Top

അശ്വതിയുടെ കഥ; അശ്വിയുടേയും

അശ്വതിയുടെ കഥ; അശ്വിയുടേയും
വി ഉണ്ണികൃഷ്ണന്‍

“കുട്ടിയെ ഫാഷന്‍ ഡിസൈന്‍ പഠിക്കാനൊന്നും വിടണ്ടാന്നേ. ചെക്കനെ കിട്ടാന്‍ പ്രയാസാവും”: ബന്ധുവന്റെതാണ് ഉപദേശം.

തന്റെ സ്വപ്‌നങ്ങളുടെ മേല്‍ ചവിട്ടി നിന്നാണ് ആ സംസാരമെന്ന് അശ്വതിക്കു നോന്നി. ഒരു ഫാഷന്‍ ഡിസൈനര്‍ ആവുകയെന്നതാണ് മുന്നിലുള്ള ലക്ഷ്യം. ആ യാത്രയ്ക്കുള്ള എന്‍ ഒ സി ക്കുവേണ്ടി വീട്ടുകാര്‍ക്കു മുന്നില്‍ കാത്തുനില്‍ക്കുമ്പോഴാണ് തന്റെ ഭാവി എന്താകുമെന്ന ആകൂലതയുമായി ആ ബന്ധു വരുന്നത്. അതോടെ മാതാപിതാക്കള്‍ക്ക് മകളോട് കണ്ണടച്ചൊരു നോ പറയാനുള്ള കാരണവും കിട്ടി.

നിന്റെ ഭാവിയാണ് ഞങ്ങള്‍ക്ക് പ്രധാനം; അശ്വതിയുടെ എല്ലാ അപ്പീലുകളെയും അമ്മയും അച്ഛനും കൂടി ആ ഒരൊറ്റ ന്യായംകൊണ്ട് റിജക്ട് ചെയ്തു. പിന്നെ മറ്റു വഴിയില്ല. മൂന്നുവര്‍ഷം ബി കോം വിദ്യാര്‍ത്ഥിയുടെ കുപ്പായം അണിഞ്ഞു.

എന്നിട്ടും അശ്വതി ഫാഷന്‍ ഡിസൈനറായി. നാലാളറിയുന്ന, പേരെടുത്തൊരു ഡിസൈനര്‍. വെട്ടിക്കളിഞ്ഞിട്ടും വീണ്ടും തുന്നിച്ചേര്‍ത്തെടുത്ത സ്വപ്‌നം എങ്ങനെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി എന്നതാണ് അശ്വതിയെക്കുറിച്ചുള്ള ബാക്കി കഥയില്‍.

ഫാഷന്‍ ഡിസൈനറായാല്‍ വിവാഹം നടക്കില്ലെന്നു പറഞ്ഞ ബന്ധുവിനെയും ആ നുണ വിശ്വസിച്ച മാതാപിതാക്കളെയും ഞെട്ടിച്ചത് മറ്റൊരാളാണ്. വിവേക്. ഏതൊരു ലക്ഷ്യമാണോ ആത്മാര്‍ത്ഥതയോടുകൂടി നേടാന്‍ ആഗ്രഹിക്കുന്നത്, ആ ലക്ഷ്യം നമുക്ക് സാധ്യമാക്കാന്‍ കഴിയുമെന്ന സത്യം അശ്വതിക്ക് മനസ്സിലായത് വിവേക് ജീവിതത്തിലേക്ക് കടന്നുവന്നശേഷമാണ്. ഭാര്യയുടെ മനസ് കണ്ടറിഞ്ഞ വിവേക് അശ്വതിയെ ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ വിട്ടു. വിവേകിന്റെ പിന്തുണയോടെ സ്വദേശമായ തൃശൂരില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗിന്റെ ഹബ്ബായ ബെംഗളൂരുവിലെത്തി ഡിസൈനിംഗ് കോഴ്‌സ് പഠിച്ച അശ്വതി ഏറെ വൈകിയില്ല പേരെടുത്തൊരു ഫാഷന്‍ ഡിസൈനറായി നഗരത്തില്‍ അറിയപ്പെടാന്‍.

aswi_2

അശ്വി(AsVi) എന്ന പേരില്‍ അശ്വതി ഒരു ഓണ്‍ലൈന്‍ ബൊട്ടിക് തുടങ്ങിയിട്ട് കുറച്ചു നാളായി. ഭര്‍ത്താവ് വിവേകിനോടൊപ്പം ബാംഗ്ലൂര്‍ താമസിക്കുന്ന അശ്വതിയുടെ ഈ സംരംഭം ഇച്ഛശക്തിയും താല്പ്പര്യവും ഉണ്ടെങ്കില്‍ ലക്ഷ്യങ്ങള്‍ നമുക്ക് ഒരിക്കലും അകലെയല്ല എന്നാണ് നമുക്ക് കാട്ടിത്തരുന്നത്.

ബികോം മുതല്‍ അശ്വി വരെ
‘കുട്ടിക്കാലത്ത് ഹോബി പോലെ  തുടങ്ങിയത് മുതിര്‍ന്നു വരും തോറും ലക്ഷ്യമായി മാറി. പക്ഷേ അച്ഛനും അമ്മയ്ക്കും അതിനോട് അത്ര താല്‍പ്പര്യവുമില്ലായിരുന്നു, എല്ലാവരെയും പോലെ അക്കാദമിക് എക്സലന്‍സ്, സ്ഥിരതയുള്ള ജോലി അതായിരുന്നു അവരുടെ ആഗ്രഹം.
’ അശ്വതി ഓര്‍മ്മകളിലേക്ക്.

പക്ഷേ അവരെ എതിര്‍ത്തില്ല അന്ന്. ഇരിങ്ങാലക്കുടയില്‍ നിന്ന്  ബികോം കഴിഞ്ഞപ്പോള്‍ അടുത്ത പടിയായി എംകോമിലേക്ക്, പക്ഷേ മനസ്സുറച്ചില്ല, അതു പകുതിക്ക് നിര്‍ത്തി, പിന്നെ കൊല്ലത്ത് ബാങ്ക് കോച്ചിംഗ്. ഇതിന്‍റെയൊക്കെ ഇടയില്‍ 2013ലാണ് വിവാഹം നടക്കുന്നത്.”

പിന്നെ ഭര്‍ത്താവ് വിവേകിനൊപ്പം ബാംഗ്ലൂര്‍. സ്വന്തമായി ജോലി വേണം വരുമാനം വേണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആ സമയത്താണ് ഫാഷന്‍ ഡിസൈനിംഗ് വീണ്ടും ഉയര്‍ന്നു വരുന്നത്. തുണിയുടെ സ്മെല്‍ അടിച്ചാല്‍ തുമ്മുമെങ്കിലും പഠിക്കാന്‍ ഭര്‍ത്താവും പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഒരു വര്‍ഷം ബാംഗ്ളൂരിലെ ജെഡി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠനം.

‘മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുന്നതിനോട് താല്‍പ്പര്യം ഇല്ലായിരുന്നു. അങ്ങനെയാണ് സ്വന്തമായി ബോട്ടിക് തുടങ്ങാമെന്ന് ആലോചിക്കുന്നത്. പക്ഷേ വലിയ മുതല്‍ മുടക്കില്ലാതെയും എഫക്ടിവായും എങ്ങനെ ചെയ്യാം എന്നു റിസര്‍ച്ച് നടത്തിയപ്പോഴാണ് ഓണ്‍ലൈന്‍ ആയി തുടങ്ങിയാലോ എന്ന ഐഡിയ കിട്ടുന്നത്.  പുതിയ ലോകം, പുതിയ ട്രെന്‍ഡ്, പിന്നെ ബൊട്ടിക്കില്‍ ഇരിക്കുന്നതിനേക്കാള്‍ റീച്ച് ഉണ്ടാവും. ഇക്കാരണങ്ങളും കൂടി  നോക്കിയാണ് സോഷ്യല്‍ മിഡിയ തിരഞ്ഞെടുത്തത്.’
അശ്വതി പറയുന്നു.

അക്കാര്യത്തില്‍ തീരുമാനം തെറ്റിയിട്ടില്ല എന്ന് വേണം പറയാന്‍. ടിപ്പിക്കല്‍ അപ്പാരല്‍ ഷോറൂമായി ആരംഭിക്കാം എന്നുള്ളതില്‍ നിന്നും മാറി ചിന്തിച്ച് തികച്ചും വ്യത്യസ്തവും നൂതനവുമായ വിര്‍ച്വല്‍ ബൊട്ടിക് എന്ന ആശയം തിരഞ്ഞെടുത്തതുകൊണ്ട് തന്നെ അശ്വതി നിര്‍മ്മിക്കുന്ന ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

aswi_0

ഡിസൈനിംഗില്‍ വ്യത്യസ്തമായ  അശ്വി
ഓ പിന്നേ.. ഞങ്ങള്‍ കുറേ ഡിസൈനര്‍മാരെ കണ്ടതാ. എന്താപ്പോ അശ്വിടെ പ്രത്യേകത എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നേക്കാം.

അതിന്‍റെ കാരണം അറിയണമെങ്കില്‍ വളഞ്ഞു മൂക്കേല്‍ പിടിക്കുന്ന മാതിരി ഒരുത്തരം പറയാം. ചിലര്‍ക്ക് തങ്ങള്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരായിരിക്കണം എന്നൊരു നിര്‍ബന്ധമുണ്ട്. അത് സ്വഭാവത്തിലായാലും ധരിക്കുന്ന വസ്ത്രത്തിലായാലും. അശ്വതിയുടെ അശ്വി എന്ന വിര്‍ച്ച്വല്‍ ബൊട്ടിക്കിന്‍റെയും പ്രത്യേകത അതാണ്‌. സാധാരണ ഒരു പ്രത്യേക ഡിസൈനിലുള്ള വസ്ത്രം പല പീസുകള്‍ ഉണ്ടാവാറുണ്ട് എല്ലാ ഷോപ്പുകളിലും. അശ്വിയില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കായി  കസ്റ്റമേസ് വരുന്നത്‌ അശ്വതി ഡിസൈന്‍ ചെയ്ത മറ്റു മോഡലുകള്‍ കണ്ടിട്ടോ മുമ്പ്‌ വാങ്ങിയവര്‍ പറഞ്ഞിട്ടോ ആണ്. പക്ഷെ ക്ലൈന്റുമായി സംസാരിച്ചു കഴിയുമ്പോള്‍ അതു മാറും. എന്താണോ ഉപഭോക്താവിന്‍റെ മനസ്സിലെ കണ്‍സെപ്റ്റ് എന്നു മനസ്സിലാക്കിയെടുത്ത് അതിനനുസരിച്ചാണ് ഡിസൈന്‍ ഉണ്ടാക്കുക. ഡിസൈന്‍ പൂര്‍ണ്ണമായി കസ്റ്റമറിന്റെ കൈയില്‍ എത്തുമ്പോള്‍ അത് തികചും യുണീക് ആയിരിക്കും. ഇപ്പോള്‍ ലേഡീസ് ആന്‍ഡ്‌ കിഡ്സ്‌ എന്ന വിഭാഗത്തില്‍ മാത്രം ശ്രദ്ധിക്കുന്ന അശ്വി ഇനി മുതല്‍ മെന്‍സ് വെയറിലും കൂടി തങ്ങളുടെ പ്രാതിനിധ്യം തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കന്നടയില്‍ സുവര്‍ണ്ണ ചാനലിലെ ശ്രീമതി ഭാഗ്യലക്ഷ്മി എന്ന മെഗാ സീരിയലിലൂടെ പ്രശസ്തയായ അഭിനേത്രി അപേക്ഷയാണ് അശ്വതിയുടെ ഡിസൈനുകള്‍ ഇഷ്ടപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ പ്രമുഖ. അപേക്ഷ തന്‍റെ അനുഭവം പങ്കുവയ്ക്കുന്നു.

"വര്‍ണ്ണങ്ങളിലും, ഉപയോഗിക്കുന്ന തുണിത്തരങ്ങളിലും ഉപഭോക്താവിന്റെ അനുവാദത്തോടെയുള്ള പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന രീതിയാണ് അശ്വിക്കുള്ളത്. ഞാന്‍ സ്ക്രീനില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അതില്‍ പുതുമ ഉള്‍ക്കൊള്ളിക്കാന്‍ അശ്വി ശ്രദ്ധിക്കാറുണ്ട്. നിര്‍മിക്കുന്ന വസ്ത്രങ്ങളുടെ ഡിസൈനില്‍ സൌഹാര്‍ദപരമായി എനിക്ക് ഇടപെടാന്‍ ഉള്ള സ്പേസ് തരുന്നതും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്."

അല്‍പ്പം ട്രെന്‍ഡിയായ ഡിസൈനര്‍ വസ്ത്രങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് താങ്ങാന്‍ പറ്റാത്ത വില ഒരു പ്രശ്നമാകാറുണ്ട്. അതിനു മൂക്കുകയറിടാന്‍ അശ്വതി ഉപയോഗിക്കുന്നത് താങ്ങാവുന്ന വിലയുള്ളതും എന്നാല്‍ നിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലാത്തതുമായ തുണിത്തരങ്ങളും മറ്റുള്ള അവശ്യസാമഗ്രികളും കണ്ടെത്തുക എന്നുള്ളതാണ്, ഇതിനായി നീണ്ട യാത്രകളും അശ്വതി നടത്താറുണ്ട്. അതിനാല്‍ തന്നെ മുന്തിയ തരം മോഡലുകള്‍ പലതും അധികം വില ഈടാക്കാതെ നല്കാന്‍ അശ്വിക്കു സാധിക്കാറുണ്ട്. കസ്റ്റമേഴ്സില്‍ നിന്നും കിട്ടുന്ന പ്രതികരണങ്ങള്‍ അതിനു തെളിവാണ്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്ന് പോലും അശ്വതിക്ക് ഓര്‍ഡര്‍ ലഭിക്കാറുണ്ട്, ചിലപ്പോള്‍ ഇന്ത്യക്ക് പുറത്തുനിന്ന് പോലും. അതൊക്കെ കൊറിയര്‍ ആയും മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും എത്തിക്കുകയാണ് അശ്വിയുടെ പതിവ്.ഓസ്ട്രേലിയയിലുള്ള നിഷിത അശ്വിയുടെ റെഗുലര്‍ കസ്റ്റമര്‍ ആണ്, അവര്‍ക്ക് പറയാനുള്ളതിതാണ്:

‘സാധാരണയായി ഉപഭോക്താവിന്‍റെ ആവശ്യപ്രകാരം നിര്‍മ്മിക്കപ്പെടുന്ന (Customized designer wear) വസ്ത്രങ്ങള്‍ പലപ്പോഴും വളരെ വിലകൂടിയതാവും. ഏതു ബഡ്ജറ്റിനും അനുയോജ്യമായ തരം രൂപകല്പനകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ഒരു തവണ ചെയ്ത ഡിസൈന്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ അശ്വി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആധികാരകതയും അപൂര്‍വ്വതയും ഒത്തു ചേര്‍ന്ന രൂപകല്‍പ്പനയാണ് അശ്വിയുടെ സവിശേഷത. ഉപഭോക്താവുമായി തുറന്ന ചര്‍ച്ചയിലൂടെ ഉരുതിരിയുന്ന ഡിസൈനുകള്‍ രൂപരേഖയുണ്ടാക്കി (illustrations) അയച്ചു കൊടുത്തും, നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള ചിത്രങ്ങള്‍ ഉപഭോക്താവുമായി വാട്‌സ് ആപ്പ് വഴി പങ്കുവെച്ചും ഒക്കെ നിര്‍മ്മിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ഒരു കൂട്ടായ്മയുടെ ഉല്‍പ്പന്നമാവുന്നു എന്ന സവിശേഷതയും അശ്വിക്കുണ്ട്."

ഭര്‍ത്താവിനോടൊപ്പം ഗോവയിലേക്ക് താമസം മാറാനിരിക്കുന്ന അശ്വതി പുതിയ തട്ടകത്തെക്കുറിച്ച് അല്‍പ്പം ആശങ്കയിലാണെങ്കിലും അശ്വിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

“ബിസിനസ് സംരംഭം എന്നതിലുപരി മനസ്സിനു സംതൃപ്തി തരുന്ന ഒന്ന് എന്ന നിലയിലാണ് അശ്വിയെ ഞാന്‍  കാണുന്നത്, ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഡിസൈനിംഗ് സ്റ്റിച്ചിംഗ്‌ എല്ലാം ചെയ്യുന്നത് ഓഡറുകള്‍ കൂടിയതിനാല്‍ ഒരാളെകൂടി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്”
അശ്വതി പറയുന്നു.  ഇപ്പോള്‍ ഫേസ്ബുക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭം പുതുതായി വെബ്‌സൈറ്റായി വിപുലീകരിക്കാനാണ് പ്ലാന്‍. ഭര്‍ത്താവ് വിവേകും കുടുംബവും അതിനു പിന്തുണയുമായി പിന്നിലുണ്ട് .അടുത്ത പടിയായി ഒരു ബോട്ടീക് , അതും അണിയറയില്‍ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയാണ് അശ്വതി.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories