TopTop
Begin typing your search above and press return to search.

മലബാര്‍ ഗോള്‍ഡിനു വേണ്ടി വിടുപണി ചെയ്യുന്നതോ മാധ്യമ പ്രവര്‍ത്തനം?

മലബാര്‍ ഗോള്‍ഡിനു വേണ്ടി വിടുപണി ചെയ്യുന്നതോ മാധ്യമ പ്രവര്‍ത്തനം?

സുഫാദ് ഇ മുണ്ടക്കൈ

കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങാന്‍ പോകുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണശാലക്കെതിരെയുള്ള പൊതുജന പ്രക്ഷോഭം ശക്തമാവുകയാണ്. അധികാര-രാഷ്ട്രീയ കേന്ദ്രങ്ങളെല്ലാം കുത്തകമുതലാളിമാര്‍ക്ക് വേണ്ടി വിടുപണി ചെയ്യാന്‍ മത്സരിച്ചപ്പോള്‍ ജീവിക്കുവാനുള്ള അവകാശത്തിനു വേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടുണ്ടായവരാണ് ഇവര്‍. സമീപകാലത്ത് ഈ സമരവുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അത്യന്തം ലജ്ജാകരമാണ്. കോടികളുടെ പരസ്യത്തുകയില്‍ മാത്രം കണ്ണുനട്ട് തങ്ങളുടെ ധര്‍മ്മവും ഉത്തരവാദിത്വങ്ങളുമെല്ലാം പണയപ്പെടുത്തി കുത്തക മുതലാളിമാര്‍ക്കുവേണ്ടി ദല്ലാള്‍പണി ചെയ്യാന്‍ മാത്രം അധഃപ്പതിച്ചിരിക്കുന്നു ഇവിടുത്തെ മാധ്യമ സമൂഹം.

'കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളും ഇവരുടെ ഒത്താശയില്‍ ഒരു ലൈസന്‍സുമില്ലാതെ അനധികൃതമായി രഹസ്യകേന്ദ്രങ്ങളില്‍ ആഭരണനിര്‍മ്മാണ ശാലകള്‍ നടത്തുകയും ചെയ്യുന്ന മാഫിയാ സംഘമാണ് പ്രധാനമായും ഈ പരിസ്ഥിതി സംരക്ഷണ സമിതിയുടെ മറവില്‍ പ്രവര്‍ത്തിക്കുന്നത്' എന്ന മലബാര്‍ ഗോള്‍ഡിന്റെ അടിസ്ഥാനരഹിതമായ ആരോപണം യാതൊരുവിധ ഉദ്ദരണികളുമില്ലാതെ അതേപടി അച്ചടിച്ചുവിടാന്‍ മാത്രം തരംതാഴ്ന്നിരിക്കുന്നു കേരളത്തിലെ മാധ്യമ സംസ്‌കാരം. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാന്‍ മലബാര്‍ഗോള്‍ഡ് ചെയ്യൂന്ന വീരകൃത്യങ്ങളെകുറിച്ചും, അതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ അനുമതിയെ കുറിച്ചും നമ്മുടെ മാധ്യമങ്ങള്‍ വാചാലരാവുന്നു. എന്നാല്‍ പാരിസ്ഥിതികാനുമതി നല്‍കിയതില്‍ തന്നെ ക്രമക്കേടുള്ളതായി വിവരാവകാശരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (രേഖകള്‍ സഹിതം 'അഴിമുഖം' ഈ വാര്‍ത്ത മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സന്ദര്‍ശിക്കുക: കിന്‍ഫ്രയില്‍ മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല; കാത്തിരിക്കുന്നത് മറ്റൊരു പാരിസ്ഥിക ദുരന്തമോ?, മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാല; വഴിവിട്ട നടപടികള്‍ ഉണ്ടായെന്ന സൂചനകളുമായി രേഖകള്‍)

ജ്വെല്‍ കാഡ്, ത്രി ഡി മെട്ട്രിക്‌സ്, റൈഹ്നോസ് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുന്ന ആഭരണങ്ങള്‍ റാപ്പിഡ് പ്രോട്ടോടൈപ്പിംഗ്, സി എന്‍ ടി കട്ടിംഗ് തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് നിര്‍മ്മിക്കുന്നുവെന്നും അതിന് അന്താരാഷ്ട്ര ഗുണനിലവാരമുണ്ടാകുമെന്നുമൊക്കെ കേള്‍ക്കുമ്പോഴേക്കും എല്ലാം വലിയ എന്തോ സംഭവമാണെന്ന മട്ടില്‍ കണ്ണുമഞ്ഞളിച്ച് വാരിവലിച്ചെഴുതുകയാണ് നമ്മുടെ മാധ്യമങ്ങള്‍. എന്നാല്‍, അവ ഫോട്ടോഷോപ്പ്, ത്രി ഡി മാക്‌സ് പോലെയുള്ള സാധാരണ നാം ഉപയോഗിക്കുന്നഗ്രാഫിക് ഡിസൈനര്‍ ആപ്ലികേഷനുകള്‍ മാത്രമാണ്. ഇതിന് അധികം ജോലിക്കാരെ ആവശ്യമില്ല. മാത്രവുമല്ല ഇത്തരം ആപ്ലിക്കേഷനുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ വിരളമാണെന്നിരിക്കെ അതില്‍ പ്രാവീണ്യം ഉള്ളവരെ പുറമെ നിന്ന് നിയമിക്കേണ്ടിവരും. കൂടാതെ ഇവ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്തുമ്പോള്‍ ലക്ഷക്കണക്കിന് പരമ്പരാഗത ആഭരണ നിര്‍മ്മാണ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയ്ക്ക് അത് കനത്ത വെല്ലുവിളിയായിത്തീരുകയും ചെയ്യും.എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം ആഭരണ നിര്‍മ്മാണമാണ്, ഡിസൈനിംഗ് അല്ല. പൊട്ടസ്യം സയനൈഡ്, മെര്‍ക്ക്യൂറി, കാഡ്മിയം, സിങ്ക്, സെലീനിയം, ടെലൂറിയം, പലേഡിയം തുടങ്ങിയ മാരകമായ ലോഹങ്ങള്‍ക്കൊപ്പം മായം ചേര്‍ക്കാനുപയോഗിക്കുന്ന ഇറിഡിയവും, റുഥീനിയവും കൂടെയാവുമ്പോള്‍ കാഠിന്യമേറും. ഇത് മുഴുവന്‍ മലിനജലമായും പുകയായും പുറത്ത് വരുമ്പോള്‍ അത് സമീപവാസികളെ മാത്രമല്ല, താഴ് ന്ന നിരപ്പിലുള്ള ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കല്‍ എന്നീ മൂന്ന് പഞ്ചായത്തുകളെയും ഗുരുതരമായി ബാധിക്കും. ഈ മാലിന്യങ്ങള്‍ സകല ജീവജാലങ്ങളുടെയും ഹൃദയം, കരള്‍, ത്വക്ക്, നാഡീവ്യവസ്ഥ തുടങ്ങിയവയെ തകര്‍ക്കുതിനു പുറമേ പ്രത്യുല്‍പ്പാദനശേഷി നശിപ്പിക്കുന്നതിനും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും കാരണമാകും. ഇതെല്ലാം മറച്ചുവച്ച് മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ നല്‍കി പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് മലബാര്‍ ഗോള്‍ഡെന്ന് പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു. കാമ്പുള്ള ഇത്തരത്തിലുള്ള ആരോപണങ്ങളെ കുറിച്ച് ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ തങ്ങളുടെ സമരത്തെ കമ്പ്യൂട്ടറിനെതിരെ മുമ്പ് നടന്ന കോലാഹലങ്ങളോട് ഉപമിക്കും വിധം അല്പന്മാരായിരിക്കുന്നു ഇന്നത്തെ മാധ്യമപ്രവര്‍ത്തകരന്ന് ഇവര്‍ പറയുന്നു.

ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന പ്ലാന്റാണെന്നും അത് ജനവാസ കേന്ദ്രങ്ങളില്‍ അനുവദനീയമാണ് എന്നൊക്കെയാണ് ഇവിടുത്തെ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, 2013 സെപ്റ്റംബര്‍ 3ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന് മലബാര്‍ ഗോള്‍ഡ് അപ്ലിക്കേഷന്‍ നല്‍കിയിരുന്നു. അന്ന് ഈ പ്ലാന്റ് റെഡ് കാറ്റഗറി ലാര്‍ജ് സ്‌കെയില്‍ ആയി മലപ്പുറം എന്‍വിറോമന്റ് എഞ്ചിനീയര്‍ സ്ഥിരീകരിച്ചു. നിര്‍ദ്ദിഷ്ട പ്ലാന്റിന്റെ 100 മീറ്റര്‍ പരിധിയില്‍ വീടുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ഒന്നും ഉണ്ടാവരുത് എന്നാണ് നിയമം. എന്നാല്‍ ഇതൊന്നും നോക്കാതെയായിരുന്നു അനുമതി നല്‍കിയത്. പിന്നീട് പരിസര സംരക്ഷണസമിതിയുടെ ഇടപെടലിനെതുടര്‍ന്ന് ആപ്ലിക്കേഷനില്‍ ചില മാറ്റങ്ങള്‍ വരുത്തി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീന്‍ കാറ്റഗറിയാക്കി നല്‍കിയത്. ഇതില്‍തന്നെ അപാകതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ക്കുലര്‍ പ്രകാരം ജല-വായു മലിനീകരണം ഉണ്ടാക്കാനിടയുള്ള പ്ലാന്റ് ആണെങ്കില്‍ കെട്ടിടത്തില്‍ നിന്നുമുള്ള ഏറ്റവും ചെറിയ ദൂരം ആണ് കണക്കാക്കേണ്ടത്. എന്നാല്‍ മലിനീകരണം ഉണ്ടാക്കുന്ന ഇ ടി പി ഏറ്റവും മുകളിലേക്ക് മാറ്റി അവിടെ നിന്നുള്ള അകലം കണക്കാക്കി, 11 മീറ്റര്‍ അകലം ഉണ്ടായിരുന്ന കിന്‍ഫ്രയുടെ ഓഫീസ് 38 മീറ്ററിലേക്കും, 25 മീറ്റര്‍ ഉണ്ടായിരുന്ന എസ് എന്‍ ന്യുട്ട്രീഷ്യന്‍ 80 മീറ്ററിലേക്കും ആക്കിയാണ് അനുമതിനല്‍കിയതെന്നും ഇവര്‍ പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകമാത്രവുമല്ല, ഗ്രീന്‍ കാറ്റഗറിയാക്കിയാല്‍ ഒരു കുഴപ്പവും ഇല്ല എന്ന് പറയുന്നവര്‍ കാണേണ്ട മറ്റൊരു വസ്തുതയുണ്ട്. മുന്‍പ് കോഴിക്കോട്ടെ തിരുവണ്ണൂരില്‍ മലബാര്‍ ഗോള്‍ഡ് തന്നെ പ്രതിദിനം മൂന്ന് കിലോ സ്വര്‍ണ്ണം നിര്‍മ്മിക്കാന്‍ തക്ക ശേഷിയുള്ള ഒരു ആഭരണനിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചതും, ബഹുജന പ്രതിഷേധത്തെ മാനിക്കാതെ അത് റെഡ് കാറ്റഗറിയില്‍ നിന്നും ഗ്രീന്‍ കാറ്റഗറി ആക്കി മാറ്റിയതും, എന്നിട്ടും വായു-ജല മലിനീകരണം കൊണ്ട് ജനജീവിതം ദുസ്സഹമായിത്തീര്‍ന്നതുമെല്ലാം. കേവലം ആറ് മാസം കൊണ്ട് തന്നെ ആ പ്ലാന്റ് അടച്ചു പൂട്ടേണ്ടിവന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്നു പറയുന്നതില്‍ യാതൊരുവിധ കഴമ്പുമില്ല. കാരണം ഇവിടെ വരാന്‍പോകുന്നത് ഇവര്‍ പറയുന്നത്‌പോലെ ''വെറും 50 കിലോ ഉല്പാദനശേഷിയുള്ള'' പ്ലാന്റായതുകൊണ്ട് മാത്രമല്ല, ഇവിടെതന്നെയുള്ള സിന്തൈറ്റ് എന്ന കമ്പനി ഇവര്‍ക്ക് നല്‍കിയ മുറിവുണങ്ങാത്ത പാഠം കൊണ്ടു കൂടിയാണ്.

സ്ത്രീകളും കുട്ടികളും നീട്ടിപ്പിടിച്ച പ്ലക്കാര്‍ഡുകളുമായി തെരുവില്‍ നില്‍ക്കാന്‍തുടങ്ങിയിട്ട് 150 ദിവസം കഴിഞ്ഞിരിക്കുന്നു. ഇവരുടെ നിലവിളിശബ്ദം മാത്രം ഒരു വാര്‍ത്താമാധ്യമ അപ്പോസ്തലന്മാരും കേട്ടിട്ടില്ല. മാധ്യമങ്ങളുടെ കോര്‍പറേറ്റ് പ്രീണനത്തിന്‍റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് കാക്കഞ്ചേരിയില്‍ മലബാര്‍ ഗോള്‍ഡ് നിര്‍മ്മിക്കുന്ന ആഭരണ പ്ലാന്‍റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍.

(കോഴിക്കോട് സര്‍വകലാശാലയില്‍ മാധ്യമ വിദ്യാര്‍ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories