TopTop
Begin typing your search above and press return to search.

നിങ്ങൾ നടിയോ ആരുമാകട്ടെ, അവർക്ക് സ്ത്രീ വെറും മാംസപിണ്ഡമാണ്

നിങ്ങൾ നടിയോ ആരുമാകട്ടെ, അവർക്ക് സ്ത്രീ വെറും മാംസപിണ്ഡമാണ്

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. സിനിമ, നാടക അഭിനേത്രിയായ ഹിമ ശങ്കര്‍ പ്രതികരിക്കുന്നു.

ഭാവന എന്ന നടിയെ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എത്രയോ കാലങ്ങളായി നായികാനടിയായി നമ്മുടെയെല്ലാം മനസ്സില്‍ സ്ഥാനം പിടിച്ച പെണ്‍കുട്ടി. ഭാവനയെപ്പോലുള്ള ഒരു വ്യക്തിക്ക് സംഭവിച്ച അപകടം നമ്മുടെ നാട്ടില്‍ കൈകാര്യം ചെയ്യപ്പെടുന്നത് എങ്ങനെയെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.

പണ്ട് സദാചാര പോലീസിംഗുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നം എനിക്കുണ്ടായപ്പോള്‍ ജോയ് മാത്യു സര്‍ മാത്രമാണ് അന്നെന്റെ കൂടെ നിന്നത്. അന്ന് എന്നെ നടിയായി ആരും അറിയില്ലായിരുന്നു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരാളും അന്നെന്റെ കൂടെ നില്‍ക്കാന്‍ ഉണ്ടായിരുന്നില്ല.

പക്ഷേ ,നായികയായി ഇത്രയും കാലം മലയാള സിനിമയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഭാവനയെ സംബന്ധിച്ച് അങ്ങനെയല്ല നമ്മള്‍ പ്രതീക്ഷിക്കുന്നത്.

ഒരു സ്ത്രീയുടെ ശരീരത്തിന്റെ സുരക്ഷ അവളുടെ മാത്രം ഉത്തരവാദിത്തം ആവുകയും ആക്രമിക്കാന്‍ വരുന്നവനും കീഴടക്കാന്‍ വരുന്നവനുമെല്ലാം ന്യായീകരിക്കപ്പെടുകയും ചെയ്യുന്ന രീതിയിലേയ്ക്ക് ആളുകളുടെ മാനസികാവസ്ഥ ഒരു പരിധിവരെ മാറുകയാണ്.

വിദ്യാഭ്യാസമുള്ള, സമൂഹത്തില്‍ ഇടപെടുന്ന ആളുകളെ കുറിച്ചല്ല ഞാന്‍ പറയുന്നത്. ഇതിനോടൊന്നും അധികം ബന്ധമില്ലാത്ത കുറച്ചു പേരുണ്ട്. ഒരു സ്ത്രീയുടെ സുരക്ഷ അവള്‍ മാത്രമാണ് നോക്കേണ്ടത്, അവള്‍ക്കെന്തു സംഭവിച്ചാലും അത് അവളുടെ കുഴപ്പം കൊണ്ടാണ് എന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിരവധി നടക്കുന്നുണ്ട്.

ഭാവനയ്ക്ക് തൊഴിലിടത്തില്‍ നിന്ന് പോകുമ്പോള്‍ സംഭവിച്ച അപകടം അവളുടെ കുറ്റമായി അവതരിപ്പിക്കുന്ന ഒരുപാടു പേരെ ഞാന്‍ കണ്ടു. സിനിമ എന്നത് ഒരു വരുമാന മാര്‍ഗം മാത്രം ആണെന്നും അഭിനേത്രി എന്ന നിലയില്‍ അതിനൊരു വിലയും ഇല്ലെന്നും സ്‌ക്രീനില്‍ വൃത്തികേടുകള്‍ കാണിക്കുന്ന നായകനടന്മാരെ പോലും രാജാക്കന്മാരായി വാഴ്ത്തുകയും ചെയ്യുന്ന രീതിയില്‍ ആളുകള്‍ പ്രതികരിക്കുന്നത് കാണുമ്പോള്‍ വലിയ വിഷമം തോന്നുന്നു.

ഒരു സ്ത്രീയായ ആര്‍ട്ടിസ്റ്റിനെ സമൂഹത്തില്‍ പലപ്പോഴും മോശമായാണ് ചിത്രീകരിക്കുന്നത്. അവരിത്രയും കാലം ചെയ്ത വര്‍ക്കുകള്‍ക്കോ ജീവിതത്തിനോ ഒരു വിലയുമില്ല. സ്ത്രീശരീരം എന്നത് വെറും മാംസപിണ്ഡമായി ചിത്രീകരിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories