TopTop
Begin typing your search above and press return to search.

ഒഴിഞ്ഞ സീറ്റുണ്ടെങ്കിലും അടുത്തേ ഇരിക്കൂ, പിന്നെയാണ് കൈകള്‍ നീണ്ടു തുടങ്ങുന്നത്... ഒരു വിദ്യാര്‍ഥിനിയുടെ അനുഭവം

ഒഴിഞ്ഞ സീറ്റുണ്ടെങ്കിലും അടുത്തേ ഇരിക്കൂ, പിന്നെയാണ് കൈകള്‍ നീണ്ടു തുടങ്ങുന്നത്... ഒരു വിദ്യാര്‍ഥിനിയുടെ അനുഭവം

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. മുന്‍ മാധ്യമപ്രവര്‍ത്തകയും വിദ്യാര്‍ഥിയുമായ സ്നേഹ സോളമന്റെ അനുഭവത്തിലൂടെ...

ഞാന്‍ ഒരു വിദ്യാർത്ഥിനിയാണ്. അതിനാൽ തന്നെ പഠന ആവശ്യങ്ങൾക്കും മറ്റുമായി നിരവധി യാത്രകൾ നടത്താറുണ്ട്. യാത്രക്കിടയിൽ കയ്പ്പേറിയ ധാരാളം അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.

പൊതുവാഹനം യാത്രക്കായി ഉപയോഗിക്കുമ്പോൾ സ്ത്രീക്ക് സുരക്ഷ ഉറപ്പുവരുത്താനാകും എന്ന വിശ്വാസത്തിലാണ് പലപ്പോഴും പൊതു വാഹനങ്ങൾ ഞാൻ ഉപയോഗിക്കാറ്. എന്നിട്ടും അവിടെയും ദുരനുഭവങ്ങൾ പലപ്പോഴും ഏറ്റു വാങ്ങേണ്ടി വന്ന സ്ത്രീകളിലൊരാളാണ് ഞാനും. എനിക്കുണ്ടായ ഒരു ദുരനുഭവം ഞാൻ ഇവിടെ കുറിക്കുന്നു.

ഒരിക്കൽ കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പഠനാവശ്യത്തിനായി കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ഞാൻ കയറിയപ്പോൾ ബസില്‍ ആളുകൾ തീരെ കുറവ്. ബസ്സിൽ യാത്ര ചെയ്യുമ്പോൾ എനിക്ക് ഛർദ്ദി അനുഭവപ്പെടാറുണ്ട്; അതിനാൽ കഴിവതും ഉറങ്ങാന്‍ ശ്രമിക്കും. മുൻപിൽ നിന്നും നാലാമത്തെ സീറ്റിന്റെ വിന്‍ഡോ സൈഡിൽ ആണ് ഞാൻ ഇരുന്നത്.

പതിവുപോലെ ഞാൻ ബാഗ് വിന്‍ഡോയോട് ചേർത്ത് വച്ച് അതിൽ ചാരി ഉറങ്ങാൻ തുടങ്ങി. കുറേ നേരം കഴിഞ്ഞ് ആരോ എന്റെ അടുത്ത് ഇരിക്കുന്നതായി ഞാൻ അറിഞ്ഞു. വേഗം കണ്ണു തുറന്നു നോക്കിയപ്പോൾ ഞാൻ ഇരുന്ന സീറ്റിന്റെ മറ്റെ അറ്റം ചേർന്ന് ഒരാൾ ഇരിക്കുന്നു. എന്റെ മുത്തശ്ശന്റ പ്രായം തോന്നുന്ന ഒരു മനുഷ്യൻ. അയാളെ ഒന്ന് നോക്കിയ ശേഷം ഞാൻ വീണ്ടും ഉറങ്ങാൻ തുടങ്ങി.

കുറച്ച് കഴിഞ്ഞ് എന്റെ തോളിൽ തട്ടുന്നതറിഞ്ഞ് ഞാൻ കണ്ണു തുറന്ന് നോക്കി; അപ്പോഴും ആ സീറ്റിൽ ഞാനും അയാളും മാത്രം. പക്ഷെ അയാൾ എന്നോട് കൂടുതല്‍ ചേർന്നിരിക്കുന്നു... ഞാൻ അയാളോട് ഇത്തിരി മാറി ഇരിക്കാമോ എന്ന് ചോദിച്ചു എന്നിട്ട് എന്റെ ബാഗ് എടുത്ത് അയാൾക്കും എനിക്കും ഇടയിൽ വച്ചു. വീണ്ടും ഞാൻ ഉറങ്ങി.

അല്‍പ്പം കഴിഞ്ഞ് വീണ്ടും എന്തോ എന്റെ ശരീരത്തിൽ തൊടുന്നതായി അറിഞ്ഞു. ഉണർന്നു നോക്കിയ ഞാൻ കണ്ടത് അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുന്നതാണ്. ഞാൻ ബഹളം വച്ചു. അയാളോട് എഴുന്നേറ്റ് അവിടെ നിന്ന് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു.

കണ്ടക്ടർ വന്ന് കാര്യം തിരക്കി, പിന്നെ അയാളെ ഇറക്കി വിട്ടു.

എഴുന്നേറ്റ് പിറകിലേക്ക് നോക്കിയ ഞാൻ ഞെട്ടി! നിറയെ സീറ്റുകൾ അപ്പോഴും കാലിയായി ഉണ്ടായിരുന്നു...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories