Top

അഫ്ഗാനിസ്ഥാനില്‍ 'ആട് മേയ്ക്കാന്‍' പോയ മലയാളികള്‍ തിരിച്ചു വരില്ല

അഫ്ഗാനിസ്ഥാനില്‍
കഴിഞ്ഞ വര്‍ഷമാണ് ഇജാസ് കെട്ടിയപുരയില്‍, മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ റഹൈല, രണ്ട് വയസുള്ള അവരുടെ കുട്ടി, ഷിഹാസ് കെട്ടിയപുരയില്‍, ഭാര്യ അജ്മല എന്നിവര്‍ മറ്റ് 18 മലയാളികളോടൊപ്പം നാട് വിട്ടത്. മതപ്രഭാഷകന്‍ അബ്ദുള്‍ റാഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായാണ് ഇവര്‍ അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നത്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഇവരെത്തിയത്. ചിലര്‍ കടകള്‍ തുടങ്ങി, ചിലര്‍ മതപഠന ക്ലാസുകള്‍ തുടങ്ങി, ചിലര്‍ വിവാഹം കഴിച്ചു, ചിലര്‍ക്ക് കുട്ടികളായി. എന്നാല്‍ ആരും ഇതുവരെ ഐസിസിന്റെ സായുധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. ബന്ധുക്കളുമായി എസ്എംഎസ് വഴിയും മറ്റും ഇവര്‍ ബന്ധപ്പെടുന്നുണ്ട്.

കേരളത്തില്‍ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും എത്തുന്നവരെ വച്ച് ജിഹാദികളുടെ ഒരു കമ്മ്യൂണിറ്റി വളര്‍ത്തിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഭീകരപ്രവര്‍ത്തനത്തിന്റെ നഴ്‌സറി അല്ലെങ്കില്‍ ഇന്‍ക്യുബേറ്റര്‍ ആയാണ് ഈ കമ്മ്യൂണിറ്റിയെ ഇന്റലിജന്‍സ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ കാസര്‍ഗോഡിനടുത്തുള്ള റഹ്മാന്‍ കുടുംബത്തിന്റെ വീടായ ഹംസ സാഗര്‍ ഇത്തരമൊരു ജിഹാദി ഇന്‍ക്യുബേറ്ററല്ല. ഇജാസ് ഡോക്ടറാണ്. സഹോദരന്‍ എഞ്ചിനിയറും. അവരുടെ പിതാവ് അബ്ദുള്‍ റഹ്മാന്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. മത യാഥാസ്ഥിതികത്വവും തീവ്ര മതചിന്തയുമൊന്നും അവരെ സ്വാധീനിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പാണ് മക്കള്‍ക്ക് തീവ്ര മതചിന്ത തുടങ്ങിയതെന്ന് അബ്ദുള്‍ റഹ്മാന്‍ പറയുന്നു. എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് അഫ്ഗാനിസ്ഥാനിലെ കുഗ്രാമത്തില്‍ ഇവര്‍ ജീവിക്കുന്നത്. ഇജാസ് ഒരു മെഡിക്കല്‍ ക്ലിനിക് നടത്തുന്നതായും ഷിഹാസ് അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നതായുമാണ് വിവരം.

ഇസ്ലാം മതവും ഇസാ എന്ന പേരും സ്വീകരിച്ച ബെക്‌സിന്‍ വിന്‍സെന്റ്, പിതാവ് കെഎഫ് വിന്‍സെന്റുമായും ഭാര്യയുടെ മാതാവുമായും ഫോണില്‍ ബന്ധപ്പെടുകയും കുട്ടിയുണ്ടായ വിവരം അറിയിക്കുകയും ചെയ്തു. പോയവരെല്ലാം ബന്ധുക്കളെ വിളിച്ച് പറയുന്നത് തങ്ങള്‍ തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്. ഇവരില്‍ പലര്‍ക്കും ഉണ്ടായ മാറ്റം ബന്ധുക്കള്‍ക്ക് ഇപ്പോഴും ഞെട്ടലുണ്ടാക്കുന്നതാണ്. 2012 വരെ മുംബൈയിലെ മിഥിഭായ് കോളേജില്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്ന അഷ്ഫാഖ് മജീദ് പിതാവിന്റെ ഹോട്ടല്‍ ബിസിനസ് നോക്കി നടത്തിയും മറ്റും മുന്നോട്ട് പോവുകയായിരുന്ന അഷ്ഫാഖ് വളരെ പെട്ടെന്നാണ് മാറിയത്. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജരായിരുന്ന ആര്‍ഷി ഖുറേഷിയുമായി അഷ്ഫാഖ് ബന്ധം സ്ഥാപിച്ചിരുന്നു എന്നാണ് എന്‍ഐഎ പറയുന്നത്. ഷാര്‍ജയിലെ ഭേദപപ്പെട്ട ജോലി ഉപേക്ഷിച്ചാണ് മുഹമ്മദ് സലീല്‍ അഫ്ഗാനിസ്ഥാനിലേയ്ക്ക് പോവുന്നത്. ഹഫീസുദിന്‍ അമ്മ ഖദീജയോട് പറഞ്ഞിരിക്കുന്നത് സ്വര്‍ഗത്തില്‍ വച്ച് കാണാമെന്നാണ്.

Next Story

Related Stories