Top

വിജയം കുഞ്ഞാലിക്കുട്ടിയുടേതാണ്, ആശ്വസിക്കാന്‍ വക എല്‍ഡിഎഫിനുമുണ്ട്

വിജയം കുഞ്ഞാലിക്കുട്ടിയുടേതാണ്, ആശ്വസിക്കാന്‍ വക എല്‍ഡിഎഫിനുമുണ്ട്
ഒടുവില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി വിജയിച്ചിരിക്കുന്നു. ഇ അഹമ്മദിന് 2014 ല്‍ ലഭിച്ച 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എന്ന മാജിക്കല്‍ സംഖ്യക്ക് അപ്പുറത്തേക്ക് എന്ന സ്വപനം സഫലമായില്ലെങ്കിലും 1.71 ലക്ഷം വോട്ടിന്റെ ഭുരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. മതേതര നിലപാടിന്റെ .വിജയം എന്ന് തന്റെ വിജയത്തെ പി കെ കുഞ്ഞാലികുട്ടിയും മതേതര ശക്തികളുടെ വിജയം എന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വിശേഷിപ്പിക്കുമ്പോഴും ബിജെപി യുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ നടന്ന മത ന്യൂനപക്ഷ രാഷ്ട്രീയ വിധിയെഴുത്തായി മലപ്പുറം ഉപ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതാവും കൂടുതല്‍ ഉചിതം. നാളിതുവരെ മുസ്ലിം ലീഗിനെ നഖശിഖാന്തം എതിര്‍ത്തുപോന്ന എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പതിവ് തെറ്റിച്ചു ലീഗ് സ്ഥാനാര്‍ഥിക്കു പിന്തുണ നല്‍കി എന്നത് കാണാതെ പോകരുതല്ലോ. തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്കു പിന്തുണ പ്രഖ്യാപിച്ച എസ്ഡിപി വിമര്‍ശനങ്ങളെ തുടര്‍ന്ന് മനഃസാക്ഷി വോട്ടിനു ആഹ്വാനം ചെയ്തു എങ്കിലും വലിയൊരു ശതമാനം എസ്ഡിപി വോട്ടു കുഞ്ഞാലിക്കുട്ടിയുടെ പെട്ടിയില്‍ തന്നെ വീണു എന്ന് തന്നെ വേണം കരുതാന്‍. വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകളുടെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു എന്ന സൂചനയും ശക്തമാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് 77,000 ല്‍ ഏറെ വോട്ടു പിടിച്ചിരുന്നു എന്ന കാര്യം വിസ്മരിച്ചു കൂടാ.

അതെ സമയം തന്നെ കുഞ്ഞാലികുട്ടി എന്ന ഒരു നേതാവിന്റെ സംഘാടക മികവിന്റെ തെളിവായി കൂടി വേണം ഈ വിജയത്തെ കാണാന്‍. കീരിയും പാമ്പും പോലെ കഴിഞ്ഞിരുന്ന മലപ്പുറത്തെ കോണ്‍ഗ്രെസ്സുകാരെ ഒരുമിച്ചു നിര്‍ത്താനും യുഡിഎഫ് വിട്ടുപോയ കെ എം മാണിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനും കഴിഞ്ഞത് കുഞ്ഞാലിക്കുട്ടിയുടെ ഈ മികവിന്റെ തെളിവാണ്.അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു നേടാനും വോട്ടിങ് ശതമാനം ഉയര്‍ത്താനും കഴിഞ്ഞുവെന്ന കാര്യത്തില്‍ എല്‍ ഡി എഫിനും സ്ഥാനാര്‍ഥി എം ബി ഫൈസലിനും ആശ്വസിക്കാനും അല്‍പം വകയുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ആറ് ഇരട്ടി വോട്ടിന്റെ വര്‍ധനവ് ലക്ഷ്യം വെച്ച എന്‍ഡിഎ ക്കു കൂടുതലായി ആയിരം വോട്ടുപോലും നേടാന്‍ കഴിഞ്ഞില്ല എന്നത് മലപ്പുറത്തെ ജനങ്ങള്‍ അവര്‍ക്കു നല്‍കുന്ന കടുത്ത മുന്നറിയിപ്പ് തന്നെയാണ്.

കഴിഞ്ഞ തവണ അഹമ്മദിന് കിട്ടിയ ഭൂരിപക്ഷം ആകെയുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നത് ലീഗിനെയും യു ഡി എഫിനെയും ഇരുത്തി ചിന്തിക്കാന്‍ പോന്നതാണ്. തങ്ങളുടെ ഉറച്ച കൊട്ടകളായ മലപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ പോലും ഭൂരിപക്ഷം കുറഞ്ഞു എന്നതും ലീഗിനെ അസ്വസ്ഥമാക്കാന്‍ പോന്ന ഘടകം തന്നെ. കേന്ദ്രത്തിലെ സാഹചര്യം മലപ്പുറത്ത് വേണ്ട രീതിയില്‍ തങ്ങള്‍ക്കു അനുകൂലമാക്കി മാറ്റാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യം എല്‍ ഡി എഫും, പ്രത്യേകിച്ച് സിപിഎമ്മും അഭിമുഖീകരിക്കുന്നുണ്ട്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് റോക്കറ്റ് പോലെ കുതിച്ചു ഉയരുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിനെ കൈ അയച്ചു സഹായിച്ച മലപ്പുറവും വേങ്ങരയും ഇക്കുറിയും പതിവ് തെറ്റിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പരമാവധി പരമാവധി കുറക്കാമെന്ന് എല്‍ ഡി എഫ് കണക്കുകൂടിയ പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, മങ്കട, മഞ്ചേരി മണ്ഡലങ്ങളില്‍ പോലും തുടക്കം മുതല്‍ക്കു തന്നെ കുഞ്ഞാലിക്കുട്ടി മുന്നിലെത്തി. അല്‍പ നേരമെങ്കിലും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കിയത് കൊണ്ടോട്ടി ആയിരുന്നുവെങ്കിലും അധികം വൈകാതെ തന്നെ അവിടെ ലഭിച്ച മുന്നേറ്റം അവര്‍ക്കു നഷ്ടമായി. എങ്കിലും അവസാന ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കുതിപ്പിന് കടിഞ്ഞാണ്‍ ഇടാന്‍ ഫൈസലിന് കഴിഞ്ഞു എന്ന കാര്യത്തില്‍ ഫൈസലിനും എല്‍ ഡി എഫിനും സമാധാനിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories