്ദ്രനും മക്കളും മരണപ്പെട്ട ശേഷം കരാറുകാരന്‍ 'ചാക്ക് രാധാകൃഷ്ണന്‍' കമ്പനി മുന്‍ എം ഡി ആയിരുന്ന സുന്ദരമൂര്‍ത്തി വഴി മുന്‍മന്ത്രി എളമരം കരീമിന് ഒരു കവര്‍ നല്‍കിയതായി സിബിഐ ഉദ്യോഗസ്ഥരോട് സംസാരിച്ചിട്ടുണ്ട്. സുന്ദര രാമമൂര്‍ത്തിയുടെ ഈ മൊഴി സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories