TopTop
Begin typing your search above and press return to search.

മലയാള സിനിമയ്ക്ക് വേണ്ടി ഖേദപൂര്‍വ്വം; ട്രാന്‍സ്‌ജെന്‍ഡറുകളോട് ഇതുവരെ നീതി കാട്ടിയില്ല

മലയാള സിനിമയ്ക്ക് വേണ്ടി ഖേദപൂര്‍വ്വം; ട്രാന്‍സ്‌ജെന്‍ഡറുകളോട് ഇതുവരെ നീതി കാട്ടിയില്ല

മലയാള മുഖ്യധാര സിനിമയിലെ ഭിന്ന ലിംഗക്കാരെ എങ്ങനെ അടയാളപ്പെടുത്താം? മറ്റേതോ ലോകത്തു നിന്നു വന്ന വിഷയാസക്തരായ, അറപ്പുണ്ടാക്കുന്ന ഒരു വിഭാഗം! സ്വാഭിമാന ഘോഷയാത്ര നടക്കുമ്പോഴും ഭിന്നലിംഗക്കാര്‍ ഊര്‍ജ്ജസ്വലരായി സ്വന്തം സ്വത്വത്തെ വെളിപ്പെടുത്തുമ്പോഴും മലയാള സിനിമയില്‍ അവര്‍ ആര്‍ത്തിയുടെ ചുണ്ടു കടിക്കുന്നു, ആള്‍ക്കൂട്ടം അത് നോക്കി കൈയ്യടിക്കുന്നു.

എല്‍ജിബിടിയെ മൊത്തമായി വളര്‍ത്തു ദോഷം വന്ന ആള്‍ക്കാരായി ആണ് മലയാള സിനിമ അവതരിപ്പിച്ചത്. ഇതില്‍ ലെസ്ബിയന്‍ ബന്ധങ്ങള്‍ മലയാള മുഖ്യധാര സിനിമയ്ക്ക് വിഷയമായിട്ടേ ഇല്ല എന്ന് പറയാം. വി ടി നന്ദകുമാറിന്റെ രണ്ടു പെണ്‍കുട്ടികള്‍ സിനിമ ആയിട്ടുണ്ട്. മോഹന്‍ സംവിധാനം ചെയ്ത ഈ ചിത്രം സ്ത്രീ സൗഹൃദത്തിന്റെ മാത്രം കഥയായി മാറി സിനിമയില്‍. പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല അത്തരമൊരു വായനയിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ആ നിലയ്ക്ക് നിര്‍വചിക്കാന്‍ സാധ്യമായതല്ല. ലെസ്ബിയന്‍ ബന്ധങ്ങളെ അതായി തന്നെ സമീപിച്ച 'സഞ്ചാരം' പൊതുജനങ്ങള്‍ക്ക് അത്രയൊന്നും പരിചിതമായ സിനിമയുമായില്ല. സാഹോദര്യത്തിനും പ്രണയത്തിനുമിടയിലെ നേര്‍ത്ത വരയില്‍ ഒതുങ്ങി പലതും. രണ്ടു സ്ത്രീകളെ ഒരേ സമയം നഗ്നരാക്കാം എന്ന സാധ്യത ഉപയോഗിച്ച് സോഫ്റ്റ് പോണ്‍ കാലത്ത് എടുത്ത ചില സിനിമകളും ഉണ്ട്.

ഗേ ബന്ധം പ്രമേയമായി എടുത്ത സിനിമകള്‍ എന്ന് പറയുമ്പോഴേ മുംബൈ പോലീസ് ഓര്‍മ വരും. ഇനിയും പുറത്ത് വരാനുള്ള ജയന്‍ ചെറിയാന്റെ 'ബോഡിസ്‌കേപ്പില്‍' ആ വിഷയവും പ്രമേയമായിട്ടുണ്ട് എന്ന് പോസ്റ്ററുകളും ട്രെയിലറും ചര്‍ച്ചകളും സൂചിപ്പിക്കുന്നു. ശ്യാമപ്രസാദിന്റെ ഋതുവില്‍ വിനയ് ഫോര്‍ട്ടും ആസിഫലിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ അത്തരം സൂചന നല്‍കുന്നുണ്ട്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രമാകട്ടെ സഞ്ചാരം പോലെ തന്നെ തിയേറ്ററുകളില്‍ എത്താന്‍ സാധ്യത ഇല്ലാത്ത സിനിമയാണ്. ഇന്നല്ലെങ്കില്‍ നാളെ, പാപ്പിലിയോ ബുദ്ധ, അസ്തമയം വരെ, യാത്ര ഭിന്നലൈംഗികാഭിരുചിയെ ഉള്‍ക്കൊണ്ട മറ്റു സിനിമകള്‍. ശ്യാമപ്രസാദിന്റെ ഇംഗ്ലീഷിലും, പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥയിലും സ്ത്രീയുമായി വിവാഹ ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ പുരുഷന്മാരിലേക്ക് എത്തിച്ചേര്‍ന്ന കഥാപാത്രങ്ങളെ പറ്റി പറയുന്നുണ്ട്. ഇതവരുടെ ലൈംഗിക സ്വത്വത്തിന്റെ തിരിച്ചറിവാണെന്നും അവര്‍ ബൈസെക്ഷ്വല്‍ ആണെന്നും ഒരു പോലെ പറയുന്നുണ്ട്. നായകന്‍ ഉപഗ്രഹ കഥാപാത്രബന്ധങ്ങള്‍ അത്തരത്തില്‍ സ്വവര്‍ഗാനുരാഗത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയുന്ന പഠനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ അടിമ ഉടമ രീതിയില്‍, ഇപ്പോള്‍ നിലവിലുള്ള സ്ത്രീ പുരുഷ ബന്ധങ്ങളുടെ തുടര്‍ച്ചയില്‍ അത്തരം ബന്ധങ്ങളെ കണ്ട അതിവായനകള്‍ മാത്രമാണ് അത്.ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിന്റെ പ്രതിനിധാനം സിനിമയില്‍ കാണുന്നത് വസ്ത്രധാരണത്താലോ ശരീരചലനംകൊണ്ടോ തമാശകള്‍ സൃഷ്ടിക്കുക, അവരുടെ ആസക്തികൊണ്ട് നായകനെ ഒതുക്കുക എന്നിങ്ങനെയാണ്. ട്രാന്‍സ്‌ജെന്‍ഡറുകളെ പറ്റി പറയുമ്പോള്‍ പുരുഷ മനസും സ്ത്രീ ശരീരവും ഉള്ള ട്രാന്‍സ്‌ജെന്‍ഡറുകളെ പറ്റി, മലയാള സിനിമ പറഞ്ഞിട്ടില്ല (നായകന്‍ തല്ലി പെണ്ണാക്കുന്ന, ജീന്‍സില്‍ നിന്നും കുലീന വസ്ത്രങ്ങളിലേക്ക് പരിണമിക്കുന്ന സ്ത്രീകളെ അല്ല ഉദ്ദേശിച്ചത്). സ്ത്രീ മനസും പുരുഷ ശരീരവും ഉള്ളവരെ പറ്റിയാണ് സംസാരിച്ചത്.

ചാന്തുപൊട്ടാണ് അത്തരത്തില്‍ വലിയ ചര്‍ച്ചയായ ഒരു സിനിമ. വളര്‍ത്തു ദോഷം എന്ന പാരമ്പര്യ വാദത്തെ മുറുകെ പിടിക്കുന്ന ഒന്നായിരുന്നു അത്. പെണ്ണായി വളര്‍ത്തപ്പെടല്‍, ആണത്തം തെളിയിക്കല്‍ ഇതൊക്കെയായിരുന്നു ആ സിനിമയില്‍ രാധാകൃഷ്ണന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. അയാളുടെ പ്രണയവും കാമവുമെല്ലാം സ്ത്രീയോടായിരുന്നു. അതു കൊണ്ടു തന്നെ ആ സിനിമക്ക് അത്തരത്തില്‍ ഒരു വായന സാധ്യമല്ല. അര്‍ദ്ധനാരി അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതൊരു പരീക്ഷണ സിനിമ ആയിരുന്നു. സൂത്രധാരനില്‍ നിത്യവൃത്തിക്കായി ഹിജഡ സമൂഹത്തില്‍ എത്തുന്ന പുരുഷനായി സലീം കുമാര്‍ എത്തുന്നു. വെറുമൊരു ആണായതുകൊണ്ട് അവരെന്നെ കൂടെ കൂട്ടിയില്ല എന്നാണ് ആ കഥാപാത്രം പറയുന്നത്. ലോഹിതദാസ് ആയതുകൊണ്ട് മാത്രം സാധിച്ച സംഭാഷണമായിരുന്നു അത്. പല പ്രഖ്യാപിത സഹതാപ കഥകളേക്കാള്‍ ലിംഗ നീതിയുള്ള ഡയലോഗ് ആയിരുന്നു അത്. ജയസൂര്യ നായകനാവുന്ന അര്‍ദ്ധനാരീശ്വരന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമോഷനുകളും പ്രചരിച്ചിരുന്നെങ്കിലും പിന്നീട് എവിടെയോ നിന്നു പോയി ആ സിനിമ എന്നറിയുന്നു. ചാന്തുപൊട്ടിനു മുന്‍പും ശേഷവും ചില ദിലീപ് കഥാപാത്രങ്ങള്‍ ആ അവസ്ഥയെ വികലമായി അനുകരിച്ചു. ലൈഫ് ഓഫ് ജോസൂട്ടിയില്‍ സ്വവര്‍ഗ്ഗാനുരാഗിയെ കളിയാക്കാന്‍ ചാന്തുപൊട്ടിലെ ശരീരഭാഷയും ദൃശ്യങ്ങളും ദിലീപ് ഉപയോഗിക്കുന്നുണ്ട്. 'ദേ കെടക്കണ് എന്റെ പൊന്നോ' എന്ന ഡയലോഗ് അത്തരത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട ഒന്നാണ്.

മലയാളത്തില്‍ ഏറ്റവുമധികം അശ്ലീല ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ സിനിമയായിരുന്നു മായാമോഹിനി. ചില പ്രത്യേക സാഹചര്യങ്ങളില്‍ പെണ്‍ വേഷം കെട്ടേണ്ടി വന്ന ഒരു പുരുഷന്റെ കഥയാണ് മായാമോഹിനി. ഇവിടെ സ്ത്രീയുടെയും പുരുഷന്റെയും ഭിന്നലിംഗക്കാരുടെയും ലൈംഗിക അഭിരുചികളെ മാറി മാറി പരിഹസിക്കുകയാണ് സംവിധായകന്‍ ചെയ്തിട്ടുള്ളത്.

പുരോഗമന പക്ഷത്തു നിന്നുള്ള സിനിമകളായാണ് ആഷിഖ് അബു സിനിമകള്‍ വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ പരിഹാസ്യത ഉണ്ടാക്കുന്ന കഥാപാത്രമായാണ് ബ്യൂട്ടി പാര്‍ലറിലെ സ്ത്രൈണ സ്വഭാവമുള്ള സഹായിയെ അവതരിപ്പിച്ചിട്ടുള്ളത്. മന്ത്രിക്കൊച്ചമ്മ എന്ന സിനിമയില്‍ സലിം കുമാര്‍ അവതരിപ്പിക്കുന്ന വീട്ടുജോലിക്കാരനും ഇത്തരത്തില്‍ ഉള്ള കഥാപാത്രമാണ്. നൃത്താധ്യാപകരും വഴിയരികില്‍ ലൈംഗിക തൊഴിലാളികളായി കാത്തുനില്‍ക്കുന്നവരും ലൈംഗികാസക്തരും ആയ ദുര്‍ബല തമാശക്കഥാപാത്രങ്ങളാണ് മലയാള മുഖ്യധാര സിനിമയില്‍ ഭിന്ന ലൈംഗികാഭിരുചി ഉള്ളവര്‍. ഇമ്മാനുവേല്‍, ആക്ഷന്‍ ഹീറോ ബിജു, കസബ തുടങ്ങിയ സിനിമകള്‍ ഓര്‍ക്കുക. ഓടും രാജ ആടും റാണി എന്ന സിനിമയിലും ചെറിയ തോതില്‍ അനുഭാവപൂര്‍ണ്ണമായ സമീപനമുണ്ട്. തിര, ബാല്യകാല സഖി, സ്വപാനം എന്നീ സിനിമകളില്‍ ചില സവിശേഷ സൂചനകള്‍ ഉണ്ട്. നഷ്ട വര്‍ണങ്ങള്‍ എന്ന ചെറു സിനിമ ഒരു ട്രാന്‍സ്ജന്‍ഡര്‍ ചിത്രകാരി കമലയുടെ കഥ പറഞ്ഞു വ്യത്യസ്ത അനുഭവമായി ചെറിയ തോതിലെങ്കിലും ഫ്‌ളാറ്റ് നമ്പര്‍ 4 B യിലും, ഫ്രീഡത്തിലും ഭിന്ന ലൈംഗികത ഉണ്ട്. നസ്രാണി, പെണ്‍പട്ടണം, സൈലന്റ് വാലി, എസ്‌കേപ് ഫ്രം ഉഗാണ്ട അത്തരം ബന്ധങ്ങളെ ക്രൂരമായ എന്തോ ആയി കണ്ടു.ഒട്ടും പുരോഗനാത്മകമായല്ലാതെ ഇത്തരം വിഷയങ്ങളെ ഉള്‍ക്കൊണ്ട ഒരിടമാണ് മലയാള സിനിമ എന്ന് ഖേദപൂര്‍വം ഓര്‍മിക്കേണ്ടി വരും. ബംഗാളി സിനിമയില്‍ ഋതുപര്‍ണോ ഘോഷ് നടത്തിയ പരീക്ഷണങ്ങളെ അവാര്‍ഡ് പടമെന്നു പുച്ഛത്തോടെ മാറ്റി നിര്‍ത്താം. പക്ഷെ ബോളിവുഡ് മുഖ്യധാരാ സിനിമകളില്‍ കരണ്‍ ജോഹറെ പോലുള്ള സംവിധായകര്‍ നല്‍കുന്ന മനുഷ്യത്വപരമായ സമീപനം പോലും ഇവിടെ ഉണ്ടാകുന്നില്ല.

ഇവരും മനുഷ്യരാണ് എന്ന ഉദ്‌ഘോഷിക്കലിന് ഇവിടെ പ്രസക്തിയില്ല. അത്തരം മനുഷ്യാവകാശ പ്രശ്‌നങ്ങളെ പരിഹസിച്ചാണ് ഇവിടെ നമ്മള്‍ പൊതുജനവും സാധാരണ പ്രേക്ഷകരും ആവുന്നത്. നമ്മുടെ അത്തരം സാധാരണത്വങ്ങളില്‍ നിന്നും വിടുതി നേടാന്‍ സിനിമയും തയ്യാറായിട്ടില്ല. നമ്മുടെ ഇത്തരം സാധാരണത്വത്തില്‍ അപമാനിതരാവുന്ന ജനത പുറത്തുണ്ട്. ജീവനത്തിനായി ഓരോ നിമിഷവും പൊരുതുന്നവര്‍. സിനിമ മേഖലയില്‍ മേക് അപ്പ് ആര്‍ട്ടിസ്റ്റ് ആയും ചെറിയ ചെറിയ ജോലികള്‍ ചെയ്തുമൊക്കെ അവരെ കാണാം. അവരൊക്കെ നിങ്ങള്‍ പറയുംപോലെ നായകനെ കണ്ട് കാമം പൊട്ടിയൊലിക്കുന്നവരോ വിഫല ലൈംഗികതയെ കുറിച്ച് ചിന്തിക്കുന്ന കോമാളികളോ അല്ല. ഇവരില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരില്ലേ എന്നാണ് മറുചോദ്യമെങ്കില്‍ തീര്‍ച്ചയായും ഉണ്ട്. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഉണ്ട്. അതൊരു നിവൃത്തികേട് മാത്രമാണ്. വേട്ടക്കാരില്ലാതെ ഇരകള്‍ ഉണ്ടാകാറില്ല എവിടെയും.

ലൈംഗികമായ തെരഞ്ഞെടുപ്പുകള്‍ അപമാനിതരാവാനുള്ള കാരണമാണോ? ചോദ്യങ്ങള്‍ക്ക് മറുചോദ്യങ്ങളും മറുപടികളും പരിഹാസങ്ങളുമുണ്ടാവും. സിനിമ ഞങ്ങള്‍ സാധാരണക്കാര്‍ക്ക് കൈയ്യടിക്കാനും കളിയാക്കാനും ആര്‍ത്ത് വിളിക്കാനും വേണ്ടി എന്ന പേറ്റന്റ് വാങ്ങലുകള്‍ ഉണ്ടാവാം. പക്ഷെ, ഏതു കലയും പറയേണ്ടത് സഹവര്‍ത്തിത്വത്തെ കുറിച്ചാണ് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം ന്യായീകരണങ്ങള്‍ കൊടിയ മനുഷ്യാവകാശ ലംഘനമായി തോന്നും. നിങ്ങള്‍ കളിയാക്കുന്ന വളരെ അടുത്തു മാത്രം ഒച്ച ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയ ഈ ജനതയെ മൊത്തം അപമാനിച്ചും അടച്ചാക്ഷേപിച്ചും ഈ നായക ബിംബങ്ങള്‍ ജയിച്ചു കേറുന്ന ഇടങ്ങള്‍ വളരെ വളരെ ചെറുതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories