TopTop
Begin typing your search above and press return to search.

സദാചാര മലയാളിയെ സമരം പഠിപ്പിക്കേണ്ടി വരുമ്പോള്‍

സദാചാര മലയാളിയെ സമരം പഠിപ്പിക്കേണ്ടി വരുമ്പോള്‍

റിബിന്‍ കരീം

സമരങ്ങള്‍ക്ക് മരണം ഇല്ലെന്നു പറഞ്ഞത് ലെനിന്‍ ആണ്; ഒരു സമരം എങ്ങനെ ആയിരിക്കണം എന്ന് ഇതുവരെ ആരും ഒരു രൂപരേഖയും പുറത്തിറക്കിയിട്ടില്ല, any means to express protest is a strike എന്ന് പറയാം. 1968-ല്‍ ഫ്രാന്‍സില്‍ വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പരസ്പ്പരം ഹോസ്റ്റലുകള്‍ സന്ദര്‍ശിക്കാനുള്ള അവകാശത്തിനുവേണ്ടി ആരംഭിച്ച സമരത്തിലുടെ പ്രാകൃതമായ സദാചാര നിയമങ്ങളെയും തകര്‍ത്തെറിയുകയായിരുന്നു. മനുഷ്യചരിത്രത്തെ പുതിയൊരു സ്വതന്ത്രബോധത്തിലേക്കു നയിച്ച ആധുനികതാപ്രസ്ഥാനത്തിന്റെ തുടക്കം ഈ സമരത്തിലുടെയായിരുന്നു.

സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമങ്ങള്‍ക്കെതിരെ കൊച്ചിയില്‍ നടന്ന സമരം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നിര്‍ഭാഗ്യം എന്ന് പറയട്ടെ സൈബറിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടും ആരോഗ്യപരമായ അനാലിസിസ് അല്ല പല കോണുകളില്‍ നിന്നും ഉയര്‍ന്നത്; ഇപ്പൊഴും ഉയരുന്നതും.

നഗ്‌ന സമരത്തിന്റെ വാര്‍ത്തയ്ക്കും പോസ്റ്റുകള്‍ക്കും താഴെ വന്ന കമന്റുകള്‍ ഏതാണ്ട് ഇങ്ങനെ ആണ്.

'ഇതില്‍ എവടെയാ നഗ്‌നത, മുഴുവന്‍ മറച്ചിരിക്കയാണെല്ലോ'?

'ഇത് സമരമല്ല, തനി ആഭാസം'

'കഴപ്പ് മൂത്തവരുടെ തോന്ന്യവാസങ്ങളെ സമരം എന്ന് വിളിക്കുന്നത് എങ്ങനെയാണ്'

നിയമപരമായ പരിരക്ഷകൊണ്ടുമാത്രം സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കാമെന്ന മൗഢ്യം വെച്ചുപുലര്‍ത്തിയിട്ടു കാര്യമില്ല. ഇതിനെയൊരു സാമൂഹ്യവിപത്തായിക്കണ്ട് സാംസ്‌കാരികമായ ഒരു സമരമുഖം തുറന്നേ മതിയാവൂ. ഇല്ലെങ്കില്‍ കുമാരനാശാന്റെ സീത ചോദിച്ചതുപോലെ 'പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടലുമോഹിച്ചത് ഞാന്‍ പിഴച്ചുവോ' എന്ന് ഓരോ സ്ത്രീയും ചോദിക്കേണ്ടി വരും.

മലയാളിയുടെ എല്ലാ പുരോഗമന നാട്യങ്ങളും തകര്‍ന്നു വീഴുന്നത് ലൈംഗികതയിലാണ്. കപട സദാചാരത്തില്‍ നിന്ന് ഉടലെടുക്കുന്ന ലൈംഗിക ദാരിദ്ര്യത്തിന്റെ നേര്‍കാഴ്ചകള്‍ കാണണം എങ്കില്‍ ഇന്ന് മലയാളിയുടെ സൈബര്‍ ഇടങ്ങളിലെ ഇടപെടലുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയാവും.

സ്റ്റീവ് മഖ്വീന്‍ സംവിധാനം ചെയ്ത് മൈക്കിള്‍ ഫാസ്സ്‌ബെന്‌ടെര്‍ അഭിനയിച്ച ഷെയിം എന്നൊരു ഇംഗ്ലീഷ് ചിത്രം ഉണ്ട്; ലൈംഗികാസക്തിക്ക് അടിമപ്പെട്ട് വൈകാരിക ഒറ്റപ്പെടലിന്റെ പടുക്കുഴിയിലേക്ക് താഴ്ന്നിറങ്ങുന്നതിന്റെ ചലച്ചിത്രാവിഷ്‌ക്കാരം. മലയാളീ പുരുഷ സൈക്കിക്ക് ഇതിനോട് നല്ല സാമ്യമുണ്ട്.

സമരത്തിലേക്ക് വരാം, കൊച്ചിയില്‍ നടന്നത് വ്യത്യസ്തമായ ഒരു സമര രീതിയാണ്. പട്ടാളക്കാരുടെ ക്രൂരവാഴ്ച്ചകളുടെ ഇടമായ മണിപ്പൂരില്‍ സ്ത്രീകള്‍ നഗ്‌നരായി നടത്തിയ സമരം ലോകശ്രദ്ധ നേടിയ പശ്ചാത്തലത്തില്‍ വിക്ടോറിയന്‍ സദാചാരത്തില്‍ അഭിരമിക്കുന്ന മലയാളി സമൂഹത്തിന്റെ ഇടയില്‍ നിന്നും ഇത്തരം ഒരു സമരം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കണം, പിന്തുണയ്ക്കണം; മിനിമം അവഹേളിക്കാതിരിക്കുകയെങ്കിലും വേണം.

പുതിയ പുണ്യാളന്‍ എന്ന് അരുന്ധതി റോയി പരിഹസിച്ച അണ്ണാ ഹസാരെയുടെയും ബാബാ രാം ദേവിന്റെയും സമരങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതും കൊച്ചിയില്‍ ആഗോള തലത്തില്‍ വരെ ശ്രദ്ധ നേടിയ സമരം വിമര്‍ശിക്കപ്പെട്ടതും തമ്മില്‍ ഒരു താരതമ്യ പഠനം ആവശ്യമാണ്, ഡല്‍ഹിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ നടന്ന സമരത്തിന്റെ ബാക്കിപത്രം എന്തെന്ന് പരിശോധിച്ചാല്‍ വലിയ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്ന് കണ്ടെത്താന്‍ കഴിയും; കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിച്ചത് അവര്‍ തെരുവ് കച്ചവടക്കാര്‍ ആയത് കൊണ്ടും അധികാരത്തിന്റെ അപ്പകഷ്ണങ്ങളില്‍ ഉടമസ്ഥാവകാശം ഇല്ലാത്തതു കൊണ്ടുമാണ്. അല്ലാതെ സമരത്തിന്റെ ശക്തി ആന്നെന്ന അവകാശവാദം ആരെങ്കിലും ഉന്നയിച്ചാല്‍ ചിരിച്ചു തള്ളുകയേ നിവൃത്തിയുള്ളൂ.

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ പഠിക്കാനായി യു.എന്‍. ഇന്ത്യയില്‍ നിയോഗിച്ച പ്രതിനിധിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. 'വ്യവസ്ഥ്യാധിഷ്ഠിതമാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍' എന്ന റിപ്പോര്‍ട്ടിലെ നിരീക്ഷണം യുക്തിരഹിതം ആണെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

ഇത്തരം ഒരു സാഹചര്യത്തില്‍ ദേഹം അനങ്ങാതെ കുറെ മെഴുകുതിരി തെളിച്ചത് കൊണ്ടോ പട്ടിണി കിടന്നത് കൊണ്ടോ അരാഷ്ട്രീയ ഗിമ്മിക്കുകളുടെ പുറകെ പാഞ്ഞത് കൊണ്ടോ കാര്യം ഇല്ല; പുതിയ സമര രീതികള്‍ കണ്ടെത്തണം, കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകണം. സ്ത്രീകള്‍ക്കെതിരെ ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കണ്ടെത്തുകയാണ് വേണ്ടതും.

(സുരാജ് വെഞ്ഞാറമൂടിന് ഇനി നായികമാരെ കിട്ടുമോ?)

ലേഖകന്‍ ദോഹയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു


Next Story

Related Stories