TopTop
Begin typing your search above and press return to search.

മനുഷ്യർ ഉമ്മ വയ്ക്കുമ്പോഴല്ല, അവർ അലറി വിളിക്കുമ്പോഴെങ്കിലും ഒന്നിറങ്ങി നോക്കിക്കൂടെ?

മനുഷ്യർ ഉമ്മ വയ്ക്കുമ്പോഴല്ല, അവർ അലറി വിളിക്കുമ്പോഴെങ്കിലും ഒന്നിറങ്ങി നോക്കിക്കൂടെ?

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ ഇരകളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഭീതിതമായ തോതില്‍ വര്‍ദ്ധിക്കുന്നതായി കാണാം. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. രാഷ്ട്രീയ-സാമൂഹിക-കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സാഹചര്യത്തെ വിലയിരുത്തി പ്രതികരിക്കുകയാണ് അഴിമുഖത്തില്‍. എഴുത്തുകാരി ഉമ രാജീവ് പ്രതികരിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തെക്കാള്‍ ഗുണ്ടാ ആക്രമണമായിട്ടാണ് ഞാന്‍ കാണുന്നത്.

അവരെപ്പോലുള്ളയൊരാള്‍ പോലും ആക്രമിക്കപ്പെടുമ്പോള്‍ ആര്‍ക്കും എന്തും എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാമെന്ന് വേണം കരുതാന്‍.

ഒരു നടി കാറിന് പുറത്തിറങ്ങിയാല്‍ നാലില്‍ മൂന്ന് പേരെങ്കിലും അവരെ തിരിച്ചറിയും. എന്നിട്ടും ഇത്രയും തിരക്കുള്ള നിരത്തില്‍ ഇങ്ങനെയൊരു സംഭവം അരങ്ങേറിയെന്നുള്ളതാണ് ഞെട്ടിക്കുന്നത്.

മുകളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. അവിടുന്ന് താഴേക്ക്, ഒരു അധോലോകത്തിലേക്കുള്ള ഇറങ്ങിപ്പോക്കും ആ നഗരത്തിനുണ്ട്. ആര്‍ക്കും നിയന്ത്രിക്കനാവാത്ത, ആരൊക്കെയോ നിയന്ത്രിക്കുന്ന, എന്നാല്‍ ആരാണ് അടുത്ത ഇര എന്ന് പറയപ്പെടാനാവാത്ത ഒരവസ്ഥയുണ്ട് അവിടെ. അടിത്തട്ടുമുതല്‍ ചികിത്സ ആവശ്യമാണ്.

ആക്രമിക്കപ്പെടുന്ന സമയത്ത് ആ പെണ്‍കുട്ടിയുടെ മനസ്സില്‍ ഞാന്‍ ആക്രമിക്കപ്പെട്ടു, എനിക്ക് രക്ഷപെടണം, എന്റെ ജീവന്‍ രക്ഷിക്കണം എന്നുള്ള ചിന്തകളല്ലാതെ ഞാന്‍ അപമാനിക്കപ്പെട്ടല്ലോ എന്ന് ചിന്തിച്ചിരിക്കാനിടയില്ല. പിന്നീട് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് നടി അപമാനിക്കപ്പെട്ടതായി പറഞ്ഞത്. ഇപ്പോൾ പോലും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ പ്രവണത ശരിയല്ല.

ആ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് എന്ത് തന്നെയായാലും അത് മറക്കാനായിരിക്കും ഒരുപക്ഷെ അവര്‍ക്ക് താത്പര്യം. അപമാനിക്കപ്പെട്ടു എന്ന രീതിയില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി അവരെ അത് വീണ്ടും വീണ്ടും ഓര്‍മ്മിപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യുന്നത്.

രാത്രി ജീവിതത്തിന്റെയും രാത്രി യാത്രകളുടേയും ഒക്കെ സംസ്‌കാരം ഇവിടെ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. മറ്റുള്ളവര്‍ എന്ത് പറയും എന്ന് കരുതലുള്ള നമ്മുടെ കുടുംബങ്ങളില്‍ നിന്ന് രാത്രിയാത്ര അനുവദിക്കപ്പെടുന്നില്ല എന്നതാണ് സത്യം.

മെട്രോ പോവുന്ന വഴികള്‍ മാത്രമല്ല കൊച്ചിയിലുള്ളത്. ഇടറോഡുകളും മറ്റുമുള്ളയിടത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്.

ഒരു ഒച്ച കേട്ടാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി നോക്കാന്‍ തയ്യാറാവുന്ന തരത്തില്‍ ആളുകളെ ബോധവല്‍ക്കരിക്കുകയും വേണം. അല്ലാതെ ആരെങ്കിലും ഉമ്മ വയ്ക്കുന്നത് കാണുമ്പോഴല്ല ഇറങ്ങി നോക്കേണ്ടത്.

ആരെങ്കിലും ഉച്ചത്തില്‍ അലറി വിളിക്കുമ്പോള്‍ ഒന്നിറങ്ങി നോക്കാനെങ്കിലും നമ്മൾ തയ്യാറാവണം.

(തയാറാക്കിയത് കെ.ആർ ധന്യ)


Next Story

Related Stories