TopTop
Begin typing your search above and press return to search.

ഇപ്പോൾ കൂട്ടത്തിലൊരുവളാണ്; രാജാക്കന്മാരെ, നിങ്ങളുടെ ആത്മാവിഷ്കാരങ്ങളും അതിനു കിട്ടിയ കൈയടിയും മറക്കരുത്

ഇപ്പോൾ കൂട്ടത്തിലൊരുവളാണ്; രാജാക്കന്മാരെ, നിങ്ങളുടെ ആത്മാവിഷ്കാരങ്ങളും അതിനു കിട്ടിയ കൈയടിയും മറക്കരുത്

രാജാക്കന്മാരുടെയും നരസിംഹങ്ങളുടെയും ജനപ്രിയന്മാരുടെയും പെൺപാഠപുസ്തകങ്ങളിലെ അവസാനത്തെ അധ്യായവും പഠിച്ചു മിണ്ടാതിരിക്കുന്ന ആൾക്കൂട്ടത്തിന്റെ മുന്നിലാണ് 15 വർഷം അവരുടെ കൂടെ ജോലിയെടുത്തിരുന്ന പ്രശസ്തയായ ഒരു സ്ത്രീ ആക്രമിക്കപ്പെട്ട വാർത്ത വന്നത്. അവർ സ്വന്തം ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോളാണ് ഈ സംഭവം ഉണ്ടായത്. പരാതി ഫയലിൽ സ്വീകരിച്ചു. പ്രതികളെ പിടിച്ചു വരുന്നു. വാർത്ത ജനങ്ങളിലേക്ക് എത്തി. ജിഷാ സംഭവത്തിനു ശേഷം ഇപ്പോൾ വീണ്ടും ഇതേ ആൾക്കൂട്ടം അരക്ഷിതത്വങ്ങളെ ഓർത്ത് ചെറുതായെങ്കിലും ഞെട്ടുന്നുണ്ട്

പറയുമ്പോൾ ടീം സ്പിരിറ്റിന്റെ ഗീർവാണങ്ങൾ ഏറ്റവുമധികം ഉയർന്നു കേൾക്കാറുള്ളത് സിനിമാ മേഖലയെപ്പറ്റിയാണ്. ഒരുപാട് പേരുടെ കൂട്ടധ്വാനങ്ങളെ പറ്റി, നായകൻ മുതൽ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന തൊഴിലാളി വരെ ഉള്ളവരുടെ ഐക്യം പക്ഷെ ഒരു സഹപ്രവർത്തകയുടെ അപമാനങ്ങൾക്കു മേൽ നിശബ്ദമാകുന്നു. കിട്ടുന്ന പദവിക്കനുസരിച്ച് ചില വിഷയങ്ങളിൽ ഉള്ള അഭിപ്രായപ്രകടനം, ഫാൻസിനു പറയാനുള്ള ചില പൊങ്ങച്ചങ്ങൾ അതിനുമപ്പുറം കൂടെ ഉള്ളവളെ എത്ര പേർ എങ്ങനെ അടയാളപ്പെടുത്തി? കൂടെ നിന്ന ലാലിനെ കൂടാതെ പൃഥ്വിരാജ്, റിമ, മഞ്ജു വാര്യർ, ഇന്നസെന്റ്, ടൊവീനോ, ഉണ്ണി മുകുന്ദൻ, ഗീതു മോഹൻദാസ്, മേജർ രവി, സയനോര തുടങ്ങിയവരുടെ പ്രതികരണങ്ങൾ കണ്ടു. വിളിച്ചന്വേഷിക്കാൻ ശ്രമിച്ചതിനെ പറ്റി ഭാഗ്യലക്ഷ്മിയും പറഞ്ഞു. ഇനിയിപ്പോ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത് കാര്യമാണോ എന്ന് ചോദിച്ചാൽ അതെ, അത് അടയാളപ്പെടുന്നുണ്ട്. ഒരു സാധാരണ പൗരക്ക്/പൗരന് സാധ്യമായ അത്രയൊന്നും ചെറുതായ പ്രതിഷേധം തന്നെയാണത്. അത്ര പോലും ചെയ്യാൻ അറച്ചു നിൽക്കുന്നവരുടെ ഇടയിലെ ഉയർന്നു തന്നെ കേൾക്കുന്ന ശബ്ദങ്ങൾ.

സഹോദരിമാരെ പരസ്പരം ബലാൽഭോഗം ചെയ്ത് പ്രതികാരം നിർവഹിക്കുന്ന ഒരു സിനിമ ഉണ്ടായിരുന്നു മലയാളത്തിൽ. വലിയ പഴക്കമൊന്നുമില്ല ആ സിനിമക്ക്. അതിലെ നായകവിജയം കണ്ട് ഊറിച്ചിരിച്ചവരും നിർദോഷ തമാശ എന്നതിനെ നിസ്സംഗരായവരും ഇവിടെയുണ്ട്. മേലുദ്യോഗസ്ഥയുടെ ഇടുപ്പിനു താഴെ കൈവച്ച് ആണത്തം തെളിയിക്കുന്ന പോലീസുകാരനെ കണ്ട് എഴുന്നേറ്റു നിന്ന് കയ്യടിച്ച ആൾക്കൂട്ടത്തിനു നടുവിൽ പകച്ചിരുന്നിട്ടുണ്ട്. വെറുതെ കാലു പൊക്കി തൊഴിക്കുന്നത് ഡൊമസ്റ്റിക് വയലൻസ് അല്ലേ എന്ന് ചോദിച്ചാൽ ഇതേ സിനിമകൾ നമുക്ക് മുന്നിലേക്ക് ഇട്ടു തന്ന സ്ലീവ്ലെസ്സ് ബ്ലൗസും പോമറേനിയൻ പട്ടികുട്ടിയും ഉള്ള കൊച്ചമ്മയുടെ രൂപം ഓർമ വരും കുറെ പേർക്കെങ്കിലും. ഇതൊക്കെ പ്രശ്നമായി തോന്നുന്നത് കഴപ്പ് കൊണ്ടാണെന്ന് ഇതേ നായകന്മാരെ പോലെ ആക്രോശിക്കും. ഇതല്ല മറ്റെന്തൊക്കെയോ ആണ് സമൂഹത്തിലെ വലിയ പ്രശ്നം എന്ന് ഊട്ടിയുറപ്പിച്ചു തരും. ഇതൊക്കെ ചെയ്തും കയ്യടി സംഘത്തെ നിരത്തിയും ആത്മരതിയിൽ അഭിരമിക്കുന്നവർ അതല്ലാത്ത സമയത്ത് സഹപ്രവർത്തകയ്ക്ക്‌ വേണ്ടി പറയും എന്നൊക്കെ കരുതുന്നത് അതിമോഹം തന്നെയാണ്. ബലാൽഭോഗത്തിൽ കവിഞ്ഞ മൂല്യങ്ങൾ ഒന്നും ഇവിടെ നിങ്ങളും ഉത്പാദിപ്പിച്ചിട്ടില്ല. നിങ്ങളുടെയൊക്കെ ആ ദ്വയാർത്ഥ ചിരി കലർന്ന നോട്ടം, തൊടാത്ത ഉടലിനെ പറ്റിയുള്ള ആകുലതകൾ, വെറും പെണ്ണെന്ന പുച്ഛം, ഒറ്റ റേപ്പ് വെച്ച് തന്നാലുണ്ടല്ലോ എന്ന അതിനിഷ്കളങ്ക ആസക്തി... അതൊക്കെ തന്നെയാണ് ആരൊക്കെയോ ചേർന്ന് പ്രാവർത്തികമാക്കിയത്. വെറും സിനിമയും സംഭാഷണങ്ങളും അല്ല, ആഗ്രഹങ്ങളും ആത്മാവിഷ്കാരങ്ങളും ആണ്. വളരെ വിജയകരമായി മൃഗീയ ഭൂരിപക്ഷം ഏറ്റെടുത്ത, ആൾക്കൂട്ടത്തിൽ ചേർന്ന് നില്ക്കാൻ കണ്ണടച്ചു കയ്യടിച്ച ആത്മാവിഷ്കാരങ്ങൾ. ആ ആവിഷ്കാരങ്ങൾ തന്നെയാണ് നിങ്ങളുടെ കൂടെ ഉള്ള ഒരുവൾക്കു നേരെ വളരെ വിജയകരമായി കുറച്ചു പേർ നടപ്പിലാക്കിയത്...

വീഡിയോ എടുക്കൽ, ഫോട്ടോ എടുക്കൽ ഒക്കെ തന്നെയാണ് കേരളത്തിൽ ഒരുവളെ ഭീഷണിപ്പെടുത്താൻ ഏറ്റവും ഉചിതമായ മാർഗം എന്നവർ ധരിച്ചിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ടപ്പോൾ 'അവളുടെ തുണ്ട് കിട്ടുമോ' എന്ന് ചോദിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലെ ഒരാളുടെ ആഗ്രഹം ഇവിടെ കുറെ പേരെങ്കിലും കണ്ടിട്ടുണ്ടാവും. പ്രണയിക്കുന്നവർക്കിടയിൽ പോയി അവരെ തല്ലുന്നത്, ആ പെൺകുട്ടിയുടെ ആസക്തിയെ പറ്റി പറയുന്നത് ഒക്കെ സ്വയം നാട്ടുകാർക്ക് മൊത്തം അയച്ചു കൊടുത്ത് തൃപ്തി അടയുന്നവരുണ്ട്. പെൺനഗ്നത പരസപരം കൈമാറി രസിക്കുന്നവർക്ക് ഏറ്റവും ഇഷ്ടം ട്രയൽ റൂം ദൃശ്യങ്ങൾ, ബാത് റൂം ദൃശ്യങ്ങൾ ഒക്കെയാണ്. അവർക്കിടയിൽ ഒരു നടിയുടെ ദൃശ്യങ്ങൾക്ക് നല്ല മാർക്കറ്റ് തന്നെയാണ്. ഈ രോഷം കൊള്ളലിനപ്പുറം ഇനിയും അത് അങ്ങനെയാണ്. അവരുടെ, നിങ്ങൾക്ക് തൊടാൻ കഴിയാത്ത ഉടലിനെ പറ്റിയുള്ള നിരാശകൾ, ആ പുരുഷന്മാരുടെ ഭാഗ്യത്തെ പറ്റിയുള്ള നിശ്വാസങ്ങൾ, സിനിമയിൽ നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നോക്കിയതും കാറിൽ കണ്ടതുമായുള്ള താരതമ്യ പഠനങ്ങൾ, അവൾക്ക് കിട്ടിക്കാണാൻ ഇടയുള്ള സുഖങ്ങളെ പറ്റിയുള്ള നെടുവീർപ്പുകൾ, അവൾ വസ്ത്രങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചതിന്റെ കണക്കെടുപ്പുകൾ, തോന്നിയ പോലെ ഇറങ്ങി നടന്നാൽ ഇത് തന്നെ കിട്ടുമെന്ന അന്ത്യശാസനകൾ... ഇവർ പണം കൊടുത്ത് ചെയ്തതാണെന്നുള്ള കഥ ഇതിലും മുന്നേ ഹിറ്റ് ആയി ഓടുന്നുണ്ട്. ഇതൊക്കെ കൊണ്ട് നിറയാത്ത എത്ര ഇടങ്ങൾ ഉണ്ടാവും ഇവിടെ. ഇതേ നടി തന്നെ, അനവസരത്തിൽ വന്നു കയറി തുമ്മുന്നതും മൂക്ക് ചീറ്റുന്നതും വരെ ഫോട്ടോ എടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടുണ്ട്.

പ്രതികരിക്കുന്ന സ്വന്തം ഇടത്തെ പറ്റി ബോധ്യമുള്ള ഒരുവളെ തന്നെയാണ് ആക്രമിച്ചത്. തനിക്ക് ഇവിടെ പുറത്തേക്കു പറയാത്ത ഒരു വിലക്ക് ഉണ്ടെന്ന് അവർ ഒരിക്കൽ പറഞ്ഞിരുന്നു (ഡെക്കാൺ ക്രോണിക്കിളിനു നൽകിയ അഭിമുഖം). പെൺതാരങ്ങൾക്കു പ്രതിഫലം നൽകുന്നതിലെ അനീതിയെ പറ്റിയും അവർക്കു പരാതി ഉണ്ടായിരുന്നു. എനിക്ക് അർഹമായ പ്രതിഫലം കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്നവർ പലയിടങ്ങളിലായി പലപ്പോഴായി ഉറച്ചു പറഞ്ഞിരുന്നു. ഇപ്പോഴത്തെ പോലീസ് ഭാഷ്യങ്ങളിൽ ഉണ്ട്, വ്യക്തിപരമായ കാര്യങ്ങൾ പുറത്ത് പറയും എന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്താൻ കേസിലെ പ്രതിയായ ഇവരുടെ പഴയ ഡ്രൈവർ ശ്രമിച്ചിട്ടും ഇവർക്ക് കൂസലുണ്ടായില്ല എന്ന്. ഇതൊക്കെ കൊണ്ട് കൂടിയാവാം ഇവിടത്തെ താരങ്ങൾക്ക് സംഘടന ഉണ്ടായിട്ടും ഇങ്ങനെയൊക്കെ ആയത്. ഇത്രയും നിസ്സംഗമായി കണ്ടിരിക്കുന്നത്. കിട്ടുന്ന പദവി, ഇരിക്കുന്ന ഇടം ഒക്കെ കൂടുതൽ ഉറയ്ക്കുമെന്നുറപ്പുള്ളപ്പോൾ മാത്രം വല്ലതും പറയാം എന്നോർക്കുന്ന ഇടത്തെ ഉണർത്താനുമാവില്ല. പ്രതികരിക്കുന്നത് കൊണ്ട് മാറ്റം ഉണ്ടാവുമോ, അതല്ലല്ലോ ഇതല്ലേ വേണ്ടേ തുടങ്ങി നമുക്ക് മറുചോദ്യങ്ങൾക്ക് ഒരിക്കലും കുറവുണ്ടായിരുന്നില്ലല്ലോ. പ്രതികരിക്കുക എന്നാൽ പക്ഷം പറയുക എന്ന് കൂടിയാണ് ഇത്തരം കാര്യങ്ങളിൽ, കൂടെ ഉണ്ട് എന്ന സഹവർത്തിത്വത്തിന്റെ ഓർമപ്പെടുത്തലാണത്. ആ അനുതാപം വലിയ ഒരു പാഠമാണ്.

ഈ നടി അല്ലെങ്കിൽ ഇത്തരം ആക്രമണങ്ങൾ നേരിടുന്നവർ ഇര ആണോ അല്ലയോ എന്നത് മറ്റൊരു ചോദ്യമായി കണ്ടു. അതിജീവിക്കുന്നവൾ എന്ന വാക്കിന് കൂടുതൽ ശക്തിയും ഒരുപക്ഷെ ശരിയും ഉണ്ട്. പിന്നെ ഗുണഫലങ്ങൾ മൊത്തം അനുഭവിച്ച ഒരിടത്തിൽ ഇരുന്നു കൊണ്ടുള്ള സൈദ്ധാന്തിക ചർച്ചക്ക് സംഭാവനകൾ തരാൻ എത്ര ഇര/അതിജീവിച്ചവർ വരും എന്നതനുസരിച്ചു കൂടി അതിനെ വികസിപ്പിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു

എന്തായാലും ഒറ്റപ്പെട്ട സംഭവം എന്ന നമ്മുടെയൊക്കെ പുച്ഛം കലർന്ന ആശ്വാസം, നിസ്സംഗത ഒക്കെ കടന്നാണ് സമൂഹത്തിൽ കുറെ പ്രിവിലേജ് ഉണ്ടെന്നു നമ്മൾ വിശ്വസിക്കുന്ന ഒരു സ്ത്രീ ആക്രമിക്കപ്പെട്ടത്. പെൺ പ്രിവിലേജുകൾ സംബന്ധിച്ച നമ്മുടെ ബോധങ്ങൾക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടോ എന്ന പുനർചിന്തനത്തിനിടക്ക് മറ്റൊരു മുഖ്യധാരാ നടിക്ക് നേരെ നടന്ന ബലാൽഭോഗ ശ്രമത്തെ സംബന്ധിച്ച വാർത്ത വരുന്നു (സ്ഥിരീകരണം കിട്ടാത്ത ഓൺലൈൻ വാർത്ത)സ്ഥിരീകരണത്തിനായി പരതുമ്പോൾ ഹോട്ട് റേപ്പ് രംഗങ്ങളുടെ നിരയുമായി ഗൂഗിൾ കാത്തിരിക്കുന്നു... നിസ്സംഗരാവാൻ ഉള്ള സമയം പോലും ഇടവേള ഇല്ലല്ലോ. നടി ആയത് കൊണ്ട് തന്നെ സ്വാധീനം ഉണ്ടാവും അപ്പൊ നമ്മൾ നോക്കണ്ട എന്ന് പറയുന്നവരുണ്ട്. പിന്നെ അവർക്ക് സംഭവിക്കുന്ന മാനക്കേടിനെ പറ്റി ആകുലരാവുന്നവരുണ്ട്. ഇവിടെ ഇത്തരം ആകുലതകൾക്കിടയിൽ ആരോട് പറയാനാണ്, റേപ്പിന് സെക്‌സുമായും സുഖവുമായും പണവുമായും മാനവുമായും ഒന്നും ബന്ധമില്ല അത് ഒരു കൈയേറ്റവും കുറ്റകൃത്യവും മാത്രമാണെന്ന്...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories