ന്യൂസ് അപ്ഡേറ്റ്സ്

മലാപ്പറമ്പ സ്കൂളിലെ കുഞ്ഞുങ്ങള്‍ തല്‍ക്കാലം കളക്ടര്‍ ‘ബ്രോ’യുടെ ചിറകിനടിയില്‍

വിഷ്ണു എസ് വിജയന്‍

ഹൈക്കോടതി ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയ മലാപ്പറമ്പ് എ യു പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ കോഴിക്കോട്ടെ കളക്ടര്‍ ബ്രോ യുടെ അടുത്തിരുന്നു പഠിക്കും! നഷ്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിന്നും തനിക്കനുകൂലമായ വിധി നേടി ജയിച്ച മട്ടില്‍ നില്‍ക്കുന്ന സ്കൂള്‍ മാനേജരെ പൊതുസമൂഹത്തിന് മുന്‍പില്‍ വീണ്ടും തോല്‍പ്പിച്ചിരിക്കുകയാണ് സ്കൂള്‍ ഏറ്റെടുക്കുവാനുള്ള മന്ത്രിസഭയുടെ തീരുമാനവും പുതിയ കെട്ടിട സംവിധാനങ്ങള്‍ ഉണ്ടാകുന്നത് വരെ കുട്ടികളെ സ്വന്തം ആസ്ഥാനത്ത് ഇരുത്തി പഠിപ്പിക്കുവാനുള്ള കോഴിക്കോട് ജില്ല കളക്ടറുടെ നടപടിയും.

ഇന്നലെവരെ ഇരുന്നു പഠിച്ച ഇടം മാറി കളക്ടറേറ്റില്‍ എത്തിയ കുരുന്നുകള്‍ക്ക് ആദ്യ ക്ലാസ് എടുത്തുകൊണ്ട് കളക്ടര്‍ എന്‍ പ്രശാന്ത് ഇങ്ങനെ പറഞ്ഞു “ഭൂമി വില്പ്പനയ്ക്കുള്ള ചരക്കല്ല, വിദ്യ തന്നെയാണ് സര്‍വ്വധനങ്ങളെക്കാള്‍ പ്രധാനം, ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട വസ്തു പണമല്ല.” അല്ലെങ്കിലും കോഴിക്കോട് കളക്ടര്‍ ഇങ്ങനെ തന്നെയാണ്. ചില നല്ല കാര്യങ്ങള്‍ ഒക്കെ ഇങ്ങനെ ചെയ്തുകൊണ്ടേയിരിക്കണം പുള്ളിക്ക്, നല്ല കാര്യങ്ങള്‍ പറഞ്ഞു കൊണ്ടെയിരിക്കണം.

ഒരു കളക്ടര്‍ സമൂഹത്തിനു വേണ്ടി എത്തരത്തില്‍ നിലകൊള്ളണം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണു ഇന്ന് കണ്ടത്. ഭരണകൂടത്തിനു ജനതയിലേക്കുള്ള വാതിലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജില്ലാ കളക്ടര്‍മാര്‍ എന്ന് പേരിട്ടു ചൊല്ലി വിളിക്കുന്ന ഐഎഎസ് ഓഫീസര്‍മാര്‍. അവര്‍ ജനതയുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കണം, അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. എത്രത്തോളം കളക്ടര്‍ ഒരു സമൂഹവുമായി ഇടപെടുന്നുവോ അത്രത്തോളം ഭാവനാപൂര്‍ണ്ണമായ കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യുവാന്‍ സാധിക്കും.

സമൂഹവുമായി അടുത്തിടപഴകുന്നതില്‍ ഒരു മാതൃകയായി ചൂണ്ടിക്കാട്ടാന്‍ സാധിക്കുന്ന ചുരുക്കം ചില ജില്ലാ കളക്ടര്‍മാരില്‍ ഒരാളാണ് എന്‍ പ്രശാന്ത്.

എന്‍ പ്രശാന്ത്  കോഴിക്കോട് വന്നു ചുമതല ഏറ്റെടുത്തതിന് ശേഷം കോഴിക്കോടിനു ചില മാറ്റങ്ങള്‍ ഒക്കെ വന്നിട്ടുണ്ട്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ എന്തായാലും കേവലം മാധ്യമശ്രദ്ധ നേടിയെടുക്കുവാനുള്ള അടവുകളല്ല. വെളുക്കെ ചിരിച്ചു നടക്കുന്ന രാഷ്ട്രീയക്കാരെക്കാള്‍ ഏറെ മുകളില്‍ ആണ് കോഴിക്കോട് ജില്ലയിലെ ജനതയുടെ മനസ്സില്‍ ഈ കളക്ടര്‍ ബ്രോയുടെ സ്ഥാനം.

സാറേ എന്ന് വിളിച്ചു ശീലിച്ചവരെക്കൊണ്ട് “ബ്രോ” എന്ന് വിളിക്കാന്‍ പഠിപ്പിച്ചത് മുതല്‍ തുടങ്ങുന്നു ഈ ജനകീയ കളക്റ്ററിന്റെ വിജയങ്ങള്‍.

കളക്ടര്‍ ബ്രോയുടെ ‘ചെയ്തി’കള്‍ ചെറുതൊന്നുമല്ല;

കോഴിക്കോട് നഗരത്തില്‍ വിശക്കുന്നവന് കാശില്ലാത്തതിന്‍റെ പേരില്‍ പട്ടിണി കിടക്കേണ്ട അവസ്ഥ ഇല്ല ഇപ്പോള്‍. ജില്ലഭരണകൂടവും ഹോട്ടല്‍ ഉടമകളും കൈകോര്‍ത്തു വിശപ്പില്ല നഗരം എന്ന പദ്ധതി രൂപീകരിച്ചപ്പോള്‍ ഇത് എത്രമാത്രം വിജയകരമായിരിക്കും എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സുലൈമാനി എന്ന ഓമനപ്പേര് നല്‍കി കലക്ടര്‍ ബ്രോ പരിപാടിക്ക് വേണ്ടി മുന്നില്‍ നിന്നപ്പോള്‍ അതൊരു വിജയപദ്ധതിയായി മാറി. വിശക്കുന്നവന് നഗരത്തിലെ ഏതു ഹോട്ടലില്‍ നിന്നും യാചിക്കാതെ കൂപ്പണുകള്‍ വഴി ഭക്ഷണം വാങ്ങി കഴിക്കാം എന്നതായിരുന്നു പദ്ധതി. ഇപ്പോള്‍ പദ്ധതി അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.

കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രോഗം മാറിയിട്ടും ബന്ധുക്കള്‍ കൂട്ടികൊണ്ടുപോകാത്ത തൊണ്ണൂറ്റിനാല്വാ അന്തേവാസികളെ ജില്ലാ ഭരണകൂടം സ്വന്തം നിലയില്‍ പുനരധിവസിപ്പിക്കുകയുണ്ടായി. അതിനു ചുക്കാന്‍ പിടിച്ചതും കലക്ടര്‍ എന്‍ പ്രശാന്ത് തന്നെ.

സാമൂഹ്യക്ഷേമ വകുപ്പുമായി ചേര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിഞ്ഞിരുന്ന കുട്ടികളെ അവധിക്കാലത്ത് താല്പര്യമുള്ള മാതാപിതാക്കള്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ നടപ്പിലാക്കിയ പദ്ധതി, നഗരത്തിനു നിറം പിടിപ്പിക്കുന്ന മണിച്ചിത്രത്തൂണ്‍ പദ്ധതി, വിദ്യാര്‍ഥികള്‍ നേരിടുന്ന യാത്രാപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തിയ സവാരിഗിരി പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ആണ് ഈ ചുരുങ്ങിയ കാലയളവില്‍ എന്‍ പ്രശാന്ത് പൂര്‍ണ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയത്. പദ്ധതികള്‍ പലതും പേപ്പറുകളില്‍ ഒതുക്കിയ മറ്റു ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജനപങ്കാളിത്തത്തോടെ ഇദ്ദേഹം നടപ്പിലാക്കിയ പദ്ധതികള്‍ മാതൃകയായി.

ഇപ്പോള്‍ ഇതാ മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി അവിടുത്തെ സാധാരണക്കാരന്റെ മക്കള്‍ പഠിക്കുവാനിടമില്ലാതെ പകച്ചു നിന്നപ്പോള്‍ സര്‍ക്കാരിനൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിച്ചു കളക്ടര്‍ ബ്രോ വീണ്ടും ജനത്തിന്റെ ഇഷ്ടക്കാരനായിരിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍